നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരിടം നേടിയിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വി പ്രധാന വേഷത്തിലെത്തുന്ന പുതിയ ഹിന്ദി ചിത്രം ദായ്‌റ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കരീന കപൂറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
ദായ്‌റയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലും ബോളിവുഡിലും സിനിമകള്‍ ഒരുക്കപ്പെടുന്നതിലെ വ്യാത്യാസത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്.
മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണെന്നാണ് പൃഥ്വിരാജ് പറയുന്നത്. പൊതുവെ വിശ്വസിക്കപ്പെടുന്നത് പോലെ മലയാള സിനിമ അഞ്ച് കോടി ബജറ്റില്‍ 15 ദിവസം കൊണ്ട് സിനിമ ഉണ്ടാക്കുന്ന ഇന്‍ഡസ്ട്രിയല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. 100 മുതല്‍ 150 ദിവസം ഷൂട്ടിങ് നടക്കുന്ന, നൂറ് കോടി ബജറ്റുള്ള സിനിമകളും മലയാളത്തിലുണ്ടെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ അത് മലയാളത്തില്‍ സിനിമകളുണ്ടാക്കുന്ന രീതിയെ മാറ്റിയിട്ടില്ലെന്നാണ് താരം പറയുന്നത്.
''കരീനയെ വച്ച് എനിക്കൊരു സിനിമ ചെയ്യണമെന്നുണ്ടെങ്കില്‍, സംവിധായകന്‍ എന്ന നിലയില്‍, ഞാന്‍ അവരെ വിളിച്ച് നിങ്ങളെ വച്ചൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തിരക്കഥ വായിച്ചു കേള്‍പ്പിക്കാമെന്നും പറയുന്നു. ഒരുപക്ഷെ ഞാന്‍ അടുത്ത മാസം ഒരു യാത്രയിലാണ്, നമുക്കൊരു ദിവസം ഇരിക്കാമെന്ന് അവര്‍ പറയുമായിരിക്കും'' പൃഥ്വിരാജ് പറയുന്നു. എന്നാല്‍ ബോളിവുഡിലെ രീതി കുറേക്കൂടി സങ്കീര്‍ണമാണെന്നാണ് പൃഥ്വിരാജ് പറയുന്നു.
''ഇവിടെ ഞാന്‍ മനസിലാക്കുന്നത്, നമ്മള്‍ ആദ്യം എജന്‍സിയെ വിളിക്കണം. ഏജന്‍സി നിങ്ങള്‍ക്കായി നിയമിച്ചിട്ടുള്ള മാനേജരുമായി സംസാരിക്കും. അദ്ദേഹം നിങ്ങളെ സംവിധായകനുമായുള്ള മീറ്റിങിന് കണ്‍വിന്‍സ് ചെയ്യും. മേഘ്‌ന ഗുല്‍സാറിനെ പോലുള്ളവരാണെങ്കില്‍ അധികം കണ്‍വിന്‍സിങ് വേണ്ടി വരില്ല'' പൃഥ്വി പറയുന്നു. ''ഏജന്‍സി ഒരു തുക പറയും. നിര്‍മാണ കമ്പനി അതിന്റെ പകുതി പറയും. അങ്ങനെ ചര്‍ച്ച ആരംഭിക്കും'' പൃഥ്വി പറയുന്നു.
''ഇതെല്ലാം വല്ലാത്തൊരു കോര്‍പ്പറേറ്റ് രീതിയാണ്. അത് വർക്കാകുന്നുണ്ടാകാം. പക്ഷെ ഇതിലും എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള വഴിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്'' എന്നും പൃഥ്വിരാജ് വ്യത്യാസമായി ചൂണ്ടിക്കാണിക്കുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ബോളിവുഡില്‍ ചെന്ന് അവിടുത്തെ ഫിലിം മേക്കിങ് രീതിയെ തന്നെ തുറന്ന് കാണിക്കാനുള്ള ധൈര്യം അപാരമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമയെ കച്ചവടകണ്ണിലൂടെ മാത്രം കാണുന്ന ബോളിവുഡിനെ പൃഥ്വിരാജ് തുറന്ന് കാണിച്ചുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates