ആഗോളവല്‍ക്കരണം ലോകസമൂഹത്തിന്റെ സാമ്പത്തികക്രമത്തില്‍ വന്ന മാറ്റങ്ങളേക്കാളുപരി സാംസ്‌കാരികരംഗത്താണ് മാറ്റങ്ങള്‍ വരുത്തിയത്. 1990കളോടുകൂടി ആഗോളവല്‍ക്കരണം കേരള സമൂഹത്തില്‍ കടന്നുകയറിയപ്പോള്‍ അതേ ദശകങ്ങളില്‍ത്തന്നെ കലയില്‍ സമാന്തരമായ പ്രതിഷേധവും ആരംഭിച്ചു തുടങ്ങി എന്നു വിലയിരുത്താം. അതായത് ഈ കാലഘട്ടത്തില്‍ കലാകാരന്മാര്‍ ലോകവ്യാപകമായി കലയിലൂടെ ഇത്തരം പ്രതിഭാസങ്ങള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങി. അതുവരെയുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണ് ലോകത്തെ ഇവര്‍ നോക്കിക്കണ്ടത്. ആഗോളപരതയിലേക്ക് തിരിഞ്ഞുകൊണ്ട് പ്രാദേശികതയുടെ സൂക്ഷ്മമായ അവതരണത്തിലൂടെ അവര്‍ രൂപങ്ങള്‍ സൃഷ്ടിച്ചു. പ്രാദേശികത പൂര്‍ണ്ണമായും ആഗോളപരത എന്ന ആശയത്തില്‍ ലയിച്ചുചേര്‍ന്നു. ഭൂരിഭാഗം കലാകാരന്മാരും ആഗോളവല്‍ക്കരണത്തെക്കുറിച്ചും അത് നമ്മുടെ സമൂഹത്തിലും സംസ്‌കാരത്തിലും മറ്റ് ജീവിതരീതികളിലും വരുത്തിയ അപകടകരമായ മാറ്റത്തെക്കുറിച്ചും പൂര്‍ണ്ണബോധ്യമുള്ളവരായിരുന്നു. അതിനായി ആധുനികാനന്തര ഭാഷ ഉപയോഗിക്കുകയും തങ്ങളുടെ സ്വദേശീയമായ രൂപത്തിലേക്ക് അതിനെ സമര്‍ത്ഥമായി സ്വാംശീകരിച്ച് സമന്വയിപ്പിച്ച് അവതരിപ്പിക്കുകയും ചെയ്തു. നമുക്ക് ഇടക്കാലത്ത് നഷ്ടപ്പെട്ട ചരിത്രബോധത്തേയും രാഷ്ട്രീയബോധത്തേയും വീണ്ടെടുക്കാന്‍ ഈ കാലഘട്ടത്തിലെ കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ ശ്രമിക്കുന്നുണ്ട്. സങ്കേതങ്ങളിലും ആവിഷ്‌കരണത്തിലും വന്ന മാറ്റങ്ങളേക്കാളുപരി പ്രമേയതലത്തില്‍ വന്ന മാറ്റങ്ങള്‍ ഈ കലാസൃഷ്ടികളെ വ്യത്യസ്തവും, ഉത്തരാധുനിക സ്വഭാവമുള്ളതുമാക്കുന്നു. സമകാലീന കേരളീയ ചിത്രകലയില്‍ ഈ ശ്രേണിയില്‍ വരുന്ന ചിത്രകാരന്മാരില്‍ പ്രമുഖനാണ് ബറോഡ കേന്ദ്രീകരിച്ചു കലാപ്രവര്‍ത്തനം നടത്തുന്ന കെ.പി. റെജി. ഭൂഭാഗങ്ങള്‍ക്കു പ്രാധാന്യം നല്‍കി ചിത്രരചന നിര്‍വ്വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ഓരോ രചനയും പ്രതിരോധത്തിന്റെ ശക്തമായ രാഷ്ട്രീയമാണ് മുന്നോട്ടുവെയ്ക്കുന്നത്. ഈ കാലഘട്ടത്തിലുണ്ടായ സൃഷ്ടികളെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതിനായി കെ.പി. റെജിയുടെ തൂമ്പിങ്കല്‍ ചാത്തന്‍ എന്ന ചിത്രം വിശകലനവിധേയമാക്കുകയാണിവിടെ.
നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ജീവിതത്തെയാണ് കെ.പി. റെജിയുടെ 'തൂമ്പിങ്കല്‍ ചാത്തന്‍' എന്ന ചിത്രം പ്രധാനമായും വിഷയമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മധ്യതലത്തില്‍ തിരച്ഛീനമായി പ്രത്യക്ഷപ്പെടുന്ന ചിറയുടെ ഇരു ധ്രുവങ്ങളിലുമായി ഓരോ പൂവരശുമരം വീതം സ്ഥാനംപിടിക്കുന്നു. ചിറയുടെ മധ്യത്തിലും അതിന്റെ ഓരങ്ങളിലും ധാരാളം താറാവുകൂട്ടങ്ങള്‍ മേഞ്ഞുനടക്കുന്ന കാഴ്ചയും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചിറപ്രദേശമൊഴികെയുള്ള ബാക്കിഭാഗം ഏതാണ്ട് വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ചിത്രതലത്തിന്റെ മധ്യഭാഗത്തായി പ്രത്യക്ഷപ്പെടുന്ന കുട്ടികള്‍ ചില പ്രത്യേക വിനോദങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഏതാണ്ട് ചിത്രതലത്തിനെ വിഴുങ്ങിക്കൊണ്ട് ഒരു കൂറ്റന്‍ കപ്പല്‍ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന കാഴ്ച ആസ്വാദകരില്‍ ആശ്ചര്യത്തോടൊപ്പം ഭയാശങ്കയും ജനിപ്പിക്കും. കപ്പലിന്റേയും അതിന്റെ പിന്നില്‍ പ്രത്യക്ഷപ്പെടുന്ന ആകാശത്തിന്റേയും ഗ്രേ നിറത്തിനു പുറമെ ജലാശയങ്ങളിലും ഗ്രേയുടെ ടോണ്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ഗ്രേയുടെ മോണോക്രോം (ഏകവര്‍ണ്ണം) സ്വഭാവം ചിത്രത്തിനു മുഴുവനായും കൈവന്നിട്ടുണ്ടെന്നു പറയാം. അതിനു വിരുദ്ധമായി പച്ചപ്പിന്റെ അംശങ്ങള്‍ ഇരു വൃക്ഷങ്ങളുടെ ഇലകളിലും കരഭാഗത്തെ പുല്ലുകളിലും കാണുന്നു. കൂടാതെ, ചിത്രത്തിന്റെ മുന്‍തലത്തിലായി മുറിഞ്ഞുപോയ ചിറയും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിറയുടെ മുറിഞ്ഞഭാഗം ചരിഞ്ഞുകിടക്കുന്ന മനുഷ്യരൂപത്താല്‍ പൂരിപ്പിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ചിറയുടെ ഇടതുഭാഗത്ത് ഒരു ആടിന്റെ രൂപവും കാണാവുന്നതാണ്.
വാമൊഴി ചരിത്രം ചിത്രമാകുമ്പോള്‍
യഥാതഥമായ ആവിഷ്‌കരണശൈലിയില്‍ സൃഷ്ടിച്ചെടുത്ത അതിവിശാലമായ ചിത്രമാണ് കെ.പി. റെജിയുടേത്. എണ്ണച്ചായം മാധ്യമമായിട്ടുള്ള ഈ ചിത്രം കാഴ്ചക്കാരനില്‍ വ്യത്യസ്തമായൊരു അനുഭൂതിതലമാണ് പകര്‍ന്നുനല്‍കുന്നത്. വളരെ വലിപ്പമേറിയ ചിത്രമായതിനാല്‍ ആസ്വാദനപ്രക്രിയയില്‍ കാഴ്ചക്കാരനും ചിത്രത്തിന്റെ ഭാഗമാകുന്ന ഒരവസ്ഥ സൃഷ്ടിക്കപ്പെടും. അങ്ങനെ കാഴ്ചക്കാരന്‍ ഇതിലെ മനുഷ്യരൂപങ്ങള്‍ക്കിടയിലേക്ക് കടന്നുചെല്ലുകയും കഥാപാത്രമായി മാറുകയും ചെയ്യുന്നു. അതായത് വിശാലദൃശ്യത്തിലെ ഘടകമായി കാഴ്ചക്കാരന്‍ മാറുന്നു. ചിത്രത്തിലെ വര്‍ണ്ണപ്രയോഗം, നിഴലിന്റേയും വെളിച്ചത്തിന്റെയും ക്രമീകരണം തുടങ്ങിയ ദൃശ്യഘടകങ്ങളുടെ സമര്‍ത്ഥമായ പ്രയോഗം രൂപങ്ങളെ കൂടുതല്‍ യഥാതഥവും സ്വാഭാവികവുമാക്കി മാറ്റുന്നു. പാശ്ചാത്യ ചിത്രകാരന്‍ ഗോഗിന്റെ ചില വര്‍ണ്ണപ്രയോഗവുമായി ചിത്രത്തിലെ വര്‍ണ്ണപ്രയോഗത്തിന് സാമ്യം തോന്നിയേക്കാം.
പ്രാദേശികവും ആപേക്ഷികവുമായ ജീവിതമുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ മധ്യതലത്തിലായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷം ഇതില്‍ ദര്‍ശിക്കുവാന്‍ സാധിക്കും. പ്രാദേശിക ജീവിതങ്ങള്‍ വളരെ യാഥാര്‍ത്ഥ്യബോധത്തോടുകൂടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എങ്കിലും നഗരവല്‍ക്കരണത്തിന്റെ ചില സൂചനകള്‍ ചിത്രത്തിന്റെ പിന്‍തലത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രകൃതിയുമായും മറ്റു ജീവജാലങ്ങളുമായും ഒത്തിണങ്ങി സഹവര്‍ത്തിത്വത്തോടുകൂടി ഒരു വിഭാഗം ജനങ്ങള്‍ ജീവിതം നയിക്കുമ്പോള്‍, അതിനു സമാന്തരമായി പ്രകൃതിയെ ചൂഷണവിധേയമാക്കിക്കൊണ്ട് പുരോഗമന പ്രവര്‍ത്തനങ്ങളുമായി മറ്റൊരു വിഭാഗം ജനങ്ങള്‍ മുന്നേറുന്ന കാഴ്ചയാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ പ്രത്യക്ഷപ്പെടുന്ന നാട്ടിന്‍പുറങ്ങളിലെ ജീവിതങ്ങള്‍ പ്രകൃതിയുമായി ഗാഢബന്ധം പുലര്‍ത്തുന്നവയാണ്. പ്രകൃതിയില്‍നിന്നും വേറിട്ടൊരു ജീവിതം ഇതിലെ മനുഷ്യര്‍ക്ക് സാധ്യമല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കും. നഗരവല്‍ക്കരണം ദ്രുതഗതിയില്‍ നടക്കുമ്പോഴും അതിന്റെ പ്രതിഫലനങ്ങള്‍ ഇവരില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല. എന്നാല്‍, ഈ ജീവിതങ്ങളെ ആപേക്ഷികം മാത്രമാക്കിക്കൊണ്ട് ഭീഷണിയുമായി പ്രകൃതിദുരന്തത്തിന്റെ സൂചനകള്‍ രചനയില്‍ പ്രതിബിംബിക്കുന്നുണ്ട്. നഗരജീവിതം നയിക്കുന്ന ന്യൂനപക്ഷത്തേക്കാള്‍ ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ ജീവിതമാണ് റെജി തന്റെ രചനയില്‍ മുഖ്യമായും കൊണ്ടുവന്നിരിക്കുന്നത്. ചിത്രത്തിന്റെ മുന്‍തലത്തിലായി മുറിഞ്ഞ ചിറയില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരൂപം കീഴാളചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കേരളത്തില്‍ ജന്മിത്തം നിലനിന്നിരുന്ന കാലത്ത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കുടിയാന്മാരുടെ ജീവിതം വളരെ ദുരിതം നിറഞ്ഞതായിരുന്നു. മേലാളന്മാരുടെ കൊടിയ മര്‍ദ്ദനത്തിന്‍ കീഴില്‍ വളരെ ദയനീയമായ ജീവിതമാണ് ഇക്കൂട്ടര്‍ നയിച്ചിരുന്നത്. ഇത്തരം അധീശ ശക്തികളുടെ ആക്രമണത്തിനിരയായി നിരവധി കീഴാളജീവിതങ്ങള്‍ പലയിടങ്ങളിലും ബലികൊടുക്കേണ്ടതായി വന്നിട്ടുണ്ട്. ഇവിടെ ചിത്രതലത്തില്‍ ചേര്‍ത്തിരിക്കുന്ന ചരിത്രഖണ്ഡം പടിഞ്ഞാറന്‍ കൊച്ചിപ്രദേശത്തു നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. 'ചാത്തന്‍' എന്ന ദളിത് യുവാവിനെ അധീശ ശക്തികളുടെ ആക്രമണത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ വാമൊഴിചരിത്രമാണ് ഇതിനാധാരം. സ്മരണയിലൂടെയാണ് ഈ പ്രാദേശിക ചരിത്രം ഉയര്‍ന്നുവരുന്നത്. മേല്‍പ്രസ്താവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ചാത്തനെപ്പോലുള്ള നിരവധിയാളുകള്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലും ദാരുണാന്ത്യം വിധിക്കപ്പെട്ടവരായിട്ടുണ്ട്. എന്നാല്‍, ഈ സംഭവങ്ങളൊന്നുംതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ ചാത്തനെ കൃഷിയിടത്തിലെ മടയില്‍ വെട്ടിക്കുഴിച്ചു മൂടുകയാണുണ്ടായത്. അങ്ങനെ കുഴിച്ചുമൂടപ്പെട്ട പ്രാദേശിക ചരിത്രമാണ് ചിത്രത്തിലൂടെ തെളിഞ്ഞുവരുന്നത്. കാര്‍ഷിക പാരമ്പര്യം ശക്തമായി വേരോടിയിരുന്ന കേരളത്തില്‍ കൃഷിയെ ജീവിതം തന്നെയായി ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ കണ്ടിരുന്നു.
ആധുനികതയുടെ ചരിത്രബോധം ദേശരാഷ്ട്ര സങ്കല്പങ്ങള്‍ക്കനുസൃതമാണ്. സാമ്രാജ്യത്വ ചരിത്രം, ഭാരതത്തിന്റെ ചരിത്രം, രാജാക്കന്മാരുടെ ചരിത്രം തുടങ്ങിയവയാണ് നമ്മുടെ മുഖ്യധാരാ ചരിത്രപദ്ധതിയില്‍ രേഖപ്പെടുത്തിവരുന്നത്. ഈ വരമൊഴി ചരിത്രത്തില്‍ പ്രാദേശിക ഇടങ്ങള്‍ സാധാരണയായി കടന്നുവരാറില്ല. കീഴടക്കപ്പെട്ടവരെ കീഴടക്കിയവരാല്‍ പകരംവയ്ക്കുന്ന ഈ ചരിത്രബോധം അധീശത്വ സ്വഭാവമുള്ളതാണ്. അധികാര ശക്തികളെ കേന്ദ്രീകരിക്കുന്ന ഈ ചരിത്രപദ്ധതിയില്‍ കീഴടക്കപ്പെട്ടവര്‍ സാധാരണയായി സ്ഥാനം പിടിക്കാറില്ല. അധീശവര്‍ഗ്ഗത്തിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന എത്രയോ ജനവിഭാഗങ്ങള്‍ നമ്മുടെ ചുറ്റുപാടുമുള്ള പല പ്രദേശങ്ങളിലും ഒതുങ്ങിക്കൂടുന്നു. ഇങ്ങനെ അടിച്ചമര്‍ത്തലിനു വിധേയരായ ആളുകളേയോ അവരുടെ ചുറ്റുപാടുകളേയോ നിലനില്‍ക്കുന്ന ചരിത്രാത്മകപദ്ധതി പരിഗണിക്കാറില്ല. ഇതിനിടയില്‍ എത്രയോ ജീവിതങ്ങളെ ഇല്ലായ്മചെയ്യുകയും കുഴിച്ചുമൂടുകയും ചെയ്യുന്നു. ഇങ്ങനെ ചരിത്രരേഖകളില്‍ ഇടംപിടിക്കാത്ത കുഴിച്ചുമൂടപ്പെട്ട പ്രാദേശികരൂപത്തിലുള്ള കീഴാള ചരിത്രസംഭവത്തെയാണ് റെജി ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നത്. സ്മരണകളിലൂടെയും കൈമാറിവന്ന വാമൊഴിചരിത്രത്തിലൂടെയുമാണ് ഈ ചരിത്രസംഭവം വെളിപ്പെടുന്നത്. സ്മരണകളിലൂടെ തെളിഞ്ഞുവരുന്ന ഈ ചരിത്രസംഭവത്തിനു തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറായിവരുന്ന വരമൊഴി ചരിത്രത്തേക്കാള്‍ സമഗ്രതയും അനുഭവപരിവേഷവും കൂടുതലായിരിക്കും. ഇന്ന് ആധുനികാനന്തര ചിന്തയില്‍ സ്മരണകളും ഐതിഹ്യങ്ങളും ചരിത്രനിര്‍മ്മാണത്തിന്റെ സ്രോതസ്സായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ മുഖ്യധാര വിസമ്മതിച്ച ചരിത്രസംഭവത്തെ ചിത്രതലത്തില്‍ പ്രതിഷ്ഠിക്കുകവഴി വര്‍ത്തമാനകാലത്തില്‍ പുതിയ ദൗത്യം ഇവയ്ക്ക് നിറവേറ്റേണ്ടതായിവരുന്നു.
അധികാരത്തിന്റെ കാരുണ്യമില്ലാത്ത ദുഷിച്ച പ്രവര്‍ത്തനങ്ങള്‍ എവിടെയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റേയോ മതത്തിന്റേയോ പേരില്‍ അധികാരം ലഭിച്ചവര്‍ മറ്റുള്ളവരെ പീഡിപ്പിക്കുന്നു. ധാര്‍മ്മികതയും നീതിബോധവുമെല്ലാം അധികാരത്തിന്റെ മുന്‍പില്‍ നിഷ്പ്രഭമാകുന്നത് ലോകത്തെവിടെയും കാണാം. വ്യക്തിയുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുംമേല്‍ വിപത്തുയര്‍ത്തിക്കൊണ്ട് അധികാരം നിലയുറപ്പിക്കുന്നു. മനുഷ്യസംസ്‌കാരത്തിനു മേലേ ഇത് ആശങ്ക പടര്‍ത്തുന്നു. ലളിതമായി ജീവിതം നയിക്കുന്ന സാധാരണക്കാരന്റെ നിലനില്‍പ്പിനെത്തന്നെ ഭരണകൂടത്തിന്റെ അധികാരം നിലനിര്‍ത്തുന്നതിനായുള്ള പ്രത്യയശാസ്ത്ര നിര്‍മ്മിതികള്‍ ദോഷകരമാക്കുന്നു. അധികാരവര്‍ഗ്ഗത്തിന്റെ പീഡനത്തിനിരയായി ജീവിതം ഹോമിക്കപ്പെട്ട വ്യക്തിയെയാണ് മറഞ്ഞുപോയ ചരിത്രത്തില്‍നിന്നും അടര്‍ത്തിയെടുത്ത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തിലെന്നപോലെ വര്‍ത്തമാന കാലഘട്ടത്തിലും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അന്ന് ജന്മികള്‍ നടത്തിയ, കുടിയാന്മാരേയും മറ്റും ചൂഷണ വിധേയമാക്കുന്ന പ്രവര്‍ത്തനം ഇന്ന് മുതലാളിവര്‍ഗ്ഗം ഏറ്റെടുത്ത് സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കുന്നു എന്നുമാത്രം. രണ്ടിടത്തും അധികാരവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും സാധാരണക്കാരുടെ ജീവിതവും നിലനില്‍പ്പും അപകടത്തിലാവുകയും ചെയ്യുന്നു. അധീശവര്‍ഗ്ഗം അവരുടെ സ്വാര്‍ത്ഥതാല്പര്യവും ഇഷ്ടാനിഷ്ടങ്ങളും സംരക്ഷിക്കാന്‍ മറ്റുള്ളവരുടെമേല്‍ എന്തു ദൂഷിത പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കും. അങ്ങനെ പാപഭാരമേല്‍ക്കേണ്ടിവന്ന സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ചില സൂചനാബിംബങ്ങള്‍ ചിത്രത്തിലുണ്ട്. ഇവിടെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഉറ്റുനോക്കി, മനുഷ്യാവസ്ഥ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് കലാകാരന്‍ അന്വേഷിക്കുന്നത്. ചരിത്രത്തിന്റെ അബോധതലത്തിലേക്കും രാഷ്ട്രീയഘടനയുടെ ആന്തരികതയിലേക്കുമാണ് ഈ സൃഷ്ടി കടന്നുചെല്ലുന്നത്. ചരിത്രത്തില്‍ മറഞ്ഞുപോയ മനുഷ്യാവസ്ഥയുടെ തീവ്രവും കഠിനവുമായ വ്യഥകളിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.
രണ്ടു കാലങ്ങളുടെ ആവിഷ്‌കാരം
ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും ചിത്രതലത്തില്‍ സംയോജിപ്പിക്കുന്നതിനു പ്രത്യേക തരത്തിലുള്ള ആവിഷ്‌കരണരീതിയാണ് റെജി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സ്മരണയിലൂടെ തെളിഞ്ഞുവരുന്ന ഭൂതകാല ചരിത്രത്തിന്റെ തുടര്‍ച്ചയെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരുവാന്‍ റെജി ശ്രമിക്കുന്നുണ്ട്. രണ്ടു കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ ഏകകാലത്ത് സംഭവിച്ച രീതിയിലാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവ രണ്ടും ഏകകാലത്ത് നടന്ന പ്രക്രിയയായി തോന്നിച്ചേക്കാം. അതിനായി 'ഏകബിന്ദുകാഴ്ചവട്ട'ത്തെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ ഭൂതകാലത്തിലെ കീഴാളനായ മനുഷ്യന്‍ ചിത്രപ്രതലത്തിന്റെ മുന്‍തലത്തില്‍ വരുന്നത് വര്‍ത്തമാനകാലത്തിന്റെ ഭാഗമായിട്ടാണ്. മുന്‍പ് ഗോഥിക് കാലഘട്ടത്തിലെ ചില ചിത്രങ്ങളില്‍, വിവിധ കാലഘട്ടത്തിലെ സംഭവങ്ങളെ ഒറ്റ പ്രതലത്തില്‍ ചിത്രീകരിച്ചിരിക്കുന്നതു കാണാം. എന്നാല്‍, അവ വിവിധ കാലഘട്ടത്തിലെ സംഭവങ്ങളായിത്തന്നെ ചിത്രപ്രതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതിനായി 'അനേകബിന്ദു കാഴ്ചവട്ടത്തെ'യാണ് ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഈ ആവിഷ്‌കരണരീതി പിന്നീട് പല ചിത്രകാരന്മാരും തങ്ങളുടെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. റെജി തന്റെ ചിത്രത്തില്‍, ഏകബിന്ദു കാഴ്ചവട്ടത്തിലൂടെ വിവിധകാല സംഭവങ്ങളെ ഏകകാലത്ത് സംഭവിച്ചതായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സവിശേഷതയാര്‍ന്ന ചിത്രണരീതി മുന്‍പ് പാശ്ചാത്യ ഭൂഭാഗചിത്രകാരനായ പാറ്റ്‌നീറിന്റെ 'ലാന്‍ഡ്‌സ്‌കേപ് വിത്ത് സെയിന്റ് ജെറോം' എന്ന ചിത്രത്തിലും കാണാന്‍ സാധിക്കും. 1518'19 കാലഘട്ടത്തില്‍ ജോക്കിം പാറ്റ്‌നീര്‍ രചിച്ച ഈ ഭൂഭാഗചിത്രം പനോരമ വിഭാഗത്തിലുള്ള ഒന്നാണ്. വളരെ ദൂരെയായി ഇതില്‍ ചക്രവാളം കാണാം. മൈതാനം, കൃഷിയിടം, ഗ്രാമം, നഗരം, പര്‍വ്വതങ്ങള്‍, കാട് തുടങ്ങിയ ബിംബങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിന്റെ മുന്‍തലത്തിലായി ജെറോം എന്ന സന്ന്യാസി സിംഹത്തിന്റെ നഖം തടവി അതിനെ പരിചരിക്കുന്ന ദൃശ്യം കാണാം. അതുപോലെ ചിത്രത്തിന്റെ വലതുഭാഗത്ത് കുന്നിന്റെ മുകളിലായി വ്യാപാരികളുടെ നിരയില്‍ വരുന്ന കഴുതയെ ആക്രമിക്കുന്ന സിംഹത്തേയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ചിത്രതലത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി ദൂരെ വളരെ ചെറുതായി കാണുന്ന പള്ളിയുടെ മുന്‍പിലും സിംഹം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്രകാരം മൂന്ന് ഭാഗങ്ങളില്‍ മൂന്ന് തരം പ്രവൃത്തികളില്‍ സിംഹത്തെ കാണാം. അതായത്, 'സെയിന്റ് ജെറോ'മിന്റെ ജീവിതത്തിലെ വിവിധകാല സംഭവങ്ങളെ ഏകകാലത്ത് സംഭവിക്കുന്നതായിട്ടാണ് ഈ ഭൂഭാഗദൃശ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രതലത്തിലെ ആവിഷ്‌കരണസങ്കേതം അങ്ങനെ പാറ്റ്‌നീറിന്റെ ചിത്രവുമായി സാമ്യം പുലര്‍ത്തുന്നു.
മനുഷ്യാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന അധികാരത്തിന്റെ സംഹാരരൂപം ചരിത്രത്തിലെന്നപോലെ വര്‍ത്തമാനകാലത്തും തുടരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ദൃശ്യതലത്തില്‍ സാക്ഷാല്‍ക്കരിക്കുന്നതിനാണ് മേല്‍പ്രസ്താവിച്ച സങ്കേതം ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഭൂതകാലമായി രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യരൂപവും അതിനെ ഉള്‍ക്കൊള്ളുന്ന, ബാക്കിവരുന്ന കരഭാഗവും വര്‍ണ്ണവിന്യാസത്തില്‍ നിഴലിന്റെ പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. അങ്ങനെ ഓര്‍മ്മകളിലൂടെ തെളിഞ്ഞുവരുന്ന ചരിത്രം അനാവൃതമാവുകയാണിവിടെ. അതായത് ചിത്രത്തിന്റെ മുന്‍തലത്തിലെ ഓര്‍മ്മയിലാണ്ടുകിടക്കുന്ന കീഴാളജീവിതം ഇരുണ്ട നിറങ്ങളില്‍ കാണപ്പെടുന്നു. മധ്യതലത്തില്‍ സൂചിപ്പിക്കുന്ന സാധാരണക്കാരുടെ വര്‍ത്തമാനജീവിതം ഭൂതകാലത്തെ അപേക്ഷിച്ച് അല്പംകൂടി തെളിഞ്ഞ നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ കാണുന്ന നഗരജീവിതത്തെ തെളിഞ്ഞതും ദൃശ്യവിശദാംശം കുറഞ്ഞതുമായ രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതായത്, അധീശസംസ്‌കാരം സൃഷ്ടിച്ച നഗരജീവിതം ആഴമില്ലാത്തതും പരന്നതുമാണെന്ന സൂചനയാണ് വര്‍ണ്ണപ്രയോഗത്തിലൂടെ ചിത്രം നല്‍കുന്നത്. കൃത്യതയാര്‍ന്നതും സമര്‍ത്ഥവുമായ വര്‍ണ്ണപ്രയോഗം പ്രമേയത്തിന്റെ സൗന്ദര്യത്തേയും അര്‍ത്ഥസംപുഷ്ടിയേയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്തിന്റെ ദൂഷ്യങ്ങളെ പ്രാദേശിക ചരിത്രത്തിലൂടെ പ്രതിരോധിക്കുകയാണ് ചിത്രത്തില്‍. ചരിത്രത്തെ വര്‍ത്തമാനത്തിലേക്ക് ഇണക്കിച്ചേര്‍ക്കുക വഴി ചരിത്രവും പ്രതിരോധവും സമന്വയിക്കുകയാണിവിടെ. അതുവഴി ചിത്രം രാഷ്ട്രീയമാനം കൈവരിക്കുകയും ആധുനികോത്തരമായൊരു കലാസൃഷ്ടിയായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം നിരവധി തലങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ ചിത്രം ഒരു നാനാവായനാപാഠമായിത്തീരുന്നത്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
