ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകൾ ഹൈക്കോടതിയിൽ; നാലാം ഫോണിനായി അന്വേഷണം; സിഡിആർ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു

ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്
ദിലീപ്  /ഫയല്‍ ചിത്രം
ദിലീപ് /ഫയല്‍ ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറി. ഇന്നു രാവിലെ 10.15 ന് മുമ്പായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഫോണുകൾ കൈമാറണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്.

ദിലീപിന്റെ രണ്ട് ഐ ഫോണുകൾ അടക്കം മൂന്നു ഫോണുകളും  സഹോദരൻ അനൂപിന്റെ രണ്ടും സഹോദരീ ഭർത്താവ് സുരാജിന്റെ ഒരു ഫോണും അടക്കം ആറു ഫോണുകളാണ് കോടതിയിൽ അഭിഭാഷകൻ എത്തിച്ചത്. മുദ്ര വെച്ച കവറിൽ ഈ ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിച്ചിരുന്നു. 

നാലാമത്തെ ഫോണിനായി അന്വേഷണം

ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. നിർണായകമായ നാലാമത്തെ ഫോൺ ദിലീപ് ഒളിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ നി​ഗമനം. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഫോൺ വാങ്ങിയതെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. 

നാലാമത്തെ ഫോണിന്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറും. ഫോണിന്റെ ഐഎംഇഐ നമ്പർ, ബ്രാൻഡ് നെയിം, മോഡൽ, വിൽപ്പന നടത്തിയ ഡീലർ എന്നിവരുടെ വിവരങ്ങൾ കൈമാറാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഒളിപ്പിച്ച ഫോൺ ദിലീപ് ഉപയോ​ഗിച്ചതിന്റെ ഫോൺവിളി രേഖകളും ( സിഡിആർ) അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 

മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും

ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയും ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജിയും 
ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബെഞ്ച്  ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.കോടതിക്ക് കൈമാറുന്ന ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോൺ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷൻ തിങ്കളാഴ്ച കോടതിയിൽ ഉന്നയിക്കും.

മഞ്ജു വാര്യരുമായി സ്വകാര്യ സംഭാഷണമെന്ന് ദിലീപ്

മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. അം​ഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.  തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

ഫ്ലാറ്റിലെ ഗൂഢാലോചന: കൂടുതൽ പേരെ ചോദ്യംചെയ്യും

ഗൂഢാലോചനയുടെ ഭാഗമായി പ്രതികൾ എം.ജി. റോഡിലെ ഫ്ളാറ്റിൽ ഒത്തുച്ചേർന്നു എന്ന് ക്രൈംബ്രാഞ്ച് പറയുന്ന സംഭവത്തിൽ കൂടുതൽ പേരെ ചോദ്യംചെയ്യും. ദിലീപ്, അനൂപ്, സൂരജ് എന്നിവർ പങ്കെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 2017 ഡിസംബറിലാണിത്. ഇതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിക്കില്ല. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com