ഞങ്ങള്‍ക്ക് വേണ്ടത് ഒരുപിടി മണ്ണും ഒരു കൂരയും

By രേഖാചന്ദ്ര   |   Published: 13th February 2022 05:23 PM  |  

Last Updated: 13th February 2022 05:23 PM  |   A+A-   |  

rekha

 

പാലക്കാട് മുതലമട പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലുള്ള ദളിത് കുടുംബങ്ങള്‍ 102 ദിവസം സമരത്തിലായിരുന്നു - ഭൂമിക്കും കിടപ്പാടത്തിനും വേണ്ടിയുള്ള സമരം. വര്‍ഷങ്ങളായി അപേക്ഷ കൊടുത്തും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും പോയികണ്ടും മടുത്ത ഇവര്‍ സമരത്തിനിറങ്ങുകയായിരുന്നു. നിരാഹാരം കിടന്നും തലമുണ്ഡനം ചെയ്തും റോഡില്‍ ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞും സമരം നടത്തി. പലവട്ടം ചര്‍ച്ചകള്‍ നടന്നു, പരാജയപ്പെട്ടു. വീടും ഭൂമിയും ചോദിക്കുന്ന ദുര്‍ബ്ബലവിഭാഗത്തിനോട് അവര്‍ക്കര്‍ഹതപ്പെട്ടത് നല്‍കുക എന്നല്ലാതെ എന്തു ചര്‍ച്ചയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിയില്ല. ഇവരുടെ ദുരിത ജീവിതത്തില്‍ എന്ത് അവിശ്വാസമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളത് എന്നും അറിയില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണമെന്ന് ആരും പറയുന്നില്ല. പിന്നെ ആര്‍ക്കാണ് പ്രാഥമിക അവകാശംപോലും നിഷേധിച്ച് ഇവരുടെ ജീവിതം ഇങ്ങനെതന്നെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം.

കോളനിയിലെ ഇരുമുറി വീട്ടില്‍ പത്തും പതിനാറും പേര്‍ വരെ താമസിക്കുന്നുണ്ട്. മൂന്ന് സെന്റ് സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുവദിച്ചു കിട്ടിയ വീട്ടില്‍ പിന്നീട് മക്കളും അവരുടെ കുടുംബവും കുട്ടികളും ഒക്കെയായി നിന്നുതിരിയാന്‍പോലും ഇടമില്ലാതെ ജീവിക്കുന്നവര്‍. വീടിനായി അപേക്ഷ നല്‍കി പത്ത് വര്‍ഷമായി കാത്തിരിക്കുന്നവര്‍ വരെ ഇവിടെയുണ്ട്. ജാതീയവും രാഷ്ട്രീയവുമായ വേര്‍തിരിവുകളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ് അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാര്‍ക്ക്.

ജാതി കോളനിയിലെ ദുരിത ജീവിതം 

പാലക്കാട് ജില്ലയിലെ പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മുതലമട. ഇതില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് ഗോവിന്ദാപുരം. തമിഴാണ് കൂടുതല്‍പേരും സംസാരിക്കുന്നത്. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയ വിഭാഗത്തിലെ 40 കുടുംബങ്ങളാണ് സമരത്തിനിറങ്ങിയത്. 256 ചക്ലിയ കുടുംബങ്ങളുണ്ട് അംബേദ്കര്‍ കോളനിയില്‍. വര്‍ഷങ്ങളായി ജാതി വിവേചനം നേരിടുന്ന വിഭാഗം കൂടിയാണിവര്‍. ജാതിയായി തിരിച്ചാണ് അംബേദ്കര്‍ കോളനി രൂപകല്പന ചെയ്തത് തന്നെ. കോളനിയുടെ ഒരു ഭാഗത്ത് ഗൗണ്ടര്‍ കുടുംബങ്ങളാണ്. മറ്റൊരു ഭാഗത്ത് ചക്ലിയര്‍. എരവാളര്‍ വിഭാഗത്തിനു വേറൊരു ഭാഗം- ഈ രീതിയിലാണ് കോളനി. 

ഗൗണ്ടര്‍ സമുദായമാണ് ഇവിടുത്തെ പ്രബല വിഭാഗക്കാര്‍. സാമ്പത്തികമായും സാമൂഹ്യമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍. ഇവരുടെ തോട്ടങ്ങളില്‍ പണിയെടുക്കുന്നവരായിരുന്നു ചക്ലിയ സമുദായക്കാര്‍. പണ്ടുകാലത്ത് അടിമകളെപ്പോലെ കരുതിയിരുന്നവര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചക്ലിയരോടുള്ള ഇവിടുത്തെ മനോഭാവം മാറിയില്ല. തൊട്ടുകൂടായ്മയും അയിത്തവും തുടര്‍ന്നു. സര്‍ക്കാറിന്റെ കുടിവെള്ള ടാങ്കില്‍ വെള്ളമെടുക്കാന്‍പോലും രണ്ട് പൈപ്പുകള്‍ ഉണ്ടായി. ഒന്ന് ചക്ലിയര്‍ക്കും മറ്റൊന്ന് മറ്റു ജാതിക്കാര്‍ക്കും. കോളനിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ചക്ലിയരുടെ മുടിവെട്ടിയിരുന്നില്ല. ചക്ലിയരുടെ മുടിവെട്ടിയതറിഞ്ഞാല്‍ ഗൗണ്ടര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കടയില്‍ വരില്ല എന്നതായിരുന്നു കാരണം. ഇതിനെതിരെ ചക്ലിയ സമുദായത്തിലെ കുറച്ച് ചെറുപ്പക്കാര്‍ ബലമായി ബാര്‍ബര്‍ ഷോപ്പില്‍ കയറി മുടിവെട്ടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചക്ലിയ വിഭാഗക്കാര്‍ക്ക് ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. 

ഗോവിന്ദാപുരത്തെ അമ്പലത്തിലെ ഉത്സവത്തിന് മറ്റെല്ലാ സമുദായക്കാരില്‍നിന്നും പണം പിരിക്കുമെങ്കിലും ചക്ലിയരുടെ പണം വാങ്ങില്ല. ഇതിനോടുള്ള പ്രതിഷേധമായി കോളനിയില്‍ മധുരവീരന്‍ കോവില്‍ പണിത് ചക്ലിയര്‍ സ്വന്തമായി ആരാധന ചെയ്തു. 2017-ല്‍ ചക്ലിയ സമുദായത്തിലെ പെണ്‍കുട്ടി ഈഴവ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കോളനിയിലെ ജാതിവിവേചനത്തെ പുറത്തെത്തിച്ചത്. പ്രണയത്തെ മറ്റു വിഭാഗക്കാരെല്ലാം എതിര്‍ത്തു. ഇവരുടെ വിവാഹത്തിനെ അനുകൂലിച്ചതിന്റെ പേരില്‍ ചക്ലിയരുടെ വീടുകളിലേക്ക് കല്ലെറിയലും മര്‍ദ്ദനവും പരിഹാസവും തുടര്‍ന്നു. ചിലര്‍ പേടിച്ച് തമിഴ്നാട്ടിലേക്കു കടന്നു. മറ്റു സമുദായക്കാരുടെ ഉപദ്രവം പേടിച്ച് ചെറുപ്പക്കാരെല്ലാം മധുരവീരന്‍ ക്ഷേത്രത്തില്‍ ഒന്നിച്ചുകഴിഞ്ഞു. പൊലീസ് സുരക്ഷ ഒരുക്കണമെന്ന കോടതി ഇടപെടലിനു ശേഷമാണ് ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനായത്. ആ സംഭവത്തിനു ശേഷമാണ് കോളനിയിലെ ജാതി വിവേചനം പരസ്യമായത്. കോളനിയിലെ ചായക്കടയില്‍ രണ്ടുതരം ഗ്ലാസാണ് ചായ കുടിക്കാന്‍. ചക്ലിയര്‍ക്ക് ചില്ല് ഗ്ലാസും മറ്റു സമുദായക്കാര്‍ക്ക് സ്റ്റീല്‍ ഗ്ലാസും. ചക്ലിയര്‍ മാത്രം പോകുന്ന ഒരു ചായക്കടയും കോളനിയിലുണ്ട്. അവിടെ മറ്റു വിഭാഗക്കാരൊന്നും പോകില്ല.

കോളനിയിലെ ജാതി വിവേചനം ചര്‍ച്ച ആയതോടെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും കളക്ടറോടും എസ്.പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അംബേദ്കര്‍ കോളനിയില്‍ ജാതി വിവേചനം ഇല്ലെന്നായിരുന്നു ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട്. ചക്ലിയ സമുദായാംഗമായ ശിവരാജനോട് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: ''അനുഭവിച്ചവര്‍ക്കു മാത്രം മനസ്സിലാകുന്നതാണ് ജാതി'' എന്നാണ്. അംബേദ്കര്‍ കോളനിയില്‍ ജാതി വിവേചനം ഉണ്ടെന്ന് മറ്റു സമുദായക്കാരോ പഞ്ചായത്ത് പ്രതിനിധികളോ പറയാറില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുതന്നെയാണ് ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്തത്. ഗൗണ്ടര്‍ സമുദായക്കാരെ കാണുമ്പോള്‍ മുണ്ട് മടക്കഴിച്ച് ബഹുമാനിക്കുന്ന ചക്ലിയര്‍ ഇപ്പോഴും ഗോവിന്ദാപുരത്തുണ്ട്. തൊഴിലിനും സാമ്പത്തിക സഹായങ്ങള്‍ക്കും ഇവരെ ആശ്രയിക്കേണ്ടി വരുന്നതിന്റെ പേടിയാണ് പലര്‍ക്കും. നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര് ഗൗണ്ടറെ സമീപിക്കുകയും അവര്‍ തീരുമാനമെടുക്കുകയും ചെയ്യുന്നതാണ് ഇവിടത്തെ പതിവ്. പുതിയ തലമുറയില്‍പ്പെട്ട ചിലര്‍ പരമ്പരാഗതമായി തുടര്‍ന്ന ഇക്കാര്യങ്ങളെ ചോദ്യം ചെയ്തതോടെയാണ് കോളനിയിലെ വിവരങ്ങള്‍ പുറത്തെത്തിയത്.

2017-ലെ പ്രശ്‌നത്തെ തുടര്‍ന്ന് കോളനിയിലെ 'ജാതിവിവേചനം' അധികൃതരും ജനപ്രതിനിധികളും ഒഴിവാക്കിയത് രണ്ടുതരം ടാപ്പുകള്‍ വെച്ച് വിവാദത്തിലായ കുടിവെള്ള ടാങ്ക് അവിടുന്ന് എടുത്തുമാറ്റിയാണ്. പകരം വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കി. ജനപ്രതിനിധികള്‍ കോളനിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഇതല്ല ജാതി വിവേചനമെന്ന് മനസ്സിലാക്കാത്തിടത്തോളം പ്രശ്‌നങ്ങള്‍ 'വ്യക്തിപരം' എന്നു പറയുന്നതില്‍ അദ്ഭുതപ്പെടാനില്ല. പല ചര്‍ച്ചകള്‍ക്കൊടുവില്‍ കോളനിയിലെ ഭൗതിക സാഹചര്യങ്ങള്‍ മാറ്റാന്‍ തീരുമാനമെടുത്തു. വീടില്ലാത്തവര്‍ക്ക് ഭൂമിയും വീടും പ്രത്യേക പാക്കേജില്‍ നല്‍കാമെന്ന് അന്നത്തെ എം.പിയായിരുന്ന എം.ബി. രാജേഷ് ഉറപ്പു നല്‍കി. എന്നാല്‍, കുറച്ചുപേര്‍ക്ക് വീട് കിട്ടിയെങ്കിലും പിന്നീട് അനക്കമില്ലാതായി. വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങിയപ്പോള്‍ അറിയിച്ചത് ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ വീടു കിട്ടൂ എന്നാണ്. പ്രത്യേക പാക്കേജ് എന്നത് നടപ്പായില്ല. 

ജാതിയും രാഷ്ട്രീയവും 

വര്‍ഷങ്ങളായി സി.പി.എം ഭരിക്കുന്ന പഞ്ചായത്താണ് മുതലമട. ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് അനുകൂലമായ നടപടികളാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാറുള്ളൂ എന്ന് ചക്ലിയന്‍ സമുദായക്കാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റോ വൈസ്പ്രസിഡന്റോ സ്ഥാനത്ത് ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ടവരാണ് മുതലമടയില്‍ ഉണ്ടാകാറുള്ളത്.

ഗൗണ്ടര്‍മാരോടും സി.പി.എമ്മിനോടും ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയാണ് ഇവിടെയെന്ന് കോളനിക്കാര്‍ പറയുന്നു. പഞ്ചായത്ത് മുഖേനയുള്ള തൊഴിലുകള്‍പോലും ഇത്തരത്തിലാണെന്ന് അംബേദ്കര്‍ ദളിത് സംരക്ഷണ സംഘം പ്രസിഡന്റ് ശിവരാജ് പറയുന്നു.

''ബിയര്‍ ഫാക്ടറി, മാംസ സംസ്‌കരണ കേന്ദ്രം, മീനെണ്ണ കമ്പനി എന്നിങ്ങനെ മൂന്ന് വ്യവസായ സംരംഭങ്ങള്‍ അംബേദ്കര്‍ കോളനിയുള്‍പ്പെടുന്ന വാര്‍ഡിലുണ്ട്. അതിലൊന്നും ചക്ലിയ സമുദായക്കാര്‍ക്ക് തൊഴില്‍ നല്‍കില്ല. പേരിന് പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്ന ഒന്നോ രണ്ടോ പേര്‍ ഉള്‍പ്പെടും. ബാക്കിയുള്ളവരൊക്കെ തമിഴ്നാട്ടില്‍നിന്നോ തൊട്ടടുത്ത കൊല്ലംകോട് പഞ്ചായത്തില്‍നിന്നോ ഉള്ളവരാണ്. അയിത്തത്തിനെതിരെ പ്രതികരിക്കുകയും പുറത്ത് പറയുകയും ചെയ്ത കുടുംബങ്ങളെ എല്ലാ ആനുകൂല്യങ്ങളില്‍നിന്നും മാറ്റി നിര്‍ത്തുന്ന സ്ഥിതിയാണ്. അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചാര്‍ത്തുന്നതും പതിവാണ്. ലൈഫ് മിഷനില്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ഞങ്ങളുടെ വിഭാഗങ്ങളെ ഒഴിവാക്കും. ലിസ്റ്റ് തയ്യാറാക്കുന്നവരൊക്കെ മറ്റു സമുദായത്തില്‍പ്പെട്ടവരാണ്. ഇലക്ഷന്‍ സമയത്ത് പരസ്യമായി ജാതി പറഞ്ഞാണ് വോട്ടുപിടിക്കുന്നത്. ഞാന്‍ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോള്‍ സി.പി.എമ്മാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ഞാന്‍ ജയിച്ചുകഴിഞ്ഞാല്‍ നാളെ ചക്ലിയനായ എന്റെ മുന്നില്‍ പോയി നില്‍കേണ്ടി വരില്ലേ എന്നു പരസ്യമായി പറഞ്ഞാണ് സി.പി.എം മറ്റു സമുദായക്കാരുടെ വോട്ട് പിടിച്ചത്. ഗൗണ്ടറായ ഒരു കോണ്‍ഗ്രസ് നേതാവ് എന്നോട് പറഞ്ഞത് ചക്ലിയന്മാര്‍ അവരുടെ അടിമകളാണ് എന്നാണ്. ജാതിയും രാഷ്ട്രീയവും ദുസ്സഹമാക്കുന്ന കോളനിക്കാരുടെ ജീവിതമാണ് ശിവരാജ് പറഞ്ഞത്. മുതലമട പഞ്ചായത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചക്ലിയ വിഭാഗത്തിലെ ആദ്യത്തെയാളാണ് ശിവരാജ്. 

ജാതിയും രാഷ്ട്രീയവും നോക്കിയാണ് തൊഴില്‍ കൊടുക്കുന്നത് എന്ന് അംബേദ്കര്‍ കോളനിയിലെ സാവിത്രിയും പറയുന്നു: ''എന്റെ കല്ല്യാണം കഴിഞ്ഞ് 18 വര്‍ഷമായി. അന്നു തൊട്ട് വീടിനായി അപേക്ഷയുമായി നടക്കുന്നുണ്ട്. ഇതുവരെ കിട്ടിയില്ല. ഏഴ് പേരുണ്ട് വീട്ടില്‍. ഞാനും ഭര്‍ത്താവും രണ്ട് മക്കളും അമ്മയും അച്ഛനും സഹോദരനും. മൂത്തമകന്‍ പ്ലസ്ടുവിനു പഠിക്കുന്നു. രണ്ടാമത്തെ മകന്‍ ഒന്‍പതാം ക്ലാസ്സിലും. ഈ വീട്ടില്‍ എവിടെയിരുന്നാണ് എന്റെ മക്കള്‍ പഠിക്കേണ്ടത്. 102 ദിവസം സമരം ഇരുന്നു. 20 ദിവസത്തിനുള്ളില്‍ പരിഹരിക്കാം എന്നാണ് പറഞ്ഞത്. ഇത്തവണയെങ്കിലും ചതിക്കില്ല എന്ന വിശ്വാസത്തിലാണ് സമരം നിര്‍ത്തി വന്നത്. അവരോട് താഴ്ന്ന് നിന്നാല്‍ ജോലിയും കിട്ടും ആനുകൂല്യവും കിട്ടും. ഇല്ലെങ്കില്‍ ഞങ്ങളെപ്പോലെ കഷ്ടപ്പെടണം. ഞങ്ങള്‍ താഴ്ന്ന ജാതിയില്‍ പിറന്നുപോയില്ലേ.'' സ്ഥലവും വീടും അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നത് സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു. സമരത്തിനിറങ്ങുകയും ജാതിയെക്കുറിച്ച് പറയുകയും ചെയ്യുന്നവരെ ആനുകൂല്യങ്ങളുടെ പട്ടികയില്‍നിന്ന് തഴയുന്നത് പരാതിക്കിടയാക്കിയിരുന്നു. ഏറ്റവും അര്‍ഹരായവരെ പരിഗണിക്കാതെ ഇഷ്ടക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെതിരെ സമരം നടന്നിട്ടുണ്ട്. കോളനിയില്‍ 90 കുടുംബങ്ങള്‍ ഭൂമിയില്ലാത്തവരാണ്. പിന്നീട് തൊഴിലോ സാമ്പത്തിക സഹായമോ കിട്ടാതായി പോകുമോ എന്ന ഭയം കാരണം പ്രതികരിക്കാന്‍ കഴിയാത്തവരും കോളനിയിലുണ്ട്.

മൂന്നുമാസം മുതലമട പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ നടത്തിയ സമരമാണ് പിന്നീട് കളക്ടറേറ്റിനു മുന്നിലേക്ക് മാറ്റിയത്. ഇതിനിടയില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പങ്കെടുത്ത ചര്‍ച്ചയടക്കം ആറ് ചര്‍ച്ചകള്‍ നടന്നെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. 102-ാം ദിവസം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ സി.പി.എം ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി പത്തിന് മുന്‍പ് തീരുമാനമുണ്ടാക്കാം എന്ന ഉറപ്പില്‍ സമരം നിര്‍ത്തുകയായിരുന്നു. ദിവസക്കൂലികൊണ്ട് കുടുംബം കഴിയുന്ന മനുഷ്യരാണ് 102 ദിവസം സമരം നടത്തിയത്. ''പത്തും ഇരുപതും രൂപ പിരിച്ചെടുത്താണ് സമരത്തിനിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തത്. സ്വകാര്യ ഫിനാന്‍സ് കമ്പനികളില്‍നിന്ന് ലോണെടുത്തവരാണ് പലരും. മൂന്നുമാസം പണിക്കു പോകാതെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും. എങ്കിലും പിടിച്ചുനിന്നത് ഇത്തവണയെങ്കിലും ഭൂമി കിട്ടും എന്ന പ്രതീക്ഷയിലാണ്. വളരെ കഷ്ടപ്പെട്ടാണ് സമരം നടത്തിയത്'' - കതിര്‍വേല്‍ പറയുന്നു. ഇതിനൊപ്പം കൊവിഡ് കാലത്തെ സമരത്തിന്റെ പ്രശ്‌നങ്ങളും സമരക്കാരെ അലട്ടിയിരുന്നു. എങ്കിലും വീടും ഭൂമിയും കിട്ടിയില്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ വീണ്ടും സമരത്തിനിറങ്ങാനാണ് കോളനിക്കാരുടെ തീരുമാനം. ജാതിയില്‍ തടഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് അംബേദ്കര്‍ കോളനിയിലെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത്.