

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്നിറങ്ങും. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖം സംവിധാനം ചെയ്തത് ടികെ രാജീവ് കുമാര്‍ ആണ്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയജീവിതവും വ്യക്തിജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പിആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു. ലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നില്‍ എന്നാണ് സിപിഎം മറുപടി. പ്രതിപക്ഷ നേതാവായിരിക്കെ ഇരുവര്‍ എന്ന പേരില്‍ ഉമ്മന്‍ ചാണ്ടിയും മോഹന്‍ലാലുമായുള്ള അഭിമുഖം ജയ്ഹിന്ദ് ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. 'കണ്ടും മിണ്ടിയും... ഇരുവര്‍. ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍' എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തില്‍ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.
മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ രജനീകാന്തിന്റേതാണെന്ന് ഒരാള്‍ തന്നോട് പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍, പൊതുവില്‍ ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീന്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹന്‍ലാല്‍ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്ന അനുഭവം പിണറായി പറയുന്നു.
താന്‍ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓര്‍മയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉള്‍പ്പെടെ എത്രയേറെയുണ്ടെന്നായി പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹന്‍ലാല്‍ പൊട്ടിച്ചിരിക്കുന്നു. 'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹന്‍ലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതും ടീസറില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates