സമുദ്രനീലിമ
(എഴുത്തുകാരി)
സമുദ്രനീലിമയ്ക്ക് ഏറ്റവും ഇഷ്ടം ഭാഷയാണ്. തനിക്ക് ഏറ്റവും വഴങ്ങുന്ന രൂപത്തിലേക്ക് ഭാഷയെ എഴുതുന്നതാണ് സമുദ്രനീലിമയുടെ കവിതകള്‍. പതിനെട്ടാമത്തെ വയസ്സിലാണ് ആദ്യ കവിതാസമാഹാരം 'ഒറ്റയ്‌ക്കൊരു കടല്‍' പുറത്തിറങ്ങുന്നത്.
സ്‌കൂള്‍ കാലം തൊട്ടേ എഴുത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയാണ് കോഴിക്കോട് സ്വദേശിയായ സമുദ്രനീലിമ ശ്രദ്ധേയയായത്. അദ്ധ്യാപകനായ അച്ഛനിലൂടെയാണ് നീലിമ വായനയുടെ ലോകത്തിലേക്ക് ആദ്യമെത്തുന്നത്. അതിലൂടെയാണ് എഴുത്തിലേക്കെത്തുന്നതും. കഥകളെഴുതിയായിരുന്നു തുടക്കം. ഹൈസ്‌കൂള്‍ കാലത്താണ് കവിതയിലേക്ക് എഴുത്ത് മാറിയത്. കലോത്സവങ്ങളിലൊക്കെ കവിതയെഴുത്തില്‍ സമ്മാനം നേടിയ പശ്ചാത്തലത്തിലാണ് മാതൃഭൂമി ബുക്‌സിലൂടെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. ചെറുപ്രായത്തില്‍തന്നെ എഴുതിയ വരികളൊക്കെയും ശ്രദ്ധേയമായതോടെയാണ് മുന്‍പ് കവിതകള്‍ പ്രസിദ്ധീകരിച്ചു വന്നിട്ടില്ലെങ്കിലും ഒരു പുസ്തകം പുറത്തിറക്കാനുള്ള അവസരം സമുദ്രനീലിമയെ തേടിയെത്തിയത്.
വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെയാണ് ആദ്യ കവിതാപുസ്തകം പുറത്തിറങ്ങിയതെന്ന് നീലിമ പറയുന്നു, 'പുസ്തകം ഇറങ്ങിയതുകൊണ്ട് പിന്നീട് മാഗസിനുകളില്‍ കവിത പ്രസിദ്ധീകരിച്ചു വരണം എന്നൊന്നുമില്ല. ബുക്ക് വന്ന ശേഷം കുറച്ച് സമയമെടുത്തുതന്നെയാണ് മാഗസിനുകളിലൊക്കെ എന്റെ കവിത അച്ചടിച്ചു വരാന്‍ തുടങ്ങിയത്.'
കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജിലെ ബിരുദപഠനത്തിനു ശേഷം എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്ന് പി.ജി. നേടിയ നീലിമ ഇപ്പോള്‍ മദ്രാസ് ഐ.ഐ.ടിയില്‍ ഗവേഷകയാണ്.
എഴുത്തില്‍ സന്തോഷം കണ്ടെത്തുന്നയാളാണ് നീലിമ. 'ഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. കവി എന്നതിലുപരി എഴുതുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. കവിത കൊണ്ടുനടക്കാന്‍ എനിക്ക് കുറച്ചുകൂടി എളുപ്പമാണ്. അതുകൊണ്ട് ഞാന്‍ കവിതയെഴുതുന്നു' എന്നാണ് അവര്‍ പറയുന്നത്.
സ്ത്രീ എഴുത്തിനെക്കുറിച്ച് നീലിമയുടെ അഭിപ്രായം ഇങ്ങനെയാണ്: 'അനുഭവത്തിന്റെ ലോകം സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍നിന്നും വ്യത്യസ്തമായിരിക്കും. അതിന്റേതായ വ്യത്യാസം എഴുത്തിലും കാണും. എല്ലാവരും വ്യത്യസ്തമായ ജീവിതസാഹചര്യത്തിലും അനുഭവത്തിലും കൂടി വരുന്നതുകൊണ്ട് ഓരോരുത്തരുടേയും എഴുത്ത് വ്യത്യസ്തമായിരിക്കും. എനിക്ക് പറയാനുള്ളതായിരിക്കില്ല മറ്റൊരാള്‍ക്ക് പറയാനുണ്ടാകുക. അതുപോലെ തിരിച്ചും. ബുദ്ധിയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യാസമില്ല. പക്ഷേ, പ്രത്യേക സോഷ്യല്‍ കണ്ടീഷനിങ്ങിലൂടെ വളര്‍ന്നുവരുന്നതുകൊണ്ട് ചില സാഹചര്യങ്ങള്‍ പുരുഷനു കൂടുതലായി കിട്ടുന്നുണ്ട്. ആ സാഹചര്യങ്ങള്‍ ഒരു സ്ത്രീക്ക് കിട്ടിയിരുന്നെങ്കിലോ.
രാഷ്ട്രീയം എനിക്കു വളരെ താല്പര്യമുള്ള ഒരു മേഖലയാണ്. ഒരു സ്ത്രീ എങ്ങനെയാണ് അതിനെ വായിക്കുന്നത്, എങ്ങനെയാണ് ഇതുവരെ വായിച്ചതില്‍നിന്ന് മാറുന്നത് എന്നൊക്കെ എനിക്ക് വളരെ താല്പര്യമുള്ള മേഖലയാണ്. എഴുത്തിലും ഞാന്‍ അത് കുറേയൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വരുന്ന ചുറ്റുപാട്, എന്റെ ജാതി, മതം, ക്ലാസ്സ് ഇതെല്ലാം കൂടിച്ചേരുന്ന പോയിന്റില്‍ എനിക്ക് പറയാന്‍ പറ്റുന്ന കാര്യങ്ങളുണ്ടാവും. സമൂഹത്തിന്റെ മറ്റു കാര്യങ്ങളുമായി കണക്ട് ചെയ്ത് പറയാന്‍ പറ്റുന്നതുമുണ്ട്. അതാണ് ഞാന്‍ പറയുകയും എഴുതുകയും ചെയ്യുന്നത്. സ്ത്രീകളെഴുതിയത് കൊണ്ടുമാത്രം അംഗീകരിക്കപ്പെടും എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. ഒരു ചെറിയകൂട്ടം പുരുഷന്മാരുടെ കയ്യിലായിരുന്നു നമ്മുടെ എഴുത്തിന്റെ ലോകം. പുരുഷന്മാരാണ് അത് നിയന്ത്രിച്ചുകൊണ്ടിരുന്നത്. അതില്‍നിന്നു മാറി ആളുകള്‍ എഴുതുക എന്നതില്‍ അവര്‍ക്ക് പ്രശ്‌നമുണ്ടാവുക സ്വാഭാവികമാണ്. അതവഗണിക്കുക എന്നുമാത്രമേ ചെയ്യാന്‍ കഴിയൂ. സ്ത്രീകളുടേതല്ല പ്രശ്‌നം, ഈ പുരുഷന്മാരുടേതാണ്. അത് മാറാന്‍ അവരെന്തെങ്കിലും ചെയ്യുക എന്നതേ ഉള്ളൂ വഴി.
അടഞ്ഞതും ഫ്യൂഡലുമായ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍നിന്നും സ്ത്രീകള്‍ക്ക് മുന്നോട്ടുവരാന്‍ കൂടുതല്‍ പൊരുതേണ്ടിവരുമെന്ന് നീലിമ അഭിപ്രായപ്പെടുന്നു. 'കേരളം ഇപ്പോഴും ഒരു ഫ്യൂഡല്‍ സൊസൈറ്റിയാണ്. ജാതിയും മതവും ജെന്ററും ഒക്കെയുള്ള സ്ഥലമാണ്. നമ്മളും ഇതിനുള്ളില്‍ തന്നെയാണ് ജനിക്കുന്നതും ജീവിക്കുന്നതും. ഇതില്ല എന്നുപറഞ്ഞ് ഇതില്‍നിന്ന് വിട്ടുനിന്ന് എഴുതാനൊന്നും പറ്റില്ല.
'സ്ത്രീ എന്ന രീതിയില്‍ സമൂഹവുമായി ചേര്‍ന്നുപോകാന്‍ പ്രത്യേകിച്ച് വളരുന്ന സമയത്തൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. ഒരു ഫ്യൂഡല്‍ സമൂഹമായതിനാല്‍ നമ്മള്‍ പോകുന്ന സ്ഥാപനങ്ങളൊക്കെയും ആ ഒരു രീതിയിലാണ് വര്‍ക്ക് ചെയ്യുന്നത്. അത് നമ്മള്‍ കൂടുതല്‍ അനുഭവിക്കുന്നത് വളര്‍ന്നുവരുന്ന സമയത്താണ്. പിന്നെ നമ്മള്‍ അത് മറികടക്കും. ചിലപ്പോള്‍ ആ സിസ്റ്റവുമായി യോജിക്കും, അല്ലെങ്കില്‍ പൊരുതി മറ്റൊന്നാവും. എങ്ങനെയാണെങ്കിലും വേറൊരു രീതിയില്‍ നമ്മള്‍ ജീവിക്കാന്‍ പഠിക്കും. ഈ സമൂഹത്തില്‍നിന്ന് സ്ത്രീകള്‍ക്കും പ്രിവിലേജ് ഇല്ലാത്ത എല്ലാവര്‍ക്കും മുന്നോട്ടുവരാന്‍ നല്ല സ്ട്രഗിള്‍ ആവശ്യമുണ്ട്. സ്ട്രഗിള്‍ ചെയ്തുകഴിഞ്ഞവരുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നവരുണ്ട്. അത് നിരന്തരമായ ഒരു പ്രക്രിയയാണ്. പൊരുതുക എന്നുമാത്രമേ നമുക്ക് ചെയ്യാന്‍ കഴിയുള്ളൂ. പക്ഷേ, അതും നമുക്ക് എല്ലാവരോടും പറയാന്‍ പറ്റില്ല. ജീവിക്കാനുള്ള അവകാശം, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം, രാത്രി ഇറങ്ങിനടക്കാനുള്ള അവകാശം എന്നൊക്കെ പറയുന്നത് അടിസ്ഥാന മനുഷ്യാവകാശമാണ്. അതില്ലാതാവുന്ന ഒരു സമൂഹത്തില്‍ പൊരുതൂ പൊരുതൂ എന്ന് ഒരു സ്ത്രീയോട് പറയാന്‍ പറ്റുമോ എന്നും എനിക്ക് സംശയമുണ്ട്. ഇത് നമ്മള്‍ അര്‍ഹിക്കുന്നതും നമുക്ക് കിട്ടേണ്ടതുമാണ്. പക്ഷേ, ഇന്നത്തെ ഇന്ത്യയിലും കേരളത്തിലും ഭാവിയെക്കുറിച്ചാലോചിക്കുമ്പോള്‍ ഭയം കൂടിയുണ്ട്.'
(തയ്യാറാക്കിയത് രേഖാചന്ദ്ര)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക