'കത്ത് തയ്യാറാക്കിയത് താനല്ല, നിയമനടപടി സ്വീകരിക്കും'; പാര്‍ട്ടിക്ക് മേയറുടെ വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 10:41 AM  |  

Last Updated: 06th November 2022 10:45 AM  |   A+A-   |  

arya rajendran

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍/ഫയല്‍

 

തിരുവനന്തപുരം: താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താന്‍ കത്തു തയ്യാറാക്കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. സിപിഎം നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തയ്യാറാക്കിയത് താനല്ല, എങ്ങനെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കി എന്നതുസംബന്ധിച്ച് അന്വേഷണം വേണം. നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമായി സംസാരിച്ചപ്പോഴാണ് മേയര്‍ വിശദീകരണം നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയതിനു ശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളുമായി സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും മേയര്‍ പരാതി നല്‍കുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.

അതിനിടെ, എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ചോദിച്ച് കത്തയച്ചത് താനല്ലെന്ന് ഡി ആര്‍ അനിലും വ്യക്തമാക്കി.കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിആര്‍ അനിലിന്റെ പേരിലാണ് ഈ കത്ത് പുറത്തു വന്നത്. 

താല്‍ക്കാലിക നിയമനത്തിന് താന്‍ പാര്‍ട്ടിക്ക് കത്തു നല്‍കിയിട്ടില്ല. വ്യാജ പ്രചരണത്തില്‍ പൊലീസില്‍ പരാതി നല്‍കും. തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ അനില്‍ പറഞ്ഞു. നിയമന വിവാദത്തിൽ മേയര്‍ ആര്യ രാജേന്ദ്രനെതിരെ മുന്‍ നഗരസഭ കൗണ്‍സിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ് ശ്രീകുമാര്‍ പരാതി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിയമന കത്ത് വിവാദത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാ​ഗീയത?; ജില്ലാ നേതൃയോ​ഗം വിളിച്ചു; നടപടിക്കും സാധ്യത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ