കരള്‍ രോഗത്തിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേത്; മരിച്ചയാള്‍ക്കും ധനസഹായം; ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധന

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം
തിരുവനന്തപുരത്ത് വിജിലന്‍സ് നടത്തിയ പരിശോധന/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
തിരുവനന്തപുരത്ത് വിജിലന്‍സ് നടത്തിയ പരിശോധന/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധി തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ഇന്നും തുടരും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പരിശോധന കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി നിര്‍ദേശം നല്‍കി. കൊല്ലത്ത് മരിച്ചയാളുടെ പേരിലും ധനസഹായം തട്ടിയെടുത്തതായി വിജിലന്‍സിന് സംശയം. 

അപേക്ഷകന്റെ വീട്ടില്‍ ഇന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തും. ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടേയും മൊഴി രേഖപ്പെടുത്തും. വിജിലന്‍സിന്റെ ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ കലക്ടറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. 

ഇതേത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം. ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കണം. ഓരോ ജില്ലയിലും എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിട്ടാകും  രേഖകള്‍ പരിശോധിക്കുക. 

എറണാകുളം ജില്ലയില്‍ സമ്പന്നരായ രണ്ട് വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് പണം ലഭിച്ചതായി കണ്ടെത്തി. ഇതിലൊരാള്‍ക്ക് രണ്ട്  ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയില്‍ നഴ്‌സാണ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്റ് നല്‍കിയ 16 അപേക്ഷകളിലും സഹായം നല്‍കിയതായി കണ്ടെത്തി. 

കരള്‍ രോഗിയായ ഒരാള്‍ക്ക് ചികിത്സാ സഹായം നല്‍കിയത് ഹൃദ്രോഗിയെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് വിവിധ രോഗങ്ങള്‍ക്കായി മൂന്നു തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിച്ചു. ഇവയ്‌ക്കെല്ലാം നല്‍കിയതാകട്ടെ കാഞ്ഞിരപ്പിള്ളിയിലെ അസ്ഥിരോഗ വിദഗ്ധന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ്. 

പുനലൂര്‍ താലൂക്കില്‍ ഒരു ഡോക്ടര്‍ ഏകദേശം 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തി. കൊല്ലം ജില്ലയില്‍ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം ഒരു എല്ലുരോഗ വിദഗ്ധന്‍ നല്‍കിയതാണ്. കരുനാഗപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ പേരില്‍ രണ്ട് ഘട്ടമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന് പിന്നില്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഇടനിലക്കാരും അടങ്ങുന്ന വന്‍ശൃംഖല ഉണ്ടെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com