പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടും; നേതാക്കള്‍ നിരീക്ഷണത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2022 10:58 AM  |  

Last Updated: 29th September 2022 10:58 AM  |   A+A-   |  

popular_front

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. 81,000 ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിന് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുഎപിഎ നിയമപ്രകാരം കേരളവും തമിഴ്‌നാടും ഉത്തരവിറക്കി. കര്‍ണാടകയിലെ മംഗലൂരുവില്‍ പിഎഫ്‌ഐയുടെ 12 ഓഫിസുകള്‍ അടച്ചുപൂട്ടി. 

കേരളത്തിലെ 17 ഓഫീസുകള്‍ ആദ്യഘട്ടത്തില്‍ പൂട്ടും. നേതാക്കളെ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ കരുതല്‍ അറസ്റ്റും നടത്തും. സ്വകാര്യ കെട്ടിടങ്ങളിലുള്ള പിഎഫ്‌ഐ ഓഫീസുകളുടെ വിവരവും പൊലീസ് ശേഖരിച്ചു വരികയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഡിജിപി അനില്‍ കാന്ത് പൊലീസിന്റെ ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്. 

ജില്ലാ പൊലീസ് സുപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഓണ്‍ലൈനായിട്ടാണ് യോഗം. നിരോധിച്ച സംഘടനകളുടെ ഓഫീസ് പൂട്ടല്‍ അടക്കമുള്ളവ ചര്‍ച്ചയാകും. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, മലപ്പുറം, മാനന്തവാടി, കണ്ണൂര്‍, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, പന്തളം, ആലുവ, അടൂര്‍ തുടങ്ങിയ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടുന്നത്. 

ഓഫീസുകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കലക്ടര്‍ക്കും പൊലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1967ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിഎഫ്‌ഐ നിരോധനം; തുടര്‍ നടപടികള്‍ക്കായി ഉത്തരവിറക്കി കേരളം; ഓഫീസുകള്‍ ഇന്ന് മുദ്രവെക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ