തിരുവനന്തപുരം; കൊലക്കേസ് പ്രതി തിരുവനന്തപുരം നഗരമധ്യത്തിൽ കാറിടിച്ച് മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. ചാക്ക കാരാളി വയ്യാമൂല സ്വദേശി ഈഞ്ചയ്ക്കല്‍ അക്ഷരവീഥി റോഡില്‍ വാടകയ്ക്കു താമസിക്കുന്ന സുമേഷാണ് (28) കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സുഹൃത്തിന്റെ മൊഴിയാണ് വഴിത്തിരിവായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തു.
പാങ്ങോട് കുട്ടത്തികരിക്കകം പൂവക്കോട് വീട്ടില്‍ റജി (28), പാങ്ങോട് ഷൈമ മന്‍സിലില്‍ നിഹാസ് (27), മാറനല്ലൂര്‍ അരുമാളൂര്‍ കടയറവിള പുത്തന്‍വീട്ടില്‍ ഷമീം (24) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച അര്‍ധരാത്രിയോടെ ചാക്ക ബൈപ്പാസിന്റെ സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. സുമേഷും സുഹൃത്ത് സൂരജും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിനു പിന്നില്‍ കാറിടിക്കുകയായിരുന്നു. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മനഃപൂര്‍വം വാഹനമിടിപ്പിക്കുകയായിരുന്നുവെന്നാണ് സംശയം.
സുമേഷും സൂരജും ചാക്കയ്ക്കു സമീപത്തെ ഒരു ബാറിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെവെച്ച് റജി, നിഹാസ്, ഷമീം എന്നിവരുമായി തര്‍ക്കമുണ്ടായി. പിന്നീട് ഇരുസംഘങ്ങളും മടങ്ങുകയും ചെയ്തു. ബാറില്‍നിന്നിറങ്ങി സൂരജിനെ വള്ളക്കടവിലെ വീട്ടിലെത്തിക്കാന്‍ ബൈക്കില്‍ പോകവേയാണ് അതിവേഗത്തിലെത്തിയ കാര്‍ പിന്നില്‍നിന്ന് ഇടിച്ചത്. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സുമേഷ് അപ്പോഴേക്കും മരിച്ചു.
സുമേഷും സൂരജും ബാറില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് എതിര്‍സംഘം പുറത്തിറങ്ങി സുമേഷിനെ കാത്തുനിന്നു. സുമേഷ് ഇറങ്ങി സൂരജുമായി ബൈക്കില്‍ വള്ളക്കടവ് ഭാഗത്തേക്കു പോകവേ കാര്‍ പിന്നില്‍നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പരിക്കേറ്റ സൂരജും ഇവരെക്കുറിച്ച് മൊഴിനല്‍കിയിരുന്നു. ഇതുവെച്ചുള്ള അന്വേഷണത്തിലാണ് കാറില്‍ സഞ്ചരിച്ചവര്‍ പിടിയിലായത്. പിടിയിലായവര്‍ക്ക് പെറ്റിക്കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട സുമേഷ് 2014-ലെ കാരാളി അനൂപ് വധക്കേസിലെ പ്രതികളിലൊരാളാണ്. ആ കേസിലെ വിചാരണ ആരംഭിക്കാനിരിക്കേയാണ് അപകടത്തില്‍ മരിച്ചത്. വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലും സുമേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, അനൂപ് വധക്കേസുമായി സംഭവത്തിനു ബന്ധമൊന്നുമില്ലെന്നാണ് പോലീസ് നിഗമനം. ഇക്കാര്യത്തിലും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. കാരാളി അനൂപ് വധക്കേസില്‍ ഉള്‍പ്പെട്ടവരില്‍ മരിക്കുന്ന രണ്ടാമത്തെയാളാണ് സുമേഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates