സഖാവ് വിഎസ് സത്യവും മിഥ്യയും

വിമത പരിവേഷം ലഭിക്കുന്നതിനു മുമ്പ് , വിഎസ് പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന കാലമത്രയും ബഹുജന സ്വീകാര്യതയ്ക്ക് ഉപരിയായി പാർട്ടി സംഘടനക്കുള്ളിലെ അച്ചടക്കം പാലിച്ചിരുന്നു. പാർട്ടി അച്ചടക്കത്തിൽ അണുവിട വിട്ട് വീഴ്ച ചെയ്യാത്തതുകൊണ്ട് മാത്രമാണ് വിഎസിന് സ്ഥിരമായി നേതൃത്വത്തിൽ തുടരാൻ കഴിഞ്ഞത്
V S Achuthanandan image
V S Achuthanandanfile
Updated on
11 min read

പുന്നപ്ര വയലാർ സമരം

പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. സമരനായകരായ ഉയർത്തി കാട്ടപ്പെടുന്ന പലരും ഉന്നത നേതാക്കന്മാരായിരുന്നു. അവർ ആഹ്വാനം ചെയ്തു മടങ്ങിപ്പോകാൻ ബാധ്യസ്ഥരായിരുന്നു . തൊട്ടുമുമ്പ് ഒളിവിൽ പോകാൻ പാർട്ടി ആവശ്യപ്പെടുന്നത് വരെ പുന്നപ്രയിലും പരിസരപ്രദേശങ്ങളിലും സമര പോരാളികൾക്ക് നേരിട്ട് നേതൃത്വം നൽകിയത് വിഎസ് ആണ്. വെടിവെപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളും നരനായാട്ടിന്റേതായിരുന്നു. ആ ദിവസങ്ങളിലെ നരനായാട്ടിനെ നേരിട്ടത് വിഎസിന്റെ നേതൃത്വത്തിലാണ് .

വിഎസ് തന്നെയാണ് പുന്നപ്രയുടെ യഥാർത്ഥ സമരനായകൻ. പാർട്ടിയിലെ പിളർപ്പിന് ശേഷം പുന്നപ്രയിലെ പാർട്ടി ഒന്നാകെ സഖാവ് വിഎസിന് പിന്നിൽ അണിനിരന്നത് സമരത്തിലെ വിഎസിന്റെ പങ്ക് ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടിയാണ് . സഖാക്കളെ വൈകാരികമായി ഏറെ സ്വാധീനിക്കാൻ കഴിയുന്ന സുഗതൻ സാർ വിഎസിനെതിരെ മത്സരിച്ചപ്പോഴും വി എസ് സുഗതൻ സാറിന് ലഭിച്ചതിനെക്കാൾ പലമടങ്ങ് വോട്ട് നേടിയെങ്കിൽ അത് വിഎസിന്റെ സമര നേതൃത്വത്തിന്റെ അംഗീകാരം കൂടിയായിരുന്നു.

V S Achuthanandan image
വിഎസ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നൽകിയ സംഭാവനയിൽ ഇങ്ങനെയൊന്ന് കൂടെയുണ്ട്

വി എസ് എപ്പോഴെങ്കിലും പാർട്ടിയിൽ അനർഹമായ സ്ഥാനങ്ങളിൽ നേടിയിട്ടുണ്ടോ ?

പടിപടിയായി മാത്രം നേതൃസ്ഥാനത്തേക്ക് എത്തപ്പെട്ട ആളാണ് വി എസ് . തന്നെക്കാൾ അർഹതയുള്ള ഒരാളെപ്പോലും മറികടന്ന് വി എസ് നേതൃത്വ പദവികളിൽ എത്തിയിട്ടില്ല. ഒരേയൊരു അപവാദം നയനാരെ മറികടന്ന് ആദ്യം പോളിറ്റ് ബ്യൂറോയിൽ എത്തിയതായിരിക്കും. വിഎസിനു മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന, മുഖ്യമന്ത്രി പോലും ആയിരുന്ന നായനാർ പതിമൂന്നാം പാർട്ടി കോൺഗ്രസിൽ പി ബി യിൽ എത്തുന്നതിന് തടസ്സമായിരുന്നത് ബദൽ രേഖ വിവാദമായിരുന്നു.

വിമത പരിവേഷം ലഭിക്കുന്നതിനു മുമ്പ് , വിഎസ് പാർട്ടി നേതൃത്വത്തിൽ ഉണ്ടായിരുന്ന കാലമത്രയും ബഹുജന സ്വീകാര്യതയ്ക്ക് ഉപരിയായി പാർട്ടി സംഘടനക്കുള്ളിലെ അച്ചടക്കം പാലിച്ചിരുന്നു. തൻ്റെ സമകാലികരായിരുന്ന പല ഉന്നത നേതാക്കന്മാരും പാർട്ടിയിൽ നിന്നും പുറത്ത് പോവുകയോ അച്ചടക്കംനടപടി നേരിടുകയോ ചെയ്തപ്പോൾ പാർട്ടി അച്ചടക്കത്തിൽ അണുവിട വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ട് മാത്രമാണ് വിഎസിന് സ്ഥിരമായി നേതൃത്വത്തിൽ തുടരാൻ കഴിഞ്ഞത്.

V S Achuthanandan image
ജൈവരാഷ്ട്രീയത്തിന്റെ വിപ്ലവാഗ്‌നി
VS Achuthanandan
വിഎസ് അച്യുതാനന്ദന്‍

ജനനേതാവ്

വിഎസ് അച്യുതാനന്ദൻ കേരളത്തിലെ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാൻ കഴിയുന്ന ബുദ്ധിമാനും വിവേകശാലിയുമായ ഒരു നേതാവായിരുന്നു. ഉൾപാർട്ടി സമരത്തിൽ എതിർപക്ഷത്തു നിലയുറപ്പിച്ച നേതാക്കന്മാരിൽ പലർക്കും ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനുള്ള ബുദ്ധിയോ വിവേകമോ ഇല്ലാത്തവരായിരുന്നു.

ജനങ്ങളുടെ മനസ്സും താല്പര്യവും തിരിച്ചറിഞ്ഞു കൊണ്ട് നിലപാടുകൾ എടുക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതിയാണോ എന്ന് ചോദിച്ചാൽ തർക്കം ഉണ്ടാകാം. അപ്പോഴും സോവിയറ്റാനന്തരകാലത്ത് ഒരു ബഹുജന മുന്നേറ്റമായി പ്രസ്ഥാനത്തെ മാറ്റിയെടുക്കാൻ ജനങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്ന മെയ് വഴക്കം കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകേണ്ടതുണ്ട്. അത് സഖാവ് വിഎസിന് ഉണ്ടായിരുന്നു.

പ്രതിപക്ഷനേതാവ് അടക്കമുള്ള ഏത് സ്ഥാനവും സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരാനും രാഷ്ട്രീയ ശത്രുക്കളെ പ്രതിരോധത്തിൽ ആക്കാനും കഴിയുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ വിഎസ് അച്യുതാനന്ദൻ നടത്തി.

V S Achuthanandan image
വിഎസ്സി​ന്റെ പ്രത്യയശാസ്ത്ര യുദ്ധമുഖം രാകിമിനുക്കിയ എം എൻ വിജയൻ

അതു പിന്നീട് ഒരു രാഷ്ട്രീയ ശൈലിയായി അദ്ദേഹം വികസിപ്പിച്ചെടുത്തു. അദ്ദേഹം തന്നെ പഠിപ്പിച്ച , പാർട്ടി സംഘടനയും അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനാ രീതികളിൽ നിന്നും പാർട്ടി അച്ചടക്ക പാഠങ്ങളിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു ആ ശൈലി എന്നത് വസ്തുതയാണ് .

പാർട്ടി സംഘടനാ രീതിയും ശൈലിയും പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കുകയും പാർട്ടി ശൈലിയും സംഘടനാരീതികളും അവലംബിക്കണമെന്ന് വി എസ്സ് അടക്കമുള്ള മുതിർന്ന നേതാക്കന്മാരിൽ നിന്നും പഠിച്ച പാർട്ടി നേതൃത്വത്തിന് അത് അസ്വീകാര്യമായി തീരുകയും ചെയ്തു.

വിഎസ് പുതിയ ശൈലി സ്വീകരിച്ചത് കാലഘട്ടം ആവശ്യപ്പെട്ടത് കൊണ്ടുമാത്രമാണെന്ന് നിരീക്ഷിക്കുന്നതിൽ പിശകുണ്ട് . ഏതാണ്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ട തന്റെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ഒരു ബഹുജന നേതാവായി വളർന്നു വരാൻ കഴിയാതെ പോയതിലുള്ള നിരാശ അതിൽ അന്തർലീനമായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം തൻ്റെ ടീമായി കണ്ടെത്തിയവരിൽ ഭൂരിപക്ഷത്തിനും അദ്ദേഹം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രശ്നങ്ങളോടുള്ള സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതയെക്കാൾ ഉപരി അദ്ദേഹത്തിൻറെ പ്രതിച്ഛായ ഉയർത്തി കാട്ടുക എന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം തന്നെ ഉൾപ്പട്ടി രാഷ്ട്രീയത്തിലെ സ്വകാര്യമായ ചില കണക്കു തീർക്കലുകളും അവരുടെ അജണ്ടയായി മാറി.

അവിടെ കാര്യങ്ങൾ മാറിമറിഞ്ഞു. വി എസ് ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്ന എല്ലാ പ്രശ്നങ്ങളിലും അദ്ദേഹത്തിന്റെ പാർട്ടിയിൽ പെട്ട ആരെങ്കിലും പ്രതിസ്ഥാനത്താകുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഇത് അദ്ദേഹത്തിൻറെ പ്രതിച്ഛായ പൊതുസമൂഹത്തിൽ ക്രമാതീതമായി വർദ്ധിപ്പിച്ചു. ഒരു വർഗ വിഭജിത സമൂഹത്തിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിച്ഛായ ക്രമാതീതമായി വർദ്ധിക്കാൻ പാടുണ്ടോ എന്നത് ഗൗരവമുള്ള ഒരു രാഷ്ട്രിയ പ്രത്യയശാസ്ത്രപ്രശനമാണ്.

ഇവിടെ വിഎസിന്റെ സ്വീകാര്യത വർദ്ധിച്ചത് രാഷ്ട്രീയമായി അദ്ദേഹത്തോട് ഐക്യപ്പെടാൻ ബാധ്യതയില്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിൽ കൂടിയായിരുന്നു എന്നത് വസ്തുതയാണ്. അതിന് കാരണം രണ്ടാണ് . എല്ലാ കാലത്തും പാർട്ടി നേതൃത്വത്തോട് അസംതൃപ്തിയുള്ള എന്നാൽ പാർട്ടിക്കാരായി തുടരുന്ന ഒരു വലിയ വിഭാഗം സിപിഎമ്മിൽ ഉണ്ടായിരുന്നു. അവർക്ക് പാർട്ടിയുടെ സാമ്പ്രദായിക ശൈലികളോടൊന്നും യോജിപ്പില്ലായിരുന്നു. അവർ ഒന്നടങ്കം വിഎസിനെ അവരുടെ നേതാവായി പ്രഖ്യാപിച്ചു. അതുകൊണ്ട് പാർട്ടി സംഘടനയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. ഈ ശൈലിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അഭികാമ്യം എന്ന നിലപാടായിരുന്നു ബഹുഭൂരിപക്ഷം വരുന്ന സിപിഎം അണികളും സ്വീകരിച്ചത്.

VS Achuthanandan
VS Achuthanandanfile

ഇടതുപക്ഷത്ത് തന്നെയുള്ള പ്രധാന ഘടകകക്ഷിയായ സിപിഐയിലും ഇതുതന്നെയാണ് സംഭവിച്ചത്. അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തി രൂപപ്പെട്ട സിപിഎമ്മിനുള്ളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ സംഭവ വികാസങ്ങളിൽ വിമത പരിവേഷമുള്ളതും സിപിഎം നേതൃത്വത്തിന് അസ്വീകാര്യമായതുമായ രാഷ്ട്രീയം പറയുന്ന വിഎസ് അച്യുതാനന്ദനിൽ അവർ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. അവർ പരിപൂർണ്ണ പിന്തുണ കൊടുത്തു. സിപിഐ അണികളുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കണക്ക് തീർക്കലിനുള്ള അവസരം കൂടിയായിരുന്നു വിഎസ് അച്യുതാനന്ദന് നൽകുന്ന പിന്തുണ. പലപ്പോഴും സിപിഐയുടെ രാഷ്ട്രീയത്തിൽ നിന്നും കടകവിരുദ്ധമായിരുന്നു വിഎസ് അച്യുതാനന്ദൻറെ രാഷ്ട്രീയമെങ്കിൽ പോലും അവർ വിഎസിന് നിരുപാധിക പിന്തുണ കൊടുത്തു. സിപിഐക്കാർ അവർ സിപിഐക്കാർ ആണെന്ന് മറന്നു കൊണ്ട് തന്നെ വിഎസ് ഗ്രൂപ്പുകാരായി മാറി.

സിപിഎമ്മിനോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും അണികൾക്കും വിഎസ് മഹാനായ നേതാവായി മാറി. കോൺഗ്രസിനുള്ളിൽ ഇതുപോലൊരു സാഹചര്യമുണ്ടായാൽ സിപിഎം അണികളും വിമത നേതാവിന് കലവറയില്ലാത്ത പിന്തുണ നൽകും. അങ്ങനെ കേരളത്തിലെ ജനങ്ങളിൽ ഏതാണ്ട് 70 ശതമാനത്തിൽ അധികം പേർ പിന്തുണയ്ക്കുന്ന നേതാവായി വിഎസ് അച്യുതാനന്ദൻ മാറി.

V S Achuthanandan image
'അന്നുമുതലാണ്... വിഎസ് വെട്ടിനിരത്തലുകാരന്‍ ആയി മാറിയത്'

വിമതൻ

ബഹുജന പിന്തുണ തിരിച്ചറിഞ്ഞതോടെ വിഎസ് അച്യുതാനന്ദൻ ആദ്യകാലങ്ങളിൽ പാർട്ടിയുടെ സംഘടന രീതികളെ കൂടി പരിഗണിച്ചുകൊണ്ട് സ്വീകരിച്ചിരുന്ന നിലപാടുകളിൽ നിന്നും മാറി. പിന്നീട് സംഘടനാ രീതികളെ തീരെ വകവയ്ക്കാത്ത അവസ്ഥയിലേക്കു മാറി. ഏതാണ്ട് ഒരു തുറന്ന പോരാട്ടം തന്നെ അദ്ദേഹം ആരംഭിച്ചു. പാർട്ടിയുടെ സമ്പ്രദായിക രീതികളോട് ഒരുതരത്തിലും യോജിപ്പില്ലാത്തവരും പലകാരണങ്ങൾ കൊണ്ട് പാർട്ടി സംഘടന രീതികളോട് എതിർപ്പും ഉണ്ടായിരുന്ന മുൻ എസ്എഫ്ഐക്കാരായ ഒട്ടേറെ മാധ്യമപ്രവർത്തകരും വി എസിന് തുറന്നു പിന്തുണ കൊടുത്തു. അതോടൊപ്പം തന്നെ സിപിഎം എന്ന പാർട്ടിയോട് തികഞ്ഞ വെറുപ്പും എതിർപ്പും ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും വിഎസ് പൂർണ്ണ സ്വീകാര്യനായി മാറി.

ദീർഘകാലം പാർട്ടി പാർട്ടി നേതാവായിരുന്ന വിഎസിനോട് സംഘടനപരമായി അടുപ്പമുണ്ടായിരുന്ന നേതാക്കന്മാരും വിഎസിനോടൊപ്പം നില ഉറപ്പിച്ചു.

സിപിഎമ്മിന്റെ സംഘടനാ രീതികളോട് ഒരു തരത്തിലും പൊരുത്തപ്പെടാത്തതായി മാറിക്കഴിഞ്ഞ വിഎസിന്റെ നിലപാടുകളോട് എതിർപ്പുള്ള സിപിഎം പ്രവർത്തകർ ഔദ്യോഗിക പക്ഷമായി നിലകൊണ്ടു. അപ്പോഴേക്കും വി എസ്സും വി എസിനോടൊപ്പം നിൽക്കുന്നവരും ഒഴുകിയുള്ളവർ കേരളത്തിന്റെ പൊതുസമൂഹത്തിൽ കള്ളന്മാരും മാഫിയകളുമായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞു.

ആ ഘട്ടത്തിലും പാർട്ടി ശൈലിയെ കുറിച്ചും രാഷ്ട്രീയ സമീപനങ്ങളെ കുറിച്ചും 'പാർട്ടി രീതികളെ കുറിച്ചും തികഞ്ഞ ബോധ്യം' ഉണ്ടായിരുന്ന വിഎസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടിയെ പൂർണമായും തള്ളിപ്പറയാൻ തയ്യാറായില്ല. പാർട്ടി പിടിച്ചെടുത്ത് തന്റെ വരുതിയിൽ കൊണ്ടു കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്.

ബഹുജനങ്ങൾക്കിടയിൽ ലഭിച്ച അസാധാരണമായി സ്വീകാര്യത അദ്ദേഹം കൂടി കെട്ടിപ്പടുത്ത പാർട്ടി സംഘടന ശരീരത്തിനുള്ളിൽ അദ്ദേഹത്തിന് ലഭിക്കാതിരുന്നത് സ്വാഭാവികമായിരുന്നു. ക്രമേണ എതിർ വിഭാഗത്തെ എങ്ങനെയും നിലംപരിശാക്കുക എന്നും നിലപാടിലേക്ക് അദ്ദേഹം മാറിക്കഴിഞ്ഞു. എങ്ങനെയും നിലംപരിശാക്കുക എന്ന സമീപനമായതോടുകൂടി ഒരുപാട് തെറ്റായ പ്രവണതകൾ അതിൽ വന്നുകൂടി .

ജനകീയ ആസൂത്രണ വിവാദം, ഐസ്ക്രീം പാർലർ വിവാദം, ലാവലിൻ കേസ് കിളിരൂർ കവിയൂർ കേസ് തുടങ്ങിയ വിഷയങ്ങൾ ആയുധമാക്കിയാണ് അദ്ദേഹം പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചത്. ഇത് ബഹുജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിൻ്റെ പിന്തുണ ഊട്ടി ഉറപ്പിക്കുമ്പോഴും പാർട്ടി സംഘടനയ്ക്കും പാർട്ടി നേതൃത്വത്തിനും ഇത് ചതിപ്രയോഗങ്ങളായി തന്നെ തിരിച്ചറിയേണ്ടി വന്നു.

ജനകീയാസൂത്രണ വിവാദം

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് കൊല്ലത്തെ പാർട്ടി അനുഭാവിയായ ഒരു പ്രൊഫസർ കെട്ടിപ്പൊക്കിയ ദുരൂഹതകൾ ഒരുതരത്തിലും പാർട്ടി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. അതുകൊണ്ടുതന്നെ അത് സംഘടനക്കുള്ളിൽ വില പോയില്ല. കുറച്ചധികം പാർട്ടി നേതാക്കന്മാരെ സംശയത്തിന്റെ നിഴലിൽ നിർത്താനും പൊതുജനമധ്യത്തിൽ അപമാനിതരാക്കാനും കഴിഞ്ഞു എന്നല്ലാതെ ജനകീയ ആസൂത്രണ വിവാദം വിഎസിന് പാർട്ടി സംഘടനക്കുള്ളിൽ ദോഷം മാത്രമേ ചെയ്തുള്ളൂ.

V S Achuthanandan image
"എല്ലാ പെണ്ണുപിടിയന്മാർക്കും ഞാൻ എതിരാണ്"; സ്ത്രീപീഡകർക്കായി കയ്യാമം കാത്തുവച്ച ഒരാൾ
VS Achuthanandan; Political life
VS Achuthanandanfile

ഐസ്ക്രീം പാർലർ വിവാദം

ഐസ്ക്രീം പാർലർ കേസിൽ കൂടുതൽ ശക്തമായ ബഹുജനവികാരം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിലും പാർട്ടി സംഘടനക്കുള്ളിൽ അത് സത്യസന്ധമല്ലാത്ത ഒരു വിമത പ്രവർത്തനമായി മാത്രം അംഗീകരിക്കപ്പെട്ടു.

ഐസ്ക്രീംപാർലർ കേസ് നടക്കുമ്പോൾ വി എസ്സ് പാർട്ടിയുടെ അനിഷേധ്യനായ നേതാവും മുന്നണിയുടെ കൺവീനറുമായിരുന്നു. വിഎസിനെ മറികടന്നുകൊണ്ട് ആർക്കും അന്ന് ആരെയും രക്ഷിക്കാൻ കഴിയില്ലായിരുന്നു. അതിനുശേഷം നടന്ന കണ്ണൂർ സംസ്ഥാന സമ്മേളനത്തിൽ ഒരിക്കൽപോലും വിഎസ് അച്യുതാനന്ദൻ ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുമില്ല.

അതുകൊണ്ടുതന്നെ പാർട്ടി പിടിച്ചെടുക്കുക എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിൻ്റെ ഭാഗമായി ഉയർത്തപ്പെട്ട വിവാദമായി ഐസ്ക്രീം പാർലർ വിവാദം പാർട്ടി സംഘടന തിരിച്ചറിഞ്ഞു.

പൊതുസമൂഹത്തിൽ അത് വിഎസിന്റെ സ്വീകാര്യത വർധിപ്പിച്ചപ്പോഴും വിവാദം കേരള രാഷ്ട്രീയത്തിലെ കാപട്യമായി ഇപ്പോഴും നിലനിൽക്കുകയാണ്. ഐസ്ക്രീം പാർലർ കേസ് നടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി യോടൊപ്പം മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഉമ്മൻചാണ്ടിയുടെയോ എകെ ആന്റണിയുടെയോ സാക്ഷാൽ ഗൗരിയമ്മയുടെയോ വി എം സുധീരന്റെയോ പ്രതിച്ഛായയെ അത് ബാധിച്ചില്ല. അവർ ആരും ഈ കേസിൽ ഒരു ഘട്ടത്തിലും അക്കൗണ്ടബിൾ ആയില്ല. ഐസ്ക്രീം പർലർ കേസിൽ ധീരമായ നിലപാടെടുത്തു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ വി എം സുധീരൻ പോലും കെപിസിസി പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഉറ്റ മിത്രമായി മാറി. അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് സിപിഎമ്മിനുള്ളിൽ വിഎസിന് മേൽകൈ കിട്ടത്തക്ക വിധം ചർച്ച ചെയ്യപ്പെട്ട ഒരു വിവാദമായി മാത്രം ഐസ്ക്രീം കേസ് കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടും. താൻ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രശ്നം എന്ന വ്യക്തിഗതമായ ഒരു ഈഗോയിൽ നിന്നു കൊണ്ടാണ് അത് സജീവമായി നിലനിർത്തിയ വി എസിനോട് അജിത അടക്കമുള്ളവർ കടപ്പെട്ടിരിക്കുന്നത്.

അതായത് പാർട്ടി പിടിച്ചടക്കുക എന്ന അജണ്ടയ്ക്ക് അപ്പുറം ഐസ്ക്രീം പാർലർ കേസ് ഒരു ഘട്ടത്തിലും വിഎസ് മുന്നോട്ടു കൊണ്ടുപോയിട്ടില്ല. പിന്നീട് കുഞ്ഞാലിക്കുട്ടി മന്ത്രിയായപ്പോഴും ഒരുതരത്തിലുള്ള വിവാദവും ഇതുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടു വരാൻ വിഎസ് അച്യുതാനന്ദൻ തയ്യാറായില്ല. അദ്ദേഹത്തിനു വേണ്ടി മുന്നണി പോരാളികൾ ആയി നിലകൊണ്ട ഒരു മാധ്യമപ്രവർത്തകൻ പോലും കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിയായപ്പോൾ ഐസ്ക്രീം പാർലർ വിവാദം ഉയർത്തിയില്ല.

കുഞ്ഞാലിക്കുട്ടിയെ കൂടുതൽ ജനകീയനായ ഒരു നേതാവായി വളർത്തിക്കൊണ്ടു വരുന്നതിൽ വിഎസിനോടൊപ്പം നിലയുറപ്പിച്ച മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു എന്നത് ഐസ്ക്രീം പാർലർ കേസിനെ ഒരു അസംബന്ധ നാടകമാക്കി മാറ്റി.

ഐസ്ക്രീം കേസിലെ പ്രതിയെന്നാരോപിക്കപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്കും അയാളോടൊപ്പം ആ കാലഘട്ടത്തിൽ മന്ത്രിമാരായിരുന്നവർക്കും വീണ്ടും അയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയവർക്കും ഒരുതരത്തിലും ഐസ്ക്രീം പാർലർ കേസ് പ്രതിച്ഛായ നഷ്ടം വരുത്തിയില്ല.

പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയുമായി ഉണ്ടായതായി ആരോപിക്കപ്പെടുന്ന അവിശുദ്ധ ബന്ധം എന്ന ഒറ്റ പോയിന്റിൽ തീ പിടിക്കുകയും പിന്നെ തണുക്കുകയും വീണ്ടും തീ പിടിക്കുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസമായി അവസാനിച്ചു. എന്നാൽ സ്ത്രീപക്ഷ പോരാളി എന്ന ഇമേജ് വിഎസിന് നേടിക്കൊടുക്കാൻ പോരാട്ടം ഇടയാക്കി.

V S Achuthanandan image
''ഈ അച്യുതാനന്ദന്‍ എന്താണ് ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നത്? ആരാണിയാളെ ഉപദേശിക്കുന്നത്?''
Pinarayi vijayan and vs
Pinarayi vijayan and VS AchuthanandanFile

ലാവ്‌ലിൻ

ലാവ്‌ലിൻ കേസ്സിൽ ഒരു ഘട്ടത്തിലും പിണറായി വിജയനെ പ്രതിയാക്കാൻ കഴിയില്ല എന്ന കാര്യത്തിൽ പാർട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നു. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് വിഎസ് തന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോയത് ബഹുജനങ്ങക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിച്ചപ്പോഴും കേന്ദ്ര-സംസ്ഥാന നേതൃത്വത്തിൽ അദ്ദേഹത്തിൻറെ വിശ്വാസ്യതയെ അത് സാരമായി പരിക്കേൽപ്പിച്ചു.

കവിയൂർ കിളിരൂർ കേസിന് വി എസ് തെറ്റായ വ്യാഖ്യാനം നൽകി പാർട്ടി നേതാക്കന്മാരെയും കുടുംബങ്ങളെയും പൊതു ജനസമക്ഷം അപകീർത്തിപ്പെടുത്തി എന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. അന്വേഷണസംഘങ്ങൾക്കു മുൻപിൽ ഒരു തെളിവും ഹാജരാക്കാതെ തന്നോടൊപ്പം നിൽക്കുന്ന മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുകയായിരുന്നു വിഎസ് ചെയ്തതെന്ന് ന്യായമായും വിലയിരുത്താം.

മലപ്പുറം സമ്മേളനം

വി എസ് ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾക്ക് പാർട്ടിയുടെ ഉള്ളടക്കം എന്ന് വിലയിരുത്താവുന്ന സംസ്ഥാന സമ്മേളന പ്രതിനിധികൾക്കിടയിൽ സ്വീകാര്യത ലഭിക്കാതെ പോയത് സ്വാഭാവികമാണ്. വിമത പ്രവർത്തനത്തിനപ്പുറം അതൊരു ചതിപ്രയോഗമായാണ് പ്രതിനിധികൾ പൊതുവേ മനസ്സിലാക്കിയത്. ബഹുജനങ്ങൾക്കിടയിൽ വിഎസിന് ലഭിച്ച സ്വീകാര്യത ഒരുതരത്തിലും സംഘടനയ്ക്കുള്ളിൽ പ്രതിഫലിച്ചില്ല. ഏതെങ്കിലും പ്രതിനിധികളെ പ്രലോഭനങ്ങൾ നൽകി ചാക്കിട്ട് പിടിച്ചു എന്നു പറയുന്നതിൽ കഥയില്ല. പോളിറ്റ് ബ്യൂറോ ബൂത്ത് പിടുത്തം നടത്തി എന്ന് ആരോപിക്കുന്നതിലും കഥയില്ല. പിണറായിക്ക് 452 വോട്ട് ലഭിച്ചപ്പോൾ വിഎസിനെ 342.വോട്ട് മാത്രമാണ് ലഭിച്ചത്. അതായത് സമ്മേളനത്തിന്റെ സംഘടനാപരമായ ഉള്ളടക്കം വിഎസിനെതിരായിരുന്നു. വിഎസ് പക്ഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഔദ്യോഗിക പാനലിൽ ഉൾപ്പെട്ട പലരെയും തോൽപ്പിക്കുന്നതിനാണ് . അത് സമ്മേളനത്തിൽ പരാജയപ്പെടുകയായിരുന്നു. അതായത് വിഎസിന്റെ പാലക്കാട് മോഡൽ വെട്ടിനിരത്തിൽ ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാൽ വിഎസിനെ വെട്ടി നിരത്തിയെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

സമ്മേളന കാലയളവിൽ ഉടനീളം വിഎസ് പാർട്ടി നേതാക്കന്മാർക്കും നേതൃത്വത്തിനും എതിരെ ഉയർത്തിക്കൊണ്ടുവന്ന വിമർശനങ്ങളെ ചെറുക്കുകയായിരുന്നു ഔദ്യോക പക്ഷം ചെയ്തത്. എന്നാൽ സമ്മേളനാനന്തരം പ്രചരിപ്പിക്കപ്പെട്ടത് വിഎസിനെ ഒതുക്കി എന്നാണ്. ഇത് വിഎസിന് രക്തസാക്ഷി പരിവേഷം നൽകി. സിപിഎം എന്ന പാർട്ടിയെ മാഫിയ പിടിച്ചെടുത്തു എന്നാണ് ബിജെപി നേതൃത്വം പോലും വിശേഷിപ്പിച്ചത്.

V S Achuthanandan image
'ഒരു കാലഘട്ടത്തിന്റെ അസ്തമയം; പാര്‍ട്ടി വിഎസിനെയും വിഎസ് പാര്‍ട്ടിയെയും വളര്‍ത്തി'

സ്ഥാനാർഥിത്വ നിഷേധം.

വിഎസിന്റെ വിമത പ്രവർത്തനം ഒരുതരം ചതിപ്രയോഗമായി പാർട്ടി നേതൃത്വം വിലയിരുത്തി കഴിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ രൂപീകരിക്കുന്നത് പാർട്ടി കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല.

എന്നാൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരികയും മാഫിയകളുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത വിഎസ് അച്യുതാനന്ദന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് സാധാരണ സിപിഎം അനുഭാവികൾ അടക്കമുള്ള കേരളീയ പൊതു സമൂഹത്തിന് സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചിരുന്ന മാധ്യമ സമൂഹവും അത് വകവച്ചു കൊടുക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ കേരളത്തിലെമ്പാടും വിഎസിന് വേണ്ടി പ്രകടനങ്ങൾ ഉണ്ടായി. അങ്ങനെ പാർട്ടിയുടെ കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിപ്പട്ടിക പുനഃ പരിശോധിക്കുകയും വിഎസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ഗുരുതരമായ ചില പിഴവുകൾ പറ്റി . വിഎസിനെ പോലൊരു നേതാവിനെ ഒഴിവാക്കാൻ പോളിറ്റ് ബ്യുറോ മെമ്പർമാർ മത്സരിക്കുന്നില്ല എന്ന വെളിവില്ലാത്ത ന്യായമാണ് പറഞ്ഞത്.

ഒരുപാട് ജൂനിയറായ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്ത പിണറായി വിജയനെയും വിഎസ് അച്യുതാനന്ദനെയും ഒരേ പോലെ കണ്ടുകൊണ്ട് പോളിറ്റ് ബ്യൂറോ മെമ്പർമാർ മത്സരിക്കേണ്ട എന്നു പറഞ്ഞത് തികഞ്ഞ മണ്ടത്തരം ആയിരുന്നു. പിണറായി വിജയനെയും വി എസിനെയും കേവലം പൊളിറ്റ് ബ്യൂറോ മെമ്പർമാർ എന്ന തരത്തിൽ ഒരേ നിലവാരത്തിൽ കണ്ടത് രാഷ്ട്രീയമായ നെറിയില്ലായ്മയായിരുന്നു . ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടി ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു.

വിഎസിന്റെ വിമത പ്രവർത്തനം ചതിപ്രയോഗമായി മാറിയെന്നും അത് പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നുംഅതുകൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല എന്നും പറയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതെ പോയതാണ് സിപിഎം നേതൃത്വത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്. അത് പറയണമെന്നുണ്ടെങ്കിൽ ബഹുജനങ്ങൾക്ക് സ്വീകാര്യമായ തരത്തിലേക്ക് പാർട്ടി നേതൃത്വം ഉയർന്ന പ്രവർത്തിക്കണമായിരുന്നു. സാമ്പ്രദായികമായ സംഘടന ശീലങ്ങളുമായി വിഎസിനെ പോലൊരു നിത്യഹരിത പ്രക്ഷോഭകാരിയെ മെരുക്കാം എന്ന് കരുതിയവർ പമ്പര വിഡ്ഢികൾ ആയിരുന്നു.

V S Achuthanandan image
ഒരേ ഒരു ജനകീയ നേതാവ്; വിഎസിന്റെ രാഷ്ട്രീയ ജീവിതം

രാഷ്ട്രീയ കൊലപാതകങ്ങളും ടി പി കേസും

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിഎസ് അച്യുതാനന്ദൻ സ്വീകരിച്ചത് ധീരമായ നിലപാടായിട്ട് തന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാൽ പിന്നീട് പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ടനെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാടാണ് വിഎസ് സ്വീകരിച്ചത്. പ്രാദേശികമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ നടന്ന കൊലപാതകം ആയിട്ട് തന്നെയാണ് വിഎസ് അച്യുതാനന്ദൻ ടി പി കേസിനെ സമീപിക്കുന്നത്. ആർഎംപിയും മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കുന്ന വാദങ്ങളെ ഒന്നും തന്നെ വിഎസ് അംഗീകരിക്കുന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തപ്പോൾ വിഎസ് അപലപിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണ് എന്ന പൊതുബോധത്തിന് അനുസരിച്ചല്ല ടി പി കേസിലെ വിഎസിന്റെ നിലപാട് .

വിഎസ് അച്യുതാനന്ദൻ ആലപ്പുഴ ജില്ലയിലെ പരമോന്നത നേതാവായിരിക്കുമ്പോഴാണ് പാർട്ടി പിളരുന്നത്. ഉന്നതമായ കമ്മ്യൂണിസ്റ്റ് സാഹോദര്യം പ്രഘോഷിക്കപ്പെടുന്ന ആ കാലത്ത് ആലപ്പുഴ ജില്ലയിൽ സിപിഐ സിപിഎം സംഘട്ടനങ്ങൾ നിത്യ സംഭവമായിരുന്നു. ഇരുവശത്തും നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടു. വി എസ് നെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ആർ സുഗതൻ എന്ന ഋഷി തുല്യനായ കമ്മ്യൂണിസ്റ്റ് നേതാവിന് ഭീകരമായ മർദ്ദനമേറ്റിരുന്നു. അക്കാലത്ത് ആലപ്പുഴ ജില്ലയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ നേതൃത്വം വിഎസ് അച്യുതാനന്ദന് ആയിരുന്നു എന്ന് പരക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. ടിപി കേസിൽ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയാത്ത ഒരുപാട് ഘടകങ്ങൾ ഇപ്പോഴും ഉള്ളതുപോലെ 60കളിലെ 70കളിലും ആലപ്പുഴ ജില്ലയിൽ നടന്ന സിപിഐ സിപിഎം കൊലപാതക പരമ്പരകളിൽ നിന്നും വിഎസിനും ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല.

Image of VS achuthanandan
വി.എസ്സമകാലിക മലയാളം

അഴിമതി വിരുദ്ധ പോരാട്ടവും വ്യക്തിപരമായ സംശുദ്ധിയും

അഴിമതി കേസുകളിൽ ഏതറ്റം വരെയും ചെന്ന് നിയമ പോരാട്ടം നടത്താൻ വിഎസ് അച്യുതാനന്ദൻ കാണിച്ച ചങ്കൂറ്റം കേരള രാഷ്ട്രീയത്തിൽ എന്നല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. അദ്ദേഹം അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ കേസുകളിൽ ചിലതിലെങ്കിലും അദ്ദേഹം ഉന്നയിച്ച വാദങ്ങൾ തെറ്റായിരുന്നുവെന്നും സാങ്കേതികമായി അഴിമതി ആരോപിക്കാം എന്നല്ലാതെ അദ്ദേഹം പ്രതിയാക്കാൻ ശ്രമിച്ച മനുഷ്യർ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നും തെളിവുകൾ നിരത്തി തെളിയിക്കുന്നവരുണ്ട്. അത് ഒരു പരിധിവരെ സത്യവുമാണ്. അപ്പോഴും അദ്ദേഹം നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ - നൈതിക ഉള്ളടക്കം റദ്ദാക്കപ്പെടുന്നില്ല.

വിഎസിനെതിരെയും ഗൗരവതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട് എന്നത് വിസ്മരിക്കാൻ കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട അഴിമതി ആരോപണം ഉന്നയിച്ചത് ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനും സത്യസന്ധനും മാന്യനും ആയി പൊതുവേ കണക്കാക്കപ്പെടുന്ന കെപിപി നമ്പ്യാരാണ്. വിഎസിന്റെ മകൻ നേരിട്ട് കോടികൾ കൈക്കൂലി ചോദിച്ചു എന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എന്നാൽ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതുകൊണ്ടാണ് ആ കേസ് നിലനിൽക്കാതെ പോയത്. ഗൗരവതരമായ ചില ആരോപണങ്ങൾ പിന്നെയും ഉയർന്നിട്ടുണ്ടെങ്കിലും അതൊന്നും തെളിയിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ വിഎസ് അച്യുതാനന്ദൻ തന്റെ എതിരാളികൾക്കെതിരെ നീങ്ങുന്നത് പോലെ വിഎസിനെതിരായ കേസുകളെ പിന്തുടർന്ന് ഏറ്റെടുക്കാൻ പലരും തയ്യാറായില്ല.

അവിടെയും വി എസ്സിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതുണ്ട്. എന്നാൽ തെളിവുകളുടെ പിൻബലം ഇല്ലാത്ത പല കേസുകളിലും അദ്ദേഹം തന്റെ പാർട്ടിയിലെ സഹപ്രവർത്തകരെ വേട്ടയാടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ പോലും വിഎസിനെതിരായ കേസുകൾ വിഎസിനെതിരെ ഉപയോഗിക്കാൻ സിപിഎമ്മിനുള്ളിലെ അദ്ദേഹത്തിൻറെ രാഷ്ട്രീയ എതിരാളികൾ തയ്യാറായിട്ടില്ല എന്നത് വസ്തുതയാണ് .

വിഎസിന്റെ ആക്രമണങ്ങളെ ചെറുക്കുന്നതിനപ്പുറം വിഎസിനെതിരെ ഒരു പ്രത്യാക്രമണം നടത്താൻ എതിർ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. അത് ഔദ്യോഗികമായ സംവിധാനമായതിന്റെ ദൗർബല്യമായിരിക്കാം. എന്നാൽ അവിടെയും വിഎസ്സിന് ഇരയുടെ പരിവേഷമാണ് ലഭിച്ചത്.

വ്യക്തിപരമായ സംശുദ്ധിയിൽ വിഎസിനെക്കാൾ വിശുദ്ധി പുലർത്തിയിരുന്ന നിരവധി നേതാക്കന്മാരെ സിപിഎമ്മിലും കോൺഗ്രസിലും കാണാൻ കഴിയും. വിഎസിന്റെ ത്യാഗ നിർഭരമായ ജീവിതം പരിഗണിക്കുമ്പോൾ അദ്ദേഹത്തിന് ഇതിനൊക്കെ അർഹതയുണ്ട് എന്ന് വേണമെങ്കിൽ വാദിക്കാം. അപ്പോഴും ഒന്നും നേടാതെ നഷ്ടപ്പെടുത്തുക മാത്രം ചെയ്ത നൂറുകണക്കിന് നേതാക്കന്മാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും ഭാഗമായിരുന്നിട്ടുണ്ട്, അങ്ങനെയുള്ളവർ ഇപ്പോഴും കേരളത്തിലെ പല പാർട്ടികളിലും കാണാൻ കഴിയും.

V S Achuthanandan image
'എനിക്കൊരു കണ്ടീഷനുണ്ട്, സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം'; വിഎസിന് മുന്നില്‍ തോറ്റ പാര്‍ട്ടി

വിഎസിൻ്റെ വ്യക്തിപരമായ സംശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്?

വിഎസിന്റെ മകന്റെ എം സി എ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വലിയ കഴമ്പില്ല. മാനേജ്മെൻറ് കോട്ടയിലാണ് അഡ്മിഷൻ നേടിയത്. അവിടെ ഒരു കോഴ ഇടപാടും ഉണ്ടായിട്ടില്ല. കോഴ വാങ്ങിയില്ലെങ്കിലും വിഎസിന്റെ മകന് മാനേജ്മെൻറ് സിറ്റിൽ അഡ്മിഷൻ കൊടുത്തത് കേരളത്തിലെ ഓരോ സിപിഎം പ്രവർത്തകനും കൊടിപിടിച്ചതിന്റെ പ്രതിഫലം തന്നെയാണ് .

അദ്ദേഹത്തിൻറെ മകനുവേണ്ടി എസ്എഫ്ഐ സമരം മാറ്റിവെച്ചു എന്ന ഒരു വാർത്തയും അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നു. അത് അടിസ്ഥാന രഹിതമായ ആരോപണമാണ്.

എന്നാൽ, പഠനത്തിനുശേഷം വിഎസിന്റെ മകൻ ആദ്യം ജോലിയിൽ പ്രവേശിക്കുന്നത് ബോംബെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്സിലാണ് . തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഒരു സിപിഎം കുടുംബത്തിൽപ്പെട്ട തക്കിയുദീൻ വാഹിദ് ആയിരുന്നു അതിന്റെ ഉടമ'. ബോംബെ അധോലോകവുമായി അവർക്ക് ബന്ധമുണ്ടെന്നും ദാവൂദിന്റെ ബിനാമി ആണെന്നും ആരോപണം ഉയർന്നിരുന്ന കമ്പനിയിലാണ് വിഎസിന്റെ മകന് ജോലി ലഭിച്ചത്. അന്ന് അദ്ദേഹം നടത്തിയ ബോംബെ യാത്രകൾ പാർട്ടിയിൽ വിവാദം ഉണ്ടാക്കുകയും ചെയ്തിരുന്നു. അതിനെക്കുറിച്ച് കടുത്ത സിപിഎം അനുഭാവിയായിരുന്ന നരേന്ദ്രൻ ഇന്ത്യൻ എക്സ്പ്രസിൽ അക്കാലത്ത് എഴുതിയിരുന്നു. പിന്നീട് പല സിപിഎം നേതാക്കന്മാരും മക്കളെ വൻകിട മുതലാളിമാരുടെ കമ്പനികളിൽ നിയമിക്കുന്നതിന് ഇത് ഒരു കാരണമായിരുന്നു. അതായത് പിന്നീട് പാർട്ടി പലപ്പോഴും പ്രതിരോധത്തിലായ ചില അനഭലക്ഷണിയെ പ്രവണതകൾക്ക് തുടക്കം കുറിച്ചത് വിഎസ് ആയിരുന്നു.

തുടർന്ന് മകനെ കേരളത്തിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കുകയായിരുന്നു. അതിനുമുമ്പ് ആ സ്ഥാനം വഹിച്ചിരുന്ന ടിജെ അഞ്ജലോസിനെതിരെ മീൻ പറക്കി ചെറുക്കൻ' എന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചതിനുശേഷമാണ് പുറത്താക്കുന്നത്. ആ സ്ഥാനത്തേക്കാണ് വിഎസിന്റെ മകൻ നിയമിതനായത്. കയർഫെഡിന്റെ എംഡി എന്ന നിലയിൽ അന്ന് അദ്ദേഹം ഒട്ടനവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അതിൽ അനാശാസ്യത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാർജിച്ച ഒരു ദീപു പോലുമുണ്ടായിരുന്നു. അവിടെ അദ്ദേഹം നിരവധി തവണ സന്ദർശിച്ചതായി തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു.

ഏതു രാഷ്ട്രീയ വിശുദ്ധിയുടെ അളവുകോൽ വെച്ച് പരിശോധിച്ചാലും മകന്റെ നിയമനവും തുടർന്ന് അദ്ദേഹം നടത്തിയ വിദേശയാത്രകളും വി എസ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളോട് ചേർന്ന് നിൽക്കുന്നതല്ല. അവിടെ വിഎസിന്റെ രാഷ്ട്രീയ സംശുദ്ധിക്ക് സാരമായി പരിക്കേൽക്കുന്നുണ്ട്. മകൻറെ നിയമനത്തിന്റെ പേരിലും തുടർന്ന് അദ്ദേഹത്തിന് ലഭിച്ച സ്ഥാനക്കയറ്റങ്ങളുടെ പേരിലും അദ്ദേഹം മാധ്യമങ്ങളാൽ വിചാരണ ചെയ്യപ്പെടാതെ പോയത് അദ്ദേഹം പിന്നീട് കൈവരിച്ച വിമത പ്രതിച്ഛായയുടെ നേരിട്ടുള്ള ഗുണഫലമായിരുന്നു. മകളുടെ നിയമനവും മെറിറ്റിന്റെ അടിസ്ഥാനത്തിൽ അല്ലാ നടന്നത് എന്ന ആരോപണമുണ്ട്. വിഎസ് അച്യുതാനന്ദൻറെ മകൾ എന്ന പരിഗണനയിൽ തന്നെയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ ആ നിയമനം നടന്നത്.

V S Achuthanandan image
'സമയം കഴിഞ്ഞപ്പോള്‍ എന്നെ വേണ്ട'; രോഷം പൂണ്ട് ഗൗരിയമ്മ; ഇഎംഎസ് അല്ല, ഗൗരിയുടെ മുഖ്യമന്ത്രി സാധ്യത ഇല്ലാതാക്കിയത് വി എസ്
VS Achuthanandan in public meeting
ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് എന്നും ജനമധ്യത്തിലായിരുന്നു വിഎസ്‌ VS AchuthanandanCPIM

തെരഞ്ഞെടുപ്പ് തോൽവി

കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും പഠിച്ചതും ഇതര പാർട്ടികൾ സ്വീകരിച്ചതുമായ ഒരു ജനാധിപത്യ വിരുദ്ധ പ്രവണതയാണ് തോൽപ്പിച്ചു എന്ന പ്രചാരണം. ജനാധിപത്യത്തിൽ ഭൂരിപക്ഷം പേരുടെ പിന്തുണ നേടാൻ കഴിയുന്ന ആൾ മാത്രമായിരിക്കും ജയിക്കുക. സ്വന്തം പാർട്ടിയിലും ഒരു പാർട്ടിയിലും പെടാത്ത ബഹുജനങ്ങളിലും സ്വീകാര്യത ലഭിക്കുമ്പോൾ മാത്രമേ ഒരാൾ ഒരു പ്രദേശത്തു നിന്നും ജയിച്ചു കയറു. ആരെങ്കിലും തോൽപ്പിക്കാൻ ശ്രമിച്ചാലും ജനപിന്തുണയുള്ള നേതാക്കന്മാരെ തോൽപ്പിക്കാൻ കഴിയില്ല. ഏറ്റവും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിലും ചേർത്തലയിൽ മത്സരിക്കാൻ എകെ ആൻറണി തയ്യാറായതും അവിടെ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതും രാഷ്ട്രീയ ചരിത്രത്തിൻറെ ഭാഗമാണ്. ആരെങ്കിലും തോൽപ്പിക്കാൻ ശ്രമിച്ചാൽ തോൽക്കണമായിരുന്നെങ്കിൽ എ കെ ആന്റണിയും കരുണാകരനും അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ അവരുടെ മണ്ഡലങ്ങളിൽ തോൽക്കണമായിരുന്നു. ഏതാണ്ട് രണ്ടു പാർട്ടികളെപ്പോലെ തിരിഞ്ഞു നിന്നുള്ള ഗ്രൂപ്പ് വൈരം മൂർച്ഛിച്ചു നിൽക്കുന്ന ഘട്ടത്തിലാണ് എകെ ആൻറണി ചേർത്തലയിൽ നിന്നും കരുണാകരൻ മാളയിൽ നിന്നും ജയിച്ചിട്ടുള്ളത്.

വിഎസ് അച്യുതാനന്ദനെ മാരാരിക്കുളത്ത് തോൽപ്പിച്ചു എന്ന പ്രചാരണം രാഷ്ട്രീയമായ പിശകാണ് . എന്നാൽ ആ തോൽവി അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷം നൽകുകയും അദ്ദേഹത്തിൻറെ പിൽക്കാല രാഷ്ട്രീയ പര്യവേഷണങ്ങൾക്ക് മൂലധനമായി മാറുകയും ചെയ്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പാർലമെൻററി രംഗത്ത് ഇത്രയധികം അവസരം ലഭിച്ച നേതാവ് വേറെ കാണില്ല. എം എം ലോറൻസ്, രവീന്ദ്രനാഥ്, ബാലാനന്ദൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്ക് ജയിക്കാൻ കഴിയുന്ന ഒരു അസംബ്ലി മണ്ഡലം സ്വന്തം നാട്ടിൽ ഇല്ലാത്തതുകൊണ്ട് മാത്രം പാർലമെൻറ് സ്ഥാനങ്ങൾ ലഭിക്കാതെ പോയവരാണ്. അങ്ങനെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പാർലമെൻററി അവസരങ്ങൾ നിഷേധിക്കപ്പെട്ട ഒരുപാട് നേതാക്കന്മാരുണ്ട്.

അപ്പോഴും വിഎസ് അച്യുതാനന്ദൻ സ്വന്തം നാട്ടിൽ പരാജയപ്പെട്ടപ്പോൾ മറ്റൊരു ജില്ലയിലെ ഉരുക്കു കോട്ടയിൽ അദ്ദേഹത്തിന് അവസരം നൽകുകയായിരുന്നു. അവിടെനിന്നും അദ്ദേഹം നിറം മങ്ങിയ വിജയം നേടിയതിനുശേഷവും വീണ്ടും വീണ്ടും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു.

ചിലതൊക്കെ അടരാടി നേടിയ താണെങ്കിലും വിഎസി ന് ലഭിച്ചതുപോലുള്ള പാർലമെൻററി അവസരങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു നേതാവിനും ലഭിച്ചിട്ടില്ല. അപ്പോഴും ഒരു തെരഞ്ഞെടുപ്പിൽ തോറ്റത് അദ്ദേഹത്തിന് നിരവധി അവസരങ്ങൾ നൽകിയ പാർട്ടിക്കെതിരായ ഒരു കുറ്റപത്രമായി അദ്ദേഹത്തിൻറെ വാഴ്ത്തുപാട്ടുകാർ വിശേഷിപ്പിക്കുന്നത് ചരിത്രവിരുദ്ധതയാണ്.രാഷ്ട്രീയ സംശുദ്ധിയുടെ പേരിൽ വിഎസിനെ അവസാന കമ്യൂണിസ്റ്റായി വിലയിരുത്തുന്നത് ചരിത്ര നിരാസമാണ്. കെ എൻ രവീന്ദ്രനാഥും പാലൊളിയും തോമസ് ഐസക്കും പി ജയരാജനും അടക്കം ഡസൻ കണക്കിന് സംശുദ്ധരായ നേതാക്കന്മാർ സിപിഎമ്മിൽ ഇപ്പോഴുമുണ്ട്.

VS Achuthanandan, Pinarayi Vijayan, CPM
VS Achuthanandan and Pinarayi VijayanBP DEEPU----TVM FIle

വൻ വീഴ്ച

2016ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു വർഷമെങ്കിലും തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് വിഎസ് അച്യുതാനന്ദൻ പ്രതീക്ഷിച്ചിരുന്നു. അത് ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പാർട്ടിയോട് ചോദിച്ചു വാങ്ങിയത് ഒരു നൂറ്റാണ്ടോളം നീണ്ടുപോയ ആ രാഷ്ട്രീയ ജീവിതത്തിലെ വൻ വീഴ്ചയാണ്. സിപിഎം ജനറൽ സെക്രട്ടറിക്ക് അദ്ദേഹം ആ കുറിപ്പ് കൈമാറുന്നത് ക്യാമറയിൽ പതിഞ്ഞപ്പോൾ റദ്ദായി പോയത് സമരനിർഭരമായ ഒരു ജീവിതത്തിലൂടെ ഉയർത്തിക്കൊണ്ടുവന്ന മഹാമൂല്യങ്ങൾ ആയിരുന്നു. ന്യായീകരണങ്ങൾക്ക് വഴങ്ങാത്തതാണ് ആ രാഷ്ട്രീയ വീഴ്ച. അദ്ദേഹത്തോട് താല്പര്യം ഉണ്ടായിരുന്ന പലരും പിന്നീട് അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കില്ല എന്ന് പ്രതീക്ഷിച്ചു. എന്നാൽ സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം വൻതുക കൈപ്പറ്റി എന്നത് ആ രാഷ്ട്രീയ ജീവിതത്തിലെ വൻ വീഴ്ച തന്നെയാണ് .

വിഎസ് അച്യുതാനന്ദൻറെ ധീരമായ പോരാട്ടങ്ങളുടെ പേരിൽ തെറ്റായ രാഷ്ട്രീയ വായനകൾ നടത്തുന്നത് ചരിത്ര നിരാസമായതുകൊണ്ട് കൂടിയാണ് വസ്തുതകൾ അതുപോലെതന്നെ പറയേണ്ടി വരുന്നത്. തെറ്റായ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നത് ഭാവി തലമുറയോട് ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യമായിരിക്കും.

ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ തെറ്റുകളിൽ നിന്നും അടർത്തി മാറ്റി നിർത്തിക്കൊണ്ട് വിശുദ്ധരാക്കാറില്ല. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ എക്കാലത്തെയും സമാരാധ്യരായ നേതാക്കന്മാരിൽ ഒരാളായ ജോസഫ് സ്റ്റാലിനെ പോലും അദ്ദേഹത്തിൻറെ കുറവുകളും തെറ്റുകളും ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അംഗീകരിക്കുന്നത്. വിഎസിന്റെ പ്രതിച്ഛായ നിർമ്മിതിയിൽ മാത്രം തൽപരരായിരുന്ന ഒരു വിഭാഗം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ വിഗ്രഹവൽക്കരണ ശ്രമങ്ങളിൽ നിന്നും മാറിനിന്നുകൊണ്ട് വിഎസ് അച്യുതാനന്ദനെ വസ്തുനിഷ്ഠമായി വിലയിരുത്താൻ രാഷ്ട്രീയ വിദ്യാർത്ഥികൾ തയ്യാറാകണം.

Summary

The life of Cpim leader V S Achuthanandan. a remarkable chapter in the history of Kerala in general and in the context of the state’s revolutionary movement in particular.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com