സി.പി.എമ്മില്‍ തലമുറമാറ്റം

പല കാലങ്ങളില്‍ എസ്.എഫ്.ഐയേയും ഡി.വൈ.എഫ്.ഐയേയും ശക്തമായി ചലിപ്പിച്ചവരും അതുവഴി കേരളത്തിന്റെ സാമൂഹിക ജീവിതത്തെ അങ്ങോളമിങ്ങോളം പിടിച്ചു കുലുക്കിയവരുമാണ് ഇനി പാര്‍ട്ടിയെ നയിക്കുക
സി.പി.എമ്മില്‍ തലമുറമാറ്റം

രുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസ്സിനു മുന്നോടിയായ ജില്ലാ സമ്മേളനങ്ങള്‍ വരെ കഴിഞ്ഞപ്പോള്‍ കേരളത്തിലെ സി.പി.എം കൂടുതല്‍ ചെറുപ്പമായി. ഇനിയും ചെറുപ്പമാകും. പല കാലങ്ങളില്‍ എസ്.എഫ്.ഐയേയും ഡി.വൈ.എഫ്.ഐയേയും ശക്തമായി ചലിപ്പിച്ചവരും അതുവഴി കേരളത്തിന്റെ സാമൂഹിക ജീവിതത്തെ അങ്ങോളമിങ്ങോളം പിടിച്ചു കുലുക്കിയവരുമാണ് ഇനി പാര്‍ട്ടിയെ നയിക്കുക. അവരുടെ വിവിധ തലമുറകള്‍ എല്ലാ ജില്ലാ കമ്മിറ്റികളിലും ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ട്; ബ്രാഞ്ച് മുതല്‍ ഏരിയാ കമ്മിറ്റികള്‍ വരെ ചെറുപ്പത്തിന്റെ ഇരമ്പലാണ്.

തിരുവനന്തപുരത്ത് 46 അംഗ ജില്ലാ കമ്മിറ്റിയിലെ ഒന്‍പത് പുതുമുഖങ്ങളും സമരപഥങ്ങള്‍ കടന്നുവന്നവര്‍; അവരില്‍ത്തന്നെ മൂന്നു പേര്‍ യുവതികള്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗം വി.എ. വിനീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. എം. ഷിജുഖാന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ വി. അമ്പിളി, ശൈലജബീഗം, എസ്.കെ. പ്രീജ, എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ശ്രദ്ധേയമായ വിധം നേതൃനിരയിലുണ്ടായിരുന്ന എസ്.പി. ദീപക്, ഡി.കെ. ശശി, ആര്‍. ജയദേവന്‍ എന്നിവരാണ് ആദ്യമായി ജില്ലാ കമ്മിറ്റിയില്‍ എത്തുന്നവര്‍. കൂടാതെ, ആകെ എണ്ണത്തില്‍ സ്ത്രീകള്‍ അഞ്ച്. വി. അമ്പിളിക്കും ശൈലജബീഗത്തിനും എസ്.കെ. പ്രീജയ്ക്കും പുറമേ എസ്. പുഷ്പലതയും എം.ജി. മീനാംബികയും കൂടി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്ന ഐ. സാജു, ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ ദേശീയ പ്രസിഡന്റുമായ എ.എ. റഹീം തുടങ്ങിയവര്‍ ഇത്തവണയും ജില്ലാ കമ്മിറ്റിയിലുണ്ട്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുണ്ട് ഈ യുവനിരയും അതിലെ സ്ത്രീ പങ്കാളിത്തവും. അവര്‍ കൂടി ഉള്‍പ്പെട്ട ചെറുപ്പക്കാരുടെ ടീമിനെക്കുറിച്ചു മുതിര്‍ന്ന നേതൃത്വം അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. ഇവരാണ് ഭാവി നേതൃത്വം. ഇതു സി.പി.എം തീരുമാനിച്ചുറപ്പിച്ചു നടപ്പാക്കുന്ന മാറ്റം. കേരളമാകെ ഈ മാറ്റത്തിന്റെ കാറ്റിലാണ് ഇപ്പോള്‍ ചെങ്കൊടി പാറുന്നത്. 

തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ ആദ്യമായി ഉള്‍പ്പെട്ട കെ.എസ്. സുനില്‍കുമാറും വി. ജോയിയും വിദ്യാര്‍ത്ഥി, യുവജന സമരങ്ങളോടു തീരെ മയമില്ലാതിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പൊലീസിനോടു മുട്ടി നിരവധി സമരമുഖങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യം അറിയിച്ചവരാണ്; ഒരേ കാലത്തല്ലെന്നു മാത്രം. സുനില്‍കുമാര്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി. വി. ജോയി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു. രണ്ടാംവട്ടം വര്‍ക്കലയില്‍നിന്നു നിയമസഭാംഗം. മറ്റു ജില്ലകളിലും സി.പി.എം നേതൃനിരയില്‍ ഇത്രത്തോളമോ ഇതിലുമധികമോ ആണ് ചെറുപ്പത്തിന്റെ തിളക്കം.

പാലായിലെ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രം​ഗത്ത് സിപിഎമ്മിന്റെ യുവ പ്രവർത്തകർ
പാലായിലെ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രം​ഗത്ത് സിപിഎമ്മിന്റെ യുവ പ്രവർത്തകർ

ഇവര്‍ കാത്തുരക്ഷിക്കും 

പ്രായംകൊണ്ടു മാത്രമല്ല, സത്യസന്ധമായ പൊതുപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടും ചെറുപ്പമായിരിക്കുന്നവരുടെ വലിയൊരു നിരയെ അവതരിപ്പിക്കുകയാണ് സി.പി.എം. ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമാണ് അവരുടെ പ്രതിബദ്ധത. സ്ത്രീകളുള്‍പ്പെടെ യുവജനങ്ങളുടെ ഇടം രാഷ്ട്രീയപ്പാര്‍ട്ടികളില്‍ എത്രത്തോളമുണ്ടാകണം എന്ന അതിപ്രധാന ചോദ്യത്തോടു നേതൃത്വങ്ങള്‍ മുന്‍പത്തെയത്ര സംശയം പ്രകടിപ്പിക്കാത്ത കാലമാണ്. ലോകമെമ്പാടും ഇന്ത്യയിലും കേരളത്തിലും ഇതുതന്നെ സ്ഥിതി. അതുകൊണ്ട് ആ ചോദ്യത്തിന് ഇതുവരെ പറഞ്ഞ മറുപടികളെക്കാള്‍ വ്യക്തമായ മറുപടി നല്‍കുകയാണ് സി.പി.എം; പ്രത്യേകിച്ചും കേരളത്തില്‍. യുവജന, സ്ത്രീ പ്രാതിനിധ്യം മുന്‍പെന്നത്തേക്കാള്‍ ഉറപ്പാക്കി നടപ്പാക്കി കാണിക്കുന്നു. ഇതോടെ, ഇത്തവണ ബ്രാഞ്ചുകളില്‍നിന്നു തുടങ്ങിയ സമ്മേളനങ്ങള്‍ സംസ്ഥാന സമ്മേളനങ്ങളിലേക്ക് എത്തുമ്പോള്‍ ചരിത്രത്തില്‍ വേറിട്ട ഇടം നേടുകയുമാണ്. വോട്ടറായും ഇടിമുഴക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരായും രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയിലെ രക്തസാക്ഷികളും മാത്രമായല്ല ഇതുവരെ സി.പി.എം യുവജനങ്ങളെ കൂടെക്കൂട്ടിയത്. പാര്‍ട്ടിയിലും സഹസംഘടനകളിലും നേതാക്കളാകാനും തീരുമാനങ്ങളെടുക്കാനും ജനപ്രതിനിധികളാകാനും അവസരം നല്‍കി. എന്നാല്‍, കൃത്യമായ നിബന്ധനകളോടെ, പ്രായത്തിന്റേയും ജെന്‍ഡറിന്റേയും അടിസ്ഥാനത്തില്‍ എഴുതിത്തയ്യാറാക്കിയ തീരുമാനമായി, കൂടുതല്‍ നിര്‍ബ്ബന്ധബുദ്ധിയോടെ നടപ്പാക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. യുവ റെഡ്വളണ്ടിയര്‍മാരുടെ ഊര്‍ജ്ജസ്വല ചിത്രംപോലെ പാര്‍ട്ടിയാകെ ഒറ്റയടിക്കു ചെറുപ്പമാകും എന്നല്ല. അങ്ങനെയാകാന്‍ കഴിയില്ലെന്നു മാത്രമല്ല, അതിന്റെ ആവശ്യവുമില്ല. മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്തുകൂടി ചേരുമ്പോഴാണ് ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തിനു ദിശ കൃത്യമാവുക. 

സംസ്ഥാനത്തെ 35,179 ബ്രാഞ്ച് കമ്മിറ്റികളില്‍ 1991 എണ്ണത്തെ ഇനി നയിക്കുക തെരഞ്ഞെടുക്കപ്പെട്ട സ്ത്രീ സെക്രട്ടറിമാര്‍, ബഹുഭൂരിപക്ഷം സെക്രട്ടറിമാരും യുവാക്കള്‍. ബ്രാഞ്ചിനു മുകളിലെ ഘടകങ്ങളായ മുഴുവന്‍ ലോക്കല്‍, ഏരിയാ, ജില്ലാ കമ്മിറ്റികളിലും 40 വയസ്സില്‍ താഴെയുള്ള രണ്ടു പേരെങ്കിലും വേണമെന്നും രണ്ടു സ്ത്രീകളെങ്കിലും ഉണ്ടാകണമെന്നും തീരുമാനിച്ചു നടപ്പാക്കി. ആകെ ലോക്കല്‍ കമ്മിറ്റികള്‍ 2273, ഏരിയാ കമ്മിറ്റികള്‍ 250. 14 ജില്ലാ സെക്രട്ടേറിയറ്റുകളിലും കുറഞ്ഞത് ഒരു സ്ത്രീയെങ്കിലും ഉണ്ട്; യുവാക്കളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍ മാറുന്ന കാലത്തിന്റെ കൃത്യമായ വിവരമുണ്ട്: ''നേതൃതലത്തില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം ജില്ലാ സെക്രട്ടേറിയറ്റുകളിലാണ്. അവിടെ ഇതുവരെ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. ഇത്തവണ എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും സ്ത്രീ പ്രാതിനിധ്യമുണ്ടായി. ചില ജില്ലാ കമ്മിറ്റികളില്‍ ഈ മാനദണ്ഡത്തിലും കൂടുതല്‍പ്പേരുണ്ട്. പത്തു ശതമാനം സ്ത്രീകള്‍ വേണമെന്നാണ്. 45 അംഗങ്ങളുള്ള കമ്മിറ്റിയില്‍ അഞ്ചു പേര്‍; 45-ന്റെ പത്തു ശതമാനം കണക്കുകൂട്ടുമ്പോള്‍ നാലിലേക്കല്ല, അഞ്ചിലേക്കാണ് എത്തിക്കുന്നത്. ചില സ്ഥലത്ത് ആറുപേരും വന്നിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലും സ്വാഭാവികമായി 40 വയസ്സില്‍ താഴെയുള്ളവരുണ്ടാകും. സ്ത്രീകളുടെ പ്രാതിനിധ്യവും ഉയരും. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ പുതിയ ഒരു നേതൃതലം വരും, ഭാവിയില്‍.''

പാര്‍ട്ടിയില്‍ പുതിയ തലമുറയില്‍പ്പെട്ട ആളുകളും അനുഭവസമ്പത്തുള്ള ആളുകളും ഉണ്ടാകണമെന്നും രണ്ടിന്റേയുമൊരു സംയോജനമായിരിക്കണം പാര്‍ട്ടി നേതൃത്വമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ''കൂടുതല്‍ പ്രായമുള്ളവരെ ഒഴിവാക്കി നിര്‍ത്തുന്നത് അവരെ പ്രവര്‍ത്തന രംഗത്തുനിന്നു മാറ്റാനല്ല. പുതിയ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ കൊടുക്കാനും പ്രായമേറുന്ന സഖാക്കള്‍ക്ക് മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനുമാണ്. അവരുടെ അനുഭവസമ്പത്ത് പാര്‍ട്ടി ഉപയോഗിക്കും. അവര്‍ കമ്മിറ്റിയില്‍ ചിലപ്പോള്‍ ഉണ്ടാകണമെന്നില്ല. പക്ഷേ, കമ്മിറ്റിയുടെ ഭാഗമായിട്ടുള്ള മറ്റു ചുമതലകള്‍ അവര്‍ക്കു കൊടുക്കും. സംസ്ഥാന തലത്തിലുള്ളവരാണെങ്കില്‍ വര്‍ഗ്ഗ ബഹുജന സംഘടനകള്‍; സി.ഐ.ടി.യു, കര്‍ഷക സംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെല്ലാം അവര്‍ക്കു പ്രവര്‍ത്തിക്കാം. പക്ഷേ, പാര്‍ട്ടിയുടെ കമ്മിറ്റികളില്‍നിന്ന് അവര്‍ ഒഴിവായി നില്‍ക്കുക എന്നത് ഈയൊരു ഉദ്ദേശംകൊണ്ടു മാത്രമാണ്. അതേ സന്ദര്‍ഭത്തില്‍, ചില ആളുകളെ ക്ഷണിതാക്കളായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഈയൊരു പ്രക്രിയയുടെ ഭാഗമായി 40 വയസ്സില്‍ താഴെയുള്ള ആളുകള്‍ സാധാരണഗതിയില്‍ തെരഞ്ഞെടുക്കപ്പെട്ടു വരുന്നില്ല. വളരെക്കുറച്ച് ആളുകള്‍ മാത്രമേ വരുന്നുള്ളു. അതില്‍ മാത്രം വരുത്താനാണ് പ്രായത്തിന്റെ കാര്യം നിര്‍ബ്ബന്ധമാക്കുന്നത്. അതുപോലെതന്നെ സ്ത്രീകള്‍ സ്വാഭാവികമായിട്ട് വരുന്നില്ല. അതു നിര്‍ബ്ബന്ധമായിട്ടു വരുമ്പോള്‍ സ്ത്രീകളുടെ പുതിയൊരു നേതൃത്വം പാര്‍ട്ടിയില്‍ ഉയര്‍ന്നു വരികയാണ്. അതിന്റെ ഫലമായിട്ടാണ് ബ്രാഞ്ച് സെക്രട്ടറിമാരായി രണ്ടായിരത്തോളം പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും രണ്ടു സ്ത്രീകള്‍ വീതമെങ്കിലും വന്നു കഴിഞ്ഞു.'' ഇത് അവര്‍ക്ക് പരിശീലനവും ആകും എന്നുകൂടി കോടിയേരി കൂട്ടിച്ചേര്‍ക്കുന്നതിലുണ്ട് സി.പി.എമ്മിന്റെ കൃത്യമായ കാര്യപരിപാടി. 

ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒരു സുപ്രധാന പോരായ്മ, ചെറുപ്പക്കാരേയും സ്ത്രീകളേയും അവയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു, ഇടതുചിന്തകനും കേരള സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലറുമായ ഡോ. ജെ. പ്രഭാഷ്. ''ഇതിനര്‍ത്ഥം ഏതാണ്ട് 50 ശതമാനത്തോളം ആള്‍ക്കാര്‍ പാര്‍ട്ടികള്‍ക്ക് പുറത്തുനില്‍ക്കുന്നു എന്നാണ്. മാത്രമല്ല, ഇത്തരക്കാര്‍ പലപ്പോഴും മതമൗലികവാദ - വലതുപക്ഷ ശക്തികളുടെ ഇരകളും ആകാറുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ഒരു കാരണം ഇതാണെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. ഈ പശ്ചാത്തലത്തില്‍ വേണം സംഘടനാതലത്തില്‍ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കാനുള്ള സി.പി.എമ്മിന്റെ തീരുമാനത്തെ കാണേണ്ടത്. അതുകൊണ്ടുതന്നെ അതു സ്വാഗതം ചെയ്യപ്പെടേണ്ടതുമാണ്. ബ്രാഞ്ചു മുതല്‍ പോളിറ്റ്ബ്യൂറോ വരെ ഇതു പ്രതിഫലിക്കേണ്ടിയിരിക്കുന്നു. വരുന്ന 25 വര്‍ഷത്തെ നേതൃത്വത്തെക്കുറിച്ചാണ് പാര്‍ട്ടി ചിന്തിക്കേണ്ടത്'' -ഡോ. ജെ. പ്രഭാഷ് പറയുന്നു.

അതേസമയം, പാര്‍ട്ടി പരിപാടിയുടെ ആമുഖത്തില്‍ത്തന്നെ സംഘടനയെ നവീകരിക്കണ്ടതിന്റെ ആവശ്യകതയിലേക്കു സി.പി.എം മുന്‍പേ വ്യക്തമായി വിരല്‍ ചൂണ്ടിയിട്ടുണ്ട്. അത് ഇങ്ങനെ: ''പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു സഖാക്കളുടെ പ്രവര്‍ത്തനമാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായി നിലനില്‍ക്കുന്നത്. നേതൃത്വത്തെ തകര്‍ത്തു പാര്‍ട്ടിയെ ദുര്‍ബ്ബലമാക്കാന്‍ പറ്റുമോ എന്ന പരിശ്രമവും വര്‍ത്തമാനകാലത്ത് സജീവമായി നടക്കുന്നുണ്ട്. ഇതിനേയും ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്.'' ഈ വരികളിലുള്ളത് ഈ ദീര്‍ഘവീക്ഷണമാണെന്നു സ്വാഭാവികമായും സി.പി.എം നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും അവകാശപ്പെടാം. സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍പ്പിന്നെ മടിച്ചു നില്‍ക്കാന്‍ കഴിയാതെയുമായി. യുവജനങ്ങളുടെ ഊര്‍ജ്ജത്തെ എല്ലാക്കാലത്തും വിശ്വസിക്കുകയും ആശ്രയിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്തതിന്റെ അനുഭവപാഠം പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമാണു താനും.

സിപിഎമ്മിന്റെ വിദ്യാർത്ഥി കരുത്ത് 
സിപിഎമ്മിന്റെ വിദ്യാർത്ഥി കരുത്ത് 

യുവാക്കളേ ഇതിലേ 

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ശ്രദ്ധ നേടിയ കെ.എം. സച്ചിന്‍ ദേവ്, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്, ജോയിന്റ് സെക്രട്ടറി വി. വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖ എന്നിവര്‍ ഉള്‍പ്പെടെ 15 പേരാണ് കോഴിക്കോട് ജില്ലാ നേതൃത്വത്തിലേക്കു പുതുതായി വന്നത്. ഇവരും കെ. പുഷ്പജ, ഡി. ദീപ, ടി. രാധാ ഗോപി എന്നീ വനിതാ നേതാക്കള്‍ക്കും പുറമേ എട്ടു പേര്‍ കൂടി. 45 അംഗ ജില്ലാ കമ്മിറ്റിയുടെ മൂന്നിലൊന്ന് ആദ്യമായി ജില്ലാ കമ്മിറ്റിയില്‍ എത്തിയ മറ്റുള്ളവര്‍ കെ.എം. രാധാകൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, എം.പി. ഷിബു, ടി.പി. ഗോപാലന്‍, എ.കെ. സുരേഷ്, എ.എം. റഷീദ്, കെ. ബാബു. മൂന്നാമതും ജില്ലാ സെക്രട്ടറിയാകുന്ന 67-കാരനായ ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ, സംസ്ഥാന നേതാവ് പി. മോഹനന്റെ ടീമില്‍ അനുഭവസമ്പത്തിന്റേയും പ്രത്യയശാസ്ത്ര അടിത്തറയുടേയും കരുത്തുള്ള മുതിര്‍ന്ന നേതാക്കളെ നിലനിര്‍ത്താന്‍ സി.പി.എം തീരുമാനിച്ചതും ശ്രദ്ധേയം. പി. വിശ്വന്‍, ടി.പി. ദാസന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.ടി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരുള്‍പ്പെടെയാണ് പഴയ നേതാക്കളുടെ ഗംഭീര നിര. കാനത്തില്‍ ജമീലയും കെ.കെ. ലതികയും തുടരുന്നു. ലതിക ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റ് അംഗം.

യുവനേതാക്കള്‍ എന്‍. സുകന്യയും പി.വി. ഗോപിനാഥും ഉള്‍പ്പെടുന്നതാണ് കണ്ണൂരിലെ പുതിയ പതിനൊന്നംഗ ജില്ലാ സെക്രട്ടേറിയറ്റ്. വിദ്യാര്‍ത്ഥി സംഘടനാരംഗത്തു സുകന്യ സി.പി.എമ്മിന്റെ മുഖമായിരുന്ന കാലമുണ്ട്. കേരള സര്‍വ്വകലാശാല യൂണിയന്‍ അധ്യക്ഷയായിരുന്നു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍. ഡി.വൈ.എഫ്.ഐയുടെ തീപ്പൊരി സംസ്ഥാന സെക്രട്ടറി ആയിരുന്ന, രണ്ടുവട്ടം നിയമസഭാംഗമായിരിക്കുമ്പോഴും എല്‍.ഡി.എഫിന്റെ ഏറ്റവും ശക്തമായ നാവുകളിലൊന്നായിരുന്ന 61-കാരന്‍ എം.വി. ജയരാജന്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറിയായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴാണ് എം.വി. ജയരാജനെ സെക്രട്ടറിയാക്കിയത്. ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉള്‍പ്പെടെ അന്‍പതംഗ ജില്ലാ കമ്മിറ്റിയില്‍ ആദ്യമായി ഉള്‍പ്പെട്ടവര്‍ പതിനൊന്നുപേര്‍ ടി. ഷബ്ന, കെ. പത്മനാഭന്‍, എം. രാജന്‍, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. ശശിധരന്‍, കെ.സി. ഹരികൃഷ്ണന്‍, മനു തോമസ്, എം.കെ. മുരളി, കെ. ബാബുരാജ്, പി. ശശിധരന്‍, കെ. മോഹനന്‍. സുകന്യയ്ക്കും ശബ്നയ്ക്കും പുറമേ, പി.പി. ദിവ്യ, കെ. ലീല, എം.വി. സരള, പി.കെ. ശ്യാമള എന്നിവരും ജില്ലാ കമ്മിറ്റിയില്‍. ആറു വനിതാ നേതാക്കള്‍. പി.പി. ദിവ്യയും കെ.വി. സുമേഷും ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ സമീപകാലത്തു തന്നെ ഉണ്ടായിരുന്നവര്‍. 

1994 മുതല്‍ 2000 വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സി.എന്‍. മോഹനന്‍ എറണാകുളം ജില്ലാ സെക്രട്ടറി. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ പുതുമുഖങ്ങള്‍ 13, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എ. അന്‍ഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവരുള്‍പ്പെടെയാണ് ഇത്. ജില്ലാ സെക്രട്ടറി ടി.വി. അനിതയും മുന്‍ സെക്രട്ടറി കെ.എസ്. അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയില്‍ തുടരും. എന്‍.സി. ഉഷാകുമാരി, പി.എ. പീറ്റര്‍, ഷാജിമുഹമ്മദ്, എ.പി. ഉദയകുമാര്‍, കെ.ബി. വര്‍ഗീസ്, സി.കെ. വര്‍ഗീസ്. സി.കെ. സലീംകുമാര്‍, എം.കെ. ബാബു, പി.ബി. രതീഷ്, എ.ജി. ഉയകുമാര്‍, എ.പി. പ്രിനില്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍. സെക്രട്ടേറിയറ്റിന്റെ എണ്ണം 11-ല്‍ നിന്ന് പന്ത്രണ്ടാക്കി ആക്കി വനിതാ നേതാവ് പുഷ്പ ദാസിനെ ഉള്‍പ്പെടുത്തി. പി.എസ്. ഷൈല, കെ. തുളസി എന്നിവര്‍ ഉള്‍പ്പെടെ സ്ത്രീകള്‍ ആറ്.

ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. റഫീഖ് ഉള്‍പ്പെടെയാണ് എട്ടംഗ വയനാട് ജില്ലാ സെക്രട്ടേറിയറ്റ്. 27 അംഗ ജില്ലാ കമ്മിറ്റിയില്‍ എട്ടുപേരെ പുതുതായി ഉള്‍പ്പെടുത്തി. സെക്രട്ടേറിയറ്റിലെ വനിതാ അംഗം വി. ഉഷാറാണി. ബീന വിജയനാണ് മറ്റൊരു വനിതാ അംഗം. 

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ തൃശൂര്‍ ജില്ലയിലെ നേതാവ് ടി. ശശിധരനെ വീണ്ടും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അദ്ദേഹം ഉള്‍പ്പെടെ 12 പുതുമുഖങ്ങളും നാല് സ്ത്രീകളുമുണ്ട് ജില്ലാ കമ്മിറ്റിയില്‍. കെ.വി. നഫീസ ജില്ലാ സെക്രട്ടേറിയേറ്റിലെ വനിതാ അംഗം. യു.പി. ജോസഫ്, സേവ്യര്‍ ചിറ്റിലപ്പള്ളി തുടങ്ങിയ മുന്‍കാല വിദ്യാര്‍ത്ഥി, യുവജന നേതാക്കളും ജില്ലാ കമ്മിറ്റിയില്‍ തുടരുന്നു.

38 അംഗ കോട്ടയം ജില്ലാ കമ്മിറ്റിയില്‍ പുതുമുഖങ്ങള്‍ പത്തുപേര്‍, സ്ത്രീകള്‍ നാല്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന നിലവിലെ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്ക് സി. തോമസ് ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, പ്രസിഡന്റ് കെ.ആര്‍. അജയ്, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പ്രശാന്ത്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷമീം അഹമ്മദ് എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെ പുതിയ ചെറുപ്പക്കാര്‍. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.വി. ബിന്ദുവും ഉണ്ട്. കെ. അനില്‍ കുമാറും കൃഷ്ണകുമാരി രാജശേഖരനുമാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍. ഇരുവരും നേരത്തെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മുന്‍കാല എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ കെ. സുരേഷ് കുറുപ്പ്, പി.കെ. ഹരികുമാര്‍, റജി സഖറിയ തുടങ്ങിയവരടക്കമാണ് പത്ത് അംഗ ജില്ലാ സെക്രട്ടേറിയറ്റ്. ജില്ലാ സെക്രട്ടറി എ.വി. റസല്‍ വന്നതും യുവജന സംഘടനാ രംഗത്തുകൂടിയാണ്. സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് ഇതാദ്യം. ജില്ലാ സെക്രട്ടറി ആയിരുന്ന വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ റസല്‍ സെക്രട്ടറി ആയത്. 39 അംഗ ഇടുക്കി ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍ പത്ത്; സ്ത്രീകള്‍ നാല്. സെക്രട്ടേറിയറ്റ് അംഗം ഷൈലജ സുരേന്ദ്രനു പുറമേ സുമ സുരേന്ദ്രന്‍, സുശീല ആനന്ദ്, കെ.എം. ഉഷ എന്നിവരാണ് സ്ത്രീകള്‍. സുമയും സുശീലയും ആദ്യമായാണ് ജില്ലാ കമ്മിറ്റിയില്‍. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന വി. സിജിമോന്‍ എന്നിവരും പുതുമുഖങ്ങളില്‍പ്പെടുന്നു. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം നിശാന്ത് വി. ചന്ദ്രന്‍, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഈ ജില്ലാ കമ്മിറ്റിയിലുമുണ്ട്. ഡി.വൈ.എഫ്.ഐ രൂപീകരിക്കുന്നതിനു മുന്‍പ് സി.പി.എം യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിലൂടെയാണ് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗ്ഗീസ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായി.

പതിനാറ് പുതുമുഖങ്ങളും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുമായ ചിന്താ ജെറോം ഉള്‍പ്പെടെ ആറ് സ്ത്രീകളുമാണ് 46 അംഗ കൊല്ലം ജില്ലാ കമ്മിറ്റിയില്‍. സ്ത്രീ പ്രാതിനിധ്യം ഇരട്ടിയായി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ എസ്.ആര്‍. അരുണ്‍ ബാബുവും ജില്ലാ കമ്മിറ്റിയിലെ പുതുമുഖ നിരയിലുണ്ട്. സുജാ ചന്ദ്രബാബു, സബിതാ ബീഗം, അയിഷാ പോറ്റി എന്നിവരും ആദ്യമായി ജില്ലാ കമ്മിറ്റിയിലെത്തി. സി. രാധാമണിയാണ് രണ്ടാംവട്ടവും ജില്ലാ സെക്രട്ടേറിയറ്റിലെ പുതിയ വനിത.

44 അംഗ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നാല് സ്ത്രീകള്‍, 14 പുതുമുഖങ്ങള്‍. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.എം. ശശി ജില്ലാ സെക്രട്ടേറിയറ്റ് അംഗം. ജില്ലാ പ്രസിഡന്റ് പി.പി. സുമോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങളുടെ കൂട്ടത്തിലുണ്ട്, കെ. ബിനുമോള്‍, എ. അനിതാ നന്ദനന്‍ എന്നിവര്‍ പുതുമുഖ വനിതകള്‍. സുബൈദ ഉസഹാഖ് ഈ കമ്മിറ്റിയിലുമുണ്ട്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ.എസ്. സലീഖയെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. കെ. പ്രേംകുമാര്‍, നിതിന്‍ കണിച്ചേരി തുടങ്ങിയ മുന്‍കാല ഡി.വൈ.എഫ്.ഐ നേതാക്കള്‍ ജില്ലാ കമ്മിറ്റിയില്‍ തുടരുന്നുമുണ്ട്. ആദ്യമായി ജില്ലാ സെക്രട്ടറിയാവുകയാണ് അന്‍പത്തിയൊന്നുകാരന്‍ ഇ.എന്‍. സുരേഷ് ബാബു. 

മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ ആകെ അംഗങ്ങള്‍ 38. ചെറുപ്പക്കാരുടേയും സ്ത്രീകളുടേയും സജീവ സാന്നിധ്യമാണ് മലപ്പുറം ജില്ലാ നേതൃത്വത്തിലും കാണാനുള്ളത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. മുബഷിര്‍ ഉള്‍പ്പെടെ പുതുമുഖങ്ങള്‍ എട്ട്, നാല് സ്ത്രീകള്‍. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡ്ന്റ് വി.പി. സാനു പുതിയ ജില്ലാ കമ്മിറ്റിയിലുമുണ്ട്. ഇ കെ. ആയിഷ, ഇ. സിന്ധു, കെ. മജ്നു എന്നിവര്‍ ആദ്യമായി ജില്ലാ കമ്മിറ്റിയിലെത്തി. കെ. ശ്യാംപ്രസാദ്, ടി. രവീന്ദ്രന്‍, ടി. സത്യന്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ.പി. സുമതിയും ജില്ലാ കമ്മിറ്റിയില്‍ തുടരുന്നു. 

34 അംഗ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വീണാ ജോര്‍ജ്ജ് ഉള്‍പ്പെടെ പുതുമുഖങ്ങള്‍ അഞ്ച്. എസ്. നിര്‍മലാ ദേവിയാണ് സെക്രട്ടേറിയറ്റിലെ സ്ത്രീ. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു. ജനീഷ് കുമാര്‍ പുതിയ ജില്ലാ കമ്മിറ്റിയിലുമുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടി പാര്‍ട്ടിയിലെത്തിയ കെ.പി. ഉദയഭാനു മൂന്നാംതവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.

ഇതാദ്യമായി ഒരു പെണ്‍ നേതാവ് ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിലെ മീനങ്ങാടി ഏരിയാ സെക്രട്ടറി എന്‍.പി. കുഞ്ഞുമോള്‍. ബത്തേരി ഏരിയാ കമ്മിറ്റി വിഭജിച്ച് രണ്ട് ഏരിയാ കമ്മിറ്റികളാക്കിയപ്പോഴാണ് പുതിയ മീനങ്ങാടി ഏരിയാ കമ്മിറ്റി വന്നത്. അതിന്റെ ആദ്യ സെക്രട്ടറിയാണ് 54 വയസ്സുള്ള കുഞ്ഞുമോള്‍. നാലുവര്‍ഷം മുന്‍പ് ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ജി. രാജമ്മയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, കുഞ്ഞുമോള്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടതാണ് എന്ന പ്രത്യേകതയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായി. അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു.

ചുവപ്പു സേനയിലെ വിദ്യാർത്ഥിനി ശക്തി
ചുവപ്പു സേനയിലെ വിദ്യാർത്ഥിനി ശക്തി

നയിക്കാന്‍ കെല്‍പ്പുള്ളവര്‍ 

പ്രാദേശിക തലത്തില്‍ സി.പി.എമ്മിനെ പ്രവര്‍ത്തകരുമായും അനുഭാവികളുമായും ഇതു രണ്ടുമല്ലാത്തവരുള്‍പ്പെടുന്ന ബഹുജനങ്ങളുമായും ചേര്‍ത്തു നിര്‍ത്തുന്നതില്‍ ലോക്കല്‍ കമ്മിറ്റികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിലൂടെ ഒന്നു കടന്നുപോകുന്നവര്‍ക്ക് അതു ബോധ്യപ്പെടും. 40 വയസ്സില്‍ താഴെയുള്ള 4526 പേരും അത്രതന്നെ എണ്ണം സ്ത്രീകളുമാണ് പുതിയ നിബന്ധനയിലൂടെ ലോക്കല്‍ കമ്മിറ്റികളില്‍ എത്തിയിരിക്കുന്നത്. ഈ പ്രായക്കാരേയും സ്ത്രീകളേയും ഇത്രയും ഉള്‍പ്പെടുത്താന്‍ പ്രാപ്തിയുണ്ട് എന്ന പ്രഖ്യാപനം കൂടിയാണ് സി.പി.എം നടത്തിയിരിക്കുന്നത്. ജനാധിപത്യ, മതനിരപേക്ഷത മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള ഇത്രയും സ്ത്രീ, യുവജന നേതാക്കളെ ഭാവി കേരളത്തിന്റെ സാമൂഹിക ജീവിതത്തിനു സംഭാവന ചെയ്യുന്നു എന്നും പറയാം. മാത്രമല്ല, ഏരിയതല നേതൃത്വത്തിലേക്ക് എത്തുന്ന 500 വീതം സ്ത്രീകളും 40 വയസ്സില്‍ താഴെയുള്ളവരും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും നല്‍കുന്നത് പ്രതീക്ഷാനിര്‍ഭരമായ സന്ദേശം. ജില്ലാ നേതൃത്വങ്ങളില്‍ ഏറ്റവും കുറഞ്ഞത് 18 സ്ത്രീകളെങ്കിലും എത്തുന്നു, അത്രയും ചെറുപ്പക്കാരും. യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിത എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളും ചെറുപ്പക്കാരും ഈ കമ്മിറ്റികളിലെല്ലാം എത്തിയിരിക്കുന്നു എന്നതാണ് വസ്തുത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം നിയമപരമായി നിര്‍ബ്ബന്ധമാക്കിയപ്പോള്‍ കേരളത്തില്‍ അത് 60 ശതമാനത്തില്‍ കൂടുതലായി മാറിയ അനുഭവം പോലെയാണിതും. 40 വയസ്സില്‍ താഴെയുള്ളവരുടെ ഈ നിര്‍ബ്ബന്ധ പ്രാതിനിധ്യത്തില്‍ മനസ്സിലാക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. യുവജനങ്ങളില്‍ സ്വാഭാവികമായും പുരുഷന്മാര്‍ മാത്രമല്ല ഉള്ളത്. സ്ത്രീപ്രാതിനിധ്യം ഇതോടെ വീണ്ടും വര്‍ദ്ധിക്കുന്നു. സ്ത്രീപക്ഷ പ്രതിബദ്ധതയെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ക്കു മുന്നില്‍, സി.പി.എമ്മിന് ഉന്നയിക്കാവുന്ന അവകാശവാദത്തിന്റെ നേര്‍ചിത്രമാണ് ജില്ലാ സെക്രട്ടേറിയറ്റുകളിലേയും സ്ത്രീ പങ്കാളിത്തം. 

സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോഴുള്ളത് പത്തു സ്ത്രീകളാണ്. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, പി. സതീദേവി, പി.കെ. സൈനബ, കെ.പി. മേരി, സി.എസ്. സുജാത, ജെ. മേഴ്സിക്കുട്ടിയമ്മ, സൂസന്‍ കോടി, ടി.എന്‍. സീമ, ഗിരിജാ സുരേന്ദ്രന്‍. നിരവധി യുവ നേതാക്കളുമുണ്ട്. എ.എന്‍. ഷംസീര്‍, മുഹമ്മദ് റിയാസ്, വി. ശിവദാസന്‍, എം. സ്വരാജ്, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, എം.ബി. രാജേഷ് തുടങ്ങിയ നിര. പുതിയ സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു വിഭാഗങ്ങളുടേയും എണ്ണം കൂടും. 

പാഠങ്ങള്‍, തിരിച്ചറിവുകള്‍ 

തലമുറ മാറ്റം തന്നെയാണ് സംഭവിക്കുന്നത്. ലോമെമ്പാടുമെന്നതുപോലെ കേരളവും അഭിമുഖീകരിക്കുന്ന കൊവിഡ് മഹാമാരിയും ഈ മാറ്റത്തില്‍ പങ്കുവഹിച്ചു എന്നതാണ് യാദൃച്ഛികമായ ഒരു കാര്യം. കൊവിഡ് കാലത്ത് ചെറുപ്പക്കാരുടെ വലിയ ഒരു നിര സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജനങ്ങളെ സഹായിക്കാന്‍ സജീവമായി. ഇവരില്‍ യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും അതുവരെ സാമൂഹിക രംഗത്ത് ഇല്ലാതിരുന്ന വലിയൊരു വിഭാഗവും ഉണ്ട്. സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ സമൂഹ അടുക്കളകളില്‍നിന്നും അല്ലാതെയുമായി ഭക്ഷണവിതരണം, റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ നല്‍കിയ കിറ്റ് പ്രായമായവര്‍ക്കും രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിഞ്ഞവര്‍ക്കും എത്തിക്കല്‍, മരുന്നുകളുടെ വിതരണം, രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോവക തുടങ്ങി സ്വയം സമര്‍പ്പിച്ചു കേരളമാകെ നിറഞ്ഞു നിന്നു ഈ ചെറുപ്പക്കാര്‍. ഇവരില്‍ ബഹുഭൂരിപക്ഷവും സി.പി.എമ്മുമായി സംഘടനാപരമായിത്തന്നെ അടുത്തു. പലരെയും പിന്നീട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാക്കി; അവര്‍ ജയിച്ചു ജനപ്രതിനിധികളായി. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്തും അവരുടെ വന്‍തോതിലുള്ള സാന്നിധ്യം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പഞ്ചായത്ത് മെമ്പറെങ്കിലും ആകാനുമായിരുന്നില്ല അവര്‍ ആപത്തുകാലത്ത് ജനസേവകരായത്. സാമൂഹിക പ്രതിബദ്ധതയായിരുന്നു പ്രേരണ. ഉന്നത വിദ്യാഭ്യാസമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഈ നിറയൗവ്വനത്തില്‍ സി.പി.എമ്മിനു വലിയ പ്രതീക്ഷയാണുള്ളത്. അവരെ കൂടെ നിര്‍ത്തുന്നതിനു പ്രത്യേക പ്രാധാന്യം നല്‍കുന്നു. ഡി.വൈ.എഫ്.ഐയുടേയും എസ്.എഫ്.ഐയുടേയും സജീവ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തെ പിന്നീട് പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നത് പരിഹരിക്കാനും കൂടിയാണ് ഈ ഇടപെടല്‍.

തലമുറ മാറേണ്ടതുണ്ട് എന്നും അതിനു തുടക്കമിടാന്‍ വൈകിക്കൂടാ എന്നുമുള്ള തിരിച്ചറിവില്‍ ബംഗാളിലേയും ത്രിപുരയിലേയും അനുഭവങ്ങള്‍ സി.പി.എമ്മിനു വലിയ പാഠമായി. ശക്തികേന്ദ്രങ്ങളായിരുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലും പാര്‍ട്ടിയിലും ഭരണത്തിലും പുതിയ തലമുറയ്ക്ക് അവസരം കൊടുക്കാതെ തടഞ്ഞുനില്‍ക്കുകയായിരുന്നു ഒരു വിഭാഗം. പാര്‍ട്ടി തകരുകയും ഭരണം നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ മാത്രമാണ് തിരിഞ്ഞുനോക്കിയത്. അപ്പോള്‍ പഠിക്കുകയും തിരിച്ചറിവു നേടുകയും ചെയ്തു. ആ തിരിച്ചറിവിന്റെ പ്രായോഗിക രൂപംകൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍. പതിറ്റാണ്ടുകള്‍ ഭരിച്ച ഈ സംസ്ഥാനങ്ങളില്‍ സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നതിനു പിന്‍ഗാമികള്‍ക്ക് അവസരം നല്‍കിയില്ല. വലിയ തോല്‍വി ഉണ്ടായപ്പോള്‍ സ്വയംകൃതാനര്‍ത്ഥത്തിന്റെ തീയില്‍ ഉരുകാന്‍ മാത്രമേ ബംഗാളിലേയും ത്രിപുരയിലേയും നേതാക്കള്‍ക്കു കഴിഞ്ഞുള്ളൂ. എന്നാല്‍, എല്ലാക്കാലത്തും എല്ലാ യാഥാര്‍ത്ഥ്യങ്ങളോടും വേഗത്തിലും ആദ്യവും പ്രതികരിക്കാന്‍ മടിക്കാത്ത കേരളത്തിന്റെ സ്വഭാവം ഇവിടുത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ രക്തത്തിലും ഉണ്ടാവുന്നതു സ്വാഭാവികം. അങ്ങനെയാണ് മാറ്റത്തിന്റെ വാഹകരാകാന്‍ നേതൃത്വം സ്വയം ഇറങ്ങിയത്. അതു പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതല്ല. ദേശീയ തലത്തില്‍ത്തന്നെ 75 വയസ്സ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനമുണ്ട്. പക്ഷേ, യുവജനങ്ങളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഇരമ്പലോടെ ആനയിക്കുന്നു കേരളം. 

പ്രായം കൂടിയവരെ മാറ്റുമ്പോള്‍ താഴെ നിന്നു ചെറുപ്പക്കാരെ കൂടുതലായി കൂടെക്കൂട്ടുന്നു. അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഓരോ ബ്രാഞ്ചിലും കൂടി വരുന്നു. ഇവരില്‍ത്തന്നെ ഭൂരിപക്ഷവും കാന്‍ഡിഡേറ്റ് മെമ്പറും (അംഗമാകുന്നതിനു മുന്‍പുള്ള 'സ്ഥാനാര്‍ത്ഥി അംഗത്വം') പിന്നീട് അംഗവുമാകും. അതനുസരിച്ചു ബ്രാഞ്ചുകളുടെ എണ്ണവും കൂടുന്നു. ഗ്രൂപ്പില്‍നിന്ന് കാന്‍ഡിഡേറ്റ് അംഗമാകാനുള്ള കാലപരിധി കുറച്ചു. നേരത്തെ മൂന്നു വര്‍ഷമായിരുന്നത് ഇപ്പോള്‍ ഒരു വര്‍ഷമായി. ഇതോടെ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ ബോധമില്ലാത്തവര്‍പോലും സ്ഥിരാംഗമാകുന്നു എന്ന വിമര്‍ശനം സി.പി.എം സഹയാത്രികരായ ചിന്തകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ വരുന്നവരില്‍ ചിലരെങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയം മാത്രം നോക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതു മറികടക്കാന്‍ പ്രത്യയശാസ്ത്ര അവബോധം മുന്‍കാലങ്ങളിലെപ്പോലെ ശക്തമാക്കണം എന്ന തിരിച്ചറിവ് നേതൃത്വത്തിനുമുണ്ട്.

പുതിയ പ്രതീക്ഷകള്‍ നല്‍കിയും നവോന്മേഷം ചൊരിഞ്ഞും സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് അടുക്കുകയാണ്. എങ്കിലും രാജ്യമാകെ എന്തുകൊണ്ട് സി.പി.എം പ്രത്യേകിച്ചും ഇടതുപക്ഷം പൊതുവെയും നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി മാറുന്നില്ല എന്ന ചോദ്യം കൂടി അന്തരീക്ഷത്തില്‍ സജീവം. തോല്‍വികളുടേയും തിരിച്ചടികളുടേയും കാരണങ്ങള്‍ക്കും ആഴത്തില്‍ പഠിച്ചു തയ്യാറാക്കിയ വിശദീകരണമുണ്ട് പാര്‍ട്ടിയുടെ പക്കല്‍. ആ കണ്ടെത്തലുകളില്‍നിന്ന് എത്രത്തോളം പാഠം ഉള്‍ക്കൊണ്ടു, ഇനിയുമെത്ര ദൂരമുണ്ട് യാത്ര ചെയ്യാന്‍ എന്ന അന്വേഷണവും ഈ പാര്‍ട്ടി കോണ്‍ഗ്രസ് കാലത്തു പ്രസക്തം.

വന്നുകൊണ്ടിരിക്കുന്നത് വലിയ മാറ്റം

കോടിയേരി ബാലകൃഷ്ണന്‍ 
(സി.പി.എം സംസ്ഥാന സെക്രട്ടറി)

കേന്ദ്ര കമ്മിറ്റി തന്നെ ഇക്കാര്യത്തില്‍ പൊതുവായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി പാര്‍ട്ടി ഭരണഘടനയില്‍ ഒരു ഭേദഗതിയും ഈ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ത്തന്നെ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. കേന്ദ്ര കമ്മിറ്റിയിലും പ്രായപരിധിയും സ്ത്രീപ്രാതിനിധ്യവും നിര്‍ബ്ബന്ധമാക്കുന്ന ഭേദഗതി. ഇതു നടപ്പാക്കുന്നതിനു ഭരണഘടനാപരമായ സാംഗത്യമുണ്ടോ എന്ന ചോദ്യം ചില ഭാഗങ്ങളില്‍നിന്ന് ഉയരുന്നതുകൊണ്ടാണ് ഭരണഘടനാപരമായിത്തന്നെ ഇത് ഉത്തരവാദിത്തമാക്കി മാറ്റുന്നത്. എന്നുപറഞ്ഞാല്‍, നേതൃത്വം അത്ര ഗൗരവത്തിലാണ് ഈ പ്രശ്‌നത്തെ കാണുന്നത്. ബംഗാളില്‍ ഞങ്ങളേക്കാള്‍ ഒരുപടി അവര്‍ മുന്നോട്ടു പോയിട്ടുണ്ട്. പുതുതായി കമ്മിറ്റിയില്‍ എടുക്കുന്ന ആളുകള്‍ 60 വയസ്സില്‍ താഴെയുള്ളവരായിരിക്കണം എന്നു തീരുമാനിച്ചിരിക്കുന്നു. പരമാവധി 75 വയസ്സാണല്ലോ കമ്മിറ്റിയില്‍ നിലനിര്‍ത്താനുള്ള പരിധി. പക്ഷേ, അവിടെ പുതുതായി പാര്‍ട്ടിയുടെ ഏതു കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതും 60 വയസ്സില്‍ താഴെയുള്ളവരെ ആയിരിക്കും. ബംഗാളിലെ പാര്‍ട്ടി ആകെ പുനസ്സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ പാര്‍ട്ടി എല്ലാ നേതൃതലത്തിലും യുവരക്തം വന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും യുവാക്കളുമാണ് ഇപ്പോള്‍ അവിടെ പാര്‍ട്ടിയിലേക്കു കൂടുതലായി റിക്രൂട്ട് ചെയ്യപ്പെടുന്നത്. വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതിന്റേതായ ഗുണവുമുണ്ട്. പുതിയ പ്രതീക്ഷ ആളുകള്‍ക്ക് വന്നുതുടങ്ങിയിരിക്കുന്നു. 

1977-ല്‍ ജയിച്ച ആളുകള്‍ തന്നെയാണ് തോറ്റ സമയത്തും അവിടെ ഉണ്ടായിരുന്ന പലരും. പുതിയ ആളുകള്‍ക്ക് പലര്‍ക്കും വേണ്ടത്ര അവസരം കിട്ടാത്ത പ്രശ്‌നമൊക്കെ ഉണ്ടായിരുന്നു. രാഷ്ട്രീയം മാത്രമല്ല സംഘടനാപരമായ വീഴ്ചകളും അവിടുത്തെ വീഴ്ചകള്‍ക്കു കാരണമായി. രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകള്‍ ബംഗാളിലെ തോല്‍വിക്കു കാരണമായി എന്നു പാര്‍ട്ടി തന്നെ കണ്ടെത്തിയതാണ്. അതെല്ലാം കൂടി കണക്കിലെടുത്തുകൊണ്ടുള്ള മാറ്റമാണ് കേന്ദ്ര കമ്മിറ്റി ഉദ്ദേശിക്കുന്നത്. 

കേരളത്തില്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ 60 ശതമാനത്തോളം അംഗങ്ങള്‍ 45 വയസ്സിനു താഴെയുള്ളവരാണ്. 25 വയസ്സില്‍ താഴെയുള്ളവര്‍ 20 ശതമാനത്തോളമേ ഉള്ളൂ. ഞങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ മുന്‍ഗണന കൊടുക്കുന്നത് 25 വയസ്സില്‍ താഴെയുള്ള കൂടുതല്‍പ്പേരെ റിക്രൂട്ട് ചെയ്യാനാണ്. അതിന്റെ കാരണം, വിദ്യാര്‍ത്ഥി, യുവജന രംഗങ്ങളില്‍ വലിയ സ്വാധീനമുണ്ടെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ അതുപോലെ പ്രതിഫലിക്കുന്നില്ല. വിദ്യാര്‍ത്ഥി മൂവ്മെന്റ് വളരെ ശക്തമാണ് കേരളത്തില്‍. എങ്കിലും വിദ്യാര്‍ത്ഥി, യുവജന രംഗങ്ങളിലെ നല്ല പ്രവര്‍ത്തകര്‍തന്നെ എല്ലാവരും പാര്‍ട്ടിയിലേക്കു വരുന്നില്ല. സംസ്ഥാന സമ്മേളനം അതിനു മുന്‍ഗണന കൊടുക്കാനും പ്രാമുഖ്യം കൊടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ധാരാളം പേര്‍ എസ്.എഫ്.ഐയില്‍ ഉണ്ട്; അവരാണ് കൂടുതല്‍. പക്ഷേ, അംഗത്വത്തില്‍ അത്രത്തോളം കാണുന്നില്ല. അവര്‍ വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞാല്‍പ്പിന്നെ മറ്റു പലതിനും പോവുകയാണല്ലോ. അംഗത്വത്തില്‍ വന്നാലേ ഏതു ജോലിക്കു പോയാലും അവരുടെ പ്രവര്‍ത്തനത്തിനു തുടര്‍ച്ച ഉണ്ടാവുകയുള്ളു.

എൻപി കുഞ്ഞുമോൾ
എൻപി കുഞ്ഞുമോൾ

സി.പി.എമ്മിന്റെ മീനങ്ങാടി മോഡല്‍

വയനാട് ജില്ലയിലെ മീനങ്ങാടി ഏരിയാ സെക്രട്ടറി എന്‍.പി. കുഞ്ഞുമോളാണ് ഈ സമ്മേളനകാലത്ത് സി.പി.എമ്മിലെ താരങ്ങളിലെ താരം. പാര്‍ട്ടിയാണ് അമ്പലവയല്‍ അത്തിച്ചാല്‍ സ്വദേശി കുഞ്ഞുമോളുടെ ജീവശ്വാസം. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സാധാരണ അംഗമായി തുടങ്ങി പടിപടിയായി കയറി വന്ന അനുഭവസമ്പത്താണ് കരുത്ത്. ''ഏരിയാ സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമാണ്; സ്ത്രീ എന്ന നിലയില്‍ പ്രത്യേകിച്ചും. പൊതുവെ രാത്രി, പകല്‍ എന്നില്ലാതെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമായിരിക്കും. ഒരു സ്ഥലത്തു നിന്നു രാവിലെ തുടങ്ങിയാല്‍ ചിലപ്പോള്‍ അത് എപ്പോള്‍ അവസാനിക്കും എന്നു പറയാനാകില്ല. പ്രവര്‍ത്തകര്‍ എപ്പോള്‍ വിളിക്കുമ്പോഴും ചെല്ലേണ്ട ആളാണ് സെക്രട്ടറി. താഴേത്തട്ടില്‍ മുതല്‍ മുകളില്‍ വരെ അങ്ങനെയാണ്. പ്രത്യേകിച്ചു സ്ത്രീകളാകുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ചുമതലയേറ്റ ശേഷമുള്ള ഈ രണ്ടുമാസംകൊണ്ടുതന്നെ ഒരു പരിധിവരെ അതു മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ എന്റെ സഖാക്കള്‍ അങ്ങനെയൊരു പിന്തുണ തരുന്നതുകൊണ്ടാണ് അതു സാധിച്ചത്. രാത്രിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വരുന്നില്ല, ഇപ്പോള്‍. നാളെ വരുമായിരിക്കും. മറ്റുള്ളവരെക്കൂടി കൂട്ടിയോജിപ്പിച്ചുകൊണ്ട്, ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചുകൊടുത്തുകൊണ്ട് ഈ ചുമതല കഴിയുന്നത്ര നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്'' -കുഞ്ഞുമോള്‍ പറയുന്നു. 

1986-ലാണ് മഹിളാ അസോസിയേഷനില്‍ അംഗത്വമെടുത്തത്. 1989-ല്‍ ഡി.വൈ.എഫ്.ഐ അംഗമായി. 2001-ലാണ് പാര്‍ട്ടിയിലേക്കു വരുന്നത്. 2000 മുതല്‍ 2007 വരെ ഡി.വൈ.എഫ്.ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി അംഗമായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മഹിളാ അസോസിയേഷന്റെ യൂണിറ്റ് കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന കമ്മിറ്റി അംഗം വരെയായി. യൂണിറ്റ് സെക്രട്ടറി, വില്ലേജ് സെക്രട്ടറി, ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി. ഇപ്പോള്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം. 2015-'20 കാലയളവില്‍ അമ്പലവയല്‍ ഡിവിഷനില്‍നിന്നു ജില്ലാ പഞ്ചായത്ത് അംഗമായി. 15 വര്‍ഷം അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്നു. അതില്‍ നാലു വര്‍ഷം പ്രസിഡന്റ്. വയനാട് ജില്ലയില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റ്. 

ഏരിയാ സെക്രട്ടറിയായി സ്ത്രീ വന്നതില്‍ സ്ത്രീകള്‍ക്കു പൊതുവേ ആവേശമുണ്ടെന്ന് കുഞ്ഞുമോള്‍: ''ഇതു സ്ത്രീക്കും കൊണ്ടുനടക്കാന്‍ പറ്റും എന്നു തെളിയിച്ചുകൊടുക്കണം എന്നാണ് അവരൊക്കെ പറയുന്നത്. ഞാനൊരു തുടക്കക്കാരിയാണ്. നാളെ, ഭാവിയില്‍, പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരും. സി.പി.എമ്മില്‍ ഓരോ കമ്മിറ്റിയിലുമുള്ള സ്ത്രീകള്‍ രാഷ്ട്രീയമായി കാഴ്ചപ്പാടുള്ളവരാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാത്ത വിധത്തില്‍ ശക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ്. നന്നായി രാഷ്ട്രീയം സംസാരിക്കുന്ന വേദികളിലാണ് അവര്‍ ഇരിക്കുന്നത്. ബ്രാഞ്ചിലിരിക്കുന്ന സ്ത്രീയും ആ പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കമ്മിറ്റിയിലാണ്.''

ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മുതലുള്ള നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചത് ആഹ്ലാദത്തോടെയും അഭിമാനത്തോടെയും പറയുന്നു, കുഞ്ഞുമോള്‍. തെരഞ്ഞെടുക്കപ്പെട്ട് അഞ്ചു മിനിറ്റിനുള്ളില്‍ ശ്രീമതി ടീച്ചര്‍ വിളിച്ചു. പിന്നെ ശൈലജ ടീച്ചര്‍, മഹിളാ അസോസിയേഷന്‍ സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസന്‍ കോടി തുടങ്ങിയവരൊക്കെ വിളിച്ച് അഭിനന്ദിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെ ഇടതുമുന്നണിയിലെ മറ്റു പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും വിളിച്ച് അഭിനന്ദിച്ചു. രാഷ്ട്രീയ എതിര്‍ ചേരിയിലാണെങ്കിലും മുസ്ലിം ലീഗിലേയും കോണ്‍ഗ്രസ്സിലേയുമൊക്കെ പരിചയമുള്ള നേതാക്കളും പ്രവര്‍ത്തകരും വിളിച്ച് അഭിനന്ദനം അറിയിച്ചു. ''എല്ലാ അഭിനന്ദനങ്ങളും ഊര്‍ജ്ജമാണ്. കൂടുതല്‍ ചെയ്യാനുള്ള ഉത്തരവാദിത്തവും അതു തരുന്നുണ്ട്. ഞാന്‍ അറിയുകപോലുമില്ലാത്ത ആളുകള്‍ എവിടെ നിന്നൊക്കെയോ ആശംസാകാര്‍ഡുകള്‍ അയച്ചു.''

അമ്പലമുക്ക് ലോക്കല്‍ കമ്മിറ്റി അംഗം പൈലിക്കുഞ്ഞാണ് ജീവിത പങ്കാളി. കുഞ്ഞുമോള്‍ - പൈലിക്കുഞ്ഞ് ദമ്പതികള്‍ക്കു രണ്ടു മക്കള്‍. മകന്‍ സജോണ്‍. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്നു. അതിനു മുന്‍പ് ഏറെക്കാലം ബാലസംഘത്തിന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും. 2012-ല്‍ മീഡിയ അക്കാദമിയില്‍നിന്ന് ഒന്നാംറാങ്കോടെ ജേര്‍ണലിസം വിജയിച്ചു. മകള്‍ സൈവജ.

പ്രത്യയശാസ്ത്രം പഠിപ്പിക്കുകയും വേണം

ഡോ. ജെ പ്രഭാഷ്

ഇതിനോടൊപ്പം, ചെറുപ്പക്കാരേയും സ്ത്രീകളേയും വന്‍തോതില്‍ പാര്‍ട്ടി അംഗങ്ങള്‍ ആക്കാനുള്ള ശ്രമവും നടത്തേണ്ടതുണ്ട്. അങ്ങനെ എത്തുന്നവരിലും ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളവരിലും പ്രത്യയശാസ്ത്രാവബോധവും ജനാധിപത്യ സംസ്‌കാരവും ഊട്ടി ഉറപ്പിക്കാനുള്ള ശ്രമവും അടിയന്തരമായി ഏറ്റെടുക്കേണ്ടതു തന്നെ; പ്രത്യേകിച്ച് ഒടുവില്‍പ്പറഞ്ഞത്. ഇതു പറയുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ (Left as an imagination) ഇന്ത്യയിലെ ജനങ്ങളെ ആകര്‍ഷിക്കുമ്പോഴും ഒരു ഇലക്റ്റൊറല്‍ ഫോഴ്സ് (Left as an electoral force) എന്ന നിലയ്ക്ക് ഇടതുപക്ഷത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, ഇടതുപക്ഷ ആശയങ്ങള്‍ സ്വീകാര്യമാവുമ്പോഴും ജനങ്ങള്‍ അതനുസരിച്ച് അവയ്ക്ക് വോട്ട് ചെയ്യുന്നില്ല. ഇടതുപക്ഷം പരിചിന്തനം നടത്തണ്ട ഒരു കാര്യമാണിത്. ഇതിനു സ്ത്രീകളേയും ചെറുപ്പക്കാരേയും ആകര്‍ഷിച്ചാല്‍ മാത്രം പോര, പ്രത്യയശാസ്ത്രപരമായ തെളിമ കൂടി ഉണ്ടാവണം. നിര്‍മ്മിത ബുദ്ധിയുടേയും വിജ്ഞാന സമ്പദ്ഘടനയുടേയും വരവോടെ, ലോകം ആഗോളവല്‍ക്കരണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് അഥവാ ആഗോളവല്‍ക്കരണാനന്തര കാലഘട്ടത്തിലേക്ക് (?) കടന്നിരിക്കുകയാണ്. ഇതിനെ നേരിടണമെങ്കില്‍ പ്രത്യയശാസ്ത്രപരമായ നവീകരണം അനിവാര്യമാണ്. പഴയ സംജ്ഞകള്‍ കൊണ്ടുള്ള അമ്മാനമാടലിന്റെ കാലം കഴിഞ്ഞു എന്നു സാരം. ഇടതുപക്ഷത്തിന്റെ ദീര്‍ഘകാല പുനരുജ്ജീവന പ്രക്രിയയ്ക്ക് ഇത് അനുപേക്ഷണീയമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com