

മുംബൈ: കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും മഹാരാഷ്ട്ര റോഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് അറസ്റ്റില്‍. സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇയാളില്‍ നിന്ന് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറും പിടിച്ചെടുത്തു. ഈ കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്നാണ് സൂചന.
കേസില്‍ മുഖ്യപ്രതി അശ്വജിത്തിനൊപ്പം റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്‌ഗെ എന്നിവരെയും എസ്ഐടി അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തതായി താനെ പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 8.50നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്നും മുംബൈ വെസ്റ്റ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. മഹാരാഷ്ട്ര റോഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത്തിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രിയ സിംഗ് ആണ് രംഗത്തെത്തിയത്.
താനും അശ്വജിത്തും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പ്രിയ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി പ്രിയാസിങ് രംഗത്തുവന്നിരുന്നു. അതേസമയം താന്‍ ക്രൂരമായി മര്‍ദിച്ചെന്നും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നുമുള്ള പ്രിയസിങ്ങിന്റെ ആരോപണം അശ്വജിത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണവുമായി കാമുകി എന്ന് അവകാശപ്പെടുന്ന പ്രിയാസിങ്ങ് വീണ്ടുമെത്തിയത്.
അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ അക്കാര്യം നേരിട്ട് ചോദിച്ചു. എന്നാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേ ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പ്രിയ പറഞ്ഞു.
സംഭവത്തില്‍ വലതുകാലിലെ മൂന്ന് എല്ലുകള്‍ക്കാണ് പൊട്ടലുണ്ടായത്. ഇതിന് ശസ്ത്രക്രിയ നടത്തി. തോള്‍ മുതല്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ശരീരം അനക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായെന്നുമാണ് പ്രിയാസിങ്ങിന്റെ ആരോപണം. അതേസമയം യുവതിടെ വെളിപ്പെടുത്തല്‍ പണം തട്ടാനുള്ള ശ്രമമാണെന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നതായും അശ്വജിത്ത് പറഞ്ഞിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates