

സഹോദരന്റെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ഉർവശി പ്രതികരിച്ചതിനെക്കുറിച്ച് നടൻ ജയറാം. പരിമള ആൻഡ് കോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശിയും ജയറാമും. പരിമള ആൻഡ് കോ സിനിമയുടെ ചിത്രീകരണത്തിനിടയിൽ സഹോദരന്റെ മരണവാർത്ത അറിയാനിടയായ ഉർവശി ചിത്രീകരണം മുടക്കാതെ ആ നിമിഷത്തെ എങ്ങനെ നേരിട്ടു എന്നാണ് ജയറാം പറയുന്നത്.
ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ ഏത് സാഹചര്യത്തിലും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് എന്ന് പറഞ്ഞതിന് ശേഷമാണ് ജയറാം ഇക്കാര്യം പറഞ്ഞത്. ‘‘പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില്‍ ഷൂട്ടിങ് നടക്കുകയാണ്.
നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതു കൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും. അങ്ങനെ ആദ്യത്തെ ദിവസം ഷൂട്ടിങ് ഹാഫ് ഡേ കഴിയുമ്പോള്‍ കോള്‍ വന്നു, ഉര്‍വശിയുടെ സഹോദരന്‍ മരണപ്പെട്ടു എന്ന്. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ,
പക്ഷേ അപ്പോഴും ഉര്‍വശി, ‘രാത്രി എനിക്ക് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി. അടുത്ത ദിവസം ചെന്നൈയില്‍ പോയി മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി.
ആ സിനിമയിലെ ഏറ്റവും ഹ്യൂമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്‍വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു.’’- ഇത് പറഞ്ഞതിന് ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.
ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉര്‍വശി പറയുന്നത്. ‘‘വേറൊരു ആര്‍ട്ടിസ്റ്റിനൊപ്പം കോമ്പിനേഷന്‍ ചെയ്തിരുന്നുവെങ്കില്‍, ഞാന്‍ ആ നിമിഷം എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. ജയറാമിന് എന്നേക്കാള്‍ നന്നായി പേഴ്സണലായി എന്റെ അനിയനെ അറിയാം.
എന്റെ സഹോദരന്റെയും ജയറാമിന്റെയും സുഹൃത്തുക്കൾ കോമണാണ്. ജയറാമിന്റെ നാട്ടിലേക്ക് അവൻ ഇടയ്ക്കിടെ വരുമായിരുന്നു. എന്നിട്ടും അനിയന്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തിന് ചെയ്തു, എന്തുകൊണ്ട് എന്നൊന്നും ചോദിച്ചില്ല. ആ ഒരു രംഗത്തെ കുറിച്ച് പറഞ്ഞ് ചിരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അപ്‌സറ്റ് ആയിപ്പോയേനെ.
ഇതെല്ലാം കഴിഞ്ഞ് പിറ്റേ ദിവസമാണ് ഞാൻ ആലോചിക്കുന്നത്, പറഞ്ഞതുപോലെ ഹ്യൂമറസ് ആയൊരു സീക്വൻസ് ആണല്ലോ അന്ന് ചിത്രീകരിച്ചതെന്ന്. സംവിധായകൻ പാണ്ടിരാജും ഒരു വാക്കും ചോദിച്ചില്ല. ചിലർ ഫോർമലായി എന്തെങ്കിലും ചോദിക്കണമല്ലോയെന്ന് കരുതി വന്ന് ചോദിക്കും. അത് തെറ്റായി പറയുകയല്ല.
കലാകാരന്മാർ പക്ഷേ അങ്ങനെ ചെയ്യില്ല. കാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കണമെന്ന് അവർക്ക് അറിയാം. നമ്മളുമായി കമ്യൂണിക്കേഷനുള്ള ആർട്ടിസ്റ്റിനൊപ്പം പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് ഞാൻ പറയുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. ഞാനും ജയറാമും തമ്മിൽ ചില വിഷയങ്ങളൊന്നും കമ്യൂണിക്കേറ്റ് ചെയ്യേണ്ട ആവശ്യം തന്നെയില്ല.
വളരെ വർഷങ്ങളായി അറിയാവുന്നവരല്ലേ. ജയറാമും ഞാൻ കടന്ന് പോയിട്ടുള്ള സാഹചര്യങ്ങൾ അനുഭവിച്ചയാളാണ്. ഞാനും ജയറാമിന്റെ സഹോദരിയും ഒരുപോലെയാണ്. അവളുമായി ഞാൻ ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. അമ്പതിനായിരം രൂപ കടം ചോദിക്കാൻ പോലും സിനിമാ താരമായാൽ നമുക്ക് കഴിയില്ല.
ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും അമ്പതിനായിരം എടുക്കാനില്ലേയെന്നാണ് അവർ ചിന്തിക്കുക" എന്നും ഉർവശി പറഞ്ഞു. ഈ വർഷം ജനുവരിയിലായിരുന്നു ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയിയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. സായൂജ്യം, കോളിളക്കം, മഞ്ജു, കിങ്ങിണി, കല്യാണ സൗഗന്ധികം തുടങ്ങിയ സിനിമകളിൽ കമൽ റോയി അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates