പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നത് മോഷണ ശ്രമത്തിനിടെ?; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2022 09:55 AM  |  

Last Updated: 11th February 2022 09:55 AM  |   A+A-   |  

ambalamukku1

കൊല്ലപ്പെട്ട വിനീത, സിസിടിവി ദൃശ്യം, പൊലീസ് പുറത്തുവിട്ട രേഖാചിത്രം

 

തിരുവനന്തപുരം: അമ്പലമുക്കിന് സമീപത്തെ കടയില്‍ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെന്നു സംശയിക്കുന്ന കന്യാകുമാരി സ്വദേശി രാജേഷിനെ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടല്‍ ജീവനക്കാരനാണ് ഇയാള്‍.

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തിവിട്ടിരുന്നു. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പൊലീസ് പരസ്യപ്പെടുത്തി.

ഇയാള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിച്ചു. പൊലീസ് സംഘം എത്തി പുലര്‍ച്ചെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.