

മൈഗ്രേൻ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്നും, തീവ്രമായ തലവേദനയുണ്ടാകുന്ന അവസ്ഥയിൽ, ശരീരത്തിലെ അവയവങ്ങൾ തളർന്നുപോകുന്ന അവസ്ഥയ്ക്ക് തുല്യമായ രീതിയിൽ ഒരാളെ നിസ്സഹായനാക്കിയേക്കാമെന്നും പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. പ്രവീൺ തോമസ്. വേൾഡ് ഹെഡേയ്ക്ക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനാണ് അദ്ദേഹം. തലവേദനയുടേയും മുഖവേദനയുടെയും തീവ്രത ലഘൂകരിക്കാനായി, ആധുനിക ചികിത്സ, അവബോധം തുടങ്ങിയവയുമായി പ്രവർത്തിക്കുകയാണ്. മസ്തിഷ്കം ഫൗണ്ടേഷൻ എന്ന പുതിയ സംരംഭത്തിലൂടെ, 'തലച്ചോറ് നേരിടുന്ന വലിയ വെല്ലുവിളി' ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ദി എക്സ്പ്രസ് ഡയലോഗ്സിൽ, മൈഗ്രേൻ അടക്കമുള്ള പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച് ഡോ. പ്രവീൺ തോമസ് സംസാരിക്കുന്നു.
ന്യൂറോളജിയിൽ തലവേദനയും മുഖവേദനയും ചികിത്സിക്കുന്ന മേഖല തിരഞ്ഞെടുക്കാൻ കാരണം എന്താണ്?
'ഇന്ത്യയിൽ തലവേദനയെയും മുഖത്തെ വേദനയെയും കുറിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായിരുന്നു. എന്നാൽ ഈ മേഖലയിൽ പ്രത്യേക പഠനശാഖ ഉണ്ടായിരുന്നില്ല. അതിനാലാണ് കൂടുതൽ പഠനത്തിനായി യുകെയിൽ പോയി ഫെലോഷിപ്പ് പൂർത്തിയാക്കിയത്. അന്ന് വേദനയ്ക്കുള്ള ചികിത്സ പ്രധാനമായും വേദനസംഹാരികളിൽ ഒതുങ്ങിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന ആഗ്രഹമാണ് എന്നെ ഈ മേഖലയിലേക്ക് എത്തിച്ചത്.'
യുകെയിലെ ചികിത്സാരീതിയിൽ എന്തായിരുന്നു വ്യത്യാസം?
ന്യൂറോളജിസ്റ്റുകൾ എല്ലായിടത്തും ഒരേ തരത്തിലുള്ള ജോലിയാണ് ചെയ്യുന്നത്. എന്നാൽ രോഗികളെ പരിശോധിക്കുന്ന രീതിയിലാണ് വ്യത്യാസം. ഇന്ത്യയിൽ ഡോക്ടർമാർ ഒരു ദിവസം 70 മുതൽ 80 വരെ രോഗികളെ പരിശോധിക്കേണ്ടിവരുന്നു. അതിനാൽ ഓരോ രോഗിയുടെയും പ്രശ്നങ്ങൾ വിശദമായി പരിശോധിക്കാൻ ആവശ്യമായ സമയം ലഭിക്കണമെന്നില്ല. രോഗികൾക്ക് മതിയായ സമയം നൽകുകയും വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നത് ശരിയായ രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കും.
താങ്കൾ 'World Headache Society' ആരംഭിക്കാൻ കാരണം എന്താണ്?
ഡോക്ടർമാർക്കും പൊതുജനങ്ങൾക്കും തലവേദനയെക്കുറിച്ച് വേണ്ടത്ര അറിവും അവബോധവും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലും ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർക്ക് തലവേദനയെക്കുറിച്ച് പരിശീലനം നൽകുകയാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം.
തല, കഴുത്ത്, തോളുകൾ എന്നിവിടങ്ങളിലെ വേദനയുമായി ബന്ധപ്പെട്ട് പല വിഭാഗങ്ങളിലെ ഡോക്ടർമാരെയും രോഗികൾ സമീപിക്കാറുണ്ട്. അതിനാൽ ഓരോ വിഭാഗത്തിലെയും ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും യോഗ്യതയും ഉറപ്പാക്കണം. തലവേദന ചികിത്സയിലും കൂടുതൽ പരിശീലനവും അംഗീകാരവും ആവശ്യമാണ്.
എല്ലാ തലവേദനകളും മൈഗ്രേൻ മൂലമാണോ?
മിക്ക തലവേദനകൾക്കും മൈഗ്രേനുമായി ബന്ധമുണ്ടാകാം. എന്നാൽ അണുബാധ മൂലമുണ്ടാകുന്ന തലവേദനകൾക്ക് പ്രത്യേക കാരണങ്ങളുണ്ട്. പലർക്കും ജനിതകമായി മൈഗ്രേൻ വരാനുള്ള സാധ്യതയുണ്ട്. കുട്ടിക്കാലത്തുതന്നെ ഇത് തുടങ്ങാം. ചിലരിൽ വയറുവേദനയായോ തലകറക്കവും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നതും ഉൾപ്പെടുന്ന വെസ്റ്റിബുലാർ മൈഗ്രേൻ ആയോ ഇത് പ്രത്യക്ഷപ്പെടാം.
തലവേദന മാത്രമല്ല മൈഗ്രേനിന്റെ ലക്ഷണം. ചിലർക്ക് ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം. മറ്റുചിലർക്ക് തലകറക്കവും ഉണ്ടാകാം.
തലവേദന ഒരു ലക്ഷണമാണോ, അതോ രോഗമാണോ?
രണ്ടുമാകാം. ഭക്ഷണം കഴിക്കാതിരിക്കുന്നതോ അമിതമായി ഭക്ഷണം കഴിക്കുന്നതോ ചിലരിൽ മൈഗ്രേനുണ്ടാക്കാം. മൈഗ്രേൻ ബാധിക്കുന്നവരുടെ തലച്ചോറിന് കൃത്യമായ ദിനചര്യയും ശരീരത്തിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയും പ്രധാനമാണ്. ഭക്ഷണസമയത്തിലും ഉറക്കത്തിലും മറ്റ് ദൈനംദിന ശീലങ്ങളിലും മാറ്റം വരുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മൈഗ്രേൻ ആക്രമണത്തിന് കാരണമാകുകയും ചെയ്യാം.
വേദനയ്ക്ക് മാനസികാവസ്ഥയുമായി ബന്ധമുണ്ടോ?
അതെ. തലച്ചോറിന്റെ പ്രവർത്തനങ്ങളും മനസ്സിന്റെ അവസ്ഥയും വേദനയെ സ്വാധീനിക്കാം. മാനസിക സമ്മർദം വേദന കൂട്ടാം. ശാന്തമായ അന്തരീക്ഷം വേദന കുറയ്ക്കാൻ സഹായിച്ചേക്കാം. നമ്മുടെ ചിന്തകൾ വേദനയെ സ്വാധീനിക്കുമെങ്കിലും സാധാരണയായി അവ മാത്രമല്ല വേദനയ്ക്ക് കാരണം.
സ്ത്രീകളിലും പുരുഷന്മാരിലും തലവേദന വ്യത്യസ്തമാണോ?
അതെ. സ്ത്രീകളിലാണ് മൈഗ്രേൻ കൂടുതലായി കാണപ്പെടുന്നത്. ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ ഇതിന് ഒരു കാരണമാകാം. അതേസമയം, ക്ലസ്റ്റർ തലവേദന പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്.
സൈനസൈറ്റിസും തലവേദനയ്ക്ക് കാരണമാകാറില്ലേ?
അതെ. മുഖത്തും കഴുത്തിലുമുണ്ടാകുന്ന വേദനയും ചില തലവേദന രോഗങ്ങളുടെ ഭാഗമാകാം. സൈനസ് തലവേദനയെന്ന് പലരും കരുതുന്ന വേദന യഥാർഥത്തിൽ മൈഗ്രേൻ ആയിരിക്കാം. മുഖവേദന, മൂക്കടപ്പ്, മുഖത്ത് വീക്കം, കാലാവസ്ഥയിലെ മാറ്റങ്ങൾ എന്നിവ കാരണം ആളുകൾക്ക് ഇത് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകാം. അണുബാധ മൂലമുള്ള സൈനസൈറ്റിസിൽ സാധാരണയായി പനിയും കട്ടിയുള്ള, പഴുപ്പ് കലർന്ന മൂക്കൊലിപ്പും ഉണ്ടാകാം..
ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികളും ബാമുകളും നാസൽ സ്പ്രേകളും ഉപയോഗിക്കുന്നത് അപകടകരമാണോ?
ഇവ താൽക്കാലികമായി ആശ്വാസം നൽകാം. എന്നാൽ ആവർത്തിച്ച് ചില വേദനസംഹാരികൾ ഉപയോഗിക്കുന്നത് മരുന്നുകളുടെ അമിത ഉപയോഗം മൂലമുള്ള തലവേദനയ്ക്ക് കാരണമാകാം. ചില നാസൽ സ്പ്രേകൾ തുടർച്ചയായി ഉപയോഗിക്കുന്നത് മൂക്കടപ്പ് വീണ്ടും കൂടാനും ഇടയാക്കും.
എപ്പോഴാണ് തലവേദനയ്ക്ക് ഡോക്ടറെ കാണേണ്ടത്?
വർഷങ്ങളായി അനുഭവപ്പെടുന്ന, ഒരേ രീതിയിലുള്ള തലവേദനയാണെങ്കിൽ ആശങ്ക കുറവായിരിക്കാം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ തലവേദന വരികയും ഭക്ഷണം കഴിച്ചാൽ മാറുകയും ചെയ്യുന്ന അവസ്ഥ. എന്നാൽ പതിവിൽനിന്ന് വ്യത്യസ്തമായ തലവേദനയോ പുതിയ ലക്ഷണങ്ങളോ ഉണ്ടായാൽ വൈദ്യസഹായം തേടണം.
നാഡികളിൽ കുത്തിവയ്പ് നൽകി തലവേദന ചികിത്സിക്കാനാകുമോ?
അതെ. മൈഗ്രേൻ ചികിത്സയിൽ ഉപയോഗിക്കുന്ന രീതിയാണ് ഗ്രേറ്റർ ഓക്സിപിറ്റൽ നെർവ് ബ്ലോക്ക്. തലയുടെ പിൻഭാഗത്തുള്ള ഒരു പ്രധാന നാഡിക്കു സമീപം മരുന്ന് കുത്തിവച്ച് വേദന കുറയ്ക്കുന്നതാണ് ഈ രീതി. വർഷങ്ങളായി നിലവിലുള്ള ചികിത്സയാണെങ്കിലും പരിശീലനം ലഭിച്ച ഡോക്ടർമാർ കുറവാണ്. അടിയന്തര വിഭാഗത്തിലെത്തുന്ന മൈഗ്രേൻ രോഗികൾക്കും ഈ ചികിത്സ പരിഗണിക്കണമെന്ന് അമേരിക്കൻ ഹെഡേക്ക് സൊസൈറ്റി നിർദേശിക്കുന്നുണ്ട്.
രോഗികളുടെ വേദന കുറയ്ക്കുന്ന ചികിത്സ കൂടുതൽ വ്യാപകമാകേണ്ടതല്ലേ?
തീർച്ചയായും. ഈ ചികിത്സ കൂടുതൽ പ്രചാരത്തിലാകുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിന് ആരോഗ്യപ്രവർത്തകർക്ക്, പ്രത്യേകിച്ച് ചികിത്സാസൗകര്യങ്ങൾ കുറവുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്, പരിശീലനം നൽകിയിട്ടുണ്ട്.
സാധാരണയായി അനുഭവപ്പെടുന്ന നേരിയ തലവേദനയ്ക്ക് വീട്ടിൽ എന്തുചെയ്യാം?
ഇത് നേരത്തേ അനുഭവപ്പെട്ടിട്ടുള്ള, ഇടയ്ക്കിടെ വരുന്ന മൈഗ്രേൻ തലവേദനകൾക്കു മാത്രമാണ് ബാധകം. തലവേദന തുടങ്ങുമ്പോൾത്തന്നെ നടപടി സ്വീകരിക്കുന്നത് വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചേക്കാം. പാരസെറ്റമോൾ പോലുള്ള സാധാരണ വേദനസംഹാരികൾ ഉപയോഗിക്കാം. നാപ്രോക്സൻ പോലുള്ള മരുന്നുകൾ ചിലർക്കും സഹായകരമാണ്. എന്നാൽ അനുയോജ്യമായ മരുന്നും അളവും ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കണം.
കഴുത്തിൽ തണുത്ത ജെൽ പാക്ക് വയ്ക്കാം.വെളിച്ചവും ശബ്ദവും കുറഞ്ഞ ശാന്തമായ മുറിയിൽ ഏകദേശം അരമണിക്കൂർ വിശ്രമിക്കാം. തലവേദന പതിവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ വീട്ടിൽ ചികിത്സിച്ച് കാത്തിരിക്കാതെ ഡോക്ടറെ കാണണം. പെട്ടെന്ന് അതിശക്തമായ തലവേദനയോ ബോധക്കുറവ്, കൈകാലുകൾക്ക് ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങളോ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates