അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും; തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല ; മുല്ലപ്പെരിയാറില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു
മുല്ലപ്പെരിയാര്‍ /ഫയല്‍ ചിത്രം
മുല്ലപ്പെരിയാര്‍ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ പ്രകാശ് ആണ് സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

ഒക്ടോബര്‍ 30 വരെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ത്താമെന്നാണ് തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത് സ്വീകാര്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന് കേരളം ആവശ്യപ്പെട്ടു. 

തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല

മുല്ലപ്പെരിയാര്‍ ഡാം 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ്. അണക്കെട്ടില്‍ ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുന്നത് സ്വീകാര്യമല്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ആ ആശങ്ക സുപ്രീംകോടതിയും മേല്‍നോട്ട സമിതിയും പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയ്യാറാക്കിയ റൂള്‍ കര്‍വിന്റെ അടിസ്ഥാനത്തില്‍ ജലനിരപ്പ് ക്രമീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍, മേല്‍നോട്ട സമിതി റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

രണ്ട് പൊതുതാൽപര്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.

എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

അതിനിടെ, അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഒരു ആശങ്കയും വേണ്ട. എല്ലാ സുരക്ഷാക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇരുപതോളം ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റും. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജരാണ്. റവന്യൂ, പൊലീസ്, എന്‍ഡിആര്‍എഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. 

കേരളത്തിന്റെ വാദം പരിഗണിച്ചില്ല

രാവിലെ തന്നെ മുല്ലപ്പെരിയാറിലേക്ക് പോകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സജ്ജീകരണങ്ങളും ചെയ്യും. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. അത് കണക്കുകൂട്ടി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതി സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ എതിര്‍പ്പ് അറിയിച്ചത്. കേരളം 137 അടി എന്നാണ് കേരളം ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു. 

അണക്കെട്ടില്‍ 142 അടി വരെ ജലനിരപ്പ് നിര്‍ത്താമെന്ന് സുപ്രീംകോടതി പറഞ്ഞത് 2004ലും 2014 ലുമാണ്. എന്നാല്‍ 2018 ല്‍ ഉണ്ടായ പ്രളയം അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി നിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  

രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി കടന്നു. നിലവിലെ ജലനിരപ്പ് 138.05 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജലനിരപ്പ് 138 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളമാണ്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com