സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ജയില്‍ അല്ല, വേണ്ടത് ജാമ്യം

പ്രഥമദൃഷ്ട്യാ/ സെബാസ്റ്റ്യന്‍ പോള്‍
സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ജയില്‍ അല്ല, വേണ്ടത് ജാമ്യം
Updated on
2 min read

നീതിയുടേയും നിയമവ്യാഖ്യാനത്തിന്റേയും അവസാന വാക്കായ സുപ്രീംകോടതി ചില നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ എന്തേ ഇത്ര വൈകി എന്നു ചോദിക്കാന്‍ തോന്നും. ഭരണഘടനയുടെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതി ഭരണഘടന വ്യക്തിക്ക് ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അവധാനതയും ജാഗ്രതയും കാണിക്കണം. കുറ്റാരോപിതന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പൊലീസ് പറഞ്ഞാല്‍ ജാമ്യം നിഷേധിക്കുകയും കസ്റ്റഡി നീട്ടിക്കൊടുക്കുകയും ചെയ്യുന്ന മജിസ്‌ട്രേട്ടുമാരാണ് നമുക്കുള്ളത്. 17 മാസത്തിനു ശേഷമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. അബ്ദുനാസര്‍ മഅ്ദനിക്ക് വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം ലഭിച്ച ജാമ്യം സ്വതന്ത്രമായി അനുഭവിക്കാന്‍ കഴിയാത്തവിധം വ്യവസ്ഥകള്‍ പലതുണ്ടായി. തുടരുന്ന തടവാണ് ഇന്ത്യന്‍ കോടതികള്‍ നല്‍കുന്ന ജാമ്യം.

അന്വേഷണവുമായി സഹകരിക്കുകയെന്നത് ജാമ്യം ലഭിക്കുന്നതിനുള്ള ഉപാധിയാണ്. കുറ്റാരോപിതന്‍ കുറ്റം സമ്മതിക്കുമ്പോഴാണ് പൊലീസിന്റെ നോട്ടത്തില്‍ അയാള്‍ അന്വേഷണവുമായി സഹകരിക്കുന്നത്. പൊലീസിനു നല്‍കുന്ന കുറ്റസമ്മതമൊഴി കോടതിയില്‍ സ്വീകാര്യമല്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ തൊണ്ടി കണ്ടെടുത്താല്‍ അക്കാര്യം കോടതി പരിശോധിക്കും. പൊലീസ് സ്ഥാപിച്ച തൊണ്ടി പ്രതിയുടെ സാന്നിധ്യത്തില്‍ കണ്ടെടുക്കുക മാത്രമാണ് മിക്ക കേസുകളിലും സംഭവിക്കുന്നത്.

കുറ്റാരോപിതനെക്കൊണ്ട് അയാള്‍ക്കെതിരെ സംസാരിക്കാന്‍ നിര്‍ബ്ബന്ധിക്കരുതെന്ന് ഭരണഘടന പറയുന്നു. ഭരണഘടനയ്ക്കുമേലെ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയില്‍നിന്നു മൂന്നാംമുറ ഉള്‍പ്പെടെയുള്ള നിര്‍ബ്ബന്ധം ചെലുത്തി കുറ്റസമ്മതമൊഴി വാങ്ങാന്‍ പൊലീസ് ശ്രമിക്കുന്നത്. നിശ്ശബ്ദനായിരിക്കുന്നതിനുള്ള കുറ്റാരോപിതന്റെ ഭരണഘടനാപരമായ അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് പൊലീസ് കസ്റ്റഡി. മൂന്നാംമുറ എന്ന ദണ്ഡന പ്രയോഗത്തിനുവേണ്ടിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതെന്നു സിനിമയില്‍നിന്നെങ്കിലും മജിസ്‌ട്രേട്ടുമാര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

നല്‍കുന്ന മൊഴി നിങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടും എന്ന നിയമപരമായ മുന്നറിയിപ്പോടെയാണ് അമേരിക്കയില്‍ പൊലീസ് കുറ്റാരോപിതനെ ചോദ്യം ചെയ്യുന്നത്. ഇന്ത്യയിലും ഇതുതന്നെയാണ് വ്യവസ്ഥ. മുന്നറിയിപ്പ് നല്‍കാറുണ്ടോ എന്നറിയില്ല. പൊലീസിന്റെ മുന്നിലുള്ള കുറ്റസമ്മതം ഐച്ഛികമാണ്. വേണമെങ്കില്‍ നല്‍കാം; നല്‍കാതെയുമിരിക്കാം. അങ്ങനെയിരിക്കെ ഒരാള്‍ കുറ്റസമ്മതം നടത്തിയാല്‍ മാത്രമേ അന്വേഷണവുമായി സഹകരിക്കുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയും. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതര്‍ കുറ്റസമ്മതം നടത്തണമെന്ന് ഒരു നിര്‍ബ്ബന്ധവുമില്ലെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ നിരീക്ഷിച്ചത് ഈ പശ്ചാത്തലത്തിലാണ്.

ഗുജറാത്തിലെ പൊലീസും കോടതികളും കുറേക്കാലമായി വിചിത്രമായ രീതിയിലാണ് പെരുമാറുന്നത്. സുപ്രീംകോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നു മാത്രമല്ല, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് അയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അന്വേഷണവുമായി സഹകരിക്കാത്തിനാലാണ് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വിട്ടതെന്നാണ് മജിസ്‌ട്രേട്ടിന്റെ വിശദീകരണം. ഇരുവരും കോടതിയലക്ഷ്യം നടത്തിയതായി സുപ്രീംകോടതി കണ്ടിട്ടുണ്ട്. ശിക്ഷ വിധിക്കാന്‍ കേസ് മാറ്റിവെച്ചിരിക്കുന്നു. അറസ്റ്റിലാകുന്നവര്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷയെക്കുറിച്ച് വ്യക്തമായ വിധി സുപ്രീംകോടതി നല്‍കാതിരിക്കില്ല.

സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ജയില്‍ അല്ല, വേണ്ടത് ജാമ്യം
സെബാസ്റ്റ്യന്‍ പോളിന്റെ പംക്തി: അടയാളപ്പെടുത്തിയത് ആലിബാബയുടെ വീട്

ജാമ്യം അസാദ്ധ്യമാക്കുന്ന അവസ്ഥ

പൊലീസ് രേഖപ്പെടുത്തിയതോ പ്രതി ഒപ്പിട്ടതോ ആയ മൊഴി വിചാരണ നടത്തുന്ന കോടതിക്ക് അസ്വീകാര്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്നയാളിനു മര്‍ദ്ദനമേല്‍ക്കാതെ കുറ്റസമ്മതം നടത്തിക്കൂടേ? ജാമ്യമെങ്കിലും കിട്ടുമല്ലോ. കുറ്റസമ്മതത്തോടൊപ്പം തെളിവും കൂട്ടുപ്രതികളുണ്ടെങ്കില്‍ അവരെയും പൊലീസിനു കാട്ടിക്കൊടുക്കണം. നിരപരാധികളുടെ നിലവിളികളാല്‍ മുഖരിതവും ശാപഗ്രസ്തവുമാണ് ലോക്കപ്പുകളിലെ ഇടിമുറികള്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയമം മനുഷ്യോന്മുഖമാകുമ്പോള്‍ നിയമപാലകര്‍ സ്റ്റാര്‍ ചേംബര്‍ കാലത്തെ കിരാതാവസ്ഥയിലാണ്.

സുപ്രീംകോടതി പറയുന്നത് മനസ്സിലാകാത്ത മജിസ്‌ട്രേട്ടുമാര്‍ മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാരുമുണ്ട്. ഹൈക്കോടതി ഉള്‍പ്പെടെ താഴേയ്ക്കുള്ള കോടതികളുടെമേല്‍ സുപ്രീംകോടതിക്ക് ഭരണപരമായ നിയന്ത്രണമില്ലെങ്കിലും എല്ലാ കോടതികളും സുപ്രീംകോടതി പറയുന്നത് കേട്ടേ മതിയാകൂ. സുപ്രീംകോടതി പറയുന്നത് എല്ലാ കോടതികള്‍ക്കും ബാധകമാണെന്ന് ഭരണഘടനയുടെ അനുച്ഛദം 141 പറയുന്നു. അതുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം രാജ്യത്തെ നിയമമായി മാറുന്നു. ഇതൊന്നുമറിയാതെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് രാജ്ബീര്‍ സെഹ്രാവത് സുപ്രീംകോടതിയോട് ഏറ്റുമുട്ടാനിറങ്ങിയത്. സുപ്രീംകോടതി സുപ്രീം ആയിരിക്കാം; എന്നാല്‍ ഹൈക്കോടതി ഹൈ ആണെന്ന കാര്യം മറക്കരുതെന്നാണ് അദ്ദേഹം സുപ്രീംകോടതിയെ ഓര്‍മ്മിപ്പിച്ചത്. സുപ്രീംകോടതിക്കുള്ള അഞ്ച് റിട്ട് അധികാരങ്ങളും നല്‍കിയിട്ടുള്ളതിനു പുറമേ നീതിനിര്‍വ്വഹണത്തിനുവേണ്ടി ഏത് ഉത്തരവും പുറപ്പെടുവിക്കുന്നതിനുള്ള അധികാരവും ഹൈക്കോടതികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനര്‍ത്ഥം ഹൈക്കോടതി സുപ്രീംകോടതിക്കൊപ്പമോ അതിനു മുകളിലോ ആണെന്നല്ല. ഏതായാലും ജസ്റ്റിസ് കര്‍ണനെ കൈകാര്യം ചെയ്തതുപോലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കോടതി ജസ്റ്റിസ് സെഹ്രാവതിനെ കൈകാര്യം ചെയ്തില്ല. വിവാദ പരാമര്‍ശം നീക്കം ചെയ്തുകൊണ്ട് അഞ്ചംഗ ബെഞ്ച് കേസ് അവസാനിപ്പിച്ചു. കോടതിയല്ല ഭരണഘടനയാണ് സുപ്രീം എന്ന കാര്യം സുപ്രീംകോടതി എല്ലാവരേയും ഓര്‍മ്മപ്പെടുത്തി.

യു.എ.പി.എ തുടങ്ങിയ ഡ്രാക്കോണിയന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ജാമ്യം പൊതുതത്ത്വവും ജയില്‍ അപവാദവും എന്ന അവസ്ഥ വിട്ട് ജാമ്യം അസാധ്യമാകുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ക്രിമിനല്‍ നടപടിക്രമത്തിനു പകരമായി പ്രാബല്യത്തിലായ നാഗരിക സുരക്ഷാ സംഹിതയില്‍ കസ്റ്റഡി കാലാവധി 15 ദിവസത്തില്‍നിന്ന് 90 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. വിധ്വംസക പ്രവൃത്തികള്‍ക്കു മാത്രമല്ല, സാധാരണ കുറ്റങ്ങള്‍ക്കും ജാമ്യം അസാധ്യമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യത്തെ കുറ്റസമ്മതവുമായി ബന്ധപ്പെടുത്തുന്ന സമീപനത്തിനെതിരായ സുപ്രീംകോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാകുന്നത്.

ഭീമ-കൊരേഗാവ് കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലായ കവി വരവര റാവുവിന് ആരോഗ്യകാരണങ്ങളാല്‍ ജാമ്യം ലഭിക്കുന്നതിന് സുപ്രീംകോടതിവരെ പേകേണ്ടിവന്നു. സ്റ്റാന്‍ സ്വാമി എന്ന വൃദ്ധപുരോഹിതന് ആ സൗഭാഗ്യം ലഭിച്ചില്ല. ജാമ്യഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കെ ജയിലില്‍ കിടന്ന് അദ്ദേഹം വിറച്ചു മരിച്ചു. ഇതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ. ഭരണഘടന പരമമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കാര്യങ്ങള്‍ തോന്നുംപടി നടക്കും. സ്പൈവെയര്‍ ഉപയോഗിച്ച് ഏതു രേഖയും ആരുടെ കംപ്യൂട്ടറിലും തിരുകിക്കയറ്റാവുന്ന അവസ്ഥ പെഗസസ് വാര്‍ത്തയായപ്പോള്‍ നാം മനസ്സിലാക്കിയതാണ് നിങ്ങള്‍ നിങ്ങള്‍ക്കെതിരെ സാക്ഷിയാകുന്നതിനു പകരം നിങ്ങളുടെ ലാപ്ടോപ് നിങ്ങള്‍ക്കെതിരെ സാക്ഷിയാകും. കുറ്റവാളികള്‍ പിടിക്കപ്പെടണം; നിരപരാധികള്‍ വേട്ടയാടപ്പെടരുത്. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ 76 ശതമാനം വിചാരണത്തടവുകാരാണ്.

അവരില്‍ ഒരു മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. അവരുടെ വിചാരണ എന്നു നടക്കുമെന്നറിയില്ല. പ്രതികാരത്തിനുവേണ്ടി കെട്ടിച്ചമച്ച പരാതിയെന്നു പരാതിക്കാരിയായ പെണ്‍കുട്ടി കോടതിയിലെത്തി പറയുവോളം പോക്സോ കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ക്കു ജയിലില്‍ കഴിയേണ്ടിവന്നു - 68 ദിവസം. എറണാകുളം ജില്ലയിലാണ് ഇതു സംഭവിച്ചത്. അടിയന്തരാവസ്ഥയിലെ തടവുപോലെ അനിശ്ചിതമായ ജയില്‍വാസത്തിന് ഒരു വ്യക്തി വിധേയനാകേണ്ടിവരുന്ന അവസ്ഥ ഭരണഘടനയുടെ ചൈതന്യത്തിനു നിരക്കുന്നതല്ല.

സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന പംക്തി: ജയില്‍ അല്ല, വേണ്ടത് ജാമ്യം
സെബാസ്റ്റ്യന്‍ പോളിന്റെ പംക്തി: പഴയനിയമം പുതിയനിയമം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com