ചോദ്യം ചെയ്യലിനിടെ രോഷാകുലനായി ചാടിയെണീറ്റ് ദിലീപ്; 'ഇത്തരം ചോദ്യങ്ങളോട് സഹകരിക്കില്ല'

കഴിഞ്ഞ ഓഗസ്റ്റ് 31 വരെ ദിലീപ് ഉപയോഗിച്ച ഐഫോണ്‍ ആണ് കൈവശമില്ലെന്ന് പറയുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് കുപിതനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍. മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്. പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 

ചാടിയെഴുന്നേറ്റ് നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കുകയാണെന്നും സഹകരിക്കില്ലെന്നും ദിലീപ് പറഞ്ഞതായി പ്രോസിക്യൂഷന്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31 വരെ ദിലീപ് ഉപയോഗിച്ച ഐഫോണ്‍ ആണ് കൈവശമില്ലെന്ന് പറയുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി 23 മുതല്‍ ഉപയോഗിച്ചതാണിത്. 

221 ദിവസം ഉപയോഗിച്ച ഈ ഫോണില്‍ നിന്നും 2075 കോളുകള്‍ വിളിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ ഈ ഫോണ്‍ ഏതാണെന്ന് മനസ്സിലാകുന്നില്ലെന്നും കൈവശമില്ലെന്നുമാണ് ദിലീപ് അന്വേഷണസംഘത്തിന് വിശദീകരണം നല്‍കിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. 

ഫോണുകള്‍ പരിശോധിക്കുന്നതിനായി അന്വേഷണസംഘം ഉടന്‍ തന്നെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. അപേക്ഷ ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറാന്‍ ആലുവ മജിസ്‌ട്രേറ്റിന് കഴിയും. ഫോണുകള്‍ എവിടെ പരിശോധിക്കണമെന്ന കാര്യത്തിലും മജിസ്‌ട്രേറ്റിന് തീരുമാനമെടുക്കാം. സര്‍ക്കാരിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന എതു ലാബിലേക്കും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കാം. 

കൈവശമില്ലെന്ന് പറയുന്ന ഫോണില്‍ നിന്ന് വിളികള്‍ 2000 ലേറെ തവണ

അതിനിടെ, ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ആറ് ഫോണില്‍ ഒരെണ്ണം ഫോര്‍മാറ്റ് ചെയ്തതായി അന്വേഷണസംഘം സംശയിക്കുന്നു. ദിലീപിന്റെ കൈവശമില്ലെന്ന് പറയുന്ന ഫോണില്‍നിന്ന് വിളികള്‍ പോയത് 2000 തവണയെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോര്‍മാറ്റ് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പല നിര്‍ണായക വിവരങ്ങളും നഷ്ടമായിട്ടുണ്ടെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം. ഐടി, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. 

ദിലീപ് 'ഇല്ലെന്ന്' പറഞ്ഞ ഫോണില്‍നിന്നാണ് 2000 വിളികള്‍ പോയതിന്റെ സിഡിആര്‍ (കോള്‍ ഡീറ്റൈയില്‍ റെക്കോഡ്‌സ്) പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. മുംബൈയിലെ സ്വകാര്യ ലാബില്‍ സ്വന്തം നിലയില്‍ പരിശോധിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകളാണ് നല്‍കിയത്. 

എന്നാല്‍, ഏത് ഫോണാണ് മുംബൈയിലേക്ക് കൊണ്ടുപോയതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. കോടതിയുടെയോ അന്വേഷകസംഘത്തിന്റെയോ അനുമതിയോ അറിവോ ഇല്ലാതെ തിടുക്കത്തില്‍ ഫോണുകള്‍ സ്വകാര്യ ലാബില്‍ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com