'മക്കളെ കെട്ടിത്തൂക്കിയ ശേഷം ഒരാള്‍ ജീവനൊടുക്കിയെന്നോ? അവിശ്വസനീയം'; ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്‌

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി
ശശീന്ദ്രനും മക്കളും/ഫയല്‍
ശശീന്ദ്രനും മക്കളും/ഫയല്‍
Updated on
2 min read

കൊച്ചി: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തില്‍ സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇവരുടെ മരണം ആത്മഹത്യയാണെന്ന സിബിഐയുടെ കുറ്റപത്രത്തെ കോടതി വിമര്‍ശിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷിക്കാന്‍ കഴിവും വൈദഗ്ദ്ധ്യവുമുള്ള സീനിയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്.

നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി സോമരാജന്‍ ഉത്തരവിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും മരണത്തില്‍ കൊലപാതക സാധ്യതകളില്‍ വിശദമായി അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റവും പ്രതികളുടെ പങ്കും ആരോപണത്തില്‍ നിന്ന് മനഃപൂര്‍വം ഒഴിവാക്കാന്‍ സിബിഐ ശ്രമിച്ചു. ഈ കേസിലെ അന്വേഷണം മുന്‍നിര അന്വേഷണ ഏജന്‍സിയെന്ന സിബിഐയുടെ കീര്‍ത്തിയെ കളങ്കപ്പെടുത്തുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.

പാതി വെന്ത റിപ്പോർട്ട്: കോടതി

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കേസിൽ തുടരന്വേഷണം വേണ്ടെന്ന സിജെഎം കോടതി ഉത്തരവും ഹൈക്കോടതി തള്ളി. പാതിവെന്ത കുറ്റപത്രം സമർപ്പിച്ചു കണ്ണിൽ പൊടിയിടാനാണ് സിബിഐ ശ്രമിച്ചതെന്നും കോടതി വിലയിരുത്തി.

ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന സിബിഐയുടെ കുറ്റപത്രം തള്ളണമെന്ന ഹർജി സിജെഎം കോടതി നിരസിച്ചതിനെതിരെ സഹോദരൻ ഡോ വി സനൽകുമാറും ക്രൈം എഡിറ്റർ ടി പി നന്ദകുമാറും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. വിഷയം സിബിഐ ഡയറക്ടർ വേണ്ട ഗൗരവത്തോടെയും ജാഗ്രതയോടും എടുക്കാനും,  കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദേശിച്ചു. 

2011 ജനുവരി 24 നാണ് പാലക്കാട് കഞ്ചിക്കോട്ടെ വീട്ടിൽ വി ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനെ പ്രമുഖ വ്യവസായി വി എം രാധാകൃഷ്‌ണൻ ഭീഷണിപ്പെടുത്തിയിരുന്നെന്നും തുടർന്ന് ശശീന്ദ്രൻ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി

പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ കെട്ടിത്തൂക്കിയശേഷം ശശീന്ദ്രൻ ജീവനൊടുക്കിയെന്ന കണ്ടെത്തൽ അവിശ്വസനീയമാണെന്ന് ഹൈക്കോടതി പറഞ്ഞു. കുട്ടികളുടെ ഭാരവും മറ്റും പരിശോധിച്ചാൽ ഒരാൾക്ക് ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ല. ഒരാൾക്കു ശേഷം മറ്റൊരാൾ എന്ന രീതിയിലാണ് കുട്ടികളെ കെട്ടിത്തൂക്കിയതെങ്കിൽ, ഒന്നാമത്തെയാൾക്ക് നേരെയുള്ള കുറ്റകൃത്യം കാണുമ്പോൾ രണ്ടാമത്തെയാൾ ബഹളമുണ്ടാക്കി ഓടിരക്ഷപ്പെടില്ലേ. കുട്ടികൾ കൊല്ലപ്പെടാൻ സ്വയം നിന്നുകൊടുത്തു എന്ന അന്വേഷണ ഏജൻസിയുടെ വാദം അവിശ്വസനീയമാണെന്ന് കോടതി പറഞ്ഞു.

ഭാര്യയെ ഒഴിവാക്കി ശശീന്ദ്രൻ രണ്ടു മക്കളെ കൊന്നത് എന്തുകൊണ്ടാണെന്ന് സിബിഐക്ക് തൃപ്തികരമായി വിശദീകരിക്കാനായിട്ടില്ല. ശശീന്ദ്രന്റെ ശരീരത്തിൽ മരണത്തിനു മുമ്പ് ഒമ്പതു മുറിവുകൾ എങ്ങനെയുണ്ടായി?. ശശീന്ദ്രന്റെ ശരീരത്തിൽ കണ്ടെത്തിയ പരുക്കുകളെക്കുറിച്ച് ഫൊറൻസിക് സംഘാംഗം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി കെ ശ്രീകുമാരിയുടെ അഭിപ്രായം കണക്കിലെടുത്തില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com