സിപിഎം സഹകരണ ആശുപത്രിക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 'സംഭാവന' നല്‍കാം; സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 12:33 PM  |  

Last Updated: 14th April 2022 12:45 PM  |   A+A-   |  

hospital

ഫയല്‍ ചിത്രം

 

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് ധനസഹായം നല്‍കുന്നതു സംബന്ധിച്ചാണ് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ദേശിക്കുന്നത്.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി രണ്ടു കോടിയും, ജില്ലാ പഞ്ചായത്ത് ഒരു കോടിയും ആശുപത്രിക്ക് സംഭാവന നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നതായി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജില്ലയിലെ മറ്റു രണ്ടു മുനിസിപ്പാലിറ്റികളായ കാസര്‍കോട്, നിലേശ്വരം എന്നിവയും ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളും 50 ലക്ഷം വീതവും ആറു ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ലക്ഷം വീതവും സംഭാവന നല്‍കാവുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും സംഭാവന നല്‍കിയാല്‍ സഹകരണ ആശുപത്രിക്ക് 24.5 കോടി രൂപ ലഭിക്കും. 

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ യുഡിഎഫ് രംഗത്തെത്തി. ഇതുവരെയില്ലാത്ത ഒരു നീക്കമാണിതെന്നും, അധികാര ദുര്‍വിനിയോഗത്തിന്റെ ദൃഷ്ടാന്തമാണിതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. അതിനാല്‍ ഈ ഉത്തരവ് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയേക്കില്ല. 

അതേസമയം, ഇടതുപക്ഷം ഭരിക്കുന്ന 19 ഗ്രാമപഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികള്‍ ( കാഞ്ഞങ്ങാട് ഉള്‍പ്പെടെ), നാലു ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ഉത്തരവ് പ്രകാരം തുക കിട്ടിയാല്‍ 14 കോടി ലഭിക്കും. 

ഉതത്രവ് വിവാദമായതിന് പിന്നാലെ, വിശദീകരണവുമായി തദ്ദേശ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ വിപിപി മുസ്തഫ രംഗത്തു വന്നു. സഹകരണ ആശുപത്രി ബോര്‍ഡ് സഹായം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വകുപ്പ് ഇത്തരമൊരു ഓര്‍ഡര്‍ ഇറക്കിയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ബന്ധമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും വിപിപി മുസ്തഫ പറയുന്നു. 

സഹകരണ ആശുപത്രി മാനേജ്‌മെന്റാണ് സംഭാവന സ്ലാബ് നിശ്ചയിച്ചത്. സര്‍ക്കാര്‍ ഇത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്. ഇത്തരം പദ്ധതികളിലൂടെ ധാരാളം പേര്‍ക്ക് ജോലി ലഭിക്കും. ഒരു തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് കീഴില്‍ ഒരു സംരംഭം എന്ന നിലയില്‍, ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ സംരംഭം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും വിപിപി മുസ്തഫ പറഞ്ഞു. 

എന്നാല്‍ തദ്ദേശ വകുപ്പിന്റെ ഉത്തരവ് നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി കെ ഫൈസല്‍ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലേത് ജനങ്ങളുടെ പണമാണ്. ഇത് ഓരോ തദ്ദേശ സ്ഥാപനവും അവരുടെ നാട്ടിലെ വികസനത്തിന് ഉപയോഗിക്കാനുള്ളതാണ്.

ഈ ഉത്തരവ്, സഹകരണ ആശുപത്രിക്ക് പണം നല്‍കുന്നതിനെ നിയമപരമായി സാധൂകരിക്കുക ലക്ഷ്യമിട്ടാണ്. ആശുപത്രിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഓഹരി നല്‍കി, അവരില്‍ നിന്ന് പിരിക്കുകയാണ് വേണ്ടതെന്നും പി കെ ഫൈസല്‍ ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ
 

നിമിഷപ്രിയയുടെ അമ്മയും മകളും യമനിലേക്ക്; അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ