കേരളത്തില്‍ യുദ്ധവിരുദ്ധ ചുവരെഴുത്തുകളില്ല, എന്തുകൊണ്ട്?

റഷ്യ യുക്രൈനെ ആക്രമിക്കുമ്പോള്‍ കേരളത്തിലെ തെരുവുകള്‍ ശൂന്യമാണ്. യുദ്ധവിരുദ്ധ ചുവരെഴുത്തുകള്‍ എവിടെയുമില്ല. മുസ്ലിം സംഘടനകള്‍ മാത്രമല്ല, എല്ലാവരും മൗനം പാലിക്കുന്നു
കേരളത്തില്‍ യുദ്ധവിരുദ്ധ ചുവരെഴുത്തുകളില്ല, എന്തുകൊണ്ട്?

മേരിക്കയും സഖ്യസേനയും ആകാശയുദ്ധത്തിലൂടെ ഇറാഖിനെ കീഴ്മേല്‍ മറിച്ചിടുമ്പോള്‍ ''അമേരിക്ക ഇറാഖിനെ തൊട്ടുപോകരുത്!'' എന്ന മുദ്രാവാക്യവുമായി കേരളത്തിലെ തെരുവുകളില്‍ ഇടതുപക്ഷവും മുസ്ലിം യുവജന സംഘടനകളും പ്രകടനം നയിച്ചു. സദ്ദാം കവല, സദ്ദാം മുക്ക്, സദ്ദാം റോഡ് - ഇങ്ങനെ ഒരു സുപ്രഭാതത്തില്‍ കേരളത്തില്‍ 'സദ്ദാം സ്ഥലനാമ'ങ്ങള്‍ കൊണ്ടു നിറഞ്ഞു. ഇറാഖ് ഒരിക്കലും കീഴടങ്ങുകയോ തോല്‍ക്കുകയോ സദ്ദാം ഒളിച്ചു പാര്‍ക്കുകയോ ചെയ്യുമെന്ന വിചാരം മൂന്നാം ലോക രാജ്യങ്ങളില്‍ പലരുടേയും സ്വപ്നത്തിന്റെ അരികിലൂടെപോലും കടന്നുപോയിരുന്നില്ല. ഇറാഖ് എന്നേക്കുമായി സമ്പൂര്‍ണ്ണമായി തകര്‍ന്നു. സദ്ദാം അമേരിക്കന്‍ സൈന്യത്താല്‍ പിടിക്കപ്പെട്ടു. യുദ്ധം നയിച്ചു പരാജിതനായ സദ്ദാമിനേക്കാള്‍, ഇളം ചിരിയോടെ 'ദൈവസാക്ഷ്യം' ചൊല്ലി, കഴുമരത്തിലേക്ക് നടന്നുപോയ സദ്ദാം, അമേരിക്കയെ മാത്രമല്ല, സഖ്യരാജ്യങ്ങളേയും തോല്‍പ്പിച്ചു. സദ്ദാം എന്ന ഭരണാധിപന്‍, ഏകാധിപതി, ഇടുങ്ങിയ മനുഷ്യവാസയോഗ്യമല്ലാത്ത ബങ്കറില്‍നിന്നു പിടിക്കപ്പെട്ട വെറുമൊരു നിസ്സഹായനായ പ്രജ - ഉള്ളുലയ്ക്കുന്ന ആ വധശിക്ഷയ്ക്കു ശേഷം അതിര്‍ത്തികളില്ലാത്ത ഒരു രാജ്യത്തിന്റെ പേര് പോലെയായി. കേരളത്തിലെ സദ്ദാം സ്ഥലനാമങ്ങള്‍ ആ ധീരമായ ഓര്‍മ്മയുടെ നിത്യസ്മാരകങ്ങളായി.

ഇറാഖിനെ അമേരിക്ക ആക്രമിക്കുമ്പോള്‍ 'ഇസ്ലാമി'നെയാണ് ഉന്നംവെയ്ക്കുന്നത് എന്ന് ജോര്‍ജ് ബുഷിന്റെ പ്രസ്താവനകളില്‍നിന്നുതന്നെ ബോധ്യപ്പെട്ടിരുന്നു. ബുഷിന്റെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ട യുദ്ധദേവതമാര്‍ മാരകമായ പ്രവചനങ്ങള്‍ നടത്തിയതുപോലെയായിരുന്നു, ആ പ്രസ്താവനകള്‍. അതുകൊണ്ടുതന്നെ സദ്ദാം ഒരു മുസ്ലിം പ്രതീകമായി. കേരളത്തിലെ സ്ഥലനാമങ്ങള്‍ക്കു പിന്നിലും ആ മുസ്ലിം പ്രതീക നിര്‍മ്മിതിയുണ്ട്. മുസ്ലിം/ഇസ്ലാം രക്തസാക്ഷി - സദ്ദാമിന്റെ പേര് ഇതിലാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ശഹീദ് സദ്ദാം.

എന്നാല്‍, ഇപ്പോള്‍ റഷ്യ യുക്രൈനെ ആക്രമിക്കുമ്പോള്‍ കേരളത്തിലെ തെരുവുകള്‍ ശൂന്യമാണ്. യുദ്ധവിരുദ്ധ ചുവരെഴുത്തുകള്‍ എവിടെയുമില്ല. മുസ്ലിം സംഘടനകള്‍ മാത്രമല്ല, എല്ലാവരും മൗനം പാലിക്കുന്നു. കാരണം:

ഒന്ന്:
യുക്രൈന്‍ ഒരു ഇസ്രയേല്‍ പക്ഷപാതിത്വ രാജ്യമാണ്. അതുകൊണ്ട് യുക്രൈന്‍ ജനത യുദ്ധം അര്‍ഹിക്കുന്നു. യുക്രൈന്‍ പ്രസിഡണ്ട് ജൂതനാണ്. പലസ്തീന്‍ എരിയുമ്പോഴൊക്കെ അവര്‍ മൗനം പാലിച്ചു. 

രണ്ട്:
സുന്നികള്‍ക്ക് റഷ്യയോട് പരിഭവമില്ല. വഹാബികള്‍ മുസ്ലിങ്ങളേയോ ഇസ്ലാമിക പ്രതീകങ്ങളേയോ നശിപ്പിച്ചത്രയും പുടിന്റെ റഷ്യ യുക്രൈനെ നശിപ്പിക്കില്ല. യുക്രൈനില്‍ തകര്‍ക്കപ്പെടുന്നത് ഇസ്ലാമല്ല. വഹാബികള്‍ ഇസ്ലാം പ്രതീകങ്ങള്‍ തച്ചുടച്ചതുപോലെ റഷ്യ ചെയ്യില്ല.

മൂന്ന്:
സ്വന്തം അയല്‍രാജ്യം എന്നെങ്കിലും അമേരിക്കയുടേയോ സഖ്യരാജ്യങ്ങളുടേയോ താവളമായിത്തീരുമെന്ന റഷ്യയുടെ ഭയം യുക്തിഭദ്രമാണ്.

നാല്:
സൗദിപോലും മൗനം പാലിക്കുമ്പോള്‍ മുസ്ലിങ്ങള്‍ എന്തിനു യുദ്ധത്തെ അപലപിക്കണം?

സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.എസ്.എഫ്, എസ്.കെ. എസ്.എസ്.എഫ്, ജമാഅത്തെ ഇസ്ലാമി, എം.എ.എസ്.എഫ്, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ തുടങ്ങി ചുവരെഴുതാനും പ്രകടനം നയിക്കാനും വിഭവശേഷിയുള്ള മുസ്ലിം സംഘടനകള്‍ ഒരു യുദ്ധവിരുദ്ധ പോസ്റ്റര്‍പോലും എഴുതാതിരുന്നത് മേല്‍പ്പറഞ്ഞ കാരണങ്ങളാലാണ്.

എന്നാല്‍, 'മുസ്ലിം യുവജനസംഘടനകള്‍' അത്രയൊന്നുമില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും റഷ്യയില്‍ തന്നെയും യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ നടക്കുന്നു. കുട്ടികളും സ്ത്രീകളും യുവജനങ്ങളും 'യുദ്ധം നിര്‍ത്തൂ' എന്നു തെരുവുകളില്‍നിന്ന് ആര്‍ത്തുവിളിക്കുന്നു. ഇതേ പ്രകടനം, ഇറാഖ് ആക്രമിക്കപ്പെട്ടപ്പോഴും അവര്‍ നയിച്ചിരുന്നു. യുദ്ധം ജനതയെ, രാഷ്ട്രത്തെ, പരിസ്ഥിതിയെ, ജീവജാലങ്ങളെ അനാഥമാക്കുന്നു എന്ന് അവര്‍ക്കറിയാം. ജന്മസിദ്ധമായി പകര്‍ന്നുകിട്ടിയ മാനവിക ബോധം യൂറോപ്പില്‍ മിക്കവാറും (അതെ, മിക്കവാറും) എന്നുമുണ്ടായിരുന്നു. മതാത്മകമല്ലാത്ത മാനവികതയാണത്. 'യുദ്ധം കൊടുമ്പിരികൊണ്ട പോര്‍മുഖങ്ങളില്‍നിന്നു പലായനം ചെയ്തവര്‍ക്ക് അഭയവും അന്നവും പൗരത്വവും നല്‍കിയ പാരമ്പര്യം പേറുന്ന ജനതയാണവര്‍. മതമോ മതരാഷ്ട്രങ്ങളോ ആര്‍ക്കും അത്രയും അഭയം നല്‍കിയിട്ടില്ല. ആരെയും സ്‌നേഹിക്കാതെ, എല്ലാവരേയും സ്‌നേഹിക്കണമെന്നു ബഡായി പറയും.

ഇസ്രയേലിനോട് കൂറുണ്ട് എന്നതുകൊണ്ടുമാത്രം യുക്രൈന്റെ മുറിവുകള്‍ യുദ്ധത്തിന് അനുകൂലമായ പക്ഷപാതപരമായ മൗനത്തിനു കാരണമായി മാറാമോ? ഇസ്ലാമിന്റെ പ്രതീകങ്ങളില്ലാത്ത രാജ്യമെന്നതുകൊണ്ട് യുദ്ധവിരുദ്ധ ചുവരെഴുത്തൊന്നും വേണ്ട എന്നു വിചാരിക്കാമോ?

ഓട്ടോമന്‍ തുര്‍ക്കികളുടെ ചരിത്രം പഠിക്കുമ്പോള്‍ 1677-'81-നിടയില്‍ റഷ്യയുമായുണ്ടായ യുദ്ധത്തിലാണ് ഉക്രൈന്‍ ഓട്ടോമന്‍ (ഉസ്മാനിയ) സാമ്രാജ്യത്തിന് നഷ്ടമാവുന്നത്. യുദ്ധവിരുദ്ധ പ്രകടനം നയിക്കാനും ചുവരെഴുതാനും മതാത്മക കാരണം തിരയുകയാണെങ്കില്‍, യുക്രൈനിലും ഇസ്ലാമിക ഭൂതകാലമുണ്ടായിരുന്നു എന്നു പറയാം.

യുദ്ധത്തിന് എന്നും ഒരു കാരണമേയുണ്ടായിരുന്നുള്ളൂ, ആധിപത്യവാസന. മുറിവുകളുടെ അവശേഷിപ്പുകളാണ് ഓരോ യുദ്ധവും ബാക്കിവെയ്ക്കുന്നത്. ഇപ്പോള്‍ മുസ്ലിം രാജ്യമല്ലെങ്കിലും ഇസ്രയേല്‍ പക്ഷപാതിത്വം കാണിക്കുന്നുണ്ടെങ്കില്‍പോലും യുക്രൈനോടൊപ്പമാണ് ലോകം നില്‍ക്കേണ്ടത്, മുസ്ലിങ്ങളും.

യുദ്ധമുഖത്ത് യുക്രൈന്‍ പൗരന്റെ തന്തയ്ക്ക് വിളിക്കുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ മുഖം അതിനിടയില്‍ ഒരു മലയാളം ചാനലില്‍ ലൈവ് ആയി കണ്ടു. ''അല്പം ശബ്ദം താഴ്ത്തി സംസാരിക്കൂ'' എന്നു മലയാളിയോടു പറഞ്ഞതിനാണ് യുക്രൈന്‍ പൗരന്‍ ആ തന്തവിളി കേട്ടത്. 'ഒച്ചവെയ്ക്കാതെ കാര്യങ്ങള്‍ പറയുക' എന്നതു ചില സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന പ്രാഥമിക മര്യാദയാണ്. നീട്ടിവെയ്ക്കുന്ന അവസരങ്ങള്‍ മലയാളികളുടെ രീതിയുമാണ്. യുദ്ധം ഇതാ ആസന്നമായി എന്നു ലോകമാധ്യമങ്ങള്‍ നിരന്തരം പറയുന്നുണ്ടായിരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തേക്കും പറക്കാന്‍ എയര്‍പോര്‍ട്ട് തുറന്നുവെച്ച ആ സന്ദര്‍ഭങ്ങളില്‍, ''അഥവാ, യുദ്ധം നടന്നില്ലെങ്കില്‍ വിമാന ടിക്കറ്റിനു ചെലവായ തുക വെറുതെയാവുമല്ലൊ'' എന്നു ചിന്തിച്ച് അവസ്ഥകള്‍ക്കു തീ പിടിക്കുന്നതുവരെ കാത്തുനില്‍ക്കും. ജീവനുണ്ടെങ്കില്‍ ബാക്കിയെല്ലാമുണ്ട്, പരീക്ഷകള്‍ പിന്നെയും എഴുതാം, ആദ്യം സുരക്ഷിതരായിരിക്കുക- എന്ന ചിന്തകളിലേക്ക് പോകാതെ, അവസാനം വരെ, എയര്‍പോര്‍ട്ടുകള്‍ അടച്ചുപൂട്ടുന്നതുവരെ കാത്തിരിക്കും. സംശയമില്ല, ഏറെ വേദനാജനകമാണ് ഒറ്റപ്പെടലിന്റെ നിമിഷങ്ങള്‍. എങ്ങനെയായിരിക്കും ഒറ്റപ്പെട്ട നമ്മുടെ സഹജീവികള്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുക എന്ന ചിന്തപോലും ആശങ്കപ്പെടുത്തുന്നതാണ്.

യുദ്ധം എല്ലാ ജന്മവാസനകള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്നു. ഭാവി എന്ന ഭാരമുള്ള ചോദ്യത്തിനു മുന്നില്‍ വ്യക്തികളെ തനിച്ചു നിര്‍ത്തുന്നു.

പുലാക്കാട്ട് രവീന്ദ്രന്റെ ഒരു കവിതയാണ് ഓര്‍മ്മ വരുന്നത്:

എന്തിനു കൊല്ലണമെന്നതു ചോദ്യമ-
ല്ലെങ്ങനെ കൊല്ലണമെന്നേ ചോദ്യം.

കത്തിയാലൊറ്റക്കുത്തിനു 
ജീവന്‍ ചോര്‍ത്തല്‍
കൈബോംബറിയാതെ 
വെച്ചു പോകല്‍

കൈകൂപ്പിച്ചെന്നു 
നിറയൊഴിക്കല്‍, രാത്രി
കാണാതുറക്കത്തില്‍ ഞെക്കിക്കൊല്ലല്‍

പൊയ്മുഖമിട്ടു തലവെട്ട, ലന്യോന്യം
പോരാടി രണ്ടാളും ചത്തുവീഴല്‍

തീവിഷം നല്‍കിയാല്പാല്പമായ് 
കൊല്ലല്‍, ഹാ!
ജീവനോടേയെരി ചാമ്പലാക്കല്‍

എങ്ങനെ ജീവിപ്പതെന്നതു ചോദ്യമ-
ല്ലെന്തിനു ജീവിപ്പതെന്നേ ചോദ്യം.

കവിതയുടെ പേര്: ''എന്തിന്?''

നമുക്കും ചോദിക്കാം, ഈ യുദ്ധം എന്തിന്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com