'ജനമൈത്രിയോ, തെറിമൈത്രിയോ?'- അകാരണമായി തല്ലി, അസഭ്യം വിളിച്ചു; പൊലീസിനെതിരെ യുവാവിന്റെ പരാതി

ബേസിലിനു നേരെ പാഞ്ഞടുത്ത പൊലീസ് ലാത്തി ഉപയോഗിച്ച് മൂന്നു നാലു തവണ അടിച്ചു. അകാരണമായി അടിച്ച നടപടിയെ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ജനമൈത്രി പൊലീസ് അകാരണമായി മർദ്ദിച്ചെന്നും അസഭ്യം വിളിച്ചെന്നും ആരോപിച്ച് യുവാവിന്റെ പരാതി. മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പൊലീസിനെതിരേ യുവാവ് പരാതി നൽകിയത്. ടൂർ ഓപ്പറേറ്ററായ പാലക്കാട് അഗളി ജെല്ലിപ്പാറ ലൗ ഡേയിൽ ബേസിൽ പി ദാസാണ് (42) പരാതിക്കാരൻ. 

കഴിഞ്ഞ ദിവസം ടൂറിസ്റ്റുകളുമായി ആലപ്പുഴയിൽ എത്തി പുന്നമട ഫിനിഷിങ് പോയിന്റിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാനും എടിഎമ്മിൽ നിന്നു പണം എടുക്കാനുമായി ബേസിൽ രാത്രി 11.45 ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമെത്തി. ഈ സമയം രണ്ട് ജീപ്പുകളിലായി എത്തിയ പൊലീസിനെ കണ്ട് സമീപത്തുണ്ടായിരുന്ന കുറച്ച് ആളുകൾ അവിടെ നിന്ന് ഓടിപ്പോയി. 

കാര്യം എന്താണെന്ന് അറിയാതെ ഈ സമയം ബേസിൽ അവിടെ നിന്നിരുന്നു. ബേസിലിനു നേരെ പാഞ്ഞടുത്ത പൊലീസ് ലാത്തി ഉപയോഗിച്ച് മൂന്നു നാലു തവണ അടിച്ചു. അകാരണമായി അടിച്ച നടപടിയെ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞു. ജീപ്പിനു സമീപം നിന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോൾ അവരും ചീത്ത വിളിച്ചതായി ബേസിൽ പറയുന്നു. 

ആരെയും തിരഞ്ഞു പിടിച്ച് മർദിച്ചില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ബസ് സ്റ്റാൻഡ് പരിസരത്ത് ചിലർ ഉപദ്രവിക്കുന്നതായി സ്ത്രീകൾ വിളിച്ചു പരാതി പറഞ്ഞതു പ്രകാരമായിരുന്നു അവിടെ എത്തിയത്. അവിടെ കൂടി നിന്നവരെ പറഞ്ഞയച്ചു. കൂട്ടത്തിൽ നിന്ന പരാതിക്കാരൻ പോകാൻ കൂട്ടാക്കിയില്ല. അപ്പോൾ ശാസിച്ചു വിട്ടു. അടിക്കുകയോ അസഭ്യം പറയുകയോ ചെയ്തില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ബേസിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ആലപ്പുഴ തെറിമൈത്രി പോലീസിന്റെ ഇന്നലത്തെ പരാക്രമം സംബന്ധിച്ച്, ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. നടപടികൾക്കായി കാത്തിരിക്കുന്നു. കാക്കി നാട്ടുകാരുടെ നെഞ്ചത്ത് കയറാനും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കാനുമുള്ള അധികാരക്കുപ്പായമല്ല എന്ന് തെറി മൈത്രി പോലീസിനെ ജില്ലാ പോലീസ് മേധാവി പഠിപ്പിക്കുമോ എന്ന് നോക്കട്ടെ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com