വിഴിഞ്ഞത്ത് കൂട്ട അറസ്റ്റിന് പൊലീസ്; 1000 ഓളം പേരെ തിരിച്ചറിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 10:21 AM  |  

Last Updated: 02nd December 2022 10:21 AM  |   A+A-   |  

vizhinjam_clash

വിഴിഞ്ഞത്ത് വിന്യസിച്ച പൊലീസ് സേന/ പിടിഐ

 

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ കൂട്ട അറസ്റ്റിന് പൊലീസ് തയ്യാറെടുക്കുന്നു. സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്ത നിരവധി പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശമുണ്ടായാല്‍ ഉടന്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. തയ്യാറായിരിക്കാന്‍ പൊലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയതായാണ് സൂചന.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 170 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ പുതിയ കേസ് കൂടി എടുത്തു. ആക്രമണത്തിന് ഇരയായ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസെടുത്തിട്ടുള്ളത്. 

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും സംഘര്‍ഷത്തിലും ആയിരത്തോളം പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിലുണ്ടായിരുന്നവരുടെ മേല്‍വിലാസം അടക്കമുള്ള പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. വിഴിഞ്ഞം സ്‌പെഷല്‍ ഓപീസര്‍ ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  

എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്‌ഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിലുള്ളത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഓരോ ദിവസവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

വിഴിഞ്ഞം: അദാനിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍; അക്രമത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ