ന്യൂഡൽഹി: കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനും ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 50ഓളം ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കോവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ട്വിറ്ററിന് നോട്ടീസയച്ചിട്ടുണ്ട്. പിന്നാലെ പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന മന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്.
കോവിഡിന്റെ രണ്ടാം തരംഗത്തിലെ ജനങ്ങളുടെ ദുരിതങ്ങളും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്നതാണ് ബ്ലോക്ക് ചെയ്ത ട്വീറ്റുകൾ. ട്വീറ്റുകൾ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റർ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ട്വീറ്റ് ചെയ്ത ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ട്വീറ്റുകൾ ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യൻ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറൻസ് നൽകിയിട്ടുണ്ട്. ട്വീറ്റുകൾക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായും അറിയിപ്പിൽ പറയുന്നു.
അതേ സമയം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, പശ്ചിമ ബംഗാൾ മന്ത്രി മൊളോയ് ഘട്ടക്, നടൻ വിനീത് കുമാർ സിംഗ്, ചലച്ചിത്ര നിർമ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകൾ നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.
ബ്ലോക്ക് ചെയ്ത ട്വീറ്റുകളിൽ ഭൂരിപക്ഷം കോവിഡ് രോഗികൾക്ക് ഓക്‌സിജൻ ലഭ്യതകുറവും മരുന്നുകളുടെ ദൗർലഭ്യവും സംബന്ധിച്ച വിമർശനങ്ങളാണ്. കുംഭമേളയുമായി ബന്ധപ്പെട്ടും പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ടുമുള്ള ട്വീറ്റുകളും ഇതിലുണ്ട്.
ബ്ലോക്ക് ചെയ്ത ട്വീറ്റുകൾ ഇന്ത്യയിൽ കാണാനാവില്ലെങ്കിലും വിദേശത്തുള്ളവർക്ക് കാണാം. നേരത്തെ കർഷ സമരം സംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates