നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം 2026 ലേക്കുള്ള സൂചനയാണോ?

ഇപ്പോഴുള്ള സൂചനകൾ യു ഡി എഫിന് അനുകൂലമായ ഒന്നാണ്. ട്രാഫിക് സി​ഗ്നലിൽ നിൽക്കുമ്പോൾ പച്ച ലൈറ്റിന് മുൻപുള്ള മഞ്ഞ ലൈറ്റിലാണ് യു ഡി എഫ്, ചുവന്ന ലൈറ്റിന് മുന്നിലുള്ള മഞ്ഞലൈറ്റിലാണ് എൽ ഡി എഫ് വേണമെങ്കിൽ ആർക്കും കടന്നുപോകാം അതാണ് കേരളത്തിലെ യഥാർത്ഥ സ്ഥിതി
Leader of the opposition VD Satheesan greets Chief Minister Pinarayi Vijayan and speaker AN Shamseer
Nilambur results may be a barometer for 2026 Assembly poll?Leader of the opposition VD Satheesan greets Chief Minister Pinarayi Vijayan. speaker AN Shamseer (File photo)Center-Center-Trivandrum
Updated on
4 min read

കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി സംഭവിച്ചത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനൽ എന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. സി പി എമ്മി​ന്റെ സ്വതന്ത്ര സ്ഥാനാ‍ർത്ഥിയായിരുന്ന പി വി അൻവർ തുടർ‍ച്ചയായി രണ്ട് തവണ ജയിച്ച മണ്ഡലമാണ്. ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയതും അൻവറി​ന്റെ രാജിയായിരുന്നു. സി പി എമ്മി​ന്റെയും ഇടതുപക്ഷത്തി​ന്റെയും മുൻനിരപോരാളിയായിരുന്ന അൻവർ അപ്രതീക്ഷിതമായാണ് സർക്കാരിനെതിരെ തിരിയുകയും രാജിവെക്കുകയും ചെയ്തത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി നിർണ്ണയം മൂന്ന് മുന്നണികളിലും ഓരോരോ തരത്തിലുള്ള പ്രതിസന്ധികളുയർത്തി. നിർത്താൻ ഒരാളെയാണ് സി പി എം അന്വേഷിച്ചതെങ്കിൽ രണ്ടിൽ ആരെ നിർത്തും എന്നതായിരുന്നു കോൺ​ഗ്രസി​ന്റെ പ്രതിസന്ധി. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്നതായിരുന്നു ബി ജെ പിയുടെ മുന്നിലുള്ള പ്രശ്നം. അവസാനം ആളും പേരുമൊക്കെയായി ഒരുങ്ങിയപ്പോൾ യു ഡി എഫിനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച അൻവ‍ർ പടിക്ക് പുറത്തായി.

ഭരണവിരുദ്ധ വികാരത്തിൽ തങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു അൻവറിനെ തള്ളിയവരുടെ പ്രതീക്ഷ. മാത്രമല്ല, ലീ​ഗിന് സ്വാധീനമുള്ള മണ്ഡലത്തിൽ ഈ സാഹചര്യത്തിൽ വൻ ജയം വരുമെന്ന് അവർ കണക്കുക്കൂട്ടി. അതിനുള്ള സാമുദായിക സമവാക്യങ്ങൾ തങ്ങൾക്കനുകൂലമാക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡ​ന്റ് സണ്ണി ജോസഫും യു ഡി എഫ് കൺവീനർ അടൂർ പ്രകാശും മുതൽ യുവതലമുറ നേതാക്കൾ വരെ കൈ മെയ് മറന്ന് പ്രവർത്തിച്ചു.

അൻവർ സ്വതന്ത്രനായി മത്സരിക്കുകയും ത​ന്റെ ശക്തി ഇരുമുന്നണികൾക്കും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിൽപ്പരം വോട്ടിന് ജയിച്ചു. സ്ഥാനാർത്ഥി എം സ്വരാജ് തോറ്റെങ്കിലും പാ‍ർട്ടി വോട്ട് മുഴുവൻ ലഭിച്ചു എന്ന ആശ്വാസത്തിൽ സി പി എമ്മും. വോട്ട് കുറഞ്ഞില്ലല്ലോ എന്ന മേനി പറച്ചിലിൽ ബി ജെ പിയും. ഇത് നിലമ്പൂരി​ന്റെ ചിത്രം.

Leader of the opposition VD Satheesan greets Chief Minister Pinarayi Vijayan and speaker AN Shamseer
'അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ?', 'നോ കമന്റ്‌സ്....', ക്രെഡിറ്റ് വേണ്ടെന്ന് വി ഡി സതീശന്‍

യു ഡി എഫിന് ആത്മവിശ്വാസം നൽകുന്ന ഫലം

എന്നാൽ, ഇത് വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളെ നിർണ്ണയിക്കുന്നതിൽ ഘടകമാകുമോ എന്ന ചോദ്യമുയർന്നാൽ, തീർച്ചയായും അതുണ്ടാകും എന്ന് തന്നെയാണ് എല്ലാ രാഷ്ട്രീയപാർട്ടിയിലുമുള്ളവരും രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തുവന്നു കഴിയുമ്പോൾ പ്രത്യക്ഷത്തിൽ കാണുന്നത് കേരളത്തിൽ പൊതുവിലുള്ള ഭരണ വിരുദ്ധ വികാരത്തി​ന്റെ ഒരു മേഖല ഉണ്ടെന്നാണ്. അൻവറിന് ലഭിച്ച 19000 വോട്ടും ആര്യാടൻ ഷൗക്കത്തിന് ലഭിച്ച ഭൂരിപക്ഷവും കൂടി കണക്കിലെടുക്കുമ്പോൾ അത് ഉറപ്പാക്കാവുന്നതാണ്. ഇതേ ഘടകം തന്നെയാണ് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയത്തില്‍ പ്രധാനമായതും. പാലക്കാട് ജയിക്കാനായതിനൊപ്പം ബി ജെ പിയിലേക്ക് പോയ വോട്ടുകൾ തിരിച്ചു പിടിക്കാനുംയു ഡി എഫിന് സാധിച്ചു. ചേലക്കരയിൽ തോറ്റെങ്കിലും വോട്ട് വർദ്ധിപ്പിക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞു. തൃക്കാക്കരയും പുതുപ്പള്ളിയും ആ സാഹചര്യം നേടിക്കൊടുത്ത മേൽക്കൈ എന്ന് പറയാമെങ്കിലും കോൺ​ഗ്രിസി​ന്റെ വോട്ടിന് കുറവ് വന്നിട്ടില്ലെന്ന് വ്യക്തമാണ്. ഇത് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിഞ്ഞ തവണയില്ലാത്ത ആത്മവിശ്വാസം യു ഡി എഫിന് നൽകും.

എന്നാൽ, ആത്മവിശ്വാസം കൊണ്ട് മാത്രം കാര്യമില്ലെന്നതാണ് വസ്തുത. ലോകസഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പൊതുവേ ഒരേ മാനദണ്ഡത്തിൽ വീഴുന്നത് പാർട്ടി വോട്ടുകൾ മാത്രമായിരിക്കും. പോസിറ്റീവ് വോട്ടുകൾ എന്നതിനേക്കാളെറേ നെ​ഗറ്റീവ് വോട്ടുകളാണ് പൊതുവിൽ വിജയം നിർണ്ണയിക്കുന്നത്. അതായത് വിജയിയെ നിർണ്ണയിക്കുന്ന വോട്ടുകൾ എന്നത് ഫ്ലോട്ടിങ് വോട്ടുകൾ എന്ന് പറയുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്. വിരുദ്ധ വികാരത്തി​ന്റെ അടിത്തറയിൽ അങ്ങനെ സംഭവിച്ചാൽ അങ്ങനെയുള്ള വോട്ടുകളുടെ ഒഴുക്കായിരിക്കും ഒരു ഭാ​ഗത്തേക്ക് സംഭവിക്കുക. അത്തരം വോട്ടൊഴുക്കുണ്ടായാൽ അത് പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അട്ടിമറിക്കും. അത് 2001 മുതൽ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ (2011 ൽ ഒഴികെ) കേരളത്തിൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു പ്രത്യേകത കൂടി അടുത്തിടെയായി ചില നിരീക്ഷകരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ​ഗവേഷണം നടത്തുന്നവരും നിരീക്ഷിക്കുന്നുണ്ട്. സ്ഥലം എം എൽ എമാരോട് മണ്ഡലത്തിലുള്ളവർക്കുള്ള അനുകൂല മനോഭാവമാണ് അത്. ഭരണ വിരുദ്ധ വികാരം നിലനിൽക്കുമ്പോഴും എം എൽ എയെ കുറിച്ചുള്ള മികച്ച അഭിപ്രായം ( ഇത് തദ്ദേശ തലത്തിലും ലോകസഭാ തലത്തിലുമുണ്ട്). അതിനവർ ഉദാഹരണമായി രണ്ട് മുന്നണിയിലെയും ജനപ്രതിനിധികളുടെ കാര്യം എടുത്തു കാണിക്കുന്നുണ്ട്. എന്നാൽ, ഇവർ മാറി പുതിയ ആളുകൾ മത്സരിച്ചാൽ ആ ആനുകൂല്യം ലഭിക്കണമെന്നുമില്ല. ഇതിനെയെല്ലാം മറികടന്നായിരിക്കും വിരുദ്ധവികാരത്തിൽ വരുന്ന വോട്ടൊഴുക്ക് കടന്നുപോകുക. അതിൽ പിടിച്ചു നിൽക്കുകയെന്നത് വളരെ ശ്രമകരമായ ഒന്നാകും.

Leader of the opposition VD Satheesan greets Chief Minister Pinarayi Vijayan and speaker AN Shamseer
ഒന്നാം ടേമിൽ എ പ്ലസ്, രണ്ടാം ടേമിൽ എ മൈനസ്; 9 വർഷത്തെ പിണറായി സർക്കാരിന്റെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

ആഹ്ളാദിക്കാം, അഹങ്കരിക്കരുത് എന്ന് ആന്റണി പറഞ്ഞതിന് കാരണം ഇതാണ്

നിലമ്പൂ‍രിലെ വിജയത്തിൽ കോൺ​ഗ്രസും യു ഡി എഫും മതിമറക്കാതിരിക്കുക എന്നതാണ് അവരുടെ ആദ്യ പാഠമാകേണ്ടത് എന്നാണ് തൃക്കാക്കര, പുതുപ്പള്ളി ഒഴികെ നടന്ന പാലക്കാട്, ചേലക്കര, നിലമ്പൂ‍ർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ കാണിക്കുന്നത്. സർക്കാരിനെതിരായ ജനവികാരം ഉണ്ടെന്ന വാദങ്ങൾ തള്ളിക്കളയാതിരിക്കുമ്പോള്‍തന്നെ സി പി എം സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്ന് മനസ്സിലാക്കാനാകും. അതു മനസ്സിലാക്കിയാണ്, ആഹ്ലാദിക്കാം അഹങ്കരിക്കരുത് എന്ന് ഇന്നലെ എ കെ ആ​ന്റണി പറഞ്ഞത്. നിലമ്പൂർ വിജയം നൽകിയ ആത്മവിശ്വാസം നല്ലതാണ്, ജയിക്കുമെന്ന് വിശ്വസിക്കാം പക്ഷേ, ജയിച്ചു എന്ന് വിശ്വസിക്കരുത്. അങ്ങനെയായാല്‍ കഴിഞ്ഞ തവണത്തെ പോലെ കൈവിട്ടുപോകും കാര്യങ്ങൾ എന്നാണ് യു ഡി എഫിലെ ഒരു മുതിർന്ന നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞത്.

ഇതിന് ഉദാഹരണമായി ചേലക്കര, നിലമ്പൂർ മണ്ഡലങ്ങളിലെ കണക്കുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 2021 ൽ രാധാകൃഷ്ണൻ മത്സരിച്ച് ജയിക്കുമ്പോൾ നേടിയത് 83,415 വോട്ടായിരുന്നു. 39,400 ആയിരുന്നു ഭൂരിപക്ഷം. ഉപതെരഞ്ഞെടുപ്പിൽ സി പി എമ്മിലെ യു ആ‍ർ പ്രദീപ് 64827 വോട്ട് നേടി വിജയിച്ചു. കോൺ​ഗ്രസിലെ രമ്യാഹരിദാസ് 52626 വോട്ടും ബി ജെ പിയുടെ കെ ബാലകൃഷ്ണൻ 33609 വോട്ടും നേടി. സി പി എം ജയിച്ചെങ്കിലും ഭൂരിപക്ഷം ഏതാണ്ട് മൂന്നിലൊന്നായി കുറഞ്ഞു. എന്നാൽ രാധാകൃഷ്ണനും പ്രദീപിനും മുൻവ‍ർഷങ്ങളിൽ മത്സരിച്ചപ്പോൾ കിട്ടിയ വോട്ടുകൂടി നോക്കുമ്പോഴാണ് ഇതിലെ കൗതുകം വഴിമാറുക. 2011ൽ കെ രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ 73,683 വോട്ട് ലഭിച്ചു. അത്തവണ കേരളത്തിൽ നേരിയ ഭൂരിപക്ഷത്തിനാണെങ്കിൽ പോലും ജയിച്ചത് യു ഡി എഫായിരുന്നു. അടുത്ത തവണ 2016ൽ എൽ ഡി എഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നപ്പോൾ ചേലക്കരയിൽ മത്സരിച്ചത് യു ആ‍ർ പ്രദീപ് ആയിരുന്നു, പ്രദീപിന് ലഭിച്ചത് 67,771 വോട്ടാണ്. അതായത് രാധാകൃഷ്ണന് ലഭിച്ചതിനേക്കാൾ വോട്ടു കുറവായിരുന്നു അത്തവണ. ഇനി കേരള ചരിത്രത്തിൽ എൽ ഡി എഫിന് ആദ്യമായി 90 ലേറെ സീറ്റ് കിട്ടി അധികാരത്തിൽ വന്ന 2006ൽ രാധാകൃഷ്ണന് കിട്ടിയത് 62,695 വോട്ടായിരുന്നു. 1996 മുതൽ ഈ മണ്ഡലം സിപി എമ്മി​ന്റെ കുത്തകമണ്ഡലമാണ്.

അഞ്ച് തവണ കെ രാധാകൃഷ്ണനും ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ രണ്ട് തവണ യു ആർ പ്രദീപും ഇവിടെ നിന്നും ജയിച്ചു. ഇവിടെ 96 മുതൽ സി പി എം അവരുടെ സ്വന്തമായ പാർട്ടിവോട്ടുകളായി കാണുന്നത് അറുപതിനായിരത്തോളം വോട്ടുകളാണ്. ആ വോട്ടുകൾ അവർ ഇപ്പോഴും ഉറപ്പിച്ചിട്ടുണ്ട്. ബി ജെ പിക്കും കോൺ​ഗ്രസിനുമായി വോട്ട് വിഭജിച്ച് പോകുമ്പോൾ ജയിക്കാനുള്ള വോട്ടുകളായി അതു മാറുമെന്നതാണ് ആ കണക്ക്.

Leader of the opposition VD Satheesan greets Chief Minister Pinarayi Vijayan and speaker AN Shamseer
പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയിൽ മുന്‍ ജില്ലാ ജഡ്ജിയും; എന്‍ഐഎ കോടതിയില്‍

ട്രാഫിക് സിഗ്നലിലെ മഞ്ഞലൈറ്റിൽ നിൽക്കുന്ന മുന്നണികൾ

ചേലക്കരയിൽ മാത്രമല്ല, ഈ കണക്ക് പാലക്കാടും നിലമ്പൂരും ഒരേ പാറ്റേണിൽ കാണാനാകും. അതിനർത്ഥം പാർട്ടിവോട്ടുകൾ ഭരണവിരുദ്ധ വികാരത്തി​ന്റെ പേരിൽ കാര്യമായി മാറിയിട്ടില്ല എന്നാണ്. എന്നാൽ. നിലമ്പൂരിൽ സി പി എമ്മിന് സ്വാധീനമുള്ള അമരമ്പലം, പോത്തുകല്ല് പഞ്ചായത്തുകളിൽ ചെറുതാണെങ്കിലും ആര്യാടൻ ഷൗക്കത്ത് ഭൂരിപക്ഷം നേടി എന്നത് അവിടെയും ചലനങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുതിയ നിലമ്പൂർ മണ്ഡലം വന്ന ശേഷം നടന്ന നാല് തെരഞ്ഞെടുപ്പിലും സി പി എം നിർത്തിയ സ്ഥാനാർത്ഥികളുടെ പൊതു വോട്ട് നില നോക്കിയാൽ ഇവിടെയും അറുപതിനായരത്തോളം വോട്ട് മാത്രമാണ് പാർട്ടി വോട്ടുകൾ എന്ന് അവർക്ക് ഉറപ്പിക്കാനാകുകയുള്ളൂ. ജയിക്കാനുള്ള വോട്ട് വേറെ ലഭിക്കേണ്ടി വരും.

വോട്ട് വിഭജിക്കപ്പെട്ട് പോകാൻ സ്വാധീനമുള്ള മൂന്നാം കക്ഷി ഈ മണ്ഡലത്തിൽ ഇതുവരെയില്ല. അതുകൊണ്ട് തന്നെ ജനവികാരം മറിച്ചായാൽ സ്വന്തം വോട്ടുകൾ ചിലപ്പോൾ സംരക്ഷിക്കാൻ സാധിക്കും. അതിനപ്പുറം കടക്കാൻ സി പി എമ്മിനോ എൽ ഡി എഫിനോ കഴിയില്ല. എന്നാൽ, ഈ വോട്ട് അവിടെ ഉണ്ടെന്നും എന്തെങ്കിലും ഒരു അനുകൂല സാധ്യതയുണ്ടായാൽ ഇങ്ങോട്ട് വന്ന ഫ്ലോട്ടിങ് വോട്ടുകൾ ആകർഷിക്കാൻ സി പി എമ്മിനും എൽ ഡി എഫിനും സാധിക്കുമെന്നുള്ള വസ്തുത മനസ്സിലുണ്ടാകണം. മതന്യൂനപക്ഷങ്ങൾക്ക് സി പിഎമ്മിനോട് പഴയ കാലത്തുള്ള അകൽച്ച ഇപ്പോഴില്ല എന്നത് വസ്തുതയാണ്. എന്നാൽ, ഇടക്കാലത്ത് ഉണ്ടായ അടുപ്പത്തിൽ അകൽച്ച വന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ പാലക്കാട്, നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ ക്രൈസ്തവ വോട്ടുകളെ ആകർഷിക്കാൻ ബി ജെ പി നടത്തുന്ന ശ്രമങ്ങൾ പൂർണ്ണമായും വിജയിച്ചിട്ടില്ല. ലോക്സഭയിലെ ട്രെൻഡ് അല്ല, പാലക്കാട്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകളിൽ. യു ഡി എഫിന് അനുകൂലമായാണ് ആ വോട്ടുകൾ വീണിട്ടുള്ളത്.

ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ നൂറ് സീറ്റുകിട്ടുമെന്ന് വിശ്വസിച്ചിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകാനും സാധ്യതയുണ്ട്. ഇപ്പോഴുള്ള സൂചനകൾ യു ഡി എഫിന് അനുകൂലമായ ഒന്നാണ്. ട്രാഫിക് സി​ഗ്നലിൽ നിൽക്കുമ്പോൾ പച്ച ലൈറ്റിന് മുൻപുള്ള മഞ്ഞ ലൈറ്റിലാണ് യു ഡി എഫ്, ചുവന്ന ലൈറ്റിന് മുന്നിലുള്ള മഞ്ഞലൈറ്റിലാണ് എൽ ഡി എഫ്. വേണമെങ്കിൽ ആർക്കും കടന്നുപോകാം, അതാണ് കേരളത്തിലെ യഥാർത്ഥ സ്ഥിതി യു ഡി എഫ് നേതാവ് അഭിപ്രായപ്പെട്ടു.

Summary

voting patterns and anti incumbency shows the indication of next assembly election in kerala,Nilambur results may be a barometer for 2026 Assembly poll?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com