ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ കരുവാക്കരുത്; കാനത്തിന് ഗവര്‍ണറുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 05:33 PM  |  

Last Updated: 19th February 2022 05:33 PM  |   A+A-   |  

Governor's reply to Kanam

ആരിഫ് മുഹമ്മദ് ഖാൻ, കാനം രാജേന്ദ്രൻ/ ഫയൽ


 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇടതുമുന്നണിയിലെ പ്രശ്‌നങ്ങളില്‍ തന്നെ കരുവാക്കരുത്. ഇടതുമുന്നണിയെ തകര്‍ക്കാന്‍ തന്നെ ഉപയോഗിക്കരുത്. സര്‍ക്കാരിനെ താന്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

താന്‍ രാജിവെക്കണമെന്ന് പറയുന്നവരല്ല തന്നെ നിയമിച്ചതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. താന്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെങ്കില്‍ അതിന് എന്തിന് കീഴടങ്ങി. കാനം രാജേന്ദ്രന്‍ ഇപ്പോഴും ഭരണമുന്നണിയില്‍ തന്നെയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. 

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ സംബന്ധിച്ച ഫയല്‍ താന്‍ വിളിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് ഗൗരവമായി എടുക്കുന്നു. നടപടി എടുക്കാന്‍ തനിക്ക് അധികാരമുണ്ട്. ഒരു മാസത്തിനകം തീരുമാനമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുന്നുവെന്ന് കാനം

ഗവർണർ ബ്ലാക്ക് മെയിൽ രാഷ്ട്രീയം പയറ്റുകയാണെന്ന് കാനം വിമർശിച്ചിരുന്നു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐ നിലപാട്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കണ്ട. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. ഗവര്‍ണര്‍ക്ക് ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് കാനം പറഞ്ഞു.  

ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.