

നിയമസഭ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ മണ്ഡലങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പാലാ. മാറിമാറി വന്ന രാഷ്ട്രീയ സമവാക്യങ്ങളില്‍ പെട്ട് മുന്നണി മാറ്റ പരീക്ഷണങ്ങള്‍ക്ക് വേദിയായ മണ്ഡലത്തിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്ന ത്രില്ല് ചെറുതല്ല. ഒന്നര വര്‍ഷം മുന്‍പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പതനം ആഘോഷിച്ച അതേ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത്തവണ ജോസ് കെ മാണിക്ക് വേണ്ടി പ്രചാരണം നടത്തുന്നു. മാണി സി കാപ്പനെതിരെ കാടിളക്കി ക്യാമ്പയിന്‍ ചെയ്ത യുഡിഎഫ് അതേ മാണി സി കാപ്പന് വേണ്ടി വോട്ട് തേടുന്നു. ആര് ജയിച്ചാലും പാലാക്കാരുടെ മാണി പാരമ്പര്യം തുടരുകതന്നെ ചെയ്യും!
ഒരു മാണി വന്നപ്പോള്‍ പിണങ്ങിപ്പോയ മറ്റൊരു മാണി
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ആ തീരുമാനം വന്നത്. യുഡിഎഫിനോട് പിണങ്ങിനിന്ന ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലെത്തുന്നു. ജോസ് കെ മാണിയെ കാനം രാജേന്ദ്രന്‍ വിരട്ടിയോടിക്കുമെന്നായിരുന്നു ഇടത് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം സിപിഎം തീരുമാനത്തിന് മുന്നില്‍ സിപിഐ മയപ്പെടുകയും ജോസ് കെ മാണി എല്‍ഡിഎഫ് പാളയത്തിലെത്തുകയും ചെയ്തു.
ജോസ് കെ മാണി പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്
 
അന്നുമുതല്‍ നിലനില്‍പ്പ് ഭയത്തിലായ മാണി സി കാപ്പന്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ശക്തിപ്പെടുത്തി. മാണി സി കാപ്പന്‍ പലതവണ പിണറായി വിജയനുമായും സിപിഎം നേതൃത്വവുമായും ചര്‍ച്ച നടത്തി. മറ്റൊരു സീറ്റ് നല്‍കാമെന്ന സിപിഎമ്മിന്റെ ഉപാധി തള്ളിയ കാപ്പന്‍, എന്‍സിപി പിളര്‍ത്തി പുറത്തേക്ക്. പുതിയ പാര്‍ട്ടി എന്‍സികെയുമായി യുഡിഎഫ് പാളയത്തിലെത്തി.
തുടര്‍ഭരണം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വാധീനമുള്ള ജോസ് കെ മാണിയും കൂട്ടരും കൂടെനില്‍ക്കുന്നത് മുന്നണിക്ക് കരുത്തു പകരുമെന്ന സിപിഎം കണക്കുകൂട്ടല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശരിയായി. ആദ്യമായി പാലാ നഗരസഭ ഇടതുപക്ഷം പിടിച്ചെടുത്തു. ഈ മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
മാണി സി കാപ്പന്‍ എന്ന ജയന്റ് കില്ലര്‍
2019ല്‍ കെ എം മാണി മരിച്ചതോടെയാണ് പാലാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം നിലനിര്‍ത്താനിറങ്ങിയ കേരള കോണ്‍ഗ്രസ്് എമ്മിന് പരാജയ ചിന്തകളൊന്നുമുണ്ടായിരുന്നില്ല. പിണങ്ങി നിന്ന ജോസഫ് വിഭാഗത്തെ ഗൗരവത്തിലെടുക്കാനും ജോസ് കെ മാണി തയ്യാറായില്ല. മൂന്നുതവണ കെ എം മാണിക്കെതിരെ പോരാടിയ മാണി സി കാപ്പനെ ഇറക്കി എല്‍ഡിഎഫ്. 2016ല്‍ കെ എം മാണിയുടെ ഭൂരിപക്ഷം 4,703വോട്ടാക്കി കുറച്ച കാപ്പന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍. ഫലം വന്നപ്പോള്‍ ജോസ് ടോമിനെ 2,943വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മറിച്ചിട്ടു. കേരള രാഷ്ട്രീയത്തില്‍ പുതിയൊരു ജയന്റ് കില്ലര്‍; മാണി സി കാപ്പന്‍.
പാലാക്കാര്‍ക്കൊരു മാണിയെ മതിയെന്ന് രാഷ്ട്രീയ കേരളം തമാശ പറഞ്ഞെങ്കിലും എല്‍ഡിഎഫിന് എവറസ്റ്റ് കീഴടക്കിയ സന്തോഷം. ജോസ് കെ മാണിയുടെ വീട്ടിന് മുന്നില്‍ ചെങ്കൊടി പാറിച്ച് ആഹ്ലാദ പ്രകടനം. കൃത്യം ഒന്നര വര്‍ഷം കഴിയുമ്പോള്‍ അതേ ജോസ് കെ മാണിക്ക് വേണ്ടി ജയ് വിളിച്ച് ഇടത് പ്രവര്‍ത്തകരുടെ പ്രചാരണം!
മാണി സി കാപ്പന്‍ പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്
 
ജയന്റ് കില്ലറുടെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. മാണി സി കാപ്പനെ കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയാക്കി എന്നാണ് യുഡിഎഫ് പ്രചാരണം. സഹതാപ തരഗത്തില്‍ പാലാക്കാര്‍ ഒരുവട്ടം കൂടി കാപ്പനെ എടുത്തുയര്‍ത്തുമെന്ന് വിശ്വസിക്കുന്നു യുഡിഎഫ്.
ത്രികോണ മത്സരത്തിന് സാധ്യതയില്ലെങ്കിലും നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ ഹരിക്ക് ലഭിച്ചത് 24,821വോട്ടായിരുന്നു. എന്നാല്‍ 2019 ഉപതെരഞ്ഞെടുപ്പില്‍ ഹരി വീണ്ടുമിറങ്ങിയപ്പോള്‍ കിട്ടിയത് 18,044വോട്ട്. ഇത്തവണ ഡോ. പ്രമീള ദേവിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
കെ എം മാണിയില്ലാത്ത ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ്. നിയമസഭയിലേക്കുള്ള ജോസ് കെ മാണിയുടെ കന്നിയങ്കം. കേരളമാകെ കിട്ടിയ താര പരിവേഷം കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാണി സി കാപ്പന്‍. ആര് ജയിച്ചാലും പാലാക്കാര്‍ക്കൊരു മാണിയെക്കിട്ടും!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
