പൊലീസിനെതിരെ സാബു ജേക്കബ്; അറസ്റ്റിലായവരില്‍ 151 നിരപരാധികള്‍; 12 പേരെ അറിയുകപോലുമില്ല

രണ്ടു മണിക്കൂര്‍ കൊണ്ട് പ്രതികളെയെല്ലാം പൊലീസ് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് സാബു എം ജേക്കബ് ചോദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കിഴക്കമ്പലത്ത് ഉണ്ടായ അക്രമത്തില്‍ പൊലീസ് മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് കിറ്റെക്‌സ്. പിടിച്ചുകൊണ്ടുപോയ 162 പേരില്‍ 13 പേര്‍ മാത്രമാണ് സംഘര്‍ഷത്തില്‍ കുറ്റക്കാരെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. 151 നിരപരാധികളെയാണ് കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 12 പേരെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ പോലുമായിട്ടില്ലെന്ന് സാബു ജേക്കബ് പറഞ്ഞു.

ഇവരെ എവിടെ നിന്നും കിട്ടിയെന്ന് ഞങ്ങള്‍ക്ക് അറിയില്ല. 12 ലൈന്‍ ക്വാര്‍ട്ടേഴ്‌സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നെണ്ണത്തില്‍നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഒഴികെയുള്ളവരെയെല്ലാം പൊലീസ് പിടിച്ചുകൊണ്ടുപോയി. 

കാരണം എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്

രണ്ടു മണിക്കൂര്‍ കൊണ്ട് പ്രതികളെയെല്ലാം പൊലീസ് എങ്ങനെ തിരിച്ചറിഞ്ഞുവെന്ന് സാബു എം ജേക്കബ് ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ഹിന്ദിക്കാരെയെല്ലാം പിടിച്ചുകൊണ്ടുപോയത്. കിഴക്കമ്പലത്തുണ്ടായ സംഭവങ്ങള്‍ യാദൃച്ഛികമാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കിഴക്കമ്പലത്ത് അരങ്ങേറിയത്. സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

കിറ്റക്‌സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ല. നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ല. 23 പേര്‍ മാത്രമാണ് സംഘര്‍ഷത്തിലുള്‍പ്പെട്ടത്. കമ്പനിയുടെ സിസിടിവി ക്യാമറകളില്‍ ഇത് വ്യക്തമാണ്. ആര്‍ക്ക് വേണമെങ്കിലും ഇത് പരിശോധിക്കാവുന്നതാണ്. തന്നോടും കിറ്റെക്‌സ് കമ്പനിയോടുമുള്ള വിരോധമാണ് നിരപരാധികളായവരെയും അറസ്റ്റ് ചെയ്യാനുള്ള കാരണമെന്നും സാബു ജേക്കബ് പറഞ്ഞു. 

കമ്പനി അടച്ചുപൂട്ടണമെങ്കില്‍ അതിനും തയ്യാര്‍

സാബു ജേക്കബ്ബിനോടാണ് വിരോധമെങ്കില്‍ എന്തിനാണ് നിരപരാധികളെ ശിക്ഷിക്കുന്നത്. കിറ്റെക്‌സ് കമ്പനി തകര്‍ക്കുകയാണ് ലക്ഷ്യം. അതിനായി രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുന്നു. കിറ്റെക്‌സ് കമ്പനി അടച്ചു പൂട്ടുകയാണ് ലക്ഷ്യമെങ്കില്‍ അത് പറയുക. അതിനും താന്‍ തയ്യാറാണ്. നിരപരാധികളെ ജയിലിലടച്ചതോടെ പത്തു സംസ്ഥാനങ്ങളുമായിട്ടാണ് സര്‍ക്കാര്‍ യുദ്ധത്തിനിറങ്ങുന്നത്. ഈ സംസ്ഥാനങ്ങളുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. 

നിരപരാധികള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു. കിറ്റെക്‌സ് സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യം കമ്പനി അന്വേഷിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ചാല്‍ അവര്‍ക്ക് ആവശ്യമായ എല്ലാ വിദഗ്ധ വൈദ്യസഹായവും കിറ്റെക്‌സ് കമ്പനി ഉറപ്പാക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com