രാപകലില്ലാതെ കൊച്ചി പുകഞ്ഞുകൊണ്ടിരുന്ന ദിനങ്ങള്‍...

കേരളത്തിന്റെ വ്യവസായനഗരം എങ്ങനെ പുകയില്‍ മുങ്ങി? ദിവസങ്ങളോളം അത് എങ്ങനെ തുടര്‍ന്നു?
രാപകലില്ലാതെ കൊച്ചി പുകഞ്ഞുകൊണ്ടിരുന്ന ദിനങ്ങള്‍...

രു വലിയ നിര്‍മ്മിതദുരന്തത്തിന് ഉത്തരവാദികള്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സര്‍ക്കാരാണോ കേരളം ഭരിക്കുന്നത്? എറണാകുളം നഗരവും സമീപപ്രദേശങ്ങളും പുകയില്‍തന്നെ തുടര്‍ന്ന ഒന്‍പതാം ദിവസം മാധ്യമങ്ങളില്‍നിന്ന് ഈ ചോദ്യം നേരിട്ട മന്ത്രി പി. രാജീവിന് കൃത്യമായ ഒരുത്തരം ഉണ്ടായിരുന്നില്ല. പകരം പറഞ്ഞത്, ചില ഘട്ടങ്ങളില്‍ നമുക്ക് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകും എന്നാണ്. അതിന്റെ ആഘാതം കുറയ്ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുകയാണെന്നും  പറഞ്ഞു. ഗവണ്‍മെന്റിനു സാധ്യമായതെല്ലാം ചെയ്‌തോ? എങ്കില്‍, 12-ാം ദിനം മാത്രം പൂര്‍ണ്ണമായും കെടുത്താന്‍ കഴിഞ്ഞ ഈ ദുരിതത്തിനു കാരണമായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക കൂടിയല്ലേ ചെയ്യേണ്ടത്?  

കേരളത്തിന്റെ വ്യവസായനഗരം എങ്ങനെ പുകയില്‍ മുങ്ങി? ദിവസങ്ങളോളം അത് എങ്ങനെ തുടര്‍ന്നു എന്നീ ചോദ്യങ്ങള്‍ക്ക് ജനത്തേയും കോടതിയേയും തൃപ്തിപ്പെടുത്തുന്ന ഉത്തരം പറയാന്‍ കൊച്ചി കോര്‍പറേഷനും സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും കഴിയുന്നില്ല. സംഗതി രാഷ്ട്രീയ വിമര്‍ശനങ്ങളിലേക്കു മാറിയതോടെ ഒരുതരം വാശിയും കൂടി ചേര്‍ന്നു. കാരണമുണ്ട്; ബ്രഹ്മപുരത്തെ ഖരമാലിന്യ പ്ലാന്റിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള ബയോ മൈനിംഗ് കരാര്‍ കിട്ടിയ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനി സി.പി.എം നേതാവും എല്‍.ഡി.എഫ് മുന്‍ കണ്‍വീനറുമായ വൈക്കം വിശ്വന്റെ മരുമകന്‍ രാജ്കുമാറിന്റേതാണെങ്കില്‍ ഉപകരാറുകാരന്‍ വിഘ്നേഷ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ജി.സി.ഡി.എ മുന്‍ ചെയര്‍മാനുമായ എന്‍. വേണുഗോപാലിന്റെ മകനാണ്. മാലിന്യത്തില്‍നിന്നു വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാറും സോണ്‍ട ഇന്‍ഫ്രാടെക്കിനു തന്നെയാണ്. 

2021 ജൂലൈയില്‍ കമ്പനി പ്രവൃത്തി തുടങ്ങിയപ്പോള്‍ എന്‍. വേണുഗോപാല്‍ പിന്നില്‍നിന്നു ചരടുവലിച്ച് പദ്ധതിക്കു ചില തടസ്സങ്ങള്‍ വരുത്താന്‍ ശ്രമിച്ചു എന്ന വിമര്‍ശനമുണ്ട്. അത് അണികളെക്കൊണ്ട് ചെയ്യിച്ചപ്പോള്‍ സര്‍ക്കാരിന്റേയും സോണ്‍ട ഇന്‍ഫ്രാടെക്കിന്റേയും ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പ് ശ്രമങ്ങളുണ്ടായി. അങ്ങനെയാണ് മകന്‍ ഉള്‍പ്പെടുന്ന കമ്പനിക്ക് ഉപകരാര്‍ കിട്ടിയത്. എന്നാല്‍, ഈ കരാറില്‍ ഉപകരാറിനു വ്യവസ്ഥ ഇല്ല. അതുകൊണ്ട് രേഖകളില്‍ ഉപകരാറോ അതേറ്റെടുത്ത കമ്പനിയോ ഇല്ല. നേരത്തെ ഗ്രീന്‍ ട്രിബ്യൂണലിന്റെ ഇടപെടല്‍ മൂലമാണ് കൂറ്റന്‍ മാലിന്യക്കൂമ്പാരം നീക്കുന്നതിന് ബയോ മൈനിംഗ് നടത്താന്‍ തീരുമാനിച്ചത്. മാലിന്യക്കൂമ്പാരത്തില്‍ തീ പടരുന്നത് പതിവായപ്പോഴായിരുന്നു ഇത്. പരിഹാരമുണ്ടാക്കണം എന്നു താക്കീത് ചെയ്യുക മാത്രമല്ല, വലിയ തുക പിഴ ഈടാക്കുകയും ചെയ്തു ഗ്രീന്‍ ട്രിബ്യൂണല്‍. കോര്‍പറേഷനില്‍നിന്ന് സര്‍ക്കാര്‍ തന്നെ ആ ചുമതല ഏറ്റെടുത്തതുകൊണ്ട് കെ.എസ്.ഐ.ഡി.സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍) ആണ് ടെന്‍ഡര്‍ ക്ഷണിച്ചതും തുടര്‍നടപടികള്‍ സ്വീകരിച്ചതും. ഒന്‍പതു മാസം കൊണ്ട് മാലിന്യം നീക്കാം എന്ന കരാര്‍ വ്യവസ്ഥ പാലിക്കാന്‍ കരാറെടുത്തവര്‍ക്കു കഴിഞ്ഞില്ല. 2023 ജൂലൈ വരെ ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്നു. അതിന് ഇനി നാലര മാസം തികച്ചില്ല. പക്ഷേ, പകുതിപോലും നീക്കിയിട്ടുമില്ല. അതിനിടയിലാണ് ദുരൂഹമായ തീപിടുത്തം. 

ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ദൗത്യസേനാം​ഗങ്ങൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ദൗത്യസേനാം​ഗങ്ങൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

ക്രമക്കേടിന്റെ നേര്‍സാക്ഷ്യം 

കൊച്ചി നഗരസഭയുടെ ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ മാര്‍ച്ച് രണ്ടിനാണ് തീപിടിച്ചത്. ഭരണകൂട അനാസ്ഥയുടേയും അഴിമതിയുടേയും നേര്‍ക്കാഴ്ചയായി പിന്നീടത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പ്ലാന്റുകള്‍ സമയബന്ധിതമായി കൊച്ചിയില്‍ സ്ഥാപിക്കാന്‍ കഴിയാതെ പോയതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിനു കാരണമായി വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കോര്‍പറേഷന്‍ ഇപ്പോള്‍ ഭരിക്കുന്ന ഇടതുമുന്നണിയുടേയും മുന്‍പ് ഭരിച്ച യു.ഡി.എഫിന്റേയും അഴിമതിയും വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഉള്‍പ്പെടെ വിട്ടുവീഴ്ച ചെയ്യുന്നതും പുറത്തു വന്നു. ഇനിയും പലതും പുറത്തുവരാനിരിക്കുന്നു . 
ഏതായാലും ടെന്‍ഡര്‍ വ്യവസ്ഥകളൊക്കെ കാറ്റില്‍പറന്നു എന്നാണ് അന്വേഷിക്കുമ്പോള്‍ വ്യക്തമാകുന്ന സത്യം. കുറഞ്ഞത് പത്തു കോടി രൂപയുടെയെങ്കിലും ബയോ മൈനിംഗ് നടത്തി പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍, എട്ടര കോടി രൂപയുടെ മാത്രം മൂല്യമുള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ച സോണ്‍ട ഇന്‍ഫ്രാടെക്കിനു കിട്ടി. ഈ വഴിവിട്ട അനുമതിക്ക് ഇടയാക്കിയത് ഉന്നത രാഷ്ട്രീയ ബന്ധം. ഈ കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പു തന്നെ ക്രമക്കേട് രേഖാമൂലം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷേ, കരാറുമായിത്തന്നെ മുന്‍പോട്ടു പോയി. 

നാലര ലക്ഷം ഘനമീറ്റര്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഒന്‍പത് മാസം കൊണ്ട് സംസ്‌കരിക്കണം എന്നു കരാറില്‍ വ്യവസ്ഥ വച്ചത്. കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു മാസമായി. 20 % ജോലി പൂര്‍ത്തിയാക്കി എന്ന് കമ്പനി പറയുന്നു. എന്നാല്‍, അതു ശരിയല്ല എന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ഏതായാലും നഗരസഭ 12 കോടി രൂപ നല്‍കി. അത് ചെയ്തത് ക്രമം വിട്ടാണ് എന്ന ആരോപണം ശരിയായി നിഷേധിക്കാനാകുന്നുപോലുമില്ല. പദ്ധതി നിരീക്ഷിക്കുന്നതിന് ഒരു മേല്‍നോട്ട സമിതി രൂപീകരിച്ചിരുന്നു. ഈ തുക നല്‍കുന്നതിന് ആ സമിതിയുടെ അനുമതി ഉണ്ടായിരുന്നില്ല. പദ്ധതിയിലെ അഴിമതിക്കെതിരെ വിജിലന്‍സിനെ സമീപിക്കാന്‍ പ്രതിപക്ഷ നീക്കം ഉണ്ടായതിനു തൊട്ടുപിന്നാലെയാണ് ബ്രഹ്മപുരത്ത് പലയിടത്തായി തീപിടുത്തം ഉണ്ടായത് എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണിയുടേതാണ് ആരോപണം. 

അതായത്, കരാര്‍ പ്രകാരമുള്ള മാലിന്യസംസ്‌കരണം നടന്നിട്ടില്ല എന്ന് അന്വേഷണത്തില്‍ പുറത്തുവരും എന്ന ഭയം കാരണം കൃത്രിമമായി തീപിടുത്തം ഉണ്ടാക്കി എന്നാണ് ഈ ആരോപണത്തിന്റെ തുടര്‍ച്ച. അങ്ങനെയെങ്കില്‍ അത് അതീവ ഗൗരവമുള്ള കാര്യമാണ്. അന്വേഷണക്കുരുക്കില്‍നിന്നു രക്ഷപ്പെടാനും തെളിവു നശിപ്പിക്കാനും കമ്പനി തന്നെ ആസൂത്രണം ചെയ്തതാണ് തീപിടുത്തമെങ്കില്‍ അതിലെ വിവാദത്തീ ഉടനെയെങ്ങും കത്തിത്തീരില്ല. അതുകൊണ്ട് ബ്രഹ്മപുരത്തെ തീപിടുത്തത്തിനു പിന്നില്‍ എന്താണ് സംഭവിച്ചത് എന്ന സമഗ്ര അന്വേഷണം വളരെ പ്രധാനമായി മാറുന്നു. അതിനൊപ്പം പ്രാധാന്യത്തോടെ, കൊച്ചിയില്‍ അത്യാധുനിക മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുകയും വേണം. 

നിലവില്‍ രണ്ട് പ്രവൃത്തികളാണ് നടക്കുന്നത്; ഒന്ന്, 53.94 കോടിക്ക് ബയോ മൈനിംഗ് നടത്താന്‍ സോണ്‍ട ഇന്‍ഫ്രാടെക്കിനു നല്‍കിയ കരാര്‍. അടുത്തത്, നഗരസഭയുടെ ജൈവമാലിന്യ പ്ലാന്റിന്റെ ടെന്‍ഡര്‍ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിനു കൊടുത്തത്. ആദ്യത്തെ ടെന്‍ഡറില്‍ സോണ്‍ട ഇന്‍ഫ്രാടെക്കിന് എട്ടര കോടിയുടെ പ്രവൃത്തി ചെയ്ത പരിചയത്തിന് മുനിസിപ്പല്‍ കമ്മിഷണറുടെ സര്‍ട്ടിഫിക്കേറ്റാണ് ഹാജരാക്കിയത്. ടെന്‍ഡര്‍ തള്ളി. പിന്നീട് മൂന്നു മാസത്തിനുശേഷം റീ ടെന്‍ഡര്‍ ചെയ്തപ്പോള്‍ 10 കോടി മൂന്ന് ലക്ഷത്തിന്റെ പ്രവൃത്തി ചെയ്ത പരിചയമുണ്ടെന്ന മുനിസിപ്പല്‍ എന്‍ജിനീയറുടെ പുതിയ സര്‍ട്ടിഫിക്കേറ്റ് അതേ കമ്പനി ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ അവര്‍ക്കു കിട്ടി. മൂന്നു മാസത്തിനിടയില്‍ നടന്ന ടെന്‍ഡറില്‍ ഒരേ സ്ഥാപനം രണ്ട് തുകയുടെ കത്ത് ഹാജരാക്കി. കെ.എസ്.ഐ.ഡി.സിയുടെ ടെന്‍ഡര്‍ സൂക്ഷ്മപരിശോധനാ സമിതി ഇത് നിശ്ശബ്ദം അംഗീകരിക്കുകയോ തിരിച്ചറിയാതിരിക്കുകയോ ചെയ്തു. ഒരു കമ്പനിക്ക് രണ്ട് യോഗ്യതാ സര്‍ട്ടിഫിക്കേറ്റ് വന്നാല്‍ അതില്‍ ഒന്നായിരിക്കും ശരിയെന്നും മുനിസിപ്പല്‍ കമ്മിഷണര്‍ അംഗീകരിച്ച ആദ്യത്തേതാണ് സ്വീകാര്യം എന്നും വ്യക്തമാണ്. ടെന്‍ഡര്‍ നടപടി മുതല്‍ തുടങ്ങിയ ക്രമക്കേടിലേക്കാണ് സംശയരഹിതമായി ഇതു വിരല്‍ചൂണ്ടുന്നത്. നിയമപവിരുദ്ധമായാണ് ടെന്‍ഡര്‍ അംഗീകരിച്ചത് എന്ന വിമര്‍ശനങ്ങളും നിയമപരമായി ടെന്‍ഡര്‍ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായ വക്കീല്‍ നോട്ടീസും വകവയ്ക്കാതെയാണ് കരാര്‍ നല്‍കിയത്. 

2022 ജനുവരി 29-ന് നഗരസഭാ മേയര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഉള്‍പ്പെടെ വി. ജെ. ഹൈസിന്ത് എന്നയാള്‍ കൊടുത്ത പരാതി ബ്രഹ്മപുരം അഴിമതിയുടെ ഒരു ബ്ലൂ പ്രിന്റാണ്. കൊച്ചി നഗരസഭയുടെ ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നടത്തിപ്പിനു വിളിച്ച റീ ടെന്‍ഡറില്‍ കൃത്രിമമായും നിയമവിരുദ്ധമായും ഗൂഢാലോചന നടത്തി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെ സാങ്കേതിക യോഗ്യതയുള്ള സ്ഥാപനമായി അംഗീകരിച്ച് നഗരസഭാ സെക്രട്ടറിയും സൂപ്രണ്ടിംഗ് എന്‍ജിനീയറും നഗരസഭാ കൗണ്‍സിലിനേയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയേയും കബളിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ആ പരാതി. പരാതി പരാതിയായിത്തന്നെ നിന്നു. 

തീ കെടുത്താൻ നാവിക സേനയുടെ ഹെലികോപ്റ്റർ ഉപയോ​ഗിച്ചപ്പോൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
തീ കെടുത്താൻ നാവിക സേനയുടെ ഹെലികോപ്റ്റർ ഉപയോ​ഗിച്ചപ്പോൾ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

കോടതിയുടെ ഇടപെടല്‍, പ്രതീക്ഷ 

അതിനിടെ, കാര്യങ്ങളുടെ പോക്ക് കണ്ട് കോടതി സ്വമേധയാ കേസ് എടുത്തതാണ് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയ ഒരു കാര്യം. പക്ഷേ, തുടക്കത്തില്‍ പ്രതീക്ഷിച്ചതുപോലെ കോടതിയുടെ ഇടപെടലും ഇതിനു പിന്നിലെ പ്രതികളെ വേഗത്തില്‍ പുറത്തുകൊണ്ടുവരികയോ പൊലീസിനെക്കൊണ്ട് ഒരു പ്രഥമവിവര റിപ്പോര്‍ട്ടെങ്കിലും തയ്യാറാക്കിക്കാന്‍ ഇടയാവുകയോ ചെയ്തില്ല. എങ്കിലും പ്രതീക്ഷ ബാക്കിയുണ്ട്. ഹൈക്കോടതി രൂപീകരിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് തീപിടുത്തത്തിന്റെ 12-ാം ദിവസം പരിഗണിച്ചപ്പോള്‍ കോര്‍പറേഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കണക്കിനു കിട്ടി. മാലിന്യസംസ്‌കരണ കരാര്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഹാജരാക്കാനും കഴിഞ്ഞ ഏഴു വര്‍ഷം ഇതിനു ചെലവഴിച്ച പണത്തിന്റ വിശദാംശങ്ങള്‍ നല്‍കാനും കോര്‍പറേഷനോടു നിര്‍ദ്ദേശിച്ചിരിക്കുന്നു. മറ്റൊന്ന്, ഇതേ ദിവസം തന്നെ, മാലിന്യസംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 2011 മുതല്‍ നടപ്പാക്കിയ എല്ലാ കാര്യങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് കോര്‍പറേഷന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു എന്നതാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍, ഖരമാലിന്യം സ്വച്ഛതാ മിഷന്‍ ഡയറക്ടര്‍, എറണാകുളം കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയേണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഹൈക്കോടതി നിയോഗിച്ച സമിതി. ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ സമയക്രമം നിശ്ചയിച്ച് നടപടി സ്വീകരിക്കാനാണ് ആദ്യം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പരിഹാര നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. സമയത്ത് ആവശ്യമായ ഇടപെടല്‍ നടത്താത്തതിനു ജില്ലാ ഭരണകൂടം വിമര്‍ശനവിധേയമായി. തീ പിടിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോര്‍പറേഷനു മുന്നറിയിപ്പു നല്‍കി എന്ന കളക്ടറുടെ വാദത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ലാ അധ്യക്ഷ എന്ന ഉത്തരവാദിത്വം നിറവേറ്റിയോ എന്ന മറുചോദ്യം കൊണ്ടാണ് ജസ്റ്റിസുമാരായ എസ്.വി. ഭട്ടിയും ബസന്ത് ബാലാജിയും നേരിട്ടത്. തീ നിയന്ത്രണവിധേയമാണ് എന്ന കോര്‍പറേഷന്‍ സെക്രട്ടറിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കോടതിക്കു കാര്യങ്ങള്‍ കണ്‍മുന്നില്‍ കണ്ട് നേരിട്ടു ധാരണയുണ്ടായിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവാദിത്വമില്ലായ്മയ്ക്കും കിട്ടി പ്രഹരം. പരിഹാരനടപടി സാധിക്കുന്നില്ലെങ്കില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹായം തേടും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കളക്ടര്‍ രേണുരാജ്, കോര്‍പറേഷന്‍ സെക്രട്ടറി എം. ബാബു അബ്ദുല്‍ ഖാദര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി. പ്രദീപ് കുമാര്‍ എന്നിവരെ നേരിട്ടു വരുത്തിയാണ് കോടതി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. കൊച്ചിയില്‍ ഇതു നടക്കുമ്പോള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്റെ പ്രധാന തീരുമാനം ബ്രഹ്മപുരം പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകേണ്ട എന്നായിരുന്നു. ആനക്കാര്യം പോലെ അത് സര്‍ക്കാര്‍ പറയുകയും ചെയ്തു. നേരത്തെ ചെയ്യേണ്ടിയിരുന്ന കാര്യം കൊച്ചിക്ക് ശ്വാസം മുട്ടിയപ്പോള്‍ അതിനുള്ള അടിയന്തര പരിഹാരംപോലെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്ലാസ്റ്റിക് മാലിന്യം ഹരിതകര്‍മ്മ സേന മുഖേന മൂന്നു കേന്ദ്രങ്ങളിലായി ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനാണ് തീരുമാനിച്ചത്. കേന്ദ്രീകൃത മാലിന്യസംസ്‌കരണം ശാസ്ത്രീയമല്ലെന്ന് കേരളത്തില്‍ത്തന്നെ പല അനുഭവങ്ങളുണ്ടായിരിക്കെ ബ്രഹ്മപുരത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിനു ശ്രമിച്ചത് പരാജയമായി എന്ന കുറ്റസമ്മതം കൂടിയായി മാറിയ തീരുമാനം. 

ആരോപണങ്ങള്‍ തകൃതി 

മാറിവന്ന ഭരണനേതൃത്വങ്ങളുടെ വികസനവിരുദ്ധ കാഴ്ചപ്പാടും നവീനാശയങ്ങളേയും വികസന പദ്ധതികളേയും രാഷ്ട്രീയ താല്പര്യം വെച്ച് എതിര്‍ക്കുന്നതും കൊച്ചിയില്‍ ആധുനിക പ്ലാന്റ് നിര്‍മ്മിക്കാന്‍ തടസ്സമായി എന്ന വാദമുണ്ട്. ഇതില്‍ സത്യം ഭാഗികമാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങളുടെ ദീര്‍ഘവീക്ഷണവും ഉത്തരവാദിത്വവും ഇല്ലാത്ത സമീപനം കൊച്ചിയുടെ ദുരവസ്ഥയ്ക്കു കാരണമായി എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2008-ല്‍ മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത ജൈവമാലിന്യസംസ്‌കരണ പ്ലാന്റ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ നിര്‍മ്മാണത്തിലെ അപാകത കാരണം തകര്‍ന്നു. ''ഞാന്‍ മേയറായിരിക്കെ, ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലേക്കു പോവുകയും ചെയ്തു. 2016 ഫെബ്രുവരിയില്‍ ഒരു കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍, സര്‍ക്കാര്‍ മാറി എല്‍.ഡി.എഫ് വന്നപ്പോള്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. പദ്ധതി അപ്രായോഗികമാണെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാതി നല്‍കിയത്. എന്നാല്‍, പദ്ധതിയുമായി മുന്നോട്ടു പോകാം എന്നാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് റിപ്പോര്‍ട്ടു നല്‍കിയത്. പക്ഷേ, അപ്പോഴേയ്ക്കും രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. പിന്നീട് സര്‍ക്കാര്‍ ആ കരാര്‍ റദ്ദാക്കി'' -മുന്‍ മേയര്‍ ടോണി ചമ്മണി പറയുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതില്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും പരാജയപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തങ്ങളുടെ ഭരണസമിതി ഒപ്പുവച്ച കരാര്‍ നടപ്പായിരുന്നെങ്കില്‍ വിശാല കൊച്ചി പ്രദേശത്തിന് ഇപ്പോഴത്തെ ദുര്‍ഗതി വരില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 

ബ്രഹ്മപുരത്ത് ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്കു കാരണക്കാര്‍ മുന്‍ യു.ഡി.എഫ് ഭരണനേതൃത്വം തന്നെയാണ് എന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു. ''ഇപ്പോള്‍ വേദമോതുന്ന ടോണി ചമ്മണി മേയറായപ്പോഴാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ച് ടോണിയുടെ ബന്ധുവിന്റെ ജി.ജെ. ഇക്കോപവര്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ നടത്തി കരാര്‍ നല്‍കിയത്. നിലവിലുണ്ടായിരുന്ന പ്ലാന്റ് തകര്‍ക്കുന്നതിനെതിരെ എല്‍.ഡി.എഫ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു'' -സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു. ജി.ജെ. ഇക്കോപവര്‍ എന്ന കമ്പനി ടോണിയുടെ ബന്ധുവിന്റേതല്ലെന്ന് ടോണി പറയുമോ എന്നും ഒരു കൗണ്‍സില്‍ യോഗത്തില്‍ ഇന്നത്തെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ് ആന്റണി കുരീത്തറ രേഖകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജി.ജെ. ഇക്കോ പവര്‍ ബിനാമി കമ്പനിയാണെന്ന് കൗണ്‍സിലില്‍ പറഞ്ഞത് ടോണി ചമ്മണി മറന്നുപോയോ എന്നും ജി.ജെ. ഇക്കോപവറിനു പണയം വയ്ക്കാന്‍ 25 ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉമ്മന്‍ചാണ്ടിയില്‍നിന്നു വാങ്ങി നല്‍കിയത് ടോണി ചമ്മണിയല്ലേ എന്നും സി.പി.എം ചോദിക്കുന്നുണ്ട്. 

ഇപ്പോഴത്തെ ഭരണസമിതിക്കു തൊട്ടുമുന്‍പ് സൗമിനി ജയിന്‍ മേയറായിരുന്നപ്പോള്‍ അജൈവ മാലിന്യസംസ്‌കരണത്തിന് തമിഴ്നാട്ടിലെ ഈറോഡ് ആസ്ഥാനമായ കമ്പനിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിലേക്കു നീങ്ങിയിരുന്നു. ടെന്‍ഡര്‍ നടപടികളിലൂടെത്തന്നെ ആയിരുന്നു ഇതും. എന്നാല്‍, പദ്ധതിക്ക് കൗണ്‍സിലിന്റെ അനുമതി തേടിയപ്പോള്‍ അഴിമതി ആരോപണം ഉയര്‍ന്നു. അതും നടക്കാതെ പോയി. പിന്നീടാണ് മാലിന്യം സംസ്‌കരിക്കാന്‍ ഇപ്പോള്‍ നിലവിലുള്ള കരാര്‍ നല്‍കിയത്. ഇതിലെ കൂട്ടുകച്ചവടം വ്യക്തമാണ്. അതേസമയം, ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെ ബാധിക്കുന്നതല്ല എന്നു വൈക്കം വിശ്വന്‍ വിശദീകരിക്കുന്നു: ''ആക്ഷേപമുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെ. കെ.എസ്.ഐ.ഡി.സിയില്‍നിന്നാണ് ടെന്‍ഡര്‍ എടുത്തത്. ഇവിടെ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും മരുമകന്റെ കമ്പനി മാലിന്യസംസ്‌കരണ പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്.'' ഉപകരാറുമായി മകനു ബന്ധമില്ല എന്നാണ് എന്‍. വേണുഗോപാല്‍ പറയുന്നത്. ''കോണ്‍ഗ്രസ്സിലെത്തന്നെ ചില തല്പരകക്ഷികളാണ് ആരോപണത്തിനു പിന്നില്‍. മാലിന്യസംസ്‌കരണ പ്ലാന്റിനു മുന്‍പ് കരാറെടുത്തിരുന്ന ജി.ജെ. കമ്പനിയുടെ ഏജന്റുമാരാണ് ആരോപണം ഉന്നയിക്കുന്നത്. ആ കമ്പനിയെ താന്‍ പിന്തുണയ്ക്കാത്തതാണ് കാരണം'' -വേണുഗോപാലിന്റെ വിശദീകരണം. അതിനിടെ, പ്ലാന്റില്‍ ജൈവമാലിന്യം തള്ളിയതിലൂടെ ബഹിര്‍ഗമിച്ച മീതൈന്‍ വാതകമാണ് തീപിടുത്തത്തിനു കാരണമെന്നും അതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നും വാദിച്ച് സോണ്‍ട ഇന്‍ഫ്രാടെക് എം.ഡി രാജ്കുമാര്‍ മാധ്യമങ്ങളെ സമീപിച്ചു. എന്നാല്‍, കമ്പനിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് രണ്ട് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഇതേ ദിവസം മാധ്യമങ്ങളുമായി സംസാരിച്ചു. ജര്‍മന്‍ പൗരന്മാരായ പാട്രിക് ബോവര്‍, ഡെന്നിസ് ഈപ്പന്‍ എന്നിവരാണ് ഇവര്‍. സോണ്‍ട ഇന്‍ഫ്രാടെക്കിന്റെ സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനങ്ങളും അന്വേഷിക്കണം എന്നാണ് ആവശ്യം. ഡെന്നിസ് ഈപ്പന്‍ മലയാളിയാണ്. 

ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

മൗനം പാലിച്ചവര്‍

രാപകലില്ലാതെ കൊച്ചി പുകഞ്ഞുകൊണ്ടിരുന്ന 12 ദിവസങ്ങളാണ് കടന്നുപോയത്. ഇന്നു തീരും, നാളെത്തീരും എന്നു പ്രതീക്ഷിച്ചിരുന്ന ജനത്തിനു പിന്നെപ്പിന്നെ വീടുവിട്ട് മാറിത്താമസിക്കേണ്ടിവന്നു. നഗരത്തിനടുത്തുതന്നെ, പുക എത്താത്ത സ്ഥലങ്ങളിലെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകളിലേക്കാണ് പരമാവധി പോകാമായിരുന്നത്. കാരണം, സ്‌കൂളുകളില്‍ പരീക്ഷക്കാലം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുത്തെങ്കിലും പരീക്ഷകള്‍ മാറ്റിവച്ചിരുന്നില്ല. തുടക്കത്തില്‍ പുക നഗരത്തിലുണ്ടാക്കിയ യാത്രാതടസ്സവും അവ്യക്തതയും മറ്റുമാണ് അഭിമുഖീകരിച്ചത്. ദിവസങ്ങള്‍ നീണ്ടതോടെ, ഇതിപ്പോള്‍ മാറുമല്ലോ എന്ന പ്രതീക്ഷയ്ക്കു മേലേയ്ക്ക് രോഗങ്ങളും വന്നു. ദേഹത്തും കണ്ണുകളിലും ചൊറിച്ചിലാണ് ആദ്യം തുടങ്ങിയത്. തൊലിയിലോ ശ്വാസകോശവുമായി ബന്ധപ്പെട്ടോ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് രൂക്ഷമായി; ചുമയും ശ്വാസം മുട്ടലും ഉള്‍പ്പെടെ. പുക കാരണമുള്ള രോഗങ്ങള്‍ക്കു ചികിത്സ തേടി ആരും ആശുപത്രികളില്‍ എത്തുന്നില്ല എന്നു തീപിടുത്തത്തിന്റെ മൂന്നാം ദിവസം എറണാകുളത്തെത്തി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് അടുത്ത ദിവസങ്ങളില്‍ അത് ആവര്‍ത്തിക്കാവുന്നതായിരുന്നില്ല സാഹചര്യം. ഉടനേ തീയും പുകയും നിയന്ത്രണവിധേയമാകും എന്ന് ഉറപ്പു പറഞ്ഞ എറണാകുളം ജില്ലക്കാരനായ മന്ത്രി പി. രാജീവിനും അടുത്ത ദിവസങ്ങളില്‍ നിശ്ശബ്ദനാകേണ്ടിവന്നു. ഒന്‍പതാം ദിവസം കളക്ടര്‍ക്കൊപ്പം മാലിന്യക്കൂമ്പാരം സന്ദര്‍ശിച്ച മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും വെളിപ്പെടുത്തിയത് ആറടിയോളം താഴ്ചയില്‍ ഇനിയും മാലിന്യമുണ്ട് എന്നാണ്. അവര്‍ കളക്ടറുടെ ചേംബറില്‍ തിരിച്ചെത്തുമ്പോള്‍ അവിടെ ബ്രഹ്മപുരം ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന ബെന്നി ബഹനാന്‍ ക്ഷുഭിതനായി കാത്തിരിക്കുന്നുണ്ടായിരുന്നു. തന്നെ അറിയിക്കുകയോ ഒപ്പം കൂട്ടുകയോ ചെയ്യാതെ മന്ത്രിമാരും കളക്ടറും പോയതിലായിരുന്നു ക്ഷോഭം. ജനങ്ങളെ ബാധിക്കുന്ന ദുരിതത്തിന്റെ മുന്നിലും രാഷ്ട്രീയം കളിക്കാന്‍ തയ്യാറാകുന്നത് മന്ത്രിമാര്‍ക്കും ഭൂഷണമല്ല. പിറ്റേന്ന് പത്താംദിനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്രഹ്മപുരത്തെ തീയേയും പുകയേയും കുറിച്ച് ഒരക്ഷരംപോലും മിണ്ടാതെയാണ് കടന്നുപോയത്. പക്ഷേ, മന്ത്രിമാരുടെ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എല്ലാ ഇടപെടലുകളിലും മുഖ്യമന്ത്രിയുടെ നിരീക്ഷണവും നിര്‍ദ്ദേശങ്ങളും ഉണ്ടാവുക സ്വാഭാവികം. അതില്‍ രാഷ്ട്രീയം കലര്‍ത്തിയത് ആരുടെ താല്പര്യമാണ് എന്നാണ് സംശയം. മുഖ്യമന്ത്രി മിണ്ടിയില്ലെന്നു മാത്രമല്ല, വാ മൂടിക്കെട്ടിയ ഭരണപക്ഷ യുവജന, വനിതാ, സാംസ്‌കാരിക സംഘടനകളെ ഒഴിവാക്കിയാലും, പത്തു വാക്ക് മിണ്ടിയാല്‍ അതില്‍ എട്ടും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ആയിരിക്കണമെന്ന് വാശിയുള്ള യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിഷേധ വീറും കേരളം കണ്ടില്ല.തീ നാലാം ദിവസത്തോടെ കെട്ടുതുടങ്ങിയെങ്കിലും പുകയാണ് പിന്നെ ജനജീവിതം ദുസ്സഹമാക്കിയത്. മാര്‍ച്ച് ആറ് തിങ്കളാഴ്ച ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഭാഗിക അവധി പ്രഖ്യാപിച്ചത്. അപ്പോഴേയ്ക്കും പുക അമിതമായി ശ്വസിക്കേണ്ടിവന്നത് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങളുമായി നിരവധി ആളുകള്‍ ആശുപത്രികളില്‍ എത്തിത്തുടങ്ങിയിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. 

തീവെച്ചതാണോ? കാരണം? 

മാലിന്യസംസ്‌കരണ പദ്ധതിയുടെ മറവില്‍ നടന്ന മുഴുവന്‍ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കും എന്നു താന്‍ മാധ്യമങ്ങളോടു പറഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് തീപിടിച്ചതെന്നും അത് ആസൂത്രിതമാണെന്നുമാണ് ടോണി ചമ്മണി പറയുന്നത്. അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയെ സമീപിക്കുകയും കോടതി അതു പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്താല്‍ പ്ലാന്റില്‍ വിജിലന്‍സിന്റെ പരിശോധന ഉണ്ടാകും. ആരോപണത്തില്‍ കഴമ്പുള്ളതുകൊണ്ടുതന്നെ തെളിവു നശിപ്പിക്കാന്‍ തീയിട്ടു എന്നാണ് ആക്ഷേപം. തീ പിടുത്തത്തിനു ദിവസങ്ങള്‍ക്കു മുന്‍പു പുറപ്പെടുവിച്ച ആ പ്രസ്താവനയുടെ പൂര്‍ണരൂപം: ''ബ്രഹ്മപുരത്ത് പഴകിയ മാലിന്യം ബയോമൈനിംഗ് നടത്തി സംസ്‌കരിക്കാനുള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നത്. പ്രമുഖ സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭര്‍ത്താവ് രാജ്കുമാര്‍ ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള സോണ്‍ട ഇന്‍ഫ്രാ ടെക് എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. ഭരണ സ്വാധീനം ഉപയോഗിച്ച് ചട്ടവിരുദ്ധമായാണ് കമ്പനി കരാര്‍ തരപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങളും പദ്ധതി നിര്‍വ്വഹണത്തിനായുള്ള സാങ്കേതിക സമിതിയുടെ നിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തി മാലിന്യം ഏറെയും കുഴിയെടുത്ത് മൂടുകയാണ്. കെ.എസ്.ഐ.ഡി.സി തയ്യാറാക്കിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ പ്രകാരം ചുരുങ്ങിയത് പത്തു കോടി രൂപയുടെ ബയോമൈനിംഗ് പദ്ധതി നടത്തി പരിചയമുള്ളവരില്‍ നിന്നാണ് കരാര്‍ വിളിച്ചിരുന്നത്. എന്നാല്‍, കരാര്‍ ലഭിച്ച സോണ്‍ട ഇന്‍ഫ്രാടെക് തിരുനെല്‍വേലി കോര്‍പറേഷനില്‍ എട്ടര കോടി രൂപയുടെ മാലിന്യം ക്യാപ്പിംഗ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കരാര്‍ തരപ്പെടുത്തിയത്. കരാറില്‍ പങ്കെടുക്കുന്നവര്‍ ബ്രഹ്മപുരത്തെ സംസ്‌കരിക്കേണ്ട മാലിന്യം സ്വന്തം നിലയില്‍ തിട്ടപ്പെടുത്തി തുക ക്വാട്ട് ചെയ്യണമെന്നും പിന്നീട് അളവിലെ വ്യത്യാസമോ അധികരിച്ച തുകയോ നല്‍കുന്നതല്ല എന്നുമാണ് വ്യവസ്ഥ. ഇത് പ്രകാരം സോണ്‍ട കമ്പനി 4.75 ലക്ഷം ക്യൂബിക് മീറ്റര്‍ മാലിന്യത്തിന് 54.90 കോടി രൂപ രേഖപ്പെടുത്തി. ബയോമൈനിംഗ് നടത്തുന്നതിന് കേന്ദ്ര മലിനീകരണ ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള നിരക്കിന്റെ ഇരട്ടിയോളം വരും ക്വാട്ട് ചെയ്ത തുക. പക്ഷേ, പിന്നീട് നഗരസഭ കോഴിക്കോട് എന്‍.ഐ.ടിയെക്കൊണ്ട് നടത്തിയ പരിശോധനയില്‍ മാലിന്യത്തിന്റെ അളവ് 5.51 ലക്ഷം ക്യൂബിക് മീറ്റര്‍ ഉണ്ടെന്നു കണ്ടെത്തി. എന്‍.ഐ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നഗരസഭയ്ക്ക് ഉത്തരവ് നല്‍കി. ഇത് കരാര്‍ വ്യവസ്ഥയുടെ നഗ്‌നലംഘനമാണ്. ഈ ഉത്തരവ് പ്രകാരം കരാര്‍ കമ്പനിക്ക് ഏകദേശം 15 കോടി രൂപ കൂടി അവിഹിതമായി ലഭിക്കും. ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാറും ഈ കമ്പനിക്കാണ് ലഭിച്ചിട്ടുള്ളത്. പഴകിയ മാലിന്യം വൈദ്യുതി ഉല്പാദനത്തിന് അസംസ്‌കൃത വസ്തുവായതിനാല്‍ കമ്പനിക്ക് ഇപ്പോള്‍ നല്‍കുന്ന പണം വെറുതെയാകും. ഇതുവരെ കമ്പനിക്കു നല്‍കിയ 11 കോടി രൂപ മോണിറ്ററിങ് കമ്മിറ്റി സാക്ഷ്യപ്പെടുത്തിയിട്ടാണോ എന്ന് അന്വേഷിക്കണം. കഴിഞ്ഞ യു.ഡി.ഫ് ഭരണസമിതിയുടെ കാലത്ത് 16 കോടി രൂപക്ക് മുഴുവന്‍ മാലിന്യവും കൊണ്ടുപോകുന്നതിന് ഈറോഡിലുള്ള സ്ഥാപനം തയ്യാറായി വന്നപ്പോള്‍ അന്ന് എല്‍.ഡി.എഫ് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയുടെ മറവില്‍ നടന്ന മുഴുവന്‍ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കും.''

ശുചിത്വമിഷന്‍ ഔട്ട് .... കഥ ഇങ്ങനെ

മാലിന്യ സംസ്‌കരണവും ശുചിത്വ പദ്ധതികളുടെ വിലയിരുത്തലുകളും പഠനവും റിപ്പോര്‍ട്ടും നല്‍കേണ്ട സര്‍ക്കാര്‍ സംവിധാനമായിരുന്നു ശുചിത്വ മിഷന്‍. കേന്ദ്രപദ്ധതിയായ സ്വച്ഛ ഭാരത് മിഷന്റെ നോഡല്‍ ഏജന്‍സിയും ശുചിത്വ മിഷനായിരുന്നു. 2018ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മാലിന്യ-ഊര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നയപരമായ തീരുമാനമെടുക്കുന്നത്. ഇതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സിയെ തീരുമാനിച്ചു. ഇതോടെ ശുചിത്വമിഷന്‍ ഔട്ട്! വെയ്സ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സംസ്ഥാനത്തിന് ചേര്‍ന്നതല്ലെന്നിരിക്കെയാണ് ഈ നയം മാറ്റമുണ്ടായത്. മാലിന്യവും കാലാവസ്ഥയും കണക്കിലെടുത്ത് ഓര്‍ഗാനിക് മാലിന്യ സംസ്‌കരണമാണ് വേണ്ടതെ് വിദഗ്ധര്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ലോകത്തൊരിടത്തും ഇത്തരത്തിലുള്ള പ്ലാന്റുകള്‍ വിജയിച്ചിട്ടില്ല. കേന്ദ്രീകൃത മാലിന്യസംസ്‌കരണമല്ല, വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജനമാണ് കേരളത്തിന് യോജിച്ചതെന്ന് വിദഗ്ധരടക്കം എല്ലാവരും വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം വേണ്ടത്ര മെച്ചപ്പെട്ടതല്ലെന്നും വിവരങ്ങള്‍ പുറത്തുവനന്നിരുന്നു. ഡല്‍ഹിയിലെ ഒഖിയില്‍ മാലിന്യം വേറെയെവിടെയെങ്കിലും നിക്ഷേപിക്കുകയാണ്. യാസിന്‍പൂരിലും പദ്ധതി പരാജയപ്പെട്ടു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് കേരളത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയതാണ്. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത് ശുചിത്വ മിഷനായിരുന്നു. സാങ്കേതികവിദ്യവും നടത്തിപ്പുകാരെയും തീരുമാനിക്കുന്നതും സഹായിക്കുന്നതും ശുചിത്വമിഷനാണ്. മാലിന്യസംസ്‌കരണത്തില്‍ യാതൊരു പരിചയവുമില്ലാത്ത ഏജന്‍സിയായിരുന്നു കെഎസ്ഐഡിസി. ആ ഏജന്‍സിയാണ് മാലിന്യസംസ്‌കരണത്തിനുള്ള കമ്പനികളെ നിയമിച്ചത്. സ്വകാര്യ കമ്പനികള്‍ക്കുള്ള പിന്‍വാതില്‍ വഴിയായിരുന്നു ഇത്. ആഗോള ടെണ്ടറാണ് വിളിച്ചതെങ്കിലും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത കമ്പനികള്‍ മാതൃക അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഒടുവിലാണ് ചുരുക്കപ്പട്ടികയില്‍പ്പോലുമില്ലാത്ത കമ്പനി ചിത്രത്തിലേക്ക് വരുന്നത്. ബംഗളുരുവിലെ ഒരു റെസിഡന്‍ഡന്‍ഷ്യല്‍ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ആറു സഹോദര കമ്പനികളാണ് സോണ്‍ഡയ്ക്കുള്ളത്. 

സോണ്‍ട ഇന്‍ഫ്രാടെക്, സോ ണ്‍ട ഹോള്‍ഡിങ്, സോണ്‍ട ബ്യുവര്‍, സോണ്‍ട എന്‍വയോണ്‍മെന്റ്, ഗ്രീന്‍ഡം ക്ലീന്‍ വെയ്സ്റ്റ് എനര്‍ജി, ഗ്രീന്‍ഡം ഐഡിയ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ്. ജര്‍മന്‍ കമ്പനിയുമായി  സാങ്കേതിക സഹകരണമുണ്ടെന്നാണ് സോണ്‍ടയുടെ അവകാശവാദം. എന്നാല്‍ വെയ്സ്റ്റ് ബിന്നുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഇതെന്ന് പിന്നീട് ബോധ്യപ്പെട്ടു.

ഉത്തരവാദികളാര്?

സി.ആര്‍. നീലകണ്ഠന്‍

എറണാകുളത്ത് ബയോമൈനിംഗും വേസ്റ്റ് റ്റു എനര്‍ജി പദ്ധതിയും കൊണ്ടുവന്നത് കെ.എസ്.ഐ.ഡി.സിയാണെന്നും ഇത് നഗരപാലിക നിയമത്തിന് എതിരാണ്. കോര്‍പറേഷന്റെ പണിയാണിത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമമനുസരിച്ചാണ് ഇടപെട്ടത് എന്നാണ് സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും പറയുന്നത്. ''ഡിസാസ്റ്റര്‍ നേരിടാനുള്ള വഴികള്‍ ഫലപ്രദമായിരുന്നില്ല. മാലിന്യസംസ്‌കരണ പ്ലാന്റ് എന്നാണ് പേരെങ്കിലും ബ്രഹ്മപുരത്തേത് മാലിന്യങ്ങള്‍ കൊണ്ടുചെന്ന് ഇടുന്ന ഒരു ഡമ്പിംഗ് യാര്‍ഡ് ആണ്. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെയാണ് ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതുതന്നെ. എറണാകുളത്ത് മാലിന്യസംസ്‌കരണത്തിനുള്ള എല്ലാ പദ്ധതികളും പരാജയപ്പെടുന്നതാണ് കണ്ടത്. വേസ്റ്റ് റ്റു എനര്‍ജി പദ്ധതിയാകട്ടെ, എല്ലായിടത്തും പരാജയപ്പെട്ടതാണ്. അതാണ് ഒടുവില്‍ ഇവിടെ കൊണ്ടുവന്ന് പരീക്ഷിച്ചത്. തീ പിടുത്തത്തിനും ദിവസങ്ങളോളം നിലനിന്ന പുകയ്ക്കും ശേഷം പതിനായിരക്കണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കെമിക്കല്‍ ദീര്‍ഘകാലം നിലനില്‍ക്കും. 

പക്ഷേ, എത്ര തോത് വന്നു, എന്തൊക്കെ വന്നു തുടങ്ങിയ ഒരു ഡോക്യുമെന്റുമില്ല. ആരെയൊക്കെ ബാധിച്ചു എന്നു വിവരമുണ്ടെങ്കിലല്ലേ ഭാവിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. വിഷമയമുള്ള രാസവസ്തു ഭൂമിയിലേക്ക് ഇറങ്ങുന്നത് ജലത്തെ മലിനമാക്കും, അതു മനുഷ്യശരീരത്തില്‍ കയറും. ഈ അപകടത്തിന് ആരാണ് ഉത്തരവാദി എന്ന് എപ്പോഴെങ്കിലും കണ്ടെത്തുമോ? അക്കൗണ്ടബലിറ്റി വേണ്ടേ? ആരാണ് ഉത്തരവാദി? കമ്പനിയുമായുള്ള കരാറില്‍ പറയുന്നത് ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഒരുതരത്തിലുള്ള അപകടത്തിനും ഉത്തരവാദി കമ്പനി ആയിരിക്കില്ല എന്നാണ്. ലോകത്തെവിടെ ആണെങ്കിലും ഇതിന് ഉത്തരവാദികളായ ആളുകള്‍ ജയിലിലാകുന്ന സംഭവമാണിത്. കത്തിച്ചത് ആരാണെന്ന് കണ്ടുപിടിച്ചില്ല. പക്ഷേ, മാലിന്യം ഇങ്ങനെ ശേഖരിച്ചുവെച്ചതിലെ കുറ്റത്തിന് ഒരു എഫ്.ഐ.ആര്‍ പോലുമില്ല. -സി.ആര്‍. നീലകണ്ഠന്‍ പറയുന്നു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com