മോസ്‌ക്കോ: യുക്രൈനിൽ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രതിനിധി സംഘം ബെലാറസിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. സംഘത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രതിനിധികളുമുണ്ട്. ചർച്ചയ്ക്കായി പ്രതിനിധികളെ അയച്ചതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണം നിർത്തിവച്ചാൽ ചർച്ചയ്ക്കു തയാറാണെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ബെലാറസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ അവിടെ വച്ച് ചർച്ച സാധ്യമാകില്ല. കഴിഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയൻ മേഖലകൾ ആക്രമിച്ചു. ആംബുലൻസുകൾക്കു നേരെ വെടിയുതിർത്തതായും സെലെൻസ്കി വ്യക്തമാക്കി.
ചർച്ചയ്ക്ക് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി മൂന്ന് നാറ്റോ രാജ്യങ്ങളിലെ വേദിയാണ് നിർദ്ദേശിച്ചിരിക്കുന്നത്. വാഴ്സ, ഇസ്താംബുൾ, ബൈകു എന്നീ വേദികളാണ് സെലൻസ്കി നിർദ്ദേശിച്ചത്.
തുടരുന്ന അധിനിവേശം
അതിനിടെ യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. യുക്രൈനിലെ രണ്ട് നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഖാർക്കീവിലേക്ക് റഷ്യൻ സേന പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ സേന പ്രവേശിച്ചതായി ഖാർക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
ഖാർക്കീവിന് പിന്നാലെ സുമിയിലും റഷ്യൻ സേന എത്തിയതായാണ് റിപ്പോർട്ടുകൾ. സുമിയിൽ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒഡേസയിൽ ഡ്രോൺ ആക്രമണം നടന്നതായും വാർത്തകളുണ്ട്.
കീവിൽ വ്യോമാക്രമണ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ബങ്കറിലുള്ളവർ അവിടെ തന്നെ തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ സേനയ്ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രൈൻ വ്യക്തമാക്കി.
റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർക്കീവിലുള്ള വാതക പൈപ്പ് ലൈൻ തകർന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലെ വാതക പൈപ്പ് ലൈനിന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു അക്രമണമെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയർന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുക സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഖാർക്കീവിന് സമീപമുള്ള താമസക്കാർ നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച് ജനാലുകൾ മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്‌പെഷ്യൽ കമ്മ്യൂണിക്കേഷൻ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ വിഭാഗം നിർദേശിച്ചു.
ഖാർക്കീവിൽ റഷ്യയുടെ ഷെല്ലാക്രമണവും രൂക്ഷമാണ്. മിസൈൽ പതിച്ച് വസിൽകീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണ ശാല വലിയ തീഗോളമായി മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആണവമാലിന്യ സംസ്‌കരണ കേന്ദ്രത്തിലും വെടിവെപ്പുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates