പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരി ജിത്തു പിടിയിൽ

പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരി ജിത്തു പിടിയിൽ
വിസ്മയ, ജിത്തു
വിസ്മയ, ജിത്തു

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരി ജിത്തു അറസ്റ്റിൽ. കാക്കനാട് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതായിരുന്നു. 

സഹോദരി വിസ്മയയെ കൊലപ്പെടുത്തിയത് താനാണെന്ന് ജിത്തു പൊലീസിനോട് സമ്മതിച്ചു. ജിത്തുവിനെ കാണാതയതിന് പിന്നാലെ പൊലീസ് വലിയ തോതിൽ അന്വേഷണം നടത്തിയിരുന്നു. 

സംഭവശേഷം വീട്ടിൽ നിന്ന് കാണാതായ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പിന്നാലെ ഇവരെ കൊച്ചിയിൽ പലയിടങ്ങളിൽ കണ്ടതായുള്ള വിവരം പൊലീസിന് ലഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരങ്ങൾ കൈമാറി. പിന്നാലെ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ജിത്തു പിടിയിലായത്. 

കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ  ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയൽവാസികളാണു വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്. 

പൊലീസും ഫയർഫോഴ്‌സും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുൻവശത്തെ വാതിൽ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികൾ പൂർണമായി കത്തി നശിച്ചു. അതിൽ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവിയിൽ ജിത്തുവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ജിത്തുവിന്റെ(22) കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ വൈപ്പിൻ എടവനക്കാട് ലൊക്കേഷൻ കാണിച്ചിരുന്നു. തുടർന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഓഫായതിനാൽ ജിത്തുവിനെ കണ്ടെത്താനായില്ല. 

വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികൾ കണ്ടതാണ് മരണത്തിൽ ദുരൂഹത വർധിപ്പിച്ചത്. യുവതികൾ തമ്മിൽ പിടിവലി നടന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് ജിത്തുവിനെ വിശദമായി ചോദ്യം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com