എട്ടുമാസത്തിനിടെ 16,228 ലഹരി മരുന്ന് കേസുകള്‍, പിടിയിലായത് 17,834 പേര്‍; സമൂഹത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി

സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍ തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്
മുഖ്യമന്ത്രി നിയമസഭയില്‍
മുഖ്യമന്ത്രി നിയമസഭയില്‍
Updated on
2 min read

തിരുവനന്തപുരം: സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് ലഹരി ഉപയോഗം, വ്യാപാരം എന്നിവ വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഓഗസ്റ്റ് 29 വരെ 16,228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലഹരി കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 17,834 പേര്‍ പിടിയിലായതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം കേസുകളാണ് അതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 5334 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 6704 പേര്‍ പിടിയിലായി. 2020ല്‍ 4650 കേസുകളും 5674 അറസ്റ്റുമാണ് ഉണ്ടായത്. ഈ വര്‍ഷം വ്യാപാര ആവശ്യത്തിനെത്തിച്ച 1340 കിലോ കഞ്ചാവ്, 6.7 കിലോ എംഡിഎംഎ, 23.4 കിലോ ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയതായും മുഖ്യമന്ത്രി പറഞ്ഞു. 

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ ഭീഷണിയായി വളര്‍ന്നിട്ടുണ്ട്.  ഈ ലഹരിയുടെ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സ്ഥിരം കുറ്റവാളികളെ രണ്ട് വര്‍ഷത്തോളം കരുതല്‍ തടങ്കലില്‍ വെക്കാമെന്ന് എന്‍ഡിപിഎസ് നിയമത്തില്‍ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരി കേസില്‍ പിടിയിലാവുന്നവരില്‍ നിന്ന് ഇനി ഇത്തരം കേസുകളില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കുന്ന ബോണ്ട് വാങ്ങും. ബോണ്ട് വാങ്ങാന്‍ പൊലീസിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കേണ്ടത് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. ഇതിനായി അവരെ ചുമതലപ്പെടുത്തും. എന്‍ഡിപിഎസ് കേസില്‍ ഉള്‍പ്പെടുന്നവരുടെ ഡാറ്റാ രജിസ്റ്റര്‍ സൂക്ഷിക്കുമെന്നും ഇവരെ സ്ഥിരമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.  പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എക്‌സൈസ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും പിണറായി വിജയൻ അറിയിച്ചു.

കേരളത്തില്‍ യുവാക്കളുടെ ഔദ്യോഗിക ആനന്ദമാര്‍ഗം എംഡിഎംഎ ആയി മാറുന്നുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കോൺ​ഗ്രസിലെ പി സി വിഷ്ണുനാഥ് പറഞ്ഞു.  അയ്യായിരം കേസുകളിൽ നിന്നാണ് ഈ വർഷം വെറും എട്ടു മാസം കൊണ്ട് 120 % വർദ്ധനവുണ്ടായതെന്ന് വിഷ്ണുനാഥ് പറഞ്ഞു. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ബാധിത പ്രദേശം കേരളമാണെന്ന നിലയിലേക്ക് എത്തിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. വിശദമായി മറുപടി പറഞ്ഞ മുഖ്യമന്ത്രിയേയും വിഷയം അവതരിപ്പിച്ച പി സി വിഷ്ണുനാഥ് എംഎല്‍എയെയും സ്പീക്കര്‍ എം ബി രാജേഷ് അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com