വൈകീട്ടോടെ ജന്മനാട്ടിലേക്ക്; 180 മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 11:58 AM  |  

Last Updated: 02nd March 2022 11:58 AM  |   A+A-   |  

students return

യുക്രൈനില്‍ ബങ്കറില്‍ കഴിയുന്ന ഇന്ത്യന്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍

 

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഡല്‍ഹിയിലെത്തിച്ച മലയാളികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. വൈകീട്ട് നാലിന് 180 വിദ്യാര്‍ഥികളുമായി വിമാനം കേരളത്തിലേക്ക് പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വൈകീട്ട് നാലിന് എയര്‍ഏഷ്യ വിമാനത്തിലാണ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുക. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തുന്ന മുഴുവന്‍ മലയാളി വിദ്യാര്‍ഥികളെയും നാട്ടില്‍ സുരക്ഷിതമായി എത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നു. നോര്‍ക്ക റൂട്ട്‌സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

അതിനിടെ, യുക്രൈനില്‍ നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍ കൂടി രാജ്യത്ത് മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് കഴിഞ്ഞദിവസം എത്തിയത്. 
തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എല്ലാവരെയും സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 ഈ ഘട്ടത്തില്‍ ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണം. പരിഭ്രാന്തി പടര്‍ത്താതെ ചുറ്റുമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കാനും നമുക്ക് കഴിയണം. ഇന്ത്യയില്‍ തിരിച്ചെത്തുന്നവരെ ഡല്‍ഹിയിലും മുംബൈയിലും സ്വീകരിക്കാനും അവിടെ നിന്നും സൗജന്യമായി നാട്ടിലെത്തിക്കാനും എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കേരള ഹൗസില്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫീസറായി സെക്രട്ടറിയറ്റിലെ ജോയിന്റ് സെക്രട്ടറിയെ നിയമിച്ച് ലെയ്സണ്‍ ഓഫീസറുടെ ചുമതലയും നല്‍കി. ഇനിയും റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ukraineregistration.norkaroots.org എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്സിന്റെ 1 800 425 3939 എന്ന നമ്പരില്‍ നിങ്ങള്‍ക്ക് എപ്പോഴും ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും ആ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുണ്ട്. അവിടെ ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ വിദേശകാര്യ വകുപ്പിനെയും യുക്രൈയിനിലെ ഇന്ത്യന്‍ എംബസിയെയും അറിയിക്കുന്നുണ്ട്.