കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം കോണ്‍ഗ്രസ്സില്‍ ഉണ്ടായ മാറ്റത്തിന്റെ പ്രധാന മുഖമാണ് വി.ഡി. സതീശന്‍
കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കുശേഷം കോണ്‍ഗ്രസ്സില്‍ ഉണ്ടായ മാറ്റത്തിന്റെ പ്രധാന മുഖമാണ് വി.ഡി. സതീശന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളുടെ ഉള്‍പ്പെടെ രാഷ്ട്രീയ ചലനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന റോളിലാണ് ഇപ്പോള്‍ അദ്ദേഹം. കോണ്‍ഗ്രസ്സിലുണ്ടായ നേതൃമാറ്റം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വളരെക്കൂടുതല്‍ ആലോചിക്കേണ്ടിവന്നു. രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും ആലോചിച്ച് അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം വരുത്താനുള്ള ചര്‍ച്ചകളായിരുന്നില്ല. പരിഗണനയില്‍ വന്നതാകട്ടെ, ഒരു പേര് മാത്രവുമല്ല. പക്ഷേ, പകരം വരുന്നതു വി.ഡി. സതീശനാകുമ്പോള്‍ അത് അര്‍ത്ഥപൂര്‍ണ്ണമായ മാറ്റമാകും എന്ന ധാരണയിലേയ്ക്ക് ആലോചനയുടെ ദിശ വളരെ വേഗം മാറി. 

ഒരു ടേം എല്‍.ഡി.എഫ് വന്നാല്‍ അടുത്ത ടേം യു.ഡി.എഫ് വരുന്ന കാലമല്ല ഇത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സംഘടന വേണം. സംഘടനയെ ദുര്‍ബ്ബലമാക്കിക്കൊണ്ട് ഞാനെത്ര വലിയ ആളാണെങ്കിലും എനിക്ക് അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല. സംഘടനയുടെ അടിത്തറയുണ്ടെങ്കില്‍ അതിന്റെ മീതേ നമുക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതുകൊണ്ട് ഞങ്ങളുടെ മുന്‍ഗണനയും ശ്രദ്ധയും സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ്-അദ്ദേഹം പറയുന്നു. കേരളത്തില്‍ സി.പി.എം തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിലാണെന്നും കോണ്‍ഗ്രസ്സാണ് ഇടതുപക്ഷ ദൗത്യം നിര്‍വ്വഹിക്കുന്നത് എന്നും സതീശന്‍ സ്വന്തം വാദങ്ങള്‍ നിരത്തി വിശദീകരിക്കുന്നു:
----
തുടര്‍ഭരണം കിട്ടിയ ഇടതുസര്‍ക്കാരിന് വേഗത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം മാത്രമല്ല, സാധ്യതയും വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമല്ലേ ഇതോടെ രൂപപ്പെട്ടത്. അത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സാധിച്ചോ? 

തുടര്‍ഭരണം എന്നത് സി.പി.എമ്മിന്റെ ചില നേതാക്കളിലും ഒരു വിഭാഗം അണികളിലും വല്ലാത്തൊരു അഹങ്കാരം ഉണ്ടാക്കിയിട്ടുണ്ട്. വിനയപൂര്‍വ്വം ആ വിജയത്തെ സ്വീകരിക്കുന്നതിനു പകരം തങ്ങളുടെ ഒരു അപ്രമാദിത്തം കേരളത്തില്‍ ഉണ്ടായിരിക്കുന്നു എന്ന രീതിയിലാണ് പെരുമാറ്റം. മഹാമാരിയുടെ ഒരു ഘട്ടത്തില്‍, അവസാന വര്‍ഷം കുറേ കാര്യങ്ങളൊക്കെ ചെയ്‌തെങ്കിലും അതൊക്കെ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയായിരുന്നു എന്നു തോന്നിപ്പിക്കുന്നവിധം ആ കാര്യങ്ങളൊക്കെ ഇപ്പോള്‍ അവഗണിച്ചിരിക്കുന്നു. സത്യത്തില്‍ പ്രതിപക്ഷമാണ് കഴിഞ്ഞ ആറു മാസത്തിനിടെ മഹാമാരിയും സാമ്പത്തിക മാന്ദ്യവുമൊക്കെയായി ബന്ധപ്പെട്ട ഒരുപാടു വിഷയങ്ങള്‍ കൊണ്ടുവന്നത്. എല്ലാം അടച്ചിടുന്നതായിരുന്നു സര്‍ക്കാരിന്റെ രീതി. എന്നാല്‍, ഞങ്ങളാണ് പറഞ്ഞത്, അങ്ങനെയല്ല വേണ്ടത്, കൊവിഡിനൊപ്പം ജീവിക്കുക എന്നതാണ് ലോകം മുഴുവനുമുള്ള രീതിയെന്ന്. കൊവിഡിനെ നമ്മള്‍ നേരിടുന്നത് വേറെ രീതിയിലാകണം. ജീവിതവും ജീവിതോപാധികളും തകര്‍ത്തുകൊണ്ടല്ല, ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടല്ല നമ്മള്‍ കൊവിഡിനെ നേരിടേണ്ടത്. തുറക്കണമെന്നും നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിച്ചു; ആദ്യം. ഇപ്പോള്‍ കൂടിയാലോചനകളൊന്നുമില്ലാതായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അതൊക്കെ മറന്നു; വായ്പാ മോറട്ടോറിയം ഒരു ഉദാഹരണമാണ്. അത് നേരത്തെ ഉണ്ടായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അതിനെക്കുറിച്ച് ഒരു ചര്‍ച്ചപോലും ഇല്ലാതായി. വിജയം കൂടുതല്‍ വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളവരുമാക്കി മാറ്റണം. അതുണ്ടായില്ല. മറ്റൊരു പ്രശ്‌നം, എല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചതാണ്. ഒരാള്‍ക്കും അങ്ങനെയൊരു ഭരണം കൊണ്ടുപോകാന്‍ പറ്റില്ല. ഗുഡ് ഗവേണന്‍സ് എന്നത് ഒരു വ്യക്തിയല്ല, കൂട്ടായ നേതൃത്വമാണ്. പരിചയസമ്പന്നരായ ആളുകളുടെ അഭാവം ഗവണ്‍മെന്റിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം ആശ്രയിച്ചു പോകുന്ന ഭരണമാണ് ഇപ്പോള്‍. അതാണ് കൂടുതല്‍ അപകടത്തിലേക്ക് എത്തിച്ചത്; അതുകൊണ്ടാണ് ഓരോ തീരുമാനങ്ങളില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലാതെ പോകുന്നത്. ആരാണ് തീരുമാനമെടുത്തതെന്ന് അറിയാത്ത സ്ഥിതി. മുല്ലപ്പെരിയാര്‍ ഡാമിനു സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലും അതുതന്നെയാണ് സംഭവിച്ചത്. മന്ത്രിമാര്‍ക്കാര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ല. ഉദ്യോഗസ്ഥരും അതനുസരിച്ച് അവരുടേതായ രീതിയില്‍ പെരുമാറും. വല്ലാതെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭരണം നന്നായി കൊണ്ടുപോകാന്‍ കഴിയാത്തതിന്റെ കാരണം അതുതന്നെയാണ്. 

ആറുമാസം കഴിഞ്ഞ സ്ഥിതിക്ക് തുടര്‍ ഇടപെടലുകളുടേയും സമരങ്ങളുടേയും സാധ്യതകളെ പ്രതിപക്ഷം എങ്ങനെയാണ് കാണുന്നത്? 

തുടര്‍ സമരങ്ങള്‍ക്കു സാധ്യതയുണ്ട്. പ്രതിപക്ഷത്തിന്റെ ജോലി സമരം ചെയ്യല്‍ മാത്രമല്ല. ഞങ്ങള്‍ പുതിയ ഒരു കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത്. പലപ്പോഴും നിയമസഭയില്‍ ഞങ്ങളുടെ സമീപനം ഗവണ്‍മെന്റിനെപ്പോലും വിസ്മയിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലുള്ള പ്രതിപക്ഷമാവുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. ഗവണ്‍മെന്റിന്റെ തെറ്റായ കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും. വിട്ടുവീഴ്ച ഇല്ലാതെ വിമര്‍ശിക്കും; തുറന്നുകാട്ടും. അതോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടക്കുന്ന നിരവധി വിഷയങ്ങളുണ്ട്; ഒരുപാടു ജനവിഭാഗങ്ങളുണ്ട്. നിയമസഭ ഒരു വലിയ പ്ലാറ്റ്ഫോമാണ്. അത്തരം വിഷയങ്ങള്‍ മനസ്സിലാക്കി, പഠിച്ച് ആ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്ന് അവതരിപ്പിച്ച് അതിനു റിസള്‍ട്ടുണ്ടാക്കുക പ്രധാനമാണ്. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഞങ്ങള്‍ ഉന്നയിച്ചു. ഞാന്‍ തന്നെ പത്തു പന്ത്രണ്ട് കടപ്പുറത്തു പോയി. ആദിവാസികളെപ്പോലെ തന്നെ ഭയങ്കര ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ്. അവരുടെ വിഷയമൊന്നും വേണ്ടവിധം സഭയില്‍ വന്നിട്ടില്ല. ഞങ്ങളത് വളരെ ശ്രദ്ധിച്ച് സഭയില്‍ കൊണ്ടുവന്നു; പരിഹാരത്തിനു ശ്രമിക്കുന്നു. അതുപോലെ കുട്ടനാടിന്റെ പ്രശ്‌നം, പ്ലസ് വണ്‍ പ്രവേശന പ്രശ്‌നം തുടങ്ങിയവയൊക്കെ കൊണ്ടുവന്നു. പ്ലസ് വണ്‍ പ്രവേശനവിഷയം അപകടത്തിലേക്കു പോകുമെന്നു ഞങ്ങള്‍ക്കു മനസ്സിലായി. അത് ഞാന്‍ നിയമസഭയില്‍ മൂന്നു തവണ കൊണ്ടുവന്നപ്പോഴും ഗവണ്‍മെന്റ് പറഞ്ഞത് സീറ്റുകള്‍ അധികമാണ് എന്നായിരുന്നു. പക്ഷേ, പിന്നീട് ഞങ്ങള്‍ പറഞ്ഞതിലേക്ക് എത്തി. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടിവന്നു; പുതിയ ബാച്ച് കൊടുക്കേണ്ടിവന്നു. ആ കുട്ടികളുടേയും മാതാപിതാക്കളുടേയും ഉല്‍ക്കണ്ഠയ്‌ക്കൊപ്പം നിന്ന് അവരുടെ ശബ്ദമാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കുട്ടനാട്ടിലെ വിഷയമെടുത്തപ്പോള്‍ പലായനം ചെയ്യുന്ന സാധാരണക്കാരുടെ ശബ്ദമാകാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അതു ഞങ്ങളുടെ വിശ്വാസ്യതയുടേയും കൂടി കാര്യമാണ്. തങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അവരുണ്ട് എന്ന ജനവിശ്വാസം പ്രധാനമാണ്. ക്രിയാത്മകമായ പുതിയ റോളാണ് അത്. സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചു പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അത് ഒരിക്കലും പരിഹരിക്കപ്പെടരുത് എന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ രീതിയിലും കൂടിയാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിഡി സതീശന്‍
വിഡി സതീശന്‍

പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി അദ്ധ്യക്ഷനേയും മാറ്റിയതിനുശേഷവും കോണ്‍ഗ്രസ്സില്‍ തുടരുന്ന അന്ത:ഛിദ്രങ്ങള്‍ താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ. ഇത് എങ്ങനെ മറികടക്കാമെന്നാണ് കരുതുന്നത്? 

ഇല്ല, അങ്ങനെയില്ല. യഥാര്‍ത്ഥത്തില്‍ വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല കോണ്‍ഗ്രസ്സില്‍ നടന്നത്. മാറ്റം വേണോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. പരമ്പരാഗതമായ ഗ്രൂപ്പുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്, മുന്‍പുമുണ്ട്. ഗ്രൂപ്പുകളുടെയൊക്കെ അതീതമായിപ്പോയി, ഗ്രൂപ്പുകളുടെയൊക്കെ കൈവിട്ടുപോയി ആ ചര്‍ച്ച. മാറ്റം വേണോ വേണ്ടയോ എന്നത്. മാറ്റം വേണം എന്ന ആഗ്രഹത്തിനും തീരുമാനത്തിനും മുന്‍തൂക്കം ലഭിച്ചു. മാറ്റം വേണ്ടെന്നു വാദിച്ചവരുമുണ്ട്. ഇതു മതി എന്നു വാദിച്ചവര്‍. പക്ഷേ, അത് ദുര്‍ബ്ബലമായിരുന്നു. ഡല്‍ഹിയും അതായത് ദേശീയ നേതൃത്വവും മാറ്റം വേണം എന്ന പൊതു അഭിപ്രായത്തെ സ്വീകരിച്ചു. ഡല്‍ഹി അങ്ങനെയാണ് എപ്പോഴും; അവസരങ്ങള്‍ തരുന്നു, ആ അവസരങ്ങളില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ പുതിയ നേതൃത്വത്തിലേക്കു മാറുന്നു. ആ ഒരു സാഹചര്യവും കൂടി ഉണ്ടായപ്പോഴാണ് പുതിയ നേതൃത്വമുണ്ടായത്. കോണ്‍ഗ്രസ്സില്‍ സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള മാറ്റമാണുണ്ടായത്. ഞാന്‍ അതിന് ഒരു നിമിത്തമായി എന്നേയുള്ളൂ. ഞാനാണ് അവിടെ ഉണ്ടായിരുന്നത്, എന്റെ പേര് വന്നു എന്നുള്ളതു മാത്രമേയുള്ളു. രമേശ് ചെന്നിത്തലയും ഞാനും തമ്മിലുള്ള മത്സരമല്ല നടന്നത്. മാറ്റം വേണോ വേണ്ടയോ എന്ന രണ്ട് അഭിപ്രായങ്ങള്‍ തമ്മിലുള്ള മത്സരമായിരുന്നു. ഞാന്‍ അതിനെ വളരെ പോസിറ്റീവായാണ് കണ്ടത്. കാരണം, കോണ്‍ഗ്രസ്സില്‍ അത്തരം ചില കാര്യങ്ങള്‍ കുറേ കാലങ്ങളായി നടക്കാറില്ല. വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. അതില്‍നിന്നു മാറി ഒരു റാഡിക്കല്‍ ചെയ്ഞ്ച് ഉണ്ടാകണം എന്നുവന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ സാമ്പ്രദായിക രീതികളില്‍നിന്നു മാറി ചിന്തിച്ചത്. തുടര്‍ച്ചയായി ഉണ്ടായ തോല്‍വികളുടെ ആഘാതം പാര്‍ട്ടി അണികളിലുണ്ട്. അതു മാറ്റാന്‍ കഴിയണം. മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന ഒരു പുതിയ പ്രതീക്ഷ കൊടുക്കാന്‍ പറ്റി. പിന്നെ. ഇതൊരു ട്രാന്‍സിഷന്‍ പീരീഡാണ്; മാറ്റത്തിന്റെ ഘട്ടമാണ്. മാറ്റത്തിന്റെ ഘട്ടം ഒരിടത്തും അത്ര സ്മൂത്തായി പോകില്ല. സി.പി.എമ്മില്‍ അങ്ങനെ പോകുന്നത് ഭയന്നിട്ടാണ്. മുഖ്യമന്ത്രിക്കു കിട്ടിയിരിക്കുന്ന ഒരു അപ്രമാദിത്തമുണ്ടല്ലോ അത് കോണ്‍ഗ്രസ്സില്‍ നടക്കില്ല. കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയുണ്ടാകും, നേതാക്കള്‍ അഭിപ്രായം പറയും. സി.പി.എമ്മിലെപ്പോലെ കോണ്‍ഗ്രസ്സില്‍ നടക്കില്ല. നേതൃത്വത്തില്‍ അല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല. ഞങ്ങള്‍ നേതൃത്വത്തില്‍ വന്നപ്പോള്‍ അങ്ങനെ ചെയ്യാന്‍ ബാക്കിയുള്ളവര്‍ സമ്മതിക്കില്ല. അപ്പോള്‍ നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കും. നേരത്തേ ജംബോ കമ്മിറ്റികളൊക്കെ ആയിരിക്കുമ്പോള്‍ യഥാര്‍ത്ഥ ജനാധിപത്യരീതിയിലുള്ള ചര്‍ച്ച നടക്കില്ല. ഞാന്‍ രാവിലെ എണീക്കുമ്പോള്‍ ഒരു തീരുമാനമെടുക്കുന്നു എന്നു വിചാരിക്കുക. എന്റെ ധാരണ ഇതായിരിക്കും ഏറ്റവും ശരിയായ തീരുമാനം, അതിലും നല്ലൊരു തീരുമാനമില്ല എന്നായിരിക്കും. പക്ഷേ, ഞാനൊരു അഞ്ചു പേരുമായി കൂടിയാലോചിച്ചു കഴിയുമ്പോള്‍ അതിനേക്കള്‍ നല്ല തീരുമാനങ്ങള്‍ വരും. അപ്പോള്‍ ഞാന്‍ എന്റെ തീരുമാനത്തില്‍നിന്നു പിന്നോട്ടുപോയി സമന്വയത്തിലൂടെ തീരുമാനമെടുക്കും. വരുംവരായ്കകളും പോസിറ്റീവും നെഗറ്റീവുമെല്ലാം ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനത്തിനും ഞാന്‍ ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനത്തിനും വലിയ വ്യത്യാസമുണ്ട്. ജനാധിപത്യത്തിന്റെ ചാരുത എന്നു പറയുന്നത് ആ കൂടിയാലോചനയാണ്. ഞാനിപ്പോള്‍ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ സംസാരിക്കാന്‍ കഴിയുന്ന വേദികളാക്കി പാര്‍ട്ടി വേദികളെ മാറ്റുക എന്നതാണ് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

സാധാരണ പ്രവര്‍ത്തകരെ അമ്പരപ്പിച്ചുകൊണ്ട് പലപ്പോഴായി പരസ്യ പ്രതികരണം നടത്തിയത് രണ്ടാം നേതാക്കളല്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല ഇവരൊക്കെയാണ്. ഇത് കോണ്‍ഗ്രസ്സിനെ ഉലയ്ക്കുന്നില്ലേ. ഇവരൊക്കെ പ്രവര്‍ത്തകര്‍ക്കിടയില്‍, ചില ജനവിഭാഗങ്ങളില്‍, സമുദായങ്ങളില്‍ ഒക്കെ സ്വാധീനമുള്ളവരുമാണ്. ഇവരുടെ മുന്‍ഗണനയില്‍ കോണ്‍ഗ്രസ് ഇല്ല എന്നാണോ? 

പെട്ടെന്നുണ്ടായ മാറ്റമാണ്. ഞാന്‍ പറഞ്ഞല്ലോ, ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഒരു പ്രശ്‌നമുണ്ടാകും. രണ്ട്, കുറേ ആശയവിനിമയങ്ങളുടെ ഗ്യാപ് ഉണ്ടാകും. പിന്നെ കുറേ അവിശ്വാസം, തുടക്കത്തില്‍. അവര്‍ അങ്ങനെ ചെയ്യുമോ ഇങ്ങനെ ചെയ്യുമോ എന്നൊക്കെയുള്ള ഉല്‍ക്കണ്ഠ. ഇതെല്ലാം ചേര്‍ന്നുകൊണ്ടുള്ള പ്രതികരണങ്ങളാണ്. ആ പ്രതികരണങ്ങള്‍ നല്ലതാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, സ്വാഭാവികമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഞങ്ങള്‍ അതിനെ എങ്ങനെയാണ് അഭിമുഖീകരിച്ചത്? ഞാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയുടെ വീട്ടിലും പോയി. അവരുമായി സംസാരിച്ചു, ബോധ്യപ്പെടുത്തി. അവരുടെ സംശയങ്ങള്‍ ദുരീകരിച്ചു. നമ്മുടെ ഭാഗം വിശദീകരിച്ചു. നമ്മള്‍ എന്തല്ല ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കൊരു ആത്മവിശ്വാസം കൊടുത്തു. ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നു വിശദമാക്കി. അതിനുശേഷം അവര്‍ പരമാവധി കാര്യങ്ങളില്‍ സഹകരിച്ചുപോകുന്നുണ്ട്. കുറച്ചുകൂടി കഴിയുമ്പോള്‍ ആ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പ്രവൃത്തിയിലൂടെയാണല്ലോ ബോധ്യപ്പെടുത്താന്‍ കഴിയുക. സംശയിക്കുന്നവര്‍ക്കും അവിശ്വസിക്കുന്നവര്‍ക്കും പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയും. ഞങ്ങള്‍ സംശയിക്കപ്പെടേണ്ടവരല്ല എന്ന് അവര്‍ക്ക് ബോധ്യപ്പെടും. ഞങ്ങള്‍ ഒരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിനേയും യു.ഡി.എഫിനേയും ശക്തിപ്പെടുത്തി തിരിച്ചുകൊണ്ടുവരിക. അധികാരം മാത്രമല്ല; തിരിച്ചുകൊണ്ടുവരിക എന്നതാണ്. ആ ദൗത്യത്തിനുവേണ്ടി നമ്മള്‍ നമ്മുടേതായ രീതിയില്‍ ചില സ്റ്റെപ്പെടുക്കും. ആര്‍. ശങ്കറും പി.ടി. ചാക്കോയും ഉണ്ടായിരുന്നപ്പോഴും എ.കെ. ആന്റണിയും കെ. കരുണാകരനും തമ്മിലുമൊക്കെ ഉണ്ടായിരുന്ന ഒരു ഇക്വേഷനുണ്ട്. അതുപോലെ ആയിരുന്നില്ലല്ലോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍. ആ ഒരു വ്യത്യാസമുണ്ടാകും, ഓരോരോ കാലഘട്ടത്തില്‍. ഞാന്‍ പുതിയ ജനറേഷനാണ് എന്നൊന്നും പറയില്ല. പക്ഷേ, പുതിയ സ്‌കൂളാണ്. ഉമ്മന്‍ ചാണ്ടിയുടേയും രമേശിന്റേയും സ്‌കൂളല്ല ഞാന്‍. അതിന്റെ വ്യത്യാസമുണ്ടാകും. അവരും എ.കെ. ആന്റണിയുടേയും കരുണാകരന്റേയും സ്‌കൂളായിരുന്നില്ല. അത് കാലത്തിനനുസരിച്ചുള്ള മാറ്റമാണ്. അതിന്, നമ്മുടെ സമീപനത്തെ, രീതികളെ സംശയദൃഷ്ടിയോടെ കണ്ടിട്ടു കാര്യമില്ല. ഞങ്ങളുടെ രീതിയും വിഷനും വേറെയാണ്. നേതൃത്വത്തിലിരിക്കുന്ന ഞങ്ങളാണ് അവരെക്കൂടി ബോധ്യപ്പെടുത്തി മുന്നോട്ടു പോകേണ്ടത്. അതുകൊണ്ടാണ് ഞാന്‍ അവരെ ചെന്നുകണ്ട് സംസാരിച്ചത്. ഇപ്പോഴും അവരുമായി ആശയവിനിമയമുണ്ട്. താരതമ്യേന ഞാനങ്ങനെ സീനിയര്‍ നേതാവൊന്നുമല്ലാത്തതുകൊണ്ട് എനിക്കങ്ങനെയുള്ള ഈഗോ പ്രശ്‌നങ്ങളൊന്നുമില്ല. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ആള്‍ ഞാനായിരുന്നു. ഈ രണ്ടു കാലഘട്ടത്തില്‍ എന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ആളുകളായിരുന്നു അവര്‍ രണ്ടുപേരും. അവര്‍ രണ്ടുപേരും പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ തന്നിട്ടുണ്ട്. ഞാന്‍ ശ്രദ്ധിക്കപ്പെട്ടതും എന്റെയൊരു റോള്‍ പ്ലേ ചെയ്തതും നിയമസഭയ്ക്കകത്താണ്. ഞങ്ങള്‍ തമ്മിലൊരു നല്ല ഇക്വേഷനുണ്ട്. പരസ്പര ബഹുമാനവും സ്‌നേഹവും ഇഷ്ടവുമൊക്കെയുണ്ട്. അതുകൊണ്ട് മാനേജ് ചെയ്തു പോകാന്‍ കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം. 

വിഡി സതീശന്‍ (പഴയ ചിത്രം)
വിഡി സതീശന്‍ (പഴയ ചിത്രം)

താങ്കളുടെ കൂടെയുള്ള കെ.പി.സി.സി അദ്ധ്യക്ഷന്‍ ഈ സ്‌കൂളില്‍പ്പെട്ടയാളല്ലതാനും. ഈ വ്യത്യാസം നിങ്ങളുടെ യോജിച്ച പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലേ? 

കെ. സുധാകരന്റേത് വേറൊരു വ്യത്യസ്ത രീതിയാണ്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആവേശവും ഉന്മേഷവുമൊക്കെ നിറയ്ക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. പിന്നെ, ഞങ്ങള്‍ തമ്മില്‍ വളരെ വലിയ സൗഹൃദവും സ്‌നേഹവുമാണുള്ളത്. ജ്യേഷ്ഠാനുജന്മാരെപ്പോലെയുള്ള ഒരു ബന്ധമാണ്. നേരത്തെ തൊട്ടുണ്ട് അത്. രണ്ട് കോമ്പിനേഷനുകളാണ്. കണ്ണൂരില്‍ പാര്‍ട്ടിയാപ്പീസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഞാനൊരു കാര്യം പറഞ്ഞു. ഈ പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും തമ്മിലുള്ള ഒരു സംഘര്‍ഷം മുന്‍പേയുണ്ട്. നേരത്തെ പറഞ്ഞ നേതാക്കളുടെ കാലം മുതല്‍ക്കേയുണ്ട്. ഇപ്പോള്‍ ആ കാര്യത്തില്‍ ഒരു വ്യക്തത നല്‍കേണ്ടയാള്‍ ഞാനാണ്. എനിക്കു തോന്നി, ഞാനാണതില്‍ ക്ലാരിറ്റി കൊടുക്കേണ്ടയാള്‍. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണ് എന്നു ഞാന്‍ ആ വേദിയില്‍ പറഞ്ഞു. ഞാനടക്കമുള്ള മുഴുവനാളുകളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷക്കാലത്തിനിടയില്‍ ഒരു പാര്‍ട്ടിയില്‍പ്പെട്ട പ്രതിപക്ഷ നേതാവും അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയില്‍ക്കൂടിയാണ് ജനങ്ങളുടെ മനസ്സില്‍ വളരേണ്ടത്. വ്യക്തിയില്‍ക്കൂടിയല്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കണം. മറ്റുള്ളവരേയും ആ ട്രാക്കിലേക്കു കൊണ്ടുവരാന്‍ നമ്മുടെ ലീഡര്‍ഷിപ്പ് നമ്മള്‍ ഉപയോഗപ്പെടുത്തണം.
 
മറ്റൊരു കാര്യം, ഒരു ടേം എല്‍.ഡി.എഫ് വന്നാല്‍ അടുത്ത ടേം യു.ഡി.എഫ് എന്നതായിരുന്നു മുന്‍പത്തെ സ്ഥിതി. അങ്ങനെ വരുന്ന കാലമല്ല ഇത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സംഘടന വേണം. സംഘടനയെ ദുര്‍ബ്ബലമാക്കിക്കൊണ്ട് ഞാനെത്ര വലിയ ആളാണെങ്കിലും എനിക്ക് അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പറ്റില്ല. സംഘടനയുടെ അടിത്തറയുണ്ടെങ്കില്‍ അതിന്റെ മീതേ നമുക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. അതുകൊണ്ട് ഞങ്ങളുടെ മുന്‍ഗണന, ഞങ്ങളുടെ ശ്രദ്ധ സംഘടനയെ ശക്തിപ്പെടുത്തുന്നതിലാണ്. അതിനാണ് യൂണിറ്റു തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. താഴേത്തട്ടില്‍ സംഘടന ദുര്‍ബ്ബലമാണ് എന്നതാണ് തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചുള്ള അവസാന നിഗമനം. അവിടെനിന്നുതന്നെ തുടങ്ങുകയാണ്. താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ഒരു സമീപനം. വിശദമായി നേതൃത്വവുമായൊക്കെ ചര്‍ച്ച ചെയ്ത് അവരുടെ അനുമതിയോടെയാണത് ചെയ്യുന്നത്. പക്ഷേ, പാര്‍ട്ടിയാണ് വലുത്. കെ.പി.സി.സി പ്രസിഡന്റാണ് അവസാന വാക്ക് എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പാര്‍ട്ടിയാണ് വലുത് എന്നാണ്. ആ സന്ദേശമാണ് പോകേണ്ടത്. ആ സംഘര്‍ഷം ഒറ്റ വാചകംകൊണ്ടാണ് ക്ലിയറായത്. ആ സംഘര്‍ഷം ഇല്ല. 

പാര്‍ട്ടിക്ക് ഒരു ആശയപരമായ അടിത്തറ ഉണ്ടാകണം. കോണ്‍ഗ്രസ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഐഡിയോളജിക്കല്‍ ബേസ് ഉള്ള പാര്‍ട്ടിയാണ്. എന്റെയൊരു സമീപനം, ഞാന്‍ പക്കാ നെഹ്രുവിയനാണ്. എന്റെ പൊളിറ്റിക്കല്‍ ലൈന്‍ അതാണ്, ഫ്രെയിം അതാണ്. അത് കാലാതിവര്‍ത്തിയായ ഒരു സംഭവമാണ് എന്നാണെന്റെ വിശ്വാസം. അഡിക്ഷനൊന്നുമല്ല. എന്റെ വേ ഓഫ് തിങ്കിംഗ് അങ്ങനെയാണ്. ആ ആശയാടിത്തറയില്‍നിന്നുകൊണ്ട് ഏറ്റവും മനോഹരമായി നമുക്കു കോണ്‍ഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാന്‍ പറ്റും. അതില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ മതി. നമ്മുടെ ഡെമോക്രാറ്റിക് പൊസിഷനിംഗ്, സോഷ്യലിസ്റ്റ് കാഴ്ചപ്പാട്, ഇക്വിറ്റബിള്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫ് വെല്‍ത്ത് എന്ന കാഴ്ചപ്പാട്, സെക്യുലര്‍ ക്രെഡന്‍ഷ്യല്‍ ഇതിലെല്ലാം നെഹ്‌റു എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ ഒരു സമീപനം നമ്മള്‍ എടുത്തു കഴിഞ്ഞപ്പോള്‍ ഒരുപാടാളുകള്‍ അനുകൂലമായി പ്രതികരിച്ചു; അത് നല്ലതാണ്, അങ്ങനെ വേണം എന്നു പറഞ്ഞു. ചെറുപ്പക്കാരുടെ ഇടയില്‍പ്പോലും നല്ല പ്രതികരണം വന്നു. കേരളത്തിലെ ആളുകള്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ബഹുമാനത്തോടെ നോക്കിക്കാണുന്ന പാര്‍ട്ടിയായിട്ടു നില്‍ക്കാന്‍ കഴിയണം. കോണ്‍ഗ്രസ് ഞങ്ങള്‍ക്കുവേണ്ടിയാണ് എന്നു ജനങ്ങള്‍ക്കു തോന്നണം. എല്ലാ ആളുകള്‍ക്കും അവര്‍ക്കുവേണ്ടിയിട്ടാണ് എന്ന കോണ്‍ഫിഡന്‍സുണ്ടാക്കാന്‍ കഴിയണം. നിയമസഭയില്‍ ഞങ്ങള്‍ സ്വീകരിക്കുന്ന സമീപനം അങ്ങനെയാണെന്നു പറഞ്ഞല്ലോ. നമ്മുടെ മുഖത്തു നോക്കിയാല്‍, കണ്ണില്‍ നോക്കിയാല്‍ മനസ്സിലാകും, പറയുന്ന കാര്യത്തോടു പ്രതിബദ്ധതയുണ്ടോ എന്ന്. രാഷ്ട്രീയ പ്രവര്‍ത്തനം മുഴുവന്‍ വളഞ്ഞവഴിയും കാപട്യവുമാണ്, എല്ലാം ആളുകളെ കബളിപ്പിക്കലാണ് എന്നു ചിന്തിക്കുന്ന ഒരു അരാഷ്ട്രീയ സമൂഹം വളര്‍ന്നു വരികയാണ് കേരളത്തില്‍. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആ അരാഷ്ട്രീയവാദത്തെ അംഗീകരിക്കാന്‍ കഴിയില്ല. അരാഷ്ട്രീയവാദത്തെ എനിക്കു പേടിയാണ്. കാരണം, അതു തീവ്രവാദത്തിലേക്കു പോകാം, വര്‍ഗ്ഗീയവാദത്തിലേക്കു പോകാം. അങ്ങനെയുള്ള ഒരു സമൂഹം കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് അപകടകരമാണ്. അപ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് രാഷ്ട്രീയം പുതിയ തലമുറയ്ക്കുപോലും ആകര്‍ഷകമാകണം എന്നാണ്. അവര്‍ പറയുന്നതു നമ്മള്‍ ശ്രദ്ധിക്കണം, അവരുമായും നമ്മുടെ ആശയവിനിമയം നന്നാകണം. അവരെന്തു ചിന്തിക്കുന്നു, എന്ത് ആഗ്രഹിക്കുന്നു എന്നുകൂടി മനസ്സിലാക്കണം. നമ്മള്‍ അതിനു തെരഞ്ഞെടുക്കുന്ന വാക്കുകള്‍ക്കുപോലും പ്രത്യേകതയുണ്ട്. അതു ശ്രദ്ധിക്കണം. എനിക്ക് ഇതുവരെ കിട്ടിയിരിക്കുന്നത് നല്ല പ്രതികരണമാണ്. അതിനര്‍ത്ഥം പെര്‍ഫെക്റ്റായി എന്നല്ല. എല്ലാ പ്രതികരണങ്ങളും നോക്കിക്കൊണ്ടിരിക്കണം. സമീപനത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തണം. 

വിഡി സതീശന്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം
വിഡി സതീശന്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം

സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടു സ്വീകരിക്കാന്‍ താങ്കള്‍ക്കു കഴിയാറുണ്ട്. പക്ഷേ, അത് അതേവിധം ഏറ്റെടുക്കുന്നതല്ല കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പൊതുസമീപനം. അതു വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമല്ലേ? 

അത് അങ്ങനെതന്നെയാകും. ഞാന്‍ അതാണ് പറഞ്ഞുവന്നത്. എനിക്കേറ്റവും ഇഷ്ടമുള്ള വിഷയമാണ് അത്. ആ ആശയാടിത്തറയില്‍ വിട്ടുവീഴ്ചയില്ല. പ്രത്യയശാസ്ത്രപരമായ ആ അടിത്തറയുടെ ഏറ്റവും പ്രധാന ഭാഗം എന്നത് നമ്മുടെ മതേതര നിലപാടാണ്; ഉറച്ച മതേതര നിലപാടാണ്. കേരളം സെന്‍സിറ്റീവായിരിക്കുകയാണ് ഇപ്പോള്‍. കേരളത്തിന്റെ നിലവിലെ സോഷ്യല്‍ ഫാബ്രിക്ക് അത്ര ശരിയല്ല; അതിനെക്കുറിച്ചു ഞാന്‍ അഭിമാനം കൊള്ളുന്നില്ല. നമ്മള്‍ അഭിമാനംകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മള്‍ കേരളത്തിലാണ്, ഇത് ഉത്തരേന്ത്യ പോലെയല്ല എന്നൊക്കെ. കൂട്ടുകാരുടെ ജാതി നമുക്ക് അറിയില്ലായിരുന്നു; ചിലപ്പോഴെങ്കിലും മതവും അറിയില്ലായിരുന്നു. അവരുടെ വീട്ടില്‍ വെച്ചിരിക്കുന്ന ദൈവത്തിന്റേയോ വിശ്വാസവുമായി ബന്ധപ്പെട്ടതോ ആയ ചിത്രങ്ങള്‍ കാണുമ്പോഴോ രക്ഷിതാക്കളുടെ പേര് അറിയുമ്പോഴോ ഒക്കെയാണ് മനസ്സിലാക്കിയിരുന്നത്. അതു പോയി നമുക്കിന്ന്. അതിനര്‍ത്ഥം അപകടത്തിലേക്കു പോവുകയാണ് എന്നാണ്. അപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പ്രസക്തി, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി. നമ്മളൊരു ടഫ് സ്റ്റാന്റ് എടുക്കുക എന്നുള്ളതാണ്. കോണ്‍ഗ്രസ് അത് എടുക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനു വളരെ ബോധ്യമുണ്ട് അതിനെക്കുറിച്ച്. ഒരുതരത്തിലുള്ള പ്രീണനവും ഉണ്ടാകില്ല. ആരെയും തൃപ്തിപ്പെടുത്താനുള്ള ഒരു സംഭവവും ഉണ്ടാകില്ല. താല്‍ക്കാലിക ലാഭത്തിനുവേണ്ടിയുള്ള അത്തരം ഒരു നിലപാടും സ്വീകരിക്കില്ല. കോണ്‍ഗ്രസ്സിനെതിരെ ചിലര്‍ ഉന്നയിക്കുന്ന വിമര്‍ശനം മൃദു ഹിന്ദുത്വ നിലപാടെടുക്കുന്നു എന്നാണ്. അങ്ങനത്തെ ഒരു വാക്കിനു പ്രസക്തിയേ ഇല്ല. ഹിന്ദു എന്നതും ഹിന്ദുത്വ എന്നതും രണ്ടാണ്. ഹിന്ദു എന്നത് ഒരു വേ ഓഫ് ലൈഫാണ്, മതമാണ്. ഞാന്‍ മതവിശ്വാസിയാണ്, ഈശ്വര വിശ്വാസിയാണ്, ക്ഷേത്രാരാധനകളില്‍ വിശ്വസിക്കുന്ന ആളാണ്. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ അജന്‍ഡയാണ്. എനിക്ക് അതിനോടു യോജിപ്പില്ല. അതു രണ്ടും തമ്മിലെ വ്യത്യാസം മനസ്സിലാക്കണം. 

തുടക്കത്തില്‍ സ്വീകരിച്ച ചില നിലപാടുകള്‍ ചൂണ്ടിക്കാട്ടി സമുദായ നേതാക്കളുമായി താങ്കള്‍ക്കു നല്ല ബന്ധമല്ല എന്ന പ്രചരണം നടന്നിരുന്നു. എന്താണ് അതില്‍ സംഭവിച്ചത്? 

അതെ, സമുദായ നേതാക്കളുമായി ഞാന്‍ സംഘര്‍ഷത്തിലാണ് എന്ന പ്രചരണം നടക്കുന്നുണ്ട്. ഞാന്‍ സമുദായ നേതാക്കളുമായൊന്നും സംഘര്‍ഷത്തിലല്ല. തെറ്റായ രീതിയിലുള്ള പ്രചരണമാണ്. സമുദായ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ് ഞാന്‍. ഏതു സമുദായത്തിനും അവരോട് അനീതി കാട്ടുന്നു, അവരോട് അധര്‍മ്മം ചെയ്യുന്നു എന്ന പരാതിയുണ്ട്. അവിടെ ചെല്ലണം, അവരോടു സംസാരിച്ച് പരിഹാരമുണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, മതത്തേയും രാഷ്ട്രീയത്തേയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിനോട് എനിക്കു യോജിപ്പില്ല. അതില്‍ ഒരു അകലം വേണം. മതപരമായ കാര്യങ്ങളില്‍ അനാവശ്യമായി നമ്മള്‍ ഇടപെടാന്‍ പാടില്ല; അതുപോലെ രാഷ്ട്രീയത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ആ അകലം സൂക്ഷിക്കുന്നതാണ് അവര്‍ക്കും നല്ലത്. അതു ഞാന്‍ ശ്രദ്ധിക്കും. അതാണ് പറഞ്ഞത്. അതു പലരും പല രീതിയില്‍ വ്യാഖ്യാനിച്ചു. അല്ലാതെ എനിക്കെന്താ സമുദായ നേതാക്കളുമായി പ്രശ്‌നം. സമുദായ പ്രവര്‍ത്തനത്തിനും ഞാന്‍ എതിരല്ല. പക്ഷേ, സമുദായ പ്രവര്‍ത്തനം എന്നത് രാഷ്ട്രീയ പ്രവര്‍ത്തനം പോലെതന്നെ ആ സമുദായത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള ആളുകളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ വേണ്ടിയാകണം. 

ആര്‍ ശങ്കര്‍
ആര്‍ ശങ്കര്‍

കോണ്‍ഗ്രസ്സിന്റെ, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഭാവിയില്‍ സമുദായങ്ങളുടെ സ്വാധീനം ഉണ്ടാകില്ല എന്നുകൂടിയല്ലേ ഈ നിലപാടിന്റെ അര്‍ത്ഥം?
 
ഞാനൊരുദാഹരണം പറയാം. ഞങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തുകൊണ്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം തരുന്നില്ല എന്ന് ഏതെങ്കിലുമൊരു സമുദായ നേതൃത്വം പറയുകയാണെന്നു വയ്ക്കുക. എല്ലാവരും പ്രാതിനിധ്യം ആഗ്രഹിക്കുമല്ലോ. നിങ്ങള്‍ ഞങ്ങളുടെ ആളുകള്‍ക്ക് അഞ്ച് സീറ്റല്ലേ തരുന്നത്, പത്തു സീറ്റെങ്കിലും തരണ്ടേ. അത്രയും വോട്ടല്ലേ ഞങ്ങള്‍ നിങ്ങള്‍ക്കു ചെയ്യുന്നത് എന്നു പറഞ്ഞാല്‍ അതിലൊരു തെറ്റുമില്ല. അഞ്ച് പത്താക്കാന്‍ പറ്റിയില്ലെങ്കിലും ഏഴെങ്കിലുമാക്കാന്‍ പറ്റും, ചിലപ്പോള്‍. പക്ഷേ, ആ ഏഴുപേര്‍ ആരായിരിക്കണം, അവര്‍ എവിടെയൊക്കെ മത്സരിക്കണം എന്ന വിശദാംശങ്ങളിലേക്ക് അവര്‍ പോവുകയാണെങ്കില്‍പ്പിന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമില്ലല്ലോ. അത്രേയുള്ളൂ. ചെറിയ ഒരു വ്യത്യാസം അവിടെയുണ്ട്. അതു ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പൊളിറ്റിക്കലായിരിക്കണം എന്നു പറയുന്നതിന്റെ ആ കഴമ്പ് പോകും. ഒരു രാഷ്ട്രീയ പാര്‍ട്ടി കാണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതേയുള്ളൂ. അല്ലാതെ വ്യക്തിപരമായി ഞാന്‍ അവരുമായിട്ടൊക്കെ നല്ല ബന്ധമാണ്. അവിടെയൊക്കെ പോവുകയും ചെയ്യും. പിന്നെ, അവിടെച്ചെന്ന് ഞങ്ങളെന്താ ചെയ്യേണ്ടത് എന്നൊക്കെ ചോദിക്കേണ്ട ആവശ്യമില്ല. അവരില്‍ത്തന്നെ വളരെ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്ന ആളുകളുണ്ട്. അവരാരും മോശക്കാരല്ല. ഇടയ്ക്ക് എന്‍.എസ്.എസ്സും ഞാനുമായി പിണക്കമാണെന്ന് ഒരു വാര്‍ത്ത വന്നല്ലോ. പക്ഷേ, ഞാന്‍ എന്‍.എസ്.എസ്സിനെ അഭിനന്ദിച്ചിട്ടുമുണ്ട്. എന്താന്നുവച്ചാല്‍, ഇന്ത്യയിലെ ഒരുപാട് ഹൈന്ദവ സംഘടനകളെ സംഘപരിവാര്‍ നേതൃത്വം സ്വാധീനിച്ചു. പല രീതിയില്‍. പണംകൊടുത്തും ഭീഷണിപ്പെടുത്തിയുമൊക്കെ അവരുടെ വരുതിയിലാക്കി. പക്ഷേ, എന്‍.എസ്.എസ്സിന്റെ പ്രത്യേകത അവരുടെ ആ മതില്‍ക്കെട്ടിനകത്തേക്ക് ഈ വര്‍ഗ്ഗീയ ശക്തികളെ കയറ്റിയില്ല എന്നതാണ്. അവരുടെ നേതൃത്വത്തെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പറ്റില്ല. ഭീഷണിപ്പെടുത്താന്‍ അവര്‍ വേറെ ഷെയ്ഡി ഏര്‍പ്പാടൊന്നും ചെയ്യുന്നില്ല. ആ ആംഗിള്‍ ഞാന്‍ ശ്രദ്ധിച്ചു; ശക്തമായ നിലപാടാണ്. ശബരിമല വിഷയത്തില്‍ അവര്‍ ഒരുമിച്ചൊക്കെ സമരം ചെയ്തു. പക്ഷേ, ശബരിമല കഴിഞ്ഞപ്പോള്‍ അതു കഴിഞ്ഞു. ഇനിയില്ല എന്നു പറഞ്ഞ് അവര്‍ മാറി. അത് അഭിനന്ദിക്കേണ്ട ഒരു രാഷ്ട്രീയ നിലപാടാണ്. ഞാന്‍ അഭിനന്ദിച്ചിട്ടുണ്ട്. അവരോടൊന്നും ശത്രുതയോ വിരോധമോ ഒന്നുമില്ല. 

അധികാര കേന്ദ്രീകരണമുണ്ടെന്നു വിമര്‍ശിക്കപ്പെടുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളും അക്രമോത്സുക വര്‍ഗ്ഗീയ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയും കേഡര്‍ പാര്‍ട്ടികളാണ് എന്ന് അഭിമാനം കൊള്ളുന്നവരാണ്. പക്ഷേ, ഇതു രണ്ടുമല്ലാത്ത കോണ്‍ഗ്രസ് കേഡറോ സെമി കേഡറോ ആകേണ്ട ആവശ്യമുണ്ടോ? 

ഇല്ല. ഞാന്‍ പറഞ്ഞുതരാം. സെമി കേഡര്‍ എന്ന് എളുപ്പത്തില്‍ മനസ്സിലാകുന്നതിനുവേണ്ടി ഞങ്ങള്‍ ഉപയോഗിച്ചതാണ്. അതിന്റെ അര്‍ത്ഥം, കേഡറല്ല എന്നുതന്നെയാണ്. കേഡര്‍ എന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം സന്നദ്ധ പ്രവര്‍ത്തകരെപ്പോലെ ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യുന്ന ഒരാള്‍ എന്നല്ലേ. നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത് അതല്ലല്ലോ. അങ്ങനെയൊന്നും കോണ്‍ഗ്രസ്സില്‍ പറ്റില്ല. പക്ഷേ, കോണ്‍ഗ്രസ്സ് ഒരു ആള്‍ക്കൂട്ടമാകാനും പറ്റില്ല. കോണ്‍ഗ്രസ് പലപ്പോഴും ആള്‍ക്കൂട്ടമായി മാറുന്നു എന്ന പരാതിയാണ് വരുന്നത്. ഒരു ചട്ടക്കൂടില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നാണ്. അതുകൊണ്ട് പ്രത്യയശാസ്ത്രപരമായിട്ട് എന്നതുപോലെ സംഘടനാപരമായും ചട്ടക്കൂട് വേണം. പക്ഷേ, കേഡര്‍ എന്നതിന്റെ മറവില്‍ പല പാര്‍ട്ടികളിലും നടക്കുന്നത് ഏകാധിപത്യമാണ്. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്. അത് കോണ്‍ഗ്രസ്സില്‍ നടക്കില്ല. അതുകൊണ്ട് സി.പി.എമ്മോ സംഘപരിവാറോ അര്‍ത്ഥമാക്കുന്ന തരത്തിലുള്ള ഒരു കേഡര്‍ പാര്‍ട്ടിയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നല്ല ജനാധിപത്യപരമായ കൂടിയാലോചനകള്‍ നടത്തി അവ ഏകോപിപ്പിക്കുക എന്ന ചുമതലയാണ് ഞങ്ങള്‍ക്ക്. നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റേയും ശൈലി കോണ്‍ഗ്രസ്സില്‍ നടക്കില്ല. ഞങ്ങളും അതിനു നിന്നുകൊടുക്കില്ല. അതു പറ്റില്ല. കോണ്‍ഗ്രസ്സിന്റെ ഘടന അങ്ങനെയാണ്. പക്ഷേ, ആര്‍ക്കും എന്തും എപ്പോഴും പറയാവുന്ന രീതിയിലേക്കു കൊണ്ടുപോകാന്‍ പറ്റില്ല. കുറെ അച്ചടക്കവും കാര്യങ്ങളുമൊക്കെ വേണം. അല്ലെങ്കില്‍ ഈ ദൗത്യം വിജയിപ്പിക്കാനാകില്ല.

പിടി ചാക്കോ
പിടി ചാക്കോ

സംഘടനാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ പുനസ്സംഘടന നടത്തുന്നത് മുല്ലപ്പള്ളി പറഞ്ഞതുപോലെ ധാര്‍മ്മികമായി ശരിയാണോ? 

അതിനു സംഘടനാപരമായ രീതിയുണ്ട്. അദ്ദേഹം നന്നായി അറിയാവുന്ന ആളാണ്. ദേശീയതലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിന് ഒരു ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ആദ്യപടി കൂടുതലാളുകളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാനുള്ള അംഗത്വ വിതരണ ക്യാംപെയ്നാണ്. കോണ്‍ഗ്രസ്സില്‍നിന്നു പല കാരണങ്ങള്‍കൊണ്ട് മാറിപ്പോയവരുണ്ട്. അവരെ തിരിച്ചുകൊണ്ടുവരിക. കേരളത്തില്‍ ഇപ്പോള്‍ മറ്റു പാര്‍ട്ടികളില്‍നിന്നു ധാരാളം പേര്‍ കോണ്‍ഗ്രസ്സിലേക്കു വരുന്നുണ്ട്. അവരെ ഉള്‍ക്കൊള്ളുന്നതൊക്കെ ഈ ക്യാംപെയ്ന്റെ ഭാഗമായി നടക്കും. സംഘടനാ തെരഞ്ഞെടുപ്പ് 1992-ല്‍ മാത്രമാണ് ഇവിടെ വാശിയോടെ നടന്നത്. അതിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. പിന്നീടു നടന്ന തെരഞ്ഞെടുപ്പുകളൊക്കെ സമന്വയത്തിന്റെ ഭാഷയിലായിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതേയുള്ളൂ. അതുവരെ പുനസ്സംഘടന നടത്താതെ കോണ്‍ഗ്രസ് ഇങ്ങനെ പോയാല്‍ ശരിയാകില്ല. വെള്ളം കെട്ടിക്കിടക്കുകയാണല്ലോ. അങ്ങനെ കെട്ടിക്കിടന്നാല്‍ കുറച്ചുകഴിയുമ്പോള്‍ മലിനജലമാകും. ഒഴുക്കിവിടുക, അതിന്റെ സ്വാഭാവികമായ ഒഴുക്കുണ്ടാക്കുക എന്നതാണ് ഞങ്ങള്‍ പുനസ്സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്. അതൊരു പ്രോസസ്സാണ്. രാജ്യത്തൊരിടത്തും പാര്‍ട്ടിയില്‍ ഇനി പുതിയ നിയമനങ്ങളൊന്നും പാടില്ല എന്ന് ഒരു ഘട്ടത്തില്‍ ദേശീയ നേതൃത്വം പറയും. ഇപ്പോള്‍ ഈ പുനസ്സംഘടന നടത്താനുള്ള അനുവാദം ഞങ്ങള്‍ക്കു ദേശീയ നേതൃത്വം തന്നിട്ടുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും നടക്കുന്നുണ്ട്. അംഗത്വ വിതരണ ക്യാംപെയ്ന്‍ ഫലപ്രദമായി നടത്തണമെങ്കിലും ഈ പുനസ്സംഘടന ആവശ്യമുണ്ട്. 

നേരത്തെ പറഞ്ഞ പൊളിറ്റിക്കല്‍ സ്‌കൂളിന്റെ പ്രത്യേകത; പരിസ്ഥിതിക്കും മറ്റും പ്രാധാന്യം നല്‍കുകയും ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളേയും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുക എന്നതാണ്. പക്ഷേ, ഏറ്റവും ഒടുവിലത്തെ പുനസ്സംഘടനയിലും ഇത്തരം പ്രാതിനിധ്യങ്ങള്‍ വേണ്ടത്ര ഇല്ല. പ്രത്യേകിച്ചും സ്ത്രീകള്‍. ഇത് എങ്ങനെയാണ് പരിഹരിക്കുക? 

ഞങ്ങളിപ്പോള്‍ സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ ഒരു പ്രത്യേക പ്ലാന്‍ തയ്യാറാക്കുന്നുണ്ട്. ദളിതുകളേയും സ്ത്രീകളേയും കൂടുതലായി കൊണ്ടുവരാന്‍ ഒരു നല്ല സ്‌കീമുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടുകൂടിയാണ് ചെയ്യുന്നത്. അതു പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തെയും ഇത്രയും പേരെ ഉണ്ടായിരുന്നുള്ളു. ഈ 51 ആക്കി ചുരുക്കിയപ്പോഴും അത്രയും പേരുണ്ട്. അതു പോരാ എന്നുള്ളതാണ് ഞങ്ങളുടെ സമീപനം. വളരെ കൃത്യമായി അതു ചര്‍ച്ച ചെയ്തിട്ടാണ് കൂടുതലാളുകളെ കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റേയും ശാക്തീകരണത്തിന്റേയും സുരക്ഷയുടേയും കാര്യത്തില്‍ ഞങ്ങളുടെ പ്രതിബദ്ധത സംശയരഹിതമാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകമായി കൊണ്ടുവന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്യിച്ചു. എം.ജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ജാതി വിവേചനത്തിനെതിരെ സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ അതു നിയമസഭയില്‍ കൊണ്ടുവന്നു. കോണ്‍ഗ്രസ് തുടങ്ങാന്‍ പോകുന്ന രാഷ്ട്രീയ സ്‌കൂളില്‍ ഇത്തരം ആശയങ്ങള്‍ ശക്തമായി പ്രവര്‍ത്തകരിലേക്ക് എത്തിക്കും. 

ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, വിഡി സതീശന്‍
ഉമ്മന്‍ ചാണ്ടി, വിഎം സുധീരന്‍, വിഡി സതീശന്‍

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് താങ്കള്‍ പങ്കുവയ്ക്കുന്നത്. ഇതൊക്കെ നടക്കുമോ. മറ്റുള്ളവരും ഏറ്റെടുക്കുമോ ഈ സ്വപ്നങ്ങള്‍? 

തീര്‍ച്ചയായും. സമയമെടുത്താലും നടക്കാതെ വരില്ല. കോണ്‍ഗ്രസ് ഒരു പുരോഗമന പാര്‍ട്ടിയായി മാറുക എന്നതാണ് ഞങ്ങളുടെ സ്വപ്നം. സ്വപ്നം കാണുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയുമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, കേരളത്തിന്റെ സെന്റര്‍ തന്നെ ഇടതാണ്. കോണ്‍ഗ്രസ് ഒരു സെന്‍ട്രിസ്റ്റ് പാര്‍ട്ടിയൊന്നുമല്ല; വലതുപക്ഷമാണെന്നു പറയാന്‍ ഞാന്‍ സമ്മതിക്കുകയേ ഇല്ല. വെറുതെ ആളുകള്‍ പറയും, ഇടതുപക്ഷവും വലതുപക്ഷവും എന്ന്. ഞങ്ങള്‍ വലതുപക്ഷമല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സാണ് ഇടതുപക്ഷം. കേരളത്തില്‍ അതു കുറച്ചുകൂടി ഇടതാണ്. സി.പി.എം വലതുപക്ഷ ചായ്വിലേക്ക് പോകുന്നു എന്നതാണ് ഞങ്ങള്‍ അവരുമായുള്ള ആശയ പോരാട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു വിമര്‍ശനം. പല കാര്യങ്ങളും എടുത്താല്‍ അതു മനസ്സിലാകും. ഇപ്പോള്‍ ഈ അനുപമ വിഷയം തന്നെ എടുത്താല്‍ ഒരു ഇടതു പുരോഗമന പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണോ അവരുടേത്? നിങ്ങളെന്ത് ഇടതുപക്ഷമാണെന്ന് ഞാന്‍ തന്നെ നിയമസഭയില്‍ ചോദിച്ചു. ചില വിഷയങ്ങളില്‍ അവര്‍ക്ക് തീവ്ര വലതുപക്ഷ നിലപാടാണ്, യാഥാസ്ഥിതിക നിലപാടാണ്. അതിന്റെയൊക്കെ പുറകില്‍ പല കാര്യങ്ങളും ഉണ്ടാകും. പക്ഷേ, പൊതുവായി ഒരു വിഷയത്തെ അഭിമുഖീകരിക്കുമ്പോള്‍ പിന്തിരിപ്പന്‍, യാഥാസ്ഥിതിക, വലതുപക്ഷ നിലപാടിലേക്കു പോകാന്‍ പാടില്ല. നമുക്കതു പറ്റില്ല. സില്‍വര്‍ ലൈന്‍ വരുന്നു. ഞങ്ങള്‍ പറഞ്ഞു, നിങ്ങളുടെ സമീപനം തീവ്ര വലതുപക്ഷത്തിന്റേതാണ്. അവര്‍ കൊണ്ടുവന്ന കിഫ്ബിപോലും നരേന്ദ്ര മോദിയുടെ ശൈലിയിലുള്ള പ്രോജക്ടാണ്. മോദി അവിടെ ആസൂത്രണം ഒഴിവാക്കി പ്രോജക്റ്റുകള്‍ നടപ്പാക്കുന്നതിന്റെ അനുകരണം. 50,000 കോടി രൂപ ചെലവാക്കുമ്പോള്‍ അതിന്റെ പത്തു ശതമാനം, 5000 കോടി രൂപ പട്ടികജാതിക്കാര്‍ക്കുവേണ്ടി ചെലവാക്കണം. അതില്ല ഇതില്‍. സംവരണവുമില്ല മുന്‍ഗണനയും ഇല്ല. ആസൂത്രണത്തില്‍നിന്നു പ്രോജക്ടിലേക്കുള്ള ഈ മാറ്റവും ഒരു വലതുപക്ഷ വ്യതിയാനമാണ്. ഇടതുപക്ഷം എന്ന പേരു പറഞ്ഞതുകൊണ്ട് ഇടതാകണം എന്നില്ല. നിലപാടുകളിലാണ് കാണേണ്ടത്. അലന്‍ താഹയുടെ അറസ്റ്റ് ഉദാഹരണം. അവരുടെ വീട്ടില്‍നിന്നു കണ്ടെടുത്ത പുസ്തകങ്ങളുടെ പേരിലാണ് അറസ്റ്റു ചെയ്യപ്പെട്ടതെങ്കില്‍ അതിനേക്കാള്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെടേണ്ട ആളാണ് ഞാനെന്ന് അന്നു പറഞ്ഞിരുന്നു. ആ പുസ്തകങ്ങളും അതില്‍ക്കൂടുതലും എന്റെ ലൈബ്രറിയിലുണ്ട്. ഏറ്റവും സമീപകാലത്ത് ഇറങ്ങിയ ഒരു പുസ്തകമാണ് 'നൈറ്റ് മാര്‍ച്ച്.' ഇന്ത്യക്കാരിയായ വിദേശവനിത ഒരു മാസക്കാലം മാവോയിസ്റ്റുകള്‍ക്കൊപ്പം താമസിച്ചു തയ്യാറാക്കിയ പുസ്തകം. പുസ്തകം വായിച്ചതിന് അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തി അകത്താക്കുക, എന്നിട്ട് അതിനെ ന്യായീകരിക്കുക. മുഖ്യമന്ത്രിയെപ്പോലുള്ള ആളുകള്‍ പറഞ്ഞത് പൊലീസ് ഭാഷ്യമാണ്. യു.എ.പി.എ പ്രാകൃത നിയമമാണ് എന്നു പറയുന്ന പാര്‍ട്ടി, അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ (വേറെ ചില കാരണങ്ങളുടെ പുറത്ത് വിരോധം തീര്‍ത്തതാണ്) യു.എ.പി.എ ചുമത്തി ഇത്രയും ദിവസം ജയിലില്‍ കിടത്തി. അതൊരു ഇടതുപക്ഷ സ്വഭാവമാണോ? സില്‍വര്‍ ലൈനിനെ എതിര്‍ത്തപ്പോള്‍, നിങ്ങള്‍ ദേശദ്രോഹികളുടെ കൂടെ ചേരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ മറുപടി. ഇത് മോദിയുടെ അതേ വാക്കാണെന്ന് ഞാന്‍ പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ അവര്‍ ദേശദ്രോഹികള്‍, തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, പിന്തിരിപ്പന്മാര്‍. വിമര്‍ശനത്തിനുള്ള മറുപടിയല്ലേ വേണ്ടത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണത്. മറിച്ച്, കേരളം പോലെയൊരു സംസ്ഥാനത്ത് പുതിയ ഒരു പദ്ധതി കൊണ്ടുവരുമ്പോള്‍ ചെയ്യേണ്ടതെന്താ. ഞങ്ങളുടെ ഗവണ്‍മെന്റിരിക്കുമ്പോള്‍ ഞാന്‍ അവരോടും പറയുമായിരുന്നു. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നു വ്യക്തതയോടുകൂടി കാര്യങ്ങള്‍ പറയണം. ഇതാണ് ഈ പദ്ധതി എന്നു പറഞ്ഞിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെടണം. സംശയങ്ങള്‍ തീര്‍ക്കണം. അങ്ങനെ ചെയ്താല്‍ 100 ശതമാനം ജനങ്ങളും ആ പദ്ധതിയെ സ്വീകരിക്കും. പക്ഷേ, സുതാര്യത വേണം.  

വഴിതടയല്‍ പോലെയുള്ള സമരരീതികളെക്കുറിച്ച് ?
 
ഞാനൊക്കെ വര്‍ഷങ്ങളായി എടുത്തിരിക്കുന്ന ഒരു നിലപാട് വഴിതടയല്‍ സമരങ്ങള്‍ക്ക് എതിരാണ്. പൗരാവകാശങ്ങളെക്കുറിച്ചു ബോധ്യമുള്ളതുകൊണ്ടാണ് അത്. എറണാകുളത്ത് സംഭവിച്ചതെന്താണെന്നു വച്ചാല്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ യു.ഡി.എഫ് ബൂത്ത് തലത്തില്‍ വരെ ധര്‍ണ നടത്തി, കെ.പി.സി.സി മൂന്നു സമരങ്ങള്‍ നടത്തി. അതൊക്കെ നന്നായിട്ടു നടന്ന സമരങ്ങളാണ്. കാളവണ്ടി സമരവവും മാര്‍ച്ചുകളും ധര്‍ണ്ണയുമൊക്കെ നടത്തിയിട്ടും ജനങ്ങളുടെ ചോദ്യം നിങ്ങളെന്താ ഒന്നും ചെയ്യാത്തത് എന്നായിരുന്നു. നിങ്ങളെന്തു പ്രതിപക്ഷമാണ്, നിങ്ങള്‍ ആഞ്ഞടിക്ക്. എറണാകുളത്തെ സംഭവം നടക്കുന്നതിനു തൊട്ടുമുന്‍പുള്ള മൂന്നു ദിവസം കേരളത്തിലെ പ്രധാന ടി.വി ചാനലുകളിലെ ചര്‍ച്ച ഈ വിലവര്‍ദ്ധനവും പ്രതിപക്ഷം പോരാ എന്നുള്ളതുമായിരുന്നു. അപ്പോഴാണ് കുറച്ചുകൂടി ശക്തമായ ഒരു സമരം അവിടെ തീരുമാനിച്ചത്. ഈ വ്യക്തി വന്നു ബഹളമുണ്ടാക്കിയില്ലായിരുന്നു എങ്കില്‍ അതൊരു സ്വാഭാവിക സമരമായിട്ടു പോയേനെ. അതിനുശേഷം ചക്രസ്തംഭനസമരം നടത്തിയല്ലോ. അഞ്ചു പത്തു മിനിറ്റുകൊണ്ട് പ്രതീകാത്മകമായി സമരം നടത്തി പോയി. അന്നും അങ്ങനെ നടത്താനാണു പോയത്. പക്ഷേ, ആ സംഭവം ഉണ്ടായ ശേഷം കള്ളക്കേസെടുത്തു. വണ്ടി ആരോ തല്ലിപ്പൊളിച്ചു. പക്ഷേ, നേതാക്കളാണ് ജയിലില്‍ പോയത്. അവിടെ യഥാര്‍ത്ഥത്തില്‍ നടന്നത് എന്താണെന്ന് ഗവണ്‍മെന്റ് അന്വേഷിക്കണം എന്നു ഞാന്‍ മുഖ്യമന്ത്രിയോടു നിയമസഭയില്‍ പറഞ്ഞു. പക്ഷേ, ഗവണ്‍മെന്റ് അന്വേഷിച്ചില്ല. നിരപരാധികളെ കുടുക്കി. ഞങ്ങള്‍ക്കു പ്രതിഷേധമുണ്ട്. പക്ഷേ, ആ വിഷയത്തിന്റെ പേരില്‍ ഞങ്ങള്‍ സിനിമാ വ്യവസായത്തിനെതിരല്ല. കോണ്‍ഗ്രസ്സും സിനിമാ വ്യവസായമേഖലയും തമ്മില്‍ ഏറ്റുമുട്ടല്‍ ഇല്ല എന്നു ഞങ്ങള്‍ കെ.പി.സി.സി കൂടി പറഞ്ഞു. ആ വിഷയം എങ്ങനെയാണെന്നു വച്ചാല്‍ തീര്‍ക്കാം. പക്ഷേ, സിനിമാ വ്യവസായത്തിന് എതിരായ പ്രതിഷേധമായി മാറരുത് എന്നു ഞാനും കെ.പി.സി.സി പ്രസിഡന്റും കര്‍ശനമായ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍

ദേശീയതലത്തില്‍ത്തന്നെ കോണ്‍ഗ്രസ്സിന് ഒരു മൃദുഹിന്ദുത്വ സ്വഭാവം വന്നിരിക്കുന്നു എന്ന വിമര്‍ശനങ്ങളോട് എന്താണ് പ്രതികരണം?
 
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഒന്നാണ്. ഞങ്ങള്‍ അതു പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി ഇക്കാര്യത്തില്‍ വളരെ ദൃഢതയുള്ള നിലപാടാണ് എടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി ആയാലും പ്രിയങ്കാ ഗാന്ധി ആയാലും അക്കാര്യത്തില്‍ വ്യക്തതയുള്ളവരാണ്. അവര്‍ ഒരു ചടങ്ങില്‍ നടത്തിയ ഹിന്ദു പ്രാര്‍ത്ഥന എടുത്തിട്ടാണ് വിമര്‍ശനം. അതിനു മുന്‍പ് മുസ്ലിം, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളുള്‍പ്പെടെ ഉണ്ടായിരുന്നു. പണ്ടേ കോണ്‍ഗ്രസ് സര്‍വ്വമത പ്രാര്‍ത്ഥനയൊക്കെ നടത്തുന്ന പാര്‍ട്ടിയാണ്. സത്യത്തില്‍ അതാണ് അവിടെ സംഭവിച്ചത്. കോണ്‍ഗ്രസ് ദേശീയ തലത്തിലായാലും പ്രഖ്യാപിത നയത്തിനു വിരുദ്ധമായ നിലപാടു സ്വീകരിക്കില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തതാണ്. അദ്ദേഹം പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, സംഘപരിവാറുമായി വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടം നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവാണ്. ഒരുകാലത്തും അദ്ദേഹം കോംപ്രമൈസ് ചെയ്തിട്ടില്ല. 

പ്രതിപക്ഷമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകള്‍, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടി പാര്‍ട്ടിയേയും മുന്നണിയേയും തയ്യാറെടുപ്പിക്കുക. ഈ രണ്ടു മുന്‍ഗണനകളില്‍ ഏതിനാകും മുന്‍തൂക്കം? 

തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടിയുടേയും സ്വാഭാവിക മുന്‍ഗണനയാണ്. 

അതുതന്നെ ഉണ്ടാകും. നല്ല മുന്നൊരുക്കം നടത്തി 2019-ലെ ഫലം 2024-ലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. അതേ അവസരത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുക, യു.ഡി.എഫിനെ കേരളത്തിലെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ആക്കുക എന്നതും യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്റെ ലക്ഷ്യമാണ്. ഘടക കക്ഷികള്‍ തമ്മില്‍ നല്ല പരസ്പര വിശ്വാസം, തുടര്‍ച്ചയായി ഉഭയകക്ഷി ചര്‍ച്ചകള്‍, ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക ഇതെല്ലാമുണ്ടാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com