ടയർ പഞ്ചറായ നിലയിൽ, കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാർ കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 09:16 AM  |  

Last Updated: 02nd April 2022 09:16 AM  |   A+A-   |  

dileep 'c car in custody

ഫയല്‍ ചിത്രം

 

കൊച്ചി; നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ കസ്റ്റഡിയിലെടുത്ത നടൻ ദിലീപിന്റെ കാർ കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമം. കാറിന്റെ ടയറുകൾ പഞ്ചറായി ഇരിക്കുന്നതിനാൽ ഓടിച്ചുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. തുടർന്ന് ഉദ്യോഗസ്ഥർ മഹസർ തയാറാക്കി മടങ്ങി. 

വെള്ളിയാഴ്ച വൈകിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ചുവപ്പ് സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്. മെക്കാനിക്കുമായി എത്തി കാർ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ശ്രമം. കാറിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനോടു ചോദിച്ചപ്പോൾ വർക്‌ഷോപ്പിൽ ആണെന്നായിരുന്നു മറുപടി.
 
പൾസർ സുനി മടങ്ങിയത് ഈ കാറിൽ

2016 ഡിസംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈം ബ്രാഞ്ച്. ആലുവ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപും കാറിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. വീട്ടിൽ വച്ച് ദിലീപ്, പൾസർ സുനിക്ക് പണം കൈമാറിയിരുന്നതായും അവർ വ്യക്തമാക്കി.

ആലുവയിലെ വീട്ടില്‍ നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.