'നൃത്തം ചെയ്യാന്‍ എനിക്കു സന്തോഷം, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നത് അഭിമാനം'

അച്ഛന്‍ വിജയനും അമ്മ ഗീതയുമാണ് ധന്യയെ പിന്തുണച്ചും സഹായിച്ചും ഈ നിലയിലേക്ക് എത്തിച്ചത്
'നൃത്തം ചെയ്യാന്‍ എനിക്കു സന്തോഷം, കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നത് അഭിമാനം'
Published on
Updated on

ധന്യ വിജയന്‍ 
(നൃത്താദ്ധ്യാപിക)

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ എല്ലാം വൈകിയാണ് ധന്യ ചെയ്തു തുടങ്ങിയത്. കമിഴ്ന്ന് കിടക്കാനും നടക്കാനും സംസാരിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും എല്ലാം. പരിശോധനയില്‍ ഡൗണ്‍ സിന്‍ഡ്രോം ഡിസോര്‍ഡര്‍ ആണെന്നു കണ്ടെത്തി. എന്നാല്‍, തന്റെ പരിമിതികളെ അവള്‍ പതുക്കെ മറികടക്കാന്‍ തുടങ്ങി. നൃത്തമായിരുന്നു അവള്‍ക്കു മുന്നിലുള്ള വഴി. വര്‍ഷങ്ങളോളമെടുത്ത് അവള്‍ പഠിച്ചു. നിരവധി വേദികളില്‍ അരങ്ങേറി. സമ്മാനങ്ങള്‍ നേടി. കോഴിക്കോട് കോട്ടൂളി സ്വദേശിയായ ധന്യ വിജയന്‍ ഇന്ന് ഡാന്‍സ് ടീച്ചറാണ്. മൂന്നു വര്‍ഷമായി നിരവധി കുട്ടികള്‍ ധന്യയില്‍നിന്നും നൃത്തച്ചുവടുകള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. നൃത്തത്തിനൊപ്പം നാടകാഭിനയവും ധന്യ ചെയ്തു തുടങ്ങി. വിദേശങ്ങളിലടക്കം നാടകവും നൃത്തവും അവതരിപ്പിച്ച് ആത്മവിശ്വാസത്തിന്റെ പ്രതീകമാവുകയാണ് ധന്യ. കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ഭിന്നശേഷി പുരസ്‌കാരത്തില്‍ സംസ്ഥാനതല മാതൃകാ വ്യക്തിത്വ അവാര്‍ഡിന് അര്‍ഹയായതും ധന്യയായിരുന്നു.

അച്ഛന്‍ വിജയനും അമ്മ ഗീതയുമാണ് ധന്യയെ പിന്തുണച്ചും സഹായിച്ചും ഈ നിലയിലേക്ക് എത്തിച്ചത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ധന്യയ്ക്ക് ഏറെക്കാലം സ്പീച്ച് തെറാപ്പി വേണ്ടി വന്നു. അങ്ങനെയാണ് കുറച്ചെങ്കിലും സംസാരിക്കാനായത് എന്ന് അച്ഛന്‍ വിജയന്‍ പറയുന്നു.

പത്തു വയസ്സൊക്കെ ആയപ്പോഴാണ് ധന്യ ഡാന്‍സിനോട് താല്പര്യം കാണിച്ചു തുടങ്ങിയത്. അങ്ങനെയാണ് ഡാന്‍സ് പഠിപ്പിച്ചാലോ എന്നാലോചിക്കുന്നത്. ഡാന്‍സ് സ്‌കൂളില്‍ ചെന്നു കുട്ടിയുടെ അവസ്ഥ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടിയാണ് പഠിപ്പിക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. നോക്കാം എന്ന മറുപടിയില്‍ ധന്യ ഡാന്‍സ് സ്‌കൂളിലെത്തി. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു. സ്റ്റെപ്പ് വെക്കാനും മുദ്രകള്‍ ചെയ്യാനും ഒക്കെ. പക്ഷേ, ക്രമേണ ധന്യ എല്ലാം തരണം ചെയ്തു. അങ്ങനെ സാധാരണ ഒരു ഡാന്‍സറെപ്പോലെ തന്നെ ധന്യ ചുവടുകള്‍ വെക്കാന്‍ തുടങ്ങി. ഭരതനാട്യവും മോഹിനിയാട്ടവുമാണ് പഠിച്ചത്. പല സ്റ്റേജുകളിലും അവതരിപ്പിച്ചു. ഡോ. ഷാജി തോമസ് ചെയര്‍മാനായ ദോസ്ത് എന്ന സംഘടനയുടെ ഡൗണ്‍സിന്‍ഡ്രോം ഡേ ആഘോഷത്തില്‍ ധന്യ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. അതിലൂടെ ചെന്നൈയില്‍ നടന്ന വേള്‍ഡ് ഡൗണ്‍സിന്‍ഡ്രോം കോണ്‍ഗ്രസ്സില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ധന്യയ്ക്കു ലഭിച്ചു. ധന്യയുടെ ലോകം വലുതായിക്കൊണ്ടിരുന്നു. നൃത്തത്തിനു പുറമെ നാടകത്തിലേക്കും തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിലും കൊയിലാണ്ടി ടൗണ്‍ഹാളിലും കണ്ണുരും വടകരയും നിരവധി സ്റ്റേജുകളില്‍ നിറഞ്ഞ സദസിനു മുന്നില്‍ ധന്യ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചു. നിഴല്‍, ചിരിയിലേക്കുള്ള ദൂരം, ഒരമ്മയുടെ കയ്യൊപ്പ് തുടങ്ങി അഞ്ച് നാടകങ്ങളില്‍ ധന്യ അഭിനയിച്ചു.

ഫോട്ടോ: ഇ ​ഗോകുൽ‌/ എക്സ്പ്രസ്
ഫോട്ടോ: ഇ ​ഗോകുൽ‌/ എക്സ്പ്രസ്

കോഴിക്കോട് ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള തണല്‍ എന്ന സ്ഥാപനത്തിലാണ് ധന്യ ഇപ്പോള്‍ നൃത്താധ്യാപികയായി ജോലി ചെയ്യുന്നത്. രണ്ട് ബാച്ചുകളിലായി ഭിന്നശേഷിയുള്ള കുട്ടികളെയാണ് ധന്യ പരിശീലിപ്പിക്കുന്നത്. പതിനേഴ് വര്‍ഷത്തോളം നൃത്തം പഠിച്ച ധന്യ മൂന്നു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. തണലിന്റെ നേതൃത്വത്തില്‍ ബഹറൈനിലും നാടകവും നൃത്തവും അവതരിപ്പിക്കാനും ധന്യയ്ക്ക് കഴിഞ്ഞു. ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും ധന്യയെ തേടിയെത്തിയത്.

അച്ഛന്റേയും അമ്മയുടേയും അഭിമാനം കൂടിയാണ് ധന്യ. പത്താംക്ലാസ്സ് വരെ സാധാരണ സ്‌കൂളിലാണ് മകള്‍ പഠിച്ചതെന്ന് ബി.എസ്.എന്‍.എല്‍. സബ് ഡിവിഷന്‍ എന്‍ജിനീയറായി റിട്ടയര്‍ ചെയ്ത അച്ഛന്‍ വിജയന്‍ പറയുന്നു.

'പറയഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ്സ് വരെ. അവിടെ ഭരതനാട്യത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ധന്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. സാധാരണ കുട്ടികള്‍ക്കൊപ്പം മത്സരിച്ചാണ് അവളത് നേടിയത്. ഡാന്‍സും അഭിനയവുമായിരുന്നു അവള്‍ക്കിഷ്ടം. തണലിന്റെ മലാപ്പറമ്പ് ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ധന്യയുടെ കഴിവു കണ്ട് സ്ഥാപനത്തിലെ ഭാരവാഹികള്‍ തന്നെയാണ് നിയമിച്ചത്. പത്താംക്ലാസ്സിനു ശേഷം അവള്‍ പഠിച്ചിട്ടില്ലായിരുന്നു. അങ്ങനെ ആ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ പഠിക്കാന്‍ ചെന്നതായിരുന്നു. അവിടെ നടന്ന പല പരിപാടികളിലും ധന്യ ഡാന്‍സ് അവതരിപ്പിച്ചിരുന്നു. അങ്ങനെയാണ് അവിടെത്തന്നെ അദ്ധ്യാപികയായി നിയമിക്കട്ടെ എന്ന് അവര്‍ ചോദിച്ചത്. ഭിന്നശേഷി കുട്ടികളുടെ പലതരത്തിലുള്ള വികാസത്തിനു ഡാന്‍സ് നല്ലതാണ്; തെറാപ്പിപോലെ. ഡാന്‍സ് കൊണ്ടാണ് ധന്യയിലും നല്ല മാറ്റങ്ങള്‍ ഉണ്ടായത്' വിജയന്‍ പറയുന്നു. നൃത്തം ചെയ്യാന്‍ എനിക്കു സന്തോഷമാണെന്ന് ധന്യ പറയുന്നു. 'കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നതില്‍ എനിക്ക് അഭിമാനമാണ്. എല്ലാ കുട്ടികളേയും എനിക്കിഷ്ടമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ സന്തോഷവതിയാണ്' ധന്യ പറയുന്നു. 

(തയ്യാറാക്കിയത് രേഖാചന്ദ്ര)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com