ആവശ്യമുണ്ട് ഒരു മുസ്ലിം നെഹ്‌റുവിനെ

By ഹമീദ് ചേന്നമംഗലൂര്‍  |   Published: 28th November 2021 02:27 PM  |  

Last Updated: 28th November 2021 02:27 PM  |   A+A-   |  

hameed

 

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും മതേതര ബഹുസ്വര ജനാധിപത്യ ഇന്ത്യയുടെ പ്രമുഖ ശില്പിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാം ജന്മദിനമാണ് നവംബര്‍ 14-ന് കടന്നുപോയത്. മതാത്മക സമൂഹം നിലനില്‍ക്കുന്ന ഇന്ത്യയില്‍ മതേതര രാഷ്ട്രം രൂപപ്പെടുത്തുകയെന്ന ഭാരിച്ച വെല്ലുവിളി സധൈര്യം ഏറ്റെടുത്ത രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹം. വിഭജനത്തെത്തുടര്‍ന്നു നാട്ടില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കത്തിപ്പടര്‍ന്ന കാലത്താണ് നെഹ്‌റു പ്രധാനമന്ത്രി പദമേറിയത്. സാമുദായിക ലഹളകളില്‍ ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കില്‍ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്ത ദുരന്തഭൂമിയില്‍ ചുവടുറപ്പിച്ചു നിന്നുകൊണ്ടു വേണമായിരുന്നു നെഹ്‌റുവിനു പ്രവര്‍ത്തിക്കാന്‍.

അപ്പുറത്ത് 'മുസ്ലിം പാകിസ്താന്‍' വന്നെങ്കില്‍ ഇപ്പുറത്ത് വേണ്ടത് 'ഹിന്ദു ഇന്ത്യ'യല്ലേ എന്ന അസുഖകരമായ ചോദ്യം അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഹൈന്ദവ വര്‍ഗ്ഗീയ കൂട്ടായ്മക്കാരില്‍നിന്നു മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ ചില പ്രവര്‍ത്തകരില്‍നിന്നുപോലും പുറപ്പെട്ട ചോദ്യമായിരുന്നു അത്. ജവഹര്‍ അതിനു നല്‍കിയ മറുപടിയിങ്ങനെ: ''മുസ്ലിമത്വമോ ഹിന്ദുത്വമോ അല്ല നമുക്കാവശ്യം. അവ രണ്ടിനും കാലുകുത്താനിടമില്ലാത്ത മതേതരത്വമാണ് നമ്മുടെ വഴി. മതേതരത്വം മതവിരുദ്ധമോ മതാനുകൂലമോ അല്ല'' എന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. മതവിശ്വാസ സ്വാതന്ത്ര്യമെന്നപോലെ മതനിരാകരണ സ്വാതന്ത്ര്യവുമടങ്ങുന്നതാണ് മതേരത്വം. വിശാല മാനവികതാബോധത്തിലേയ്ക്കുള്ള ചവിട്ടുപടിയാണത്.

ഒരു അലങ്കാരം എന്ന നിലയിലല്ല നെഹ്‌റു മതേതരത്വത്തെ വീക്ഷിച്ചത്. വാക്കില്‍ ഒതുങ്ങിക്കൂടാ അത്. രാഷ്ട്രത്തിന്റെ ആത്മാവിലേക്ക് അത് ഊര്‍ന്നിറങ്ങിച്ചെല്ലണം. അതു നടക്കണമെങ്കില്‍ രാഷ്ട്രീയം സമ്പൂര്‍ണ്ണാര്‍ത്ഥത്തില്‍ മതമുക്തമായിത്തീരണം. വ്യക്തികളുടെ സ്വകാര്യജീവിതത്തിലെ വിഷയം മാത്രമായി മതത്തെ കാണുന്ന പ്രവണത പ്രബലപ്പെടണം. രാഷ്ട്രീയ ദര്‍ശനമായോ കക്ഷിരാഷ്ട്രീയോപകരണമായോ മതത്തെ വിലയിരുത്തുകയോ വിനിയോഗിക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷം കര്‍ശനാര്‍ത്ഥത്തില്‍ ഒഴിവാക്കപ്പെടണം.

മതേതരത്വത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത ഒരു വിഭാഗം സ്വാതന്ത്ര്യസമ്പാദന കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നു. മതേതരത്വത്തിന് അധരസേവ ചെയ്യുന്നതില്‍ മാത്രം ഒതുങ്ങിയവരും നെഹ്‌റുവിന്റെ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. തന്റെ സമകാലികരായ അത്തരം ആളുകളില്‍നിന്നു ഭിന്നമായി മതേതരത്വത്തില്‍ വെള്ളം ചേര്‍ത്തുകൂടാ എന്ന പക്ഷക്കാരനായിരുന്നു ജവഹര്‍ലാല്‍. പാലില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പാലിന്റെ ഗുണം നഷ്ടപ്പെടുന്നതുപോലെ സെക്യുലറിസത്തില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ സെക്യുലറിസത്തിന്റെ ഗുണവും നഷ്ടപ്പെടും എന്നതായിരുന്നു അദ്ദേഹത്തിന്റെ സുദൃഢ നിലപാട്.

ആ നിലപാടില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് താന്‍ പ്രധാനമന്ത്രിയായിരിക്കെ പല നിര്‍ണ്ണായക വിഷയങ്ങളിലും നെഹ്‌റു ഇടപെട്ടത്. ചില ഉദാഹരണങ്ങള്‍ നോക്കാം. 1949 ഡിസംബര്‍ 21-ന് നടന്ന ഒരു സംഭവത്തോട് അദ്ദേഹം പ്രതികരിച്ചത് എങ്ങനെയെന്നു നോക്കൂ. അന്നേ ദിവസം അര്‍ദ്ധരാത്രി ബാബറി മസ്ജിദില്‍ തല്പരകക്ഷികള്‍ രാമവിഗ്രഹം കൊണ്ടുവെച്ചു. മസ്ജിദ് രാമക്ഷേത്രമാണെന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗമായിരുന്നു ആ വേല. ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ ചെയ്ത ആ കൃത്യത്തെ മതേതരമൂല്യങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമായത്രേ നെഹ്‌റു കണ്ടത്. അദ്ദേഹം ഉടനെ യുണൈറ്റഡ് പ്രോവിന്‍സ് (പില്‍ക്കാലത്ത് ഉത്തര്‍പ്രദേശ്) മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പാന്തുമായി ബന്ധപ്പെട്ടു. മസ്ജിദില്‍ സ്ഥാപിക്കപ്പെട്ട രാമവിഗ്രഹമെടുത്ത് സരയൂനദിയിലെറിയാനാണ് പ്രധാനമന്ത്രി യു.പി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്.

റിപ്പബ്ലിക്കും ജ്യോതിഷവും

1950 ജനുവരിയില്‍ നടന്നതാണ് മറ്റൊരു സംഭവം. ആ മാസം 26-ന് ഭരണഘടന രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും രാജ്യത്തെ ജനാധിപത്യ, പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്യുക എന്ന തീരുമാനം വന്നു. പക്ഷേ, ഭരണഘടനാ നിര്‍മ്മാണ സഭ അധ്യക്ഷനായ ഡോ. രാജേന്ദ്ര പ്രസാദ് അതില്‍ അതൃപ്തി രേഖപ്പെടുത്തി. ജ്യോതിഷപ്രകാരം ജനുവരി 26 അശുഭദിനമാണെന്നും ആ തീയതി ഒഴിവാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. നെഹ്‌റു അതംഗീകരിച്ചില്ല. റിപ്പബ്ലിക്ക് പ്രഖ്യാപനം ജനുവരി 26-ന് തന്നെ നടന്നു.

മൂന്നാമത്തെ സംഭവം നടക്കുന്നത് 1951 മേയിലാണ്. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം പൂര്‍ത്തിയായി. അതിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ക്ഷണിക്കപ്പെട്ടു. മതേതര രാഷ്ട്രമായ ഇന്ത്യയുടെ ഭരണാധികാരികളോ ഉദ്യോഗസ്ഥരോ മതവുമായി ബന്ധപ്പെട്ട ഔപചാരിക ചടങ്ങുകളില്‍ പങ്കെടുത്തുകൂടാ എന്നതായിരുന്നു നെഹ്‌റുവിന്റെ നിലപാട്. അക്കാര്യം അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വ്യക്തി എന്ന നിലയില്‍ രാജേന്ദ്ര പ്രസാദിന് മതചടങ്ങുകളില്‍ പങ്കെടുക്കാമെങ്കിലും രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം അങ്ങനെ ചെയ്തുകൂടെന്നു നെഹ്‌റു ചൂണ്ടിക്കാട്ടി. രാഷ്ട്രപതി കൂട്ടാക്കിയില്ല. അദ്ദേഹം സോമനാഥക്ഷേത്രത്തിന്റെ ഉദ്ഘാടന കര്‍മ്മത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അന്ന് രാഷ്ട്രപതിയോട് പ്രധാനമന്ത്രി നെഹ്‌റു നടത്തിയ അഭ്യര്‍ത്ഥന മതേതരമൂല്യങ്ങളോട് അദ്ദേഹം പുലര്‍ത്തിയ പ്രതിജ്ഞാബദ്ധതയുടെ തെളിവായി ഇന്നും ജ്വലിക്കുന്നു.

1955-'56 കാലത്ത് പാസ്സാക്കപ്പെട്ട ഹിന്ദുകോഡ് ബില്ലാണ് നാലാമത്തെ ഉദാഹരണം. ഹിന്ദുകുടുംബ നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദുവ്യക്തി നിയമ നവീകരണ നീക്കവുമായി നെഹ്‌റു മുന്നോട്ടു വന്നു. ഹിന്ദു വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലടങ്ങിയ സ്ത്രീവിരുദ്ധത അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസ്സിനു വെളിയില്‍നിന്നു മാത്രമല്ല, കോണ്‍ഗ്രസ്സിനകത്തുനിന്നും ആ നീക്കത്തിനെതിരെ അതിരൂക്ഷമായ എതിര്‍പ്പുകളുയര്‍ന്നു. ഡോ. രാജേന്ദ്ര പ്രസാദും പുരുഷോത്തംദാസ് ടാന്‍ഡനും പട്ടാഭി സീതാരാമയ്യയുമുള്‍പ്പെടെ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഹിന്ദുകുടുംബ നിയമപരിഷ്‌കരണത്തിനെതിരായിരുന്നു. ജവഹര്‍ലാല്‍ പക്ഷേ, മുട്ടുമടക്കിയില്ല. അദ്ദേഹം ഹിന്ദുകോഡ് ബില്‍ പാസ്സാക്കിയെടുത്തു.

ഹിന്ദു വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ മുസ്ലിം വ്യക്തിനിയമങ്ങളും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന വിചാരം പങ്കുവെച്ച ഒരു വിഭാഗം മുസ്ലിം സമുദായത്തിലുണ്ടായിരുന്നു. അവര്‍ പക്ഷേ, ഒരു ചെറിയ ന്യൂനപക്ഷമായിരുന്നു. പരിഷ്‌കരണാവശ്യം ഉയര്‍ത്തിയവരില്‍ ഏറെ ശ്രദ്ധേയന്‍ മഹാരാഷ്ട്രക്കാരനും മറാത്തി എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഹമീദ് ഉമര്‍ ദല്‍വായ് (19321977) ആയിരുന്നു. രാമചന്ദ്രഗുഹ തന്റെ 'Makers of Modern India' എന്ന ബൃഹദ്ഗ്രന്ഥത്തില്‍ 'അവസാനത്തെ ആധുനികതാവാദി' (The Last Modernist) എന്ന വിശേഷണത്തോടെ ഉള്‍പ്പെടുത്തിയ ചരിത്രപുരുഷനാണ് ദല്‍വായ്. മുത്തലാഖ് നിരോധിക്കണമെന്നും മുസ്ലിം വ്യക്തിനിയമങ്ങള്‍ കാലാനുസൃതം നവീകരിക്കണമെന്നും പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ആദ്യമായി ഉന്നയിച്ച മുസ്ലിം പരിഷ്‌കര്‍ത്താവാണ് അദ്ദേഹം. യാഥാസ്ഥിതികരെ തട്ടിമാറ്റി സാമൂഹിക പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകാന്‍ മുസ്ലിം സമുദായത്തില്‍നിന്ന് ഒരു നെഹ്‌റു ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഒരു ഘട്ടത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

പരിഷ്‌കരണത്വരയിലും മതേതരമൂല്യ സംരക്ഷണവാഞ്ഛയിലും ജവഹര്‍ലാല്‍ നെഹ്‌റുവോളം തലയെടുപ്പും സമര്‍പ്പണബോധവുമുള്ള ഒരു രാഷ്ട്രീയ നേതാവ് മുസ്ലിം സമുദായത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അത്രകണ്ട് മുസ്ലിം സമുദായം പരിഷ്‌കരണപരമായി ഇപ്പോഴും പിന്നണിയില്‍ നില്‍ക്കുകയും ചെയ്യുന്നു. എന്തിനേയും ഏതിനേയും സ്വമതത്തിന്റെ സങ്കുചിത നോട്ടപ്പാടിലേയ്ക്ക് ചുരുക്കിക്കെട്ടുന്ന ദുസ്സമ്പ്രദായം ആ സമുദായത്തില്‍ തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലബാര്‍ കലാപത്തിലെ മുസ്ലിം രക്തസാക്ഷികളുടെ പേരുകള്‍ ആലേഖനം ചെയ്ത ഫലകങ്ങള്‍ മുസ്ലിം പള്ളികളില്‍ സ്ഥാപിക്കാനുള്ള അവരുടെ നീക്കം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി നിഘണ്ടുവില്‍നിന്നു മലബാര്‍ കലാപത്തിലുള്‍പ്പെട്ട ആലിമുസ്ല്യാരും വാരിയംകുന്നനുമടക്കമുള്ള 387 രക്തസാക്ഷികളുടെ പേര് ഒഴിവാക്കാന്‍ 'ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചി'ന് (ഐ.സി.എച്ച്.ആര്‍) മുന്‍പാകെ വന്ന നിര്‍ദ്ദേശത്തോടുള്ള ചില മുസ്ലിം കേന്ദ്രങ്ങളുടെ പ്രതികരണമാണ് മേല്‍ച്ചൊന്ന നീക്കം. എറണാകുളം ജില്ലയിലെ എടവനക്കാട് ജുമാ മസ്ജിദില്‍ ഇതിനകം ഫലകം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഒരു ചരിത്രവിഷയത്തെ മതവിഷയമായി ന്യൂനീകരിക്കുകയത്രേ ഇവിടെ മുസ്ലിം പക്ഷം ചെയ്യുന്നത്. ഐ.സി.എച്ച്.ആര്‍ നീക്കത്തെ ചരിത്രവസ്തുതകള്‍കൊണ്ടു നേരിടുന്നതിനു പകരം മതവികാരംകൊണ്ടു നേരിടുക എന്ന അനഭിലഷണീയ തന്ത്രം പയറ്റപ്പെടുന്നു. മതേതര വിഷയങ്ങളെ മതേതരമായി സമീപിക്കുന്നതിനു പകരം വര്‍ഗ്ഗീയമായും സാമുദായികമായും സമീപിക്കുന്ന പിഴച്ച പ്രവണത ബലപ്പെടുന്നത് കാണുമ്പോള്‍ അരനൂറ്റാണ്ട് മുന്‍പ് ദല്‍വായ് പറഞ്ഞതുപോലെ നമുക്കും പറയേണ്ടിവരുന്നു, ഇന്ത്യയ്ക്കാവശ്യമുണ്ട് ഒരു മുസ്ലിം നെഹ്‌റുവിനെ.