വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത്; മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2022 10:53 AM  |  

Last Updated: 18th January 2022 10:53 AM  |   A+A-   |  

Dileep_PTI

ദിലീപ് /പിടിഐ

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും സൂരജും അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

ദിലീപിന്റെ മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി. ഇന്നലെ ശരത്തിന്റെ വീട്ടിലും സുരാജിന്റെ വീട്ടിലും െ്രെകംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.

വധിക്കാന്‍ ഗൂഢാലോചന

കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുന്‍ പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് െ്രെകംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.