ന്യൂസ് പേപ്പര്‍ കിടക്കുന്നത് കണ്ട് ഉറപ്പിക്കും; ആളില്ലാത്ത വീട്ടില്‍ കയറി മോഷണം; സുനാമി ജയ്‌സണ്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th April 2022 06:38 PM |
Last Updated: 17th April 2022 07:26 PM | A+A A- |

ജയ്‌സണ്‍, ഷഹീന്‍
തൃശൂര്‍: വിവിധ ജില്ലകളില്‍ ആളില്ലാത്ത വീടുകളില്‍ കയറി മോഷണം പതിവാക്കിയ ചാലക്കുടി ചെറിയാക്കര വീട്ടില്‍ ജയ്‌സണ്‍ എന്ന സുനാമി ജയ്‌സണ്‍ (52) പിടിയില്‍. മോഷണം മുതലുകള്‍ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്‌സണ് സഹായം ചെയ്തുകൊടുത്ത പാവറട്ടി മരുതയൂര്‍, തൊണ്ണൂര്‍ കൊടി വീട്ടില്‍ ഷഹീന്‍ (30) എന്നയാളും അറസ്റ്റിലായി.
തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരേയും പിടികൂടിയത്. മാര്‍ച്ച് 26ന് ചേലക്കര അന്തിമഹാകാളന്‍കാവ് ഉത്സവ ദിവസം ചേലക്കര നാട്ട്യന്‍ചിറ ദേശത്തുള്ള കുന്നത്തൂപീടികയില്‍ നൗഷാദിന്റെ വീട് കുത്തിത്തുറന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000/ രൂപയും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. മാളയിലെയും, കോട്ടയത്തെയും ഓരോ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായും പ്രതി നല്‍കിയ മൊഴിയില്‍ പറയുന്നു.
ഒരു വര്‍ഷം മുന്‍പ് ആലുവയില്‍ മോഷണത്തിന് പിടിച്ച ശേഷം മൂന്ന് മാസം മുന്‍പാണ് പ്രതി ജാമ്യം എടുത്ത് ജയിലില്‍ നിന്നു ഇറങ്ങിയത്. ആളില്ലാത്ത വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വീടിനു മുന്നില്‍ ന്യൂസ് പേപ്പര്‍ എടുക്കാതെ കിടക്കുന്നതായി കണ്ടാല്‍ ആളില്ല എന്നുറപ്പിച്ച് ആ വീട്ടില്‍ മോഷണം നടത്തുന്നതാണ് ജയ്‌സന്റെ രീതി.
ഇയാളുടെ പേരില്‍ ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂര്‍, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളില്‍ മോഷണ കേസുകള്‍ ഉണ്ട്. ചേലക്കരയില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ 52 ഗ്രാം സ്വര്‍ണവും 34000/ രൂപയും പ്രതിയുടെ കൈയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
ഈ വാർത്ത വായിക്കാം
തൃശൂരില്‍ കനാലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം, അന്വേഷണം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ