ദേവികുളത്ത് ബിജെപിക്ക് തിരിച്ചടി;  എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെയും ഡമ്മിയുടെയും നാമനിര്‍ദേശ പത്രിക തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 01:15 PM  |  

Last Updated: 20th March 2021 01:15 PM  |   A+A-   |  

nda dhanalakshmi

ഫയല്‍ ചിത്രം

 

ഇടുക്കി : ദേവികുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ദേവികുളം മണ്ഡലം AIADMK-NDA സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എന്‍ഡിഎയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളി. ഇതടക്കം നാലു സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. 

2016 ല്‍ മൂന്ന് മുന്നണികള്‍ക്കെതിരെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദേവികുളം സീറ്റില്‍ എഐഎഡിഎംകെയെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു. 

ദേവികുളത്ത് അഡ്വ. എ രാജയാണ് സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി കുമാര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴിലെ കുണ്ടള എസ്‌റ്റേറ്റ് പുതുക്കടി ഡിവിഷന്‍ സ്വദേശിയായ കുമാര്‍ യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് സജീവമായത്. അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കുണ്ടള സ്വദേശിയാണ് മുപ്പത്തിയേഴുകാരനായ ഇടതു സ്ഥാനാര്‍ത്ഥി രാജയും. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗമായ രാജ 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു. തോട്ടം മേഖലയില്‍ ഭൂരിപക്ഷമുള്ള പറയന്‍ സമുദായത്തില്‍ നിന്നുള്ളവരാണ് ഇവര്‍.