കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേര്‍ക്ക് ബോംബേറ്, ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു; മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ ശക്തമാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 09:03 AM  |  

Last Updated: 23rd April 2022 09:03 AM  |   A+A-   |  

bomb_attack

ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍/ ടിവി ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് ബോംബേറ്. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു. 

വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് പ്രാദേശിക നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ് ഉണ്ടായത്. 

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ ശക്തമാക്കി. അതേസമയം പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചു. സ്വാഭാവികമായ വൈകാരികപ്രകടനം ഉണ്ടായിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നും സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു. 

പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ് രേഷ്മ. ഇവരുടെ ഭർത്താവ് പ്രശാന്ത് സിപിഎം അനുഭാവിയാണ്. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
 
ഈ വാര്‍ത്ത കൂടി വായിക്കാം

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ