ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 07:31 AM  |  

Last Updated: 27th August 2022 07:31 AM  |   A+A-   |  

cpm_anavoor

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം, ആനാവൂര്‍ നാഗപ്പന്‍

 

തിരുവനന്തപുരം:  ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വഞ്ചിയൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇതാണെന്നാണ് സംശയിക്കുന്നത്. അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ മനഃപൂര്‍വ്വം എത്തിയതാണെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു. 

ജില്ലാ കമ്മിറ്റി ഓഫീസിന് രണ്ടു പൊലീസുകാരുടെ സുരക്ഷയുണ്ടായിരുന്നു. ബൈക്കിലെത്തിയവര്‍ കല്ലെറിയുന്നത് പൊലീസുകാര്‍ കണ്ടിരുന്നു. അവര്‍ പിടിക്കാനായി റോഡിലേക്ക് ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. 

എല്‍ഡിഎഫ് ജാഥയ്ക്കുള്ളിലേക്ക് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയെന്നും അപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണിതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് നിരന്തരം സിപിഎം ഓഫീസുകള്‍ ആക്രമിക്കുന്നതിന് പിന്നിലെന്നും ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.

ബൈക്കിലെത്തിയ ആക്രമികള്‍ സിപിഎം ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം. സംഭവം അന്വേഷിച്ചു വരികയാണ്. കഴിഞ്ഞദിവസത്തെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണോ എന്നതും പരിശോധിച്ചു വരികയാണെന്ന് സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ