കറുത്തവരെ കണ്ടാൽ കൈ തരിക്കുന്ന പൊലീസ്; അധിക്ഷേപവും നീതി നിഷേധവും തുടർക്കഥ

സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്‌ഐആര്‍ പൊലീസ് റദ്ദാക്കിയില്ല
kerala police
Police: സ്വര്‍ണമാല, ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും ബിന്ദുവിനെതിരെയുള്ള എഫ്‌ഐആര്‍, പൊലീസ് റദ്ദാക്കിയില്ല എന്നാണ് ആരോപണംപ്രതീകാത്മക ചിത്രം
Updated on
5 min read

കേരളത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിലെ പൊലീസ് അതിക്രമങ്ങളുടെ കണക്കെടുത്തൽ നമ്മൾ, പിന്നോട്ടാണോ പോകുന്നതെന്ന സംശയം ഉയരും. പൊലീസ് അതിക്രമങ്ങൾ പ്രത്യേകിച്ച്, ദളിത്, ആദിവാസി വിഭാ​ഗങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുന്നവർ പറയുന്നത്. പലപ്പോഴും പരാതികളിൽ നടപടികളൊന്നുമുണ്ടാകാറില്ലെന്ന പരാതിയും അവർ പറയുന്നുണ്ട്. ആരോപണവിധേയരായ ഉദ്യോ​ഗസ്ഥർക്ക് ഒരു സ്ഥലം മാറ്റം, ഏറിയാൽ സംഭവത്തി​ന്റെ ചൂടാറും വരെ ഒരു സസ്പെൻഷൻ അതോടെ കഴിയും കാര്യങ്ങൾ. മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈ​ന്റ് അതോറിട്ടിയുമൊക്കെ ഉണ്ടെങ്കിലും ഭരണത്തിലാരായാലും ഇരകളാക്കപ്പെടുന്നവർക്ക് നീതി കിട്ടുക എന്നത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പൊലീസിനും പൊതുസമൂഹത്തിനും നിറവും ജാതിയും ശരീരപ്രകൃതവുമൊക്കെ ഒരാളെ സംശയിക്കാനും പ്രതിയാക്കാനും അധിക്ഷേപിക്കാനുമൊക്കെ ഇന്നും കാരണമാകുന്നു.

തലസ്ഥാന ന​ഗരത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ പേരൂർക്കട പൊലീസ് സ്റ്റേഷനിലാണ് ജാതിയും നിറവും തൊഴിലുമൊക്കെ പരി​ഗണിച്ച് ഒരു സ്ത്രീയോട് അതിക്രമം കാണിച്ചത്. നടക്കാത്ത മോഷണപരാതിയുടെ പേരില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂറോളം ചോദ്യം ചെയ്യൽ എന്ന പേരിൽ നടത്തിയ മാനസിക പീഡനം വിവാദമായതോടെ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം 23നായിരുന്നു സംഭവം.

മാല മോഷണം പോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ആര്‍ ബിന്ദുവാണ് പൊലീസി​ന്റെ മാനസിക പീഡനത്തിന് ഇരയായത്. തന്നെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. വസ്ത്രമഴിച്ചു ദേഹപരിശോധനയും വീട്ടില്‍ തിരച്ചിലും നടത്തിയെങ്കിലും മാല കണ്ടുകിട്ടിയില്ല. ഒടുവില്‍, സ്വര്‍ണമാല ഉടമയുടെ വീട്ടില്‍ തന്നെ കണ്ടെത്തിയെങ്കിലും തനിക്കെതിരെയുയള്ള എഫ്‌ഐആര്‍ പൊലീസ് റദ്ദാക്കായില്ല. തുടർന്ന് പൊലീസിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. എന്നാൽ, അവിടെ നിന്നും നീതി ലഭിച്ചില്ലെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് മറ്റ് രണ്ട് പൊലീസുകാർ കൂടി ഈ മാനസിക പീഡനത്തിൽ പങ്കാളികളാണെന്നും അതിൽ ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നൻ എന്ന പൊലീസുകാരനാണെന്നും ബിന്ദു ആരോപിച്ചു. തനിക്കെതിരെ വ്യാജപരാതി നൽകിയവർക്കെതിരെയും കേസെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു.

കേരളത്തിൽ നടന്നതിൽ ലോകശ്രദ്ധയാകർഷിച്ച് സമരങ്ങളിലൊന്നായിരുന്നു സി കെ ജാനുവും ​ഗീതാനന്ദനും നേതൃത്വം നൽകിയ ആദിവാസി ഭൂസമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരം എ കെ ആ​ന്റണി മുഖ്യമന്ത്രിയായിരിക്കെ കരാറിനെ തുടർന്ന് പിൻവലിച്ചു. ഈ കരാർപ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസി ​ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരം 2003 ഫെബ്രുവരി 19 ന് സർക്കാർ അക്ഷരാർത്ഥത്തിൽ ചോരയിൽ മുക്കി. പൊലീസ് വെടിവെയ്പിൽ സമരത്തിൽ പങ്കെടുത്ത ​ജോ​ഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പൊലീസുകാരനായ വിനോദും ഇവിടെ നടന്ന അക്രമത്തിൽ പരുക്കേറ്റ് ചികിത്സ കിട്ടാതെ മരണമടഞ്ഞു.

ഈ സംഭവുമായി ഒരുബന്ധവുമില്ലാത്തവരടക്കമുള്ള ആദിവാസി, ദലിത് വിഭാ​ഗങ്ങളിൽപ്പെട്ട നിരവധി പേർ പൊലീസ് അതിക്രമത്തിന് വിധേയരായി. ഇതിൽ, ഏറെ ശ്രദ്ധിക്കപ്പെട്ട കേസായിരുന്നു വയനാട്, സുൽത്താൻ ബത്തേരി ഡയറ്റിലെ അധ്യാപനായ കെ കെ സുരേന്ദനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചത്. പൊലീസ് മർദ്ദനത്തിൽ നഷ്ടമായ അദ്ദേഹത്തി​ന്റെ കേൾവി ശക്തി 22 വർഷങ്ങൾക്കു ശേഷവും പഴയതു പോലെയായിട്ടില്ല. അന്നത്തെ പൊലീസ് മർദ്ദനം സൃഷ്ടിച്ച ആരോ​ഗ്യ പ്രശ്നങ്ങളുമായാണ് ജോലയിൽ നിന്ന വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുന്നത്.

അന്ന് പരുക്കേറ്റ നിരവധി ആദിവാസികൾ പിന്നീട് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് കേസുകൾ നടക്കുന്നതിനിടയിൽ തന്നെ മരണപ്പെട്ടുവെന്ന് വയനാട്ടിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവർ നേരത്തെ ആരോപിച്ചിരുന്നു.

ഈ സംഭവത്തിന് ശേഷം കേരളത്തിൽ ദലിത് വിഭാ​ഗങ്ങൾക്കെതിരെ പൊലീസ് വ്യാപകമായ അതിക്രമം അഴിച്ചുവിട്ടത് ഡി എച്ച് ആ‍ർ എമ്മുമായി ബന്ധപ്പെട്ട കൊലപാതക കേസിലാണ്. തിരുവനന്തപുരം വർക്കല അയിരൂരിൽ ശിവപ്രസാദ് എന്ന വ്യക്തിയുടെ കൊലപാതകത്തിലാണ് ഡി എച്ച് ആർ എം എന്ന സംഘടനയുടെ പേര് ആദ്യമായി പുറത്തു വരുന്നത്. 2009 സപ്തംബര്‍ 23 നാണ് കേസിന് ആസ്പദമായ സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ ശിവപ്രസാദിനെ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ പിന്നീട് ഏഴ് പേരെ ശിക്ഷിക്കുകയും ആറ് പേരെ സെഷൻസ് കോടതി വെറുതെ വിടുകയും ചെയ്തു. ഈ കൊലപാതകം നടന്നതിന് പിന്നാലെ ആ പ്രദേശത്തെ ദലിത് കോളനികളിൽ നടന്ന പൊലീസ് അതിക്രമം പിന്നീട് നടന്ന അന്വേഷണത്തിൽ പുറത്തുവന്നു. വി എസ് അച്യുതാനന്ദൻ സർക്കാർ ഭരിക്കുമ്പോഴായിരുന്നു. ഈ സംഭവം.

അമ്മയും മകളും മാത്രമുണ്ടായിരുന്ന വീട് പൊലീസ് വേറെ പൂട്ടിട്ട് പൂട്ടുകയും അവർ വീടിന് പുറത്ത് കിടക്കേണ്ടി വരുകയും ചെയ്തത് പുറംലോകം അറിഞ്ഞത് ബി ആ‍ർ പി ഭാസ്കർ ഉൾപ്പടെയുള്ളവർ വസ്തുതാന്വേഷണത്തി​ന്റെ ഭാ​ഗമായി ആ പ്രദേശത്ത് ചെന്ന സമയത്തായിരുന്നു. ഇത് വിവാദമായതോടെ പൊലീസുകാർ വീട് തുറന്നുകൊടുക്കുകയായിരുന്നു. അന്ന് നിരവധി ചെറുപ്പക്കാർ ഏറെക്കാലത്തേക്ക് പൊലീസ് അതിക്രമം പേടിച്ച് ആ പ്രദേശം വിട്ടുപോകുകയും ചെയ്തിരുന്നു.

ജൂലൈ 2016 നാണ് ഇടക്കൊച്ചി സ്വദേശി പൊലീസ് സ്റ്റേഷനിൽ വച്ചേറ്റ മർദ്ദനത്തെ തുടർന്ന് നട്ടെല്ലിന് ​ഗുരുതമായ ക്ഷതമേറ്റു. സ്കൂൾ ബസിലെ ഡ്രൈവറായിരുന്ന സുരേഷിനെതിരെ ഒരു രക്ഷിതാവ് ത​ന്റെ മകനെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞു നൽകിയ പരാതിയിലായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, സുരേഷ് കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ വ്യക്തിവൈരാ​ഗ്യം തീർക്കാൻ വേണ്ടി നൽകിയ പരാതിയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സുരേഷി​ന്റെ ജീവിതം തകർന്നു എന്നല്ലാതെ ആ കള്ളക്കേസും പൊലീസ് അതിക്രമവും കൊണ്ട് മറ്റൊന്നും സംഭവിച്ചില്ല. രണ്ട് മാസം പിന്നിടുന്നതിന് മുമ്പ് പാലാരിവട്ടം, ജന മൈൈത്രി പൊലീസ് സ്റ്റേഷനിൽ വച്ച് വെണ്ണല സ്വദേശി സൂരജ് എന്ന യുവാവിന് പൊലീസ് മർദ്ദനമേറ്റു. ഇതേക്കുറിച്ച് നൽകിയ പരാതിയെ കുറിച്ച് അന്വേഷിച്ച പൊലീസ് കംപ്ലൈ​ന്റ് അതോറിട്ടി അധ്യക്ഷനായിരുന്ന ജസ്റ്റിസ് കെ. നാരായണക്കുറപ്പ്, ഇവരെ ജനമൈത്രി പൊലീസ് എന്നല്ല, ജനദ്രോഹ പൊലീസ് എന്നാണ് വിളിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു.

തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂരിൽ താമസിച്ചിരുന്ന സി കെ വിനായകൻ എന്ന ബ്യൂട്ടിഷ്യൻ കോഴ്സ് വിദ്യാ‍ർത്ഥിയായ പതിനെട്ടുകാരനെ പൊലീസ് മർദ്ദനവും അധിക്ഷേപവും ആത്മഹത്യയിലേക്ക് നയിച്ചത് 2017 ജൂലൈ 17 നാണ്. മുടി നീട്ടി വള‍ർത്തിയതും കറുത്തനിറവുമാണ് എന്നതാണ്, പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതിന് കാരണമായത്. വിനായകനെയും സുഹൃത്തിനെയും അവരോട് സംസാരിച്ചുകൊണ്ടു നിന്ന പെൺകുട്ടിയെും ഉൾപ്പടെ പൊലീസ് പിടിച്ചു കൊണ്ടുപോയത്. ഇവർ നിന്നതിന് അടുത്തെവിടെയോ ഒരു മാലമോഷണം പോയത് അന്വേഷിക്കാനാണ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സ്റ്റേഷനിൽ വച്ച് പൊലീസ് വിനാകയനെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയും അച്ഛനും ഹാർബറിലെ ലോഡിങ് തൊഴിലാളിയുമായ കൃഷ്ണനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മകനെ മർദ്ദിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുടിവെട്ടിക്കണം എന്ന പൊലീസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ മക​ന്റെ മുടി വെട്ടിച്ചു. പിന്നീട് ആ വേദനയിൽ വിനായകൻ ആത്മഹത്യ ചെയ്തു. പോസ്റ്റോമോർട്ടം റിപ്പോർട്ടിൽ വിനായകന് മർദ്ദനമേറ്റതായി പറഞ്ഞിരുന്നു. തൃശൂരിലെ എസ് സി എസ് ടി കോടതി ഈ സംഭവത്തിൽ വിനായക​ന്റെ അച്ഛനും ദളിത് സമുദായ മുന്നണിയും കൊടുത്ത കേസ് പരി​ഗണിച്ച് കേസ് എടുക്കാൻ ഉത്തരവിട്ടു.

കൊല്ലം കുണ്ടറ തൊണ്ടിറ മുക്കിലെ വീട്ടിൽ നിന്നും 2017 ഒക്ടോബ‍‌ർ 24 ന് വീട് വളഞ്ഞാണ് കുണ്ടറ പൊലീസ് കുഞ്ഞുമോൻ മദ്യപിച്ച് വാഹനമോടിച്ചതിനായി നൽകിയ 3,000 രൂപ പിഴ അടച്ചില്ലെന്ന് പറഞ്ഞാണ് രാത്രി വീട്ടിലെത്തി കുഞ്ഞുമോനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. അടുത്ത ദിവസം കുഞ്ഞുമോ​ന്റെ അമ്മ പണം അടയ്ക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കോടതിയിൽ ഹാജരാക്കും എന്ന് പറഞ്ഞതിനാൽ പണം ഏൽപ്പിച്ച് മടങ്ങി പോകുകയായിരുന്നു. എന്നാൽ ഉച്ചയോടെ കുഞ്ഞുമോനെ സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന് അറിയിക്കുകയും അതനുസരിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ മകനെ മരിച്ച നിലയിലാണ് കണ്ടതെന്ന് അമ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞുമോൻ മരിച്ചതെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത വാ​ഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ, 2019 ജൂൺ 21 ജയിലിൽ വച്ചാണ് മരണമടഞ്ഞത്. 2019 ജൂൺ മാസം 12 മുതൽ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചു മർദ്ദിച്ചുവെന്നും. ക്രൂരമായ മർദ്ദനമാണ് മരണകാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം വിവാദമായതിനെ തുടർന്ന്

കേസിലാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ജൂൺ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. തുടർന്ന് നടന്ന പരിശോധനയില്‍ കസ്റ്റഡി മർദനമാണ് മരണ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസില്‍ ഒമ്പതു പേരാണ് പേരാണ് പ്രതികളായിട്ടുള്ളത്. 

തിരുവനന്തപുരം ആറ്റിങ്ങലില്‍ 2021 ഓ​ഗസ്റ്റിലാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ ആക്ഷേപിച്ചത്. പിങ്ക് പോലീസ് സ്‌ക്വാഡിലെ ഓഫീസറായ സി.പി. രജിതയെയാണ് എട്ടുവയസ്സുകാരിയായ പെൺകുട്ടിയെയും പിതാവിനെയും മോഷണക്കുറ്റം ചുമത്തി പരസ്യ വിചാരണ നടത്തി അപമാനിച്ചത്. ഓ​ഗസ്റ്റ് 28 ന് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഐ എസ് ആര്‍ ഒ യിലേക്കു ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ കാണാനാണ് ജയചന്ദ്രനും മകളും ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാര്‍ നിര്‍ത്തിയിരുന്നതിന് അല്പമകലെയായി സ്‌കൂട്ടര്‍ നിര്‍ത്തി മകള്‍ക്ക് കടയില്‍നിന്നു വെള്ളം വാങ്ങി കൊടുക്കുമ്പോള്‍ കാറിനടുത്തെത്തിയ പൊലീസുകാരി ജയചന്ദ്രനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം ഫോണ്‍ നീട്ടിയപ്പോള്‍ കാറില്‍നിന്ന് ഫോണെടുത്ത് ജയചന്ദ്രന്‍ മകളെ ഏല്‍പ്പിക്കുന്നതു കണ്ടുവെന്നും അത് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യംചെയ്യലായി. അതോടെ ആളുകള്‍കൂടി.

ഫോൺ എടുത്തിട്ടില്ലെന്ന് അച്ഛനും മകളും പറഞ്ഞെങ്കിലും പിങ്ക് പൊലീസുകാരി ത​ന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുകയും ഇരുവരെയും പൊലിസ് സ്റ്റേഷനിൽ കൊണ്ടുപോയി ദേഹ പരിശോധന നടത്തുകയും വേണമെന്നും ആവശ്യപ്പെട്ടുവെന്നും അച്ഛൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥ രജിതയുടെഫോണിലേക്ക് വിളിക്കുകയും ഫോൺ പിങ്ക് പൊലീസി​ന്റെ കാറിലെ സീറ്റ് കവറിനുള്ളിലിരുന്ന ബെൽ അടിക്കുകയും ചെയ്തു. ഈ സംഭവം വിവാദമായെങ്കിലും സംഭവം സ്ഥലം മാറ്റം നൽകി ഒതുക്കി. പിന്നീട് പിതാവ് നൽകിയ കേസിൽ നഷ്ടപരിഹാരത്തിന് കോടതി വിധിച്ചെങ്കിലും സർക്കാർ അതിനെതിരെ അപ്പീൽ പോകാൻ തീരുമാനിച്ചു. പിന്നീട് നഷ്ടപരിഹാരം നൽകാനും അത് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാനും തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ​ഗോകുൽ എന്ന പ്രായപൂർത്തിയാകാത്ത ആദിവാസി വിഭാ​ഗത്തിൽപ്പെട്ട കൗമാരക്കരനെ കൽപ്പറ്റ പൊലീസ് സ്റ്റേഷ​ന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ​ഗോകുലിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ​ഗോകുലിനെ പൊലീസ് പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. മാർച്ച് 27 ന് ഒരു ആദിവാസി പെൺകുട്ടിയെ കാണാതായിരുന്നുവെന്നും കോഴിക്കോട് വച്ച് ​ഗോകുലിനൊപ്പം കണ്ടെത്തി രാത്രി 11.30 ഓടെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും അപ്പോൾ തന്നെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ രാവിലെ ശുചിമുറിയിലേക്ക് പോയ ​ഗോകുൽ അവിടെ വച്ച് മരിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഈ സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഈ കേസി​ന്റെ മേലുള്ള വിവാദങ്ങളുടെ ചൂടാറും മുമ്പാണ് ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന തിരുവന്തപുരത്ത് ദലിത് സ്ത്രീ പൊലീസ് സ്റ്റേഷനിൽ നേരിട്ട മാനസിക പീഡനം പുറത്തുവന്നത്. ദളിതർക്കും ആദിവാസികൾക്കും കറുത്തവർക്കുമെതിരെയുള്ള പൊലീസ് അതിക്രമങ്ങൾ കേരളത്തി​ന്റെ മാത്രം കുത്തകയല്ലെന്ന് ദേശീയ തലത്തിലെ കണക്കുകൾ കാണിക്കുന്നു. 2001-2020 കാലഘട്ടത്തിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ക്രൈം ഇൻ ഇന്ത്യ (സിഐഐ) റിപ്പോർട്ടുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 2001 മുതൽ 2020 വരെയുള്ള കാലയളവിൽ 1,888 കസ്റ്റഡി മരണങ്ങളാണ് രാജ്യത്ത് നടന്നത്. ഈ കാലയളവിൽ 893 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയും 358 ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവില്‍ 26 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com