യുവതിയുടെ മരണം: ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ; മയക്കുമരുന്ന് സംഘങ്ങളും നിരീക്ഷണത്തിൽ

By സമകാലിക മലയാളം ഡെസ്ക്       |   Published: 04th August 2023 03:28 PM  |  

Last Updated: 04th August 2023 03:28 PM  |   A+A-   |  

amal

മുഹമ്മദ് അമൽ

 

കോഴിക്കോട്: കുറ്റ്യാടി സ്വദേശിനിയായ 23 വയസ്സുകാരിയുടെ ദുരൂഹ മരണത്തിൽ യുവാവ് അറസ്റ്റിൽ. യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂർ സ്വദേശി മുഹമ്മദ് അമൽ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം, എസ് സി- എസ് ടി വകുപ്പുകൾ തുടങ്ങിയവ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്.

പ്രതി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.  പ്രതിയ്‌ക്കെതിരെ മരിച്ച യുവതിയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചെന്നും, മരിച്ച യുവതിയെ ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നു എന്നുമാണ് ശബ്ദരേഖയിൽ സുഹൃത്ത് ആരോപിക്കുന്നത്. 

യുവതിയുടെ മരണത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്കും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞമാസം 13- നാണ് കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 23 വയസ്സുകാരിയെ, കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഒപ്പം താമസിച്ച യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. 

യുവതിയുടെ മരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സാര്‍ എവിടെയും പോവണ്ട', സ്ഥലംമാറി പോവുന്നത് അറിഞ്ഞ് ക്ലാസില്‍ കുട്ടികളുടെ കൂട്ടക്കരച്ചില്‍; കല്ലാച്ചി സര്‍ക്കാര്‍ സ്‌കൂളിലെ സ്‌നേഹ പ്രകടനം- വീഡിയോ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ