കത്ത് വ്യാജമാണോയെന്ന് അറിയില്ല; രാജിവെക്കാന്‍ മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ?: ആനാവൂര്‍ നാഗപ്പന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 11:38 AM  |  

Last Updated: 06th November 2022 11:38 AM  |   A+A-   |  

anavoor_nagappan

ആനാവൂര്‍ നാഗപ്പന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത്തരമൊരു കത്ത് ജില്ലാ സെക്രട്ടറിയായ തനിക്ക് കിട്ടിയിട്ടില്ല. ആ കത്ത് വ്യാജമാണോ എന്നൊന്നും അറിയില്ല. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

ഊഹാപോഹത്തിലേക്ക് താന്‍ കടക്കുന്നില്ല. അത് മാധ്യമങ്ങള്‍ നടത്തുന്നുണ്ടല്ലോ. മേയറുടേയും ഡി ആര്‍ അനിലിന്റേയും കത്തു ലഭിച്ചിട്ടില്ല. കത്ത് എങ്ങനെ പുറത്തുവന്നു എന്നതല്ല, അതിലെ വസ്തുതയാണ് പരിശോധിക്കുന്നത്. വസ്തുതയാണെങ്കില്‍ പുറത്തു വന്നാല്‍ എന്താണ് കുഴപ്പം. അതു നോക്കട്ടെ. പരിശോധിച്ചശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. 

ഇത്തരത്തിലൊരു കത്തു തയ്യാറാക്കിയിട്ടില്ലെന്നും, വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശദീകരണം നല്‍കിയതായി ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കാന്‍ മേയര്‍ക്ക് അവകാശമുണ്ട്. പൊലീസ് അന്വേഷിക്കട്ടെ. കത്തു വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

മാധ്യമങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കാന്‍ ഒരുപാട് ശ്രമം നടത്തുന്നുണ്ട്. അങ്ങനെ നിങ്ങള്‍ പറഞ്ഞതെല്ലാം നാണക്കേടാണെങ്കില്‍ ഞങ്ങള്‍ എന്നേ ഇല്ലാതാകുമായിരുന്നു. വസ്തുക കണ്ടെത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഒരു രാഷ്ട്രീയ നിയമനവും നടത്തിയിട്ടില്ല. മേയര്‍ രാജിവെക്കേണ്ടതില്ലെന്നും, പ്രതിപക്ഷമല്ല നാട്ടുകാരാണ് മേയറെ തെരഞ്ഞെടുത്തതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

കത്ത് പുറത്തു വന്നതിന് പിന്നില്‍ വിഭാഗീയതയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഞങ്ങളുടെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് സ്ഥാപിക്കേണ്ടത് നിങ്ങളുടെ കാര്യമാണെന്നായിരുന്നു പ്രതികരണം. താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താന്‍ കത്തു തയ്യാറാക്കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് വിശദീകരിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'കത്ത് തയ്യാറാക്കിയത് താനല്ല, നിയമനടപടി സ്വീകരിക്കും'; പാര്‍ട്ടിക്ക് മേയറുടെ വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ