സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസ്സില്‍ ഒതുങ്ങില്ല; പ്രതിഷേധങ്ങള്‍ വികസനത്തിന് എതിര്: മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 12:28 PM  |  

Last Updated: 19th March 2022 12:38 PM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍/ ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസ്സില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പദ്ധതിക്കെതിരായ സമരങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.  ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം: കോടിയേരി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  കുറ്റപ്പെടുത്തി. ഇഎംഎസ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

'കോണ്‍ഗ്രസ്, ബിജെപി, എസ് ഡി പി ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്.  കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.