ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരിഹാസ്യം; കേരള ജനത ബിജെപിയുടെ നാടകം തള്ളിക്കളയും: സിപിഎം

By സമകാലികമലയാളം ഡെസ്ക്  |   Published: 09th April 2023 05:52 PM  |  

Last Updated: 09th April 2023 06:09 PM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍/ ഫയല്‍



 തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്ച നാടകമെന്ന് സിപിഎം. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്. ബിജെപിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യുമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്. ഗ്രഹാം സ്റ്റെയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. 

കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജെപി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. 

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയും. സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തലശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കള്‍; ബിഷപ്പ്  നെറ്റോയെ കണ്ട് കേന്ദ്രമന്ത്രി മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ