തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുകയും അവർ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത സ്കൂൾ ഉടമയുടെ പ്രസ്താവന വിവാദത്തിൽ. മാള ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലൂടെ വിവാദ പരാമർശങ്ങൾ നടത്തിയത്. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെത്താതിരുന്ന വിദ്യാർഥികളെ ക്ലാസിൽ കയറ്റില്ലെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തി.
വിദ്യാർഥികൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികളെയാണ് സ്കൂൾ ഉടമ രാജ്യദ്രോഹികളായി മുദ്രകുത്തിയത്. ഒരു രാജ്യത്തെ സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ അതിനെ ധിക്കരിച്ച് വീട്ടിലിരിക്കുന്നത് വളരെ മോശമാണെന്നും അങ്ങനെയുള്ളവർ വേറെ വല്ല രാജ്യത്ത്, വല്ല പാകിസ്ഥാനിലോ പോകണമെന്നും ഇവിടെ ജീവിക്കാൻ അർഹതപ്പെട്ടവരല്ലെന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞു. എല്ലാ സ്വാതന്ത്ര്യവും ഇവർക്ക് വേണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊരു ബഹുമാനവുമില്ലാതെയാണ് കുട്ടികളെ വളർത്തുന്നതെന്നും ഡോ. രാജു ഡേവിസ് ആരോപിച്ചു.
രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം പുറത്താവുകയും സംഭവം വലിയ ചർച്ചയാവുകയും ചെയ്തതോടെ വിശദീകരണവുമായി സ്കൂൾ ഉടമ വീണ്ടും രംഗത്തെത്തി. സ്കൂളിൽ വരാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല പറഞ്ഞതെന്നും ഡോ. രാജു ഡേവിസ് രണ്ടാമത്തെ സന്ദേശത്തിൽ ന്യായീകരിച്ചു. പാകിസ്ഥാൻ ഇന്ത്യയുടെ ശത്രുരാജ്യമാണെന്നും സ്വന്തം രാജ്യസ്നേഹവും മതനിരപേക്ഷതയും തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും സ്കൂൾ ഉടമ അവകാശപ്പെട്ടു.
അതേസമയം സ്കൂൾ മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ രക്ഷിതാക്കൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്തെങ്കിലും അസൗകര്യങ്ങൾ മൂലം സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താൻ കഴിയാതെ പോയാൽ കുട്ടികൾ എങ്ങനെയാണ് രാജ്യസ്നേഹമില്ലാത്തവരായി മാറുന്നതെന്നും സ്കൂൾ അധികൃതരുടെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.
സ്വാതന്ത്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ ഡോ രാജു ഡേവിസിന്റെ നടപടി തീർത്തും അപലപനീയമാണ് എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി.
രാജ്യസ്നേഹവും ദേശീയതയും അളക്കാനുള്ള അധികാരം രാജു ഡേവിസിന് എന്നല്ല ഈ നാട്ടിൽ ആർക്കും തന്നെയില്ല. ദേശീയതയ്ക്ക് അളവ് കോലുകൾ സൃഷ്ടിക്കാൻ രാജു ഡേവിസിനെ ആരുമേൽപ്പിച്ചിട്ടില്ല. സംഘപരിവാറിന് പാദസേവ നടത്തുന്ന ഇത്തരം നികൃഷ്ട വ്യക്തികൾ അധ്യാപകനായും പ്രിൻസിപ്പാൾ ആയും തുടരാൻ യോഗ്യൻ അല്ല.
ഇത് പോലെ വിദ്യാർത്ഥികളോട് പാക്കിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട ധർമ്മേന്ദ്ര പ്രധാനെ വീട്ടിലിരുത്താൻ ജെൻസികൾക്ക് കഴിഞെങ്കിൽ മറ്റൊരു ജന്തർ മന്ദർ രാജു ഡേവിസ് ഇന്റർനാഷനൽ സ്കൂളിന് മുമ്പിൽ ആവർത്തിക്കാൻ തങ്ങൾക്ക് കഴിയുമെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates