ബിജെപിയുടെ അവനവന്‍ കടമ്പ
'സൂര്യന്‍ ഉദിക്കും താമര വിരിയും ബിജെപി ഭരിക്കും മാറാത്തത് ഇനി മാറും' എന്ന ആകര്‍ഷകമായ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനെ ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെപി) നേരിട്ടത്. തൃശൂരിലെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വെച്ച് പാര്‍ട്ടിയുടെ ലക്ഷ്യം 25 ശതമാനം വോട്ട് വിഹിതമാണെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചാണക്യനുമായ അമിത് ഷാ ആയിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതമായ 19.43 ശതമാനത്തില്‍ ഊന്നി നിന്നായിരുന്നു ലക്ഷ്യം പ്രഖ്യാപിച്ചത്. 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ ശ്രദ്ധേയമായ സാന്നിധ്യം ആയിരിക്കുമെന്ന് പറയാതെ പറഞ്ഞുവെക്കുക കൂടിയായിരുന്നു ഈ റോഡ് മാപ്പ് അവതരണത്തിലൂടെ അദ്ദേഹം നടത്തിയത്..
ചരിത്രത്തിലാധ്യമായി ഒരു കോര്‍പ്പറേഷനില്‍ (തിരുവനന്തപുരം) ഒരു സ്വതന്ത്രന്റെ സഹായത്തോടെ അധികാരത്തില്‍ എത്താനായതും പാലക്കാട് നഗരസഭയിലും തൃപ്പൂണിത്തുറ നഗരസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഭരണത്തില്‍ എത്താനും സാധിച്ചതാണ് ശ്രദ്ധേയമായ നേട്ടം. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 30 പഞ്ചായത്തുകളില്‍ ബി ജെ പിക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. എന്നാല്‍ ഭരണത്തിലുണ്ടായിരുന്ന പന്തളം മുന്‍സിപാലിറ്റിയിലും വിവധ ഗ്രാമ പഞ്ചായത്തുകളിലും പാര്‍ട്ടി ഭരണത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു.
കേരളത്തില്‍ ഇതുവരെ അധികാരത്തിൽ എത്തിയിട്ടില്ലെങ്കിലും ആളിനും അര്‍ത്ഥത്തിനും ഒരു അല്ലലും ഇല്ലാതിരുന്ന പാര്‍ട്ടികളില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു ബി ജെ പി. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേതിന് സമാനമായ അന്തരീക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും കേരള രാഷ്ട്രീയത്തില്‍ രൂപപ്പെട്ടിരുന്നു.
2019 ല്‍, പിണറായി വിജയന്‍ സര്‍ക്കാറിന് കീഴില്‍, ശബരിമല ക്ഷേത്രത്തില്‍ ഋതുമതികളായ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരായ സുപ്രീംകോടതി ഉത്തരവാണ് പ്രചരണത്തിന്റെ അജണ്ട നിശ്ചയിച്ചതെങ്കില്‍ 2025 ല്‍ രണ്ടാം പിണറായി സര്‍ക്കാറിന് കീഴലെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഎമ്മുകാരായ രണ്ട് മുന്‍ പ്രസിഡന്റുമാര്‍ അടക്കം ശബരിമലയിലെ സ്വര്‍ണ്ണക്കേസിൽ ജയില്‍ വാസം 'അനുഷ്ഠിക്കുന്ന'ത് തുറന്നു വിട്ട 'സുവര്‍ണ്ണാവസര'മായിരുന്നു മുന്നില്‍. ക്ഷേത്ര ഭരണം ഹൈന്ദവ വിശ്വാസികളെ ഏല്‍പ്പിക്കുക എന്ന ആവശ്യം ദശകങ്ങളായി ഉയര്‍ത്തുന്ന ആര്‍എസ്എസ്, മറ്റ് സംഘപരിവാര്‍ സംഘടനകള്‍, ബിജെപി എന്നിവർക്ക് തങ്ങളുടെ നിലപാട് തെളിഞ്ഞുവെന്ന് ജനങ്ങളെ ഒന്ന് ഓര്‍മ്മിപ്പിച്ചാല്‍ മാത്രം മതിയാവുന്ന രാഷ്ട്രീയ അന്തരീക്ഷം.
എന്നാല്‍, എന്തുകൊണ്ടോ, ഈ വിശ്വാസ വിഷയത്തില്‍ എല്ലാവരുടെയും, എന്തിന്, സ്വന്തം അണികളുടെയും നേതാക്കളുടെയും വരെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒരു മെല്ലേപോക്ക് നയമാണ് ബി ജെ പിയുടെ പ്രചാരണ രംഗത്ത് കാണാന്‍ ആയത്. 2019 ലേതിലേത് പോലെ തങ്ങള്‍ ആഞ്ഞ് പ്രചാരണം നടത്തുകയും കോണ്‍ഗ്രസ് സുവര്‍ണ്ണാവസരത്തിന്റെ രാഷ്ട്രീയ ഗുണഫലം കൊണ്ടുപോകുകയും ചെയ്യുന്നത് ആവർത്തിക്കുമോ എന്ന സംശയമാണ് സ്ത്രീപ്രവേശത്തിലെ ആവേശം ഇവിടെ വേണ്ട എന്ന നിലയിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇത് നിലവിലത്തെ പിന്നാക്കം പോക്കിന് ഇത് കാരണമായി എന്ന് അവർ കരുതുന്നില്ല.
പ്രതീക്ഷിത ഫലം ലഭിക്കാതെ പോയതിന് ബിജെപിക്കുള്ളിൽ കഴിഞ്ഞ കുറച്ചുകാലമായി വന്ന നയപരമായ മാറ്റങ്ങൾ ഒരു ഘടകമായിട്ടുണ്ട്. അതിന് സമീപകാല സംഭവവികാസങ്ങളിലൂടെ കടന്നുപോകേണ്ടി വരും രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്ക് പറിച്ച് നടുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കുറച്ചുകൂടി വ്യക്തമാവും.
കര്‍ണ്ണാടക ബി ജെപിയില്‍ കൂടി 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലോക്‌സഭയില്‍ എത്താനും ഒരിക്കല്‍ കൂടി മോദി സര്‍ക്കാറില്‍ മന്ത്രിയാവാനും ആഗ്രഹിച്ചിരുന്ന രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് രാഷ്ട്രീയ പുനരധിവാസം ആയിരുന്നു കേരളം. കര്‍ണ്ണാടക നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അവസാന ഘട്ടത്തില്‍ രാജീവ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സീറ്റ് മോഹിച്ച നേതാക്കളും അപരിചിതരായ അണികളും അദ്ദേഹത്തിന് ഒട്ടും സുഖകരമായ അന്തരീക്ഷം ആയിരുന്നില്ല പ്രചാരണത്തിന്റെ തുടക്കത്തില്‍ ഒരുക്കിയത്.
രാജീവ് ചന്ദ്രശേഖർ തങ്ങളുടെ പ്രതിനിധിയാണെന്ന സന്ദേശം കേന്ദ്രനേതൃത്വത്തിൽ നിന്ന് ബി ജെ പിയിലെ വിവിധ ഗ്രൂപ്പ് നേതാക്കള്‍ക്ക് ലഭിച്ചശേഷം ആയിരുന്നു ചിത്രം മാറിയത്. 16,077 വോട്ടിന് മാത്രം പരാജയപെട്ട രാജീവ് ചന്ദ്രശേഖറിൽ കേന്ദ്ര നേതൃത്വം കേരളത്തിലെ സംഘടനയുടെ രാഷ്ട്രീയ ഭാവി കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം മടങ്ങിപോവുമെന്ന സംസ്ഥാന നേതാക്കളുടെയും പോകാമെന്ന സ്വന്തം കണക്കു കൂട്ടലും തെറ്റിച്ചാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബി ജെ പി ദേശീയ നേതൃത്വം 2026, 2031 നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള തങ്ങളുടെ ബ്ലൂ പ്രിന്റ് അവതരിപ്പിക്കുന്നത് . 20 ശതമാനത്തിന് അടുത്ത് വോട്ട് വിഹിതം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയ ബി ജെ പി കേരളത്തില്‍ അവർക്ക് നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ അതിന്റെ ഏതാണ്ട് പാരമ്യതയിൽ എത്തിയെന്ന വിലയിരുത്തലാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്. കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹിന്ദുത്വ വോട്ട് ലഭിക്കാവുന്നിടത്തോളം ആയ സ്ഥിതിക്ക്, നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനും ശക്തമായ സാന്നിദ്ധ്യമാകാനും മറ്റ് വിഭാഗങ്ങളില്‍ നിന്ന് കൂടി വോട്ട് ലഭിക്കണമെന്നായിരുന്നു വിലയിരുത്തല്‍. കേരളത്തിന്റെ പ്രത്യേക സാമുഹിക, രാഷ്ട്രീയ പരിസരത്തില്‍ മുസ്‌ലീം സമുദായങ്ങളുടെ വോട്ടില്‍ പ്രതീക്ഷയില്ല. പിന്നെയുള്ളത്, ക്രിസ്ത്യന്‍ ന്യൂനപക്ഷവും ദലിത് പിന്നാക്ക വിഭാഗങ്ങളുമാണ്.
ബി ജെ പിയെ കേരളത്തില്‍ രാജീവ് ചന്ദ്രശേഖറിന് മുൻപും പിൻപും എന്ന നിലയിലേക്ക് കാണാൻ കഴിയുന്നത് ഇവിടം മുതലാണ്. രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായി വരുന്നത് വരെ ഒ. രാജഗോപാൽ, കെജി മാരാര്‍ തുടങ്ങി കെ സുരേന്ദ്രന്‍ വരെയുള്ള സംസ്ഥാന പ്രസിഡന്റുമാർ ആര്‍എസ്എസുമായി സൈദ്ധാന്തികമായി ബന്ധമുള്ളവരും ശാഖകളില്‍ ശിക്ഷണം നേടിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളും ആയിരുന്നു. അതില്‍ ഒരു വിച്ഛേദനം വരുത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ നിയമനം. ആദ്യം എന്‍ഡിഎ ഉപാധ്യക്ഷന്‍, പിന്നാലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ്. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള. വ്യവസായിയും ആധുനികതയുടെ ഉദാഹരണവും മാത്രമല്ല രാജീവില്‍ ദേശീയ നേതൃത്വം കണ്ടത്. പുരോഗതി കാംക്ഷിക്കുന്ന. മത്സര ബുദ്ധിയോടെ ജീവിത വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കേരളത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വ്യക്തിത്വം എന്നത് കൂടിയായിരുന്നു. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ നിന്ന് വിജയം നേടുന്ന ശശിതരൂർ അവർക്ക് മുന്നിൽ ഉദാഹരണമായി ഇക്കാര്യത്തിൽ നിലകൊണ്ടിരിക്കാം.
സംസ്ഥാനത്തിലെ ഇരു മുന്നണി രാഷ്ട്രീയം ഇന്ന് എത്തി നില്‍ക്കുന്ന പ്രത്യേക അവസ്ഥ കൂടി പരിശോധിക്കുമ്പോഴാണ്, ബി ജെ പിയുടെ കേരള മാതൃകാ എന്താണ് വിഭാവനം ചെയ്യുന്നതെന്ന് വ്യക്തമാവുകയുള്ളൂ. പരസ്പരമുള്ള അഴിമതി ആരോപണത്തില്‍ വ്യക്തിത്വം നഷ്ടമാവുന്ന നേതാക്കളും, രാഷ്ട്രീയ പിണിയാള്‍ കൂട്ടുകെട്ടിന്റെ വാഴ്ചയും സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പും, കടക്കെണിയും തൊഴിലില്ലായ്മയും സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ചേര്‍ന്ന് സമൂഹത്തിലെ ശരാശരി ചിന്തയെ ഇന്ന് അവിശ്വാസത്തിന്റെയും ഭാാവിയില്‍ പ്രതീക്ഷ ഒട്ടും വെച്ച് പുലര്‍ത്താനാവാത്ത അവസ്ഥയിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു.
ഇവ ഓരോന്നും പരസ്പരം ബന്ധപെട്ടാണ് കിടക്കുന്നതെങ്കിലും കേരളത്തില്‍ ഭരണത്തില്‍ ഇതുവരെ വരാത്ത കക്ഷിയെന്ന നിലയിലും കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തില്‍ വന്നുവെന്ന മുന്‍തൂക്കത്തിന്റെയും പരിസരത്ത് നിന്നാണ് ബി ജെ പി കേരളത്തില്‍ മിഷന്‍ 2031 ല്‍ അധികാരത്തില്‍ അല്ലെങ്കില്‍ മുഖ്യപ്രതിപക്ഷം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. നിയമസഭാ സാന്നിധ്യം ഉറപ്പിക്കുകയാണ് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ രാജീവ് ചന്ദ്രശേഖറിനെ മുന്‍നിര്‍ത്തി പാര്‍ട്ടി പയറ്റുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്നോട്ട് വച്ച വികസിത കേരളം എന്ന പദ്ധതി ദേശീയ നേതൃത്വം അംഗീകരിക്കുന്നത്.
എന്നാല്‍, രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായ ശേഷം കൈക്കൊണ്ട ഓരോ തീരുമാനവും പ്രവര്‍ത്തകരെ ആശയകുഴപ്പത്തില്‍ നിന്ന് കൂടുതല്‍ അവ്യക്തതയിലേക്ക് തള്ളിയിടുന്നതായി മാറി. ഹിന്ദു സമൂഹത്തിലെ പിന്നാക്ക ജാതിവിഭാഗങ്ങളെ സിപിഎമ്മില്‍ നിന്നും മറ്റ് കക്ഷികളില്‍ നിന്നും ഹിന്ദുത്വ ആശയത്തിലേക്ക് ആനയിക്കുക എന്ന സംഘപരിവാര്‍ ആശയത്തിലൂന്നിയാണ് ബി ജെ പി അതുവരെ പ്രവര്‍ത്തിച്ചിരുന്നത്.
വി മുരളിധരന്‍ സംസ്ഥാന പ്രസിഡന്റായ കാലത്താണ് ഈ മേഖലയില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കൊടുത്തതും തുടര്‍ന്ന് കേരളത്തിലെ പ്രബല പിന്നാക്ക സമുദായമായ ഈഴവ സമുദായത്തിനെ ഒപ്പം കൂട്ടാന്‍ ബിഡിജെഎസ് രൂപീകരിച്ചതും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സീറ്റ് നേടാന്‍ അത് സഹായിച്ചില്ലെങ്കിലും എസ്എന്‍ഡിപി ശാഖകളും ബി ജെപിയും തമ്മിലുള്ള അകലം കുറയ്ക്കാനും സമുദായ അംഗങ്ങളുടെ വീടകങ്ങളിലേക്ക് കടന്ന് ഇരിക്കാനും ബി ജെ പിയെ സഹായിച്ചു.
പക്ഷേ. രാജീവ് ചന്ദ്രശേഖറാകട്ടെ മുന്നോട്ട് വെച്ചത്, പുതിയ ഒരു രാഷട്രീയ സമാവാക്യം ആയിരുന്നു- നേരത്തെ സ്വീകരിച്ചുവന്ന സമീപനത്തെ മറ്റൊരു രീതിയിൽ മാറ്റിയെടുത്തുകൊണ്ട് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടുന്നത് വഴി വോട്ട് വിഹിതത്തിലേക്ക് പുതിയ ഒരു വാതില്‍ തുറക്കുക.രാജീവ് ചന്ദ്രശേഖർ വരുന്നതിന് മുമ്പ് തന്നെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി അടുക്കാൻ ബി ജെ പിയും ആർ എസ് എസ്സും ശ്രമം തുടങ്ങിയിരുന്നുവെങ്കിലും ആ രീതിയിൽ നിന്നും മാറിയാണ് അദ്ദേഹം പുതിയ തന്ത്രം ആവിഷ്ക്കരിച്ചത്.
ഒപ്പം, മധ്യവര്‍ഗ- ഉപരി വര്‍ഗത്തെ വികസനത്തിന്റെ ഡബിള്‍ എൻജിന്‍ മുന്നില്‍ വെച്ച് ആകര്‍ഷിക്കുക. തന്റെ, വിജയിച്ച ബിസിനസ്മാന്‍ ഇമേജും ഇംഗ്ലീഷ് പ്രാവീണ്യവും ശരാശരി രാഷ്ട്രീയക്കാരനല്ല എന്ന പ്രതിച്ഛായായും ഇതിനായി ഉപയോഗിക്കുന്നതിൽ അദ്ദേഹം മടിച്ചില്ല. രാഷ്ട്രീയ സമീപനത്തിലെ ഈ മാറ്റത്തിനെതിരെ കേരളത്തിലെ ബി ജെ പി നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്താൻ ഒരുങ്ങിയെങ്കിലും അമിത്ഷായുടെ അംഗീകാരം പുതിയ സമവാക്യത്തിന് ലഭിച്ചതോടെ അപസ്വരങ്ങളെല്ലാം നേതാക്കള്‍ ഉള്ളിലൊതുക്കി.
ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള, അനൂപ് ആന്റണിയെ സംസ്ഥാന ജനറൽ സെക്രട്ടറിയായും, ഷോണ്‍ ജോര്‍ജ്ജിനെ സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിച്ചുകൊണ്ടാണ് പുതിയ പ്രസിഡന്റ് തന്റെ നീക്കം ആരംഭിച്ചത്. ഡല്‍ഹിയില്‍ പരിവാര്‍ കേന്ദ്രങ്ങളുമായി അടുത്ത് പ്രവര്‍ത്തിച്ചുവെന്നതല്ലാതെ സംസ്ഥാനത്തെ ബിജെപിയുടെ ഒരു സംഘടനാ സംവിധാനത്തിന്റെയും ഭാഗമല്ലായിരുന്ന അനൂപ് ആന്റണിയുടെ കടന്ന് വരവ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നെറ്റിചുളിപ്പിച്ചിരുന്നു. അതിനേക്കാള്‍ ഞെട്ടലായിരുന്നു, പിസി ജോര്‍ജ്ജ് എന്ന കേരള കോണ്‍ഗ്രസുകാരന്‍ രാഷ്ട്രീയ ഭിക്ഷാംദേഹിയായി ബി ജെ പിയില്‍ ലയിച്ചപ്പോള്‍ രാഷ്ട്രീയത്തിൽ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജിനെ ഇത്രയും ഉയര്‍ന്ന പാര്‍ട്ടി പദവിയില്‍ ഇരുത്തിയത്. സഭാധികാരികളുമായുള്ള പ്രധാനമന്ത്രിയുടെ 'സ്‌നഹ സ്പര്‍ശ' ത്തിനൊപ്പം ക്രൈസ്തവരുടെ എല്ലാ പരാതികളിലും അവർക്കൊപ്പം കക്ഷി ചേര്‍ന്നു കേരളത്തിലെ ബി ജെ പി.
അഖിലേന്ത്യാ തലത്തില്‍ സംഘപരിവാര്‍ ഉത്തര- മദ്ധേന്ത്യയില്‍ മതപരിവര്‍ത്തനത്തിന് എതിരെ എന്ന് പ്രഖ്യാപിച്ച് ക്രൈസ്തവ സഭയിലെ പുരോഹതിർക്കും കന്യാസ്ത്രീകൾക്കും എതിരെ നടത്തുന്ന അതിക്രമങ്ങളിലും കേസുകളിലും വരെ വാദിക്കായി പങ്കുചേരുന്നതില്‍ അവർ മടികാണിച്ചില്ല. ഈ ഇടപെടലുകള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറപ്പ് തല്‍ക്കാലത്തേക്കെങ്കിലും ദേശീയ നേതൃത്വം 'വിശ്വസിച്ചു'. പാര്‍ട്ടിക്കുള്ളിലെ പ്രതിയോഗികളില്‍ നിന്ന് അപശബ്ദം പോലും ഉയരാതിരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുന്നവര്‍ അല്ലാതെയാരും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് വരെ സര്‍ക്കുലറും സംസ്ഥാന നേതൃത്വം പുറപ്പെടുവിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിൽ മടിയൊന്നും കാണിച്ചില്ല.
ഒടുവില്‍, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 25 ശതമാനം എന്ന ലക്ഷ്യം പോയിട്ട് കൈയിലിരുന്ന ഭരണ സമിതികള്‍ കൂടി പോയതാണ് കേരളം കണ്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒരാള്‍ പിന്തുണ ഭരണത്തെ സംസ്ഥാന വിജയമാക്കാന്‍ നേതൃത്വം കിണഞ്ഞ് ശ്രമിക്കുകയാണിപ്പോള്‍. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ ഒട്ടും ശുഭോദര്‍ക്കമല്ല കാര്യമെന്നാണ് ബി ജെപിയുടെ ഉള്ളിൽ തന്നെ ഉയരുന്ന വാദം. അവരുടെ വിലയിരുത്തലിന്റെ ചുരുക്കം ഇവയാണ് :
1) കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി യുഡിഎഫ് ശക്തമായി മല്‍സര രംഗത്ത് വന്നതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ച യുഡിഎഫ് വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല.
2) ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് എന്നത് മാറി ക്രൈസ്തവ പ്രീണനം ആയി മാറി. ഇതാടെ ഹിന്ദുത്വ അനുഭാവി വോട്ടര്‍മാര്‍ അകലം പാലിച്ചു.
3) ക്രൈസ്തവ വോട്ടുകള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ്സിലേക്കും യുഡിഎഫിലേക്കും തിരിച്ചുപോയി. കോണ്‍ഗ്രസ് ശക്തമായി രംഗത്ത് വന്നത് മാത്രമല്ല, ഉത്തരേന്ത്യയിലെ ക്രൈസ്തവ മതസ്ഥര്‍ക്ക് എതിരായ പീഡനം ബി ജെ പിയോട് സഭാ വിശ്വാസികളിൽ മുന്‍പെങ്ങുമില്ലാത്ത വിധം അവിശ്വാസം സൃഷ്ടിച്ചു.
4) ക്രൈസ്തവ പ്രീണനം കാരണം ഒപ്പം വന്ന ഈഴവ വോട്ടുകളും ഇത്തവണ സിപിഎമ്മിലേക്ക് പോയി.
5) വര്‍ഷങ്ങളായി ബി ജെ പിയുടെ അടിത്തറയായിരുന്ന നായര്‍ സമുദായത്തിലും പുതിയ നയം വിള്ളല്‍ വീഴ്ത്തി. ഒരു വിഭാഗം നായര്‍ സമുദായംഗങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നാണ് വിലയിരുത്തല്‍.(ഒല്ലുര്‍ അടക്കം മണ്ഡലങ്ങളില്‍ നായര്‍, ഈഴവ വോട്ടുകള്‍ നഷ്ടമായത് ഇതിന് ഉദാഹരണമായി ചൂണ്ടികാട്ടുന്നു)
6) സംഘടനയുടെ താഴെത്തട്ടിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയം.
7) തെരഞ്ഞെടുപ്പ് ചുമതല അടക്കം നല്‍കിയിരുന്നു സീനിയര്‍ നേതാക്കള്‍ നിഷ്‌ക്രിയമായിരുന്നു. അഞ്ച് വര്‍ഷത്തോളം നിഷ്‌ക്രിയമായിരുന്നു ചില നേതാക്കള്‍ക്ക് പ്രധാന ചുമതല നല്‍കിയതും തിരിച്ചടിയായി.
8) ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപി അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തി. ഉദാഹരണം: കലുങ്ക് സംവാദം
9) ലോകസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേക്ക് വരാൻ സാധ്യതയുള്ള പാർട്ടി എന്ന പ്ലസ് പോയിന്റ്, ഒപ്പം ആരൊക്കെ നിഷേധിച്ചാലും മറ്റ് സംസ്ഥാനങ്ങളുടെ അത്ര അല്ലെങ്കിലും കേരളത്തിലും സ്വാധീനം ചെലുത്തുന്ന മോദി ഫാക്ടർ എന്നിവ തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിക്കില്ല എന്നത്.
ബി ജെ പി ഇന്ന് എത്തിചര്‍ന്നിട്ടുള്ള വിഷമസന്ധി മനസിലാക്കണമെങ്കില്‍ രാജീവ് ചന്ദ്രശേഖറിനെ മാത്രം വിലയിരുത്തിയാല്‍ പോരാ. പാര്‍ട്ടിക്ക് ലോകസഭയിലേക്ക് ആദ്യ വിജയം നേടിക്കൊടുത്ത സുരേഷ്‌ഗോപി എന്ന കേന്ദ്ര മന്ത്രിയുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തണം. തന്റെ സൂപ്പര്‍ഹിറ്റ് സിനിമയിലെ നായക ലോകത്ത് ജീവിക്കുന്ന സുരേഷ് ഗോപി രാഷ്ട്രീയക്കാരന്റ വേഷം അണിയാന്‍ എല്ലായ്‌പ്പോഴം വിസമ്മതിച്ചു. പ്രധാനമന്ത്രിയുമായി ഹോട്ട്‌ലൈന്‍ ബന്ധമുള്ള ഈ നടനെ നിയന്ത്രിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് ആയില്ല. രാജീവ് ചന്ദ്രശേഖരിനും അത് സാധിക്കുമായിരുന്നില്ല, കാരണം അദ്ദേഹം വിജയിച്ച ബിസിനസ്മാന്റ ശൈലിയാണ് പാർട്ടിയിലും തുടരുന്നത്. സംഘടനാ മുഖത്തും പാര്‍ട്ടിയുടെ രാഷ്ട്രീയ മുഖമായ എംപി സ്ഥാനത്തും രാഷ്ട്രീയക്കാരല്ലാത്ത രണ്ട് പേര്‍ വന്നത് തിരിച്ചടിയായി എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ബിജെപിയിലും ആർ എസ് എസ്സിലും കൂടിവരുന്നു.
ഇതിന് പുറമെ മറ്റൊരു ഘടകം കൂടി ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം സംഭവിച്ചിട്ടുണ്ട്. എൻ ഡി എയുടെ ഘടകകക്ഷിയായ ബിഡിജെഎസ്സിന്റെ തറവാട്ട് കാരണവരായ എൻ എസ് ഡി പി യോഗം ജനറൽസെക്രട്ടറി വെള്ളപ്പള്ളി നടേശനും കാമരാജ് കോൺഗ്രസ് നേതാവായ വി എസ് ഡി പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനും ഈ രണ്ട് പാർട്ടികൾക്കും ബി ജെപിക്കാർ വോട്ട് ചെയ്തില്ല എന്ന സങ്കടം പങ്കുവച്ചതാണ് അക്കാര്യം. ഇത് ബി ജെ പിയുടെ സമീപനങ്ങൾ എൻ ഡി എയുടെ രാഷ്ട്രീയ വോട്ടിങ്ങിൽ ഉണ്ടാക്കിയ ഉള്ളൊഴുക്കുകളിലേക്ക് കൂടി വിരൽ ചൂണ്ടുന്നതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ, പ്രതീക്ഷിത ലക്ഷ്യം കൈവരിക്കാത്തതുകൊണ്ടോ, മുൻ നേട്ടങ്ങൾ കൈവിട്ടുപോയതുകൊണ്ട് ഇപ്പോൾ നേരിട്ടിരിക്കുന്ന തിരിച്ചടികൊണ്ട് മാത്രം ബിജെപിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഴുതി തള്ളാന്‍ കഴിയില്ല. 32000 ത്തിനും 49000 നും ഇടക്ക് വോട്ട് ലഭിച്ച 36 മണ്ഡലങ്ങള്‍ കേരളത്തിലുണ്ട് എന്നാണ് ബി ജെ പിയുടെ കണക്ക്. 2019 ലെയും 2024 ലിലെയും ലോകസഭാ തെരഞ്ഞെടുപ്പുകൾ പോലെ ബിജെപിയും എന്‍ഡിഎയും അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി അടയാളപെടുത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കാലാവധി കഴിഞ്ഞോ അല്ലാതെയോ തലമാറിയാലും അധികാരത്തിലേക്കുള്ള പരീക്ഷണങ്ങള്‍ ബി ജെ പി തുടരും.
Why was the BJP unable to replicate its Lok Sabha election success in Kerala in the local self-government elections?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

